ഭാനുപ്രകാശ് രചിച്ച ‘സഖാവ് പുഷ്‌പൻ’ മുഖ്യമന്ത്രി പ്രകാശിപ്പിക്കും
ഒരു ചെമ്പനീർ പൂവായി ഇൗ ജീവിതം


ഡി കെ അഭിജിത്ത്
Published on Sep 25, 2025, 09:35 AM | 2 min read
കൊച്ചി: രാത്രിയും പകലും ഉറക്കംകിട്ടാത്ത അവസ്ഥ. ഒരു ഈച്ച വന്നാൽപ്പോലും അസ്വസ്ഥത. കടുത്ത വേദനകൾ സഹിച്ച് തള്ളിനീക്കിയ പകലിരവുകൾ. ‘രക്തസാക്ഷി’യായി മൂന്നുപതിറ്റാണ്ട് ജീവിച്ച കൂത്തുപറമ്പ് സമരപോരാളി പുതുക്കുടി പുഷ്‌പൻ, ആ നാളുകളിൽ പറഞ്ഞ ജീവിതം പുസ്‌തകമാകുകയാണ്.
ആ വിപ്ലവകാരി വിട്ടുപിരിഞ്ഞിട്ട് ഒരുവർഷം തികയുമ്പോൾ ഡിവൈഎഫ്‌ഐയുടെ യുവധാര പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ‘സഖാവ് പുഷ്‌പൻ’ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്‌ച പ്രകാശിപ്പിക്കും. നടനവിസ്‌മയം മോഹൻലാലിന്റെ ജീവചരിത്രകാരൻ ഭാനുപ്രകാശ് ആണ് എഴുതിയത്. പുഷ്‌പന്റെ ജീവിതത്തിനൊപ്പം മേനപ്രം എന്ന ഗ്രാമത്തിന്റേയും കൂത്തുപറമ്പ് സമരത്തിന്റേയും അഞ്ച് രക്തസാക്ഷികളുടെയും കഥകൂടിയാണ് പുസ്‌തകത്തിലുള്ളത്
പുഷ്പനൊപ്പം ഭാനുപ്രകാശ്
2002 ൽ ദേശാഭിമാനി വാരാന്തപ്പതിപ്പിന് വേണ്ടിയാണ് ഭാനുപ്രകാശ് ആദ്യമായി പുഷ്‌പനെ കാണുന്നത്. സ്വന്തം കാര്യമല്ല അന്നും പുഷ്‌പൻ സംസാരിച്ചത്; കൂത്തുപറമ്പ് സമരത്തെക്കുറിച്ചായിരുന്നു. പിന്നീടും പലതവണ കണ്ടു. 2019 ൽ പി എ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും എ എ റഹീമും എസ് സതീഷും സംസ്ഥാന ഭാരവാഹികളും ആയിരിക്കുമ്പോഴാണ് പുഷ്‌പന്റെ ജീവിതകഥ എഴുതാൻ പറയുന്നത്. ഇതിനിടെ, പലപ്പോഴും പുഷ്‌പൻ ആശുപത്രിയിലായി. പ്രളയവും നിപായും വന്നു. ഫോൺകോളിലൂടെയും പുഷ്‌പനൊപ്പം താമസിച്ചും വിവരങ്ങൾ ശേഖരിച്ചാണ് ജീവചരിത്രം പൂർത്തിയാക്കിയത്. പുഷ്‌പന് ഉറക്കമില്ലാത്ത രാത്രികളിലും പുലരികളിലും സംസാരിച്ചു. 20 വർഷത്തിലധികം നീണ്ട ബന്ധത്തിലെ അനുഭവങ്ങളാണ് പുസ്‌തകത്തിന്റെ സവിശേഷത.
1992ൽ ബാബ്‌റി മസ്‌ജിദ് തകർക്കപ്പെടുമ്പോൾ ബംഗളൂരുവിൽ ജോലി ചെയ്യുന്ന കടയിൽനിന്ന് പുറത്തിറങ്ങാനാകാതെ മൂന്നുദിവസം തള്ളിനീക്കിയ അനുഭവം പുഷ്‌പനുണ്ട്.
എന്നെങ്കിലും എഴുന്നേറ്റ് നടക്കാൻ പറ്റിയാൽ ആദ്യം അമ്മയുടെ കൈയിൽനിന്ന് ഒരു ഗ്ലാസ് വെള്ളം സ്വന്തം കൈകൊണ്ട് വാങ്ങി കുടിക്കണം എന്നായിരുന്നു പുഷ്‌പന്റെ മോഹം. അമ്മ ഉണ്ടാക്കിക്കൊടുത്ത ഗോതമ്പുദോശയും കഴിച്ച്, മൂന്ന് ഗ്ലാസ് ചായ വാങ്ങിക്കുടിച്ചാണ് 1994 നവംബർ 25ന് കൂത്തുപറമ്പിലേക്ക് സമരത്തിന് പോയത്. 2017ൽ അമ്മ പോയി. രാത്രിയിലാണ് എഴുന്നേൽക്കുന്നതെങ്കിൽ ആരെയും വിളിക്കാതെ, ശബ്ദമുണ്ടാക്കാതെ കൂത്തുപറമ്പ് ടൗൺ മുഴുവൻ നടക്കണമെന്നും രക്തസാക്ഷി സ്‌തൂപത്തിന് മുന്നിൽപ്പോയി മുഷ്‌ടിചുരുട്ടി മുദ്രാവാക്യം വിളിക്കണമെന്നും പുഷ്‌പൻ ആഗ്രഹിച്ചിരുന്നു.
ഇരുപത്തിനാല് വയസ്സിനുശേഷമുള്ള പുഷ്‌പനെ ലോകത്തിനറിയാം. അതിനുമുന്‍പുള്ള ജീവിതം അധികമാർക്കും അറിയില്ല. 1992ൽ ബാബ്‌റി മസ്‌ജിദ് തകർക്കപ്പെടുമ്പോൾ ബംഗളൂരുവിൽ ജോലി ചെയ്യുന്ന കടയിൽനിന്ന് പുറത്തിറങ്ങാനാകാതെ ഷട്ടർ അടച്ച് മൂന്നുദിവസം തള്ളിനീക്കിയ അനുഭവം അതിലൊന്നാണ്. രക്തസാക്ഷികളായ കെ വി സുധീഷിനെയും, മാമൻ വാസുവിനെയും കുറിച്ചുള്ള ഓർമ്മകളും പുസ്‌തകത്തിലുണ്ട്. കൂത്തുപറമ്പ് വെടിവയ്‌പിന് മുന്‍പും ശേഷവുമുള്ള സമഗ്രമായ ജീവിതകഥയാണ് ‘സഖാവ് പുഷ്‌പൻ’.










0 comments