'എൻ്റെ ചിറകിനാകാശവും നീ തന്നു': നിതീഷ് നാരായണൻ്റെ പുസ്തകം പ്രകാശനം ചെയ്തു

നിതീഷ് നാരായണൻ്റെ പുസ്തകം എൻ്റെ ചിറകിനാകാശവും നീ തന്നു, സിപിഐം എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനിൽ നിന്ന് രക്തസാക്ഷികളായ കെ വി റോഷൻ്റെ മാതാവ് നാരായണിയമ്മയും ധീരജ് രാജേന്ദ്രൻ്റെ മാതാവ് പുഷ്കലയും സ്വീകരിക്കുന്നു. ധീരജിൻ്റെ പിതാവ് ജി രാജേന്ദ്രൻ സമീപം.
കണ്ണൂർ: എസ്എഫ്ഐ മുൻ അഖിലേന്ത്യാ ഉപാധ്യക്ഷനും ഗവേഷകനുമായ ഡോ. നിതീഷ് നാരായണൻ്റെ വിദ്യാർഥിപ്രസ്ഥാനകാലത്തെ അനുഭവങ്ങളുടെ പുസ്തകം എൻ്റെ ചിറകിനാകാശവും നീ തന്നു, സിപിഐം എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രകാശനം ചെയ്തു. രക്തസാക്ഷികളായ കെ വി റോഷൻ്റെ മാതാവ് നാരായണിയമ്മയും ധീരജ് രാജേന്ദ്രൻ്റെ മാതാവ് പുഷ്കലയും പുസ്തകം ഏറ്റുവാങ്ങി. ധീരജിൻ്റെ പിതാവ് ജി രാജേന്ദ്രനും സന്നിഹിതനായിരുന്നു.
യുവ എഴുത്തുകാരിയും അധ്യാപികയുമായ ആതിര ആർ പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിൽ നിതീഷ് നാരായണൻ്റെ കഴിഞ്ഞ പുസ്തകമായ വാഴ്‍വേ മനിതറിൻ്റെ റോയൽറ്റി തുകയിൽ നിന്നും ക്യൂബൻ ഐക്യദാർഡ്യ ഫണ്ടിലേക്കുള്ള സംഭാവന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഏറ്റുവാങ്ങി. പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ പരിപാടിയിൽ അധ്യക്ഷനായി. എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻ്റ്മാരായ ഡോ. വി ശിവദാസൻ എംപി, വി പി സാനു, മുൻ സംസ്ഥാന സെക്രട്ടറിമാരായ ടി വി രാജേഷ്, എം വിജിൻ എംഎൽഎ, മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ,മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഖില ബാലകൃഷ്ണൻ, മാൻകൈൻ്റ് ലിറ്ററേച്ചർ എഡിറ്റർ സായൂജ് ബാലുശ്ശേരി, മുൻ എംഎൽഎ സി കൃഷ്ണൻ, സിപിഐ എം നേതാക്കളായ വി നാരായണൻ, പി ശശിധരൻ, എം കെ കുഞ്ഞപ്പൻ, പഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ രാമചന്ദ്രൻ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. കെ സി രാജൻ സ്വാഗതം പറഞ്ഞു.
വിദ്യാർഥി പ്രസ്ഥാനത്തിൻ്റെ ചുലതലകളുമായി വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളും കണ്ട മനുഷ്യരും അറിഞ്ഞ ചരിത്രവുമൊക്കെ ചേർത്താണ് നിതീഷ് നാരായണൻ പുസ്തകം തയ്യാറാക്കിയത്. ഗുജറാത്തിലെയും കശ്മീരിലെയും കർണാടകത്തിലെയും ജെഎൻയുവിലെയുമെല്ലാം അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. ഒപ്പം സീതാറാം യെച്ചൂരി, സുനീത് ചോപ്ര, പുഷ്പൻ എന്നിവരെക്കുറിച്ചുള്ള അനുസ്മരണങ്ങളും വ്യക്തിപരമായ ഓർമകളും ഓരോ അധ്യായങ്ങളാണ്. പുസ്തകത്തിൻ്റെ ഓരോ അധ്യായത്തിലേക്കും ചിത്രങ്ങൾ വരച്ചത് യംഗ് സോഷ്യലിസ്റ്റ് ആർട്ടിസ്റ്റ് കൂട്ടായ്മയിലെ അംഗങ്ങളാണ്. രക്തസാക്ഷികൾക്കാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. മാൻകൈൻ്റ് ലിറ്ററേച്ചർ ആണ് 'എൻ്റെ ചിറകിനാകാശവും നീ തന്നു' പ്രസിദ്ധീകരിച്ചത്.









0 comments