ad
Deshabhimani

ഇരുണ്ട ഭൂതകാലത്തെ പ്രകാശമാക്കുന്ന 'സൂര്യ നിലാവ് '

soorya nilavu book
avatar
ബി റാം

Published on Jan 19, 2026, 04:38 PM | 3 min read

സൂര്യനും നിലാവോ എന്ന് ചിലരെങ്കിലും മൗനമായി ചോദിക്കുമ്പോഴും ശാസ്ത്രീയതയുടെ അന്വേഷണ തലങ്ങളിൽ സത്യമായി തെളിയിക്കുന്ന വലിയൊരു അംശം ആ തലക്കെട്ടിന് പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട്. ചന്ദ്രൻ വരുമ്പോൾ വഴിമാറി കൊടുക്കുന്ന സൂര്യനെപ്പോലെ കവിതയിലും ചില വഴികൾ തെളിയുന്നത് കാണാം. ഷമ്മി മംഗലത്ത് രചിച്ച സൂര്യനിലാവെന്ന കവിതാ സമാഹാരം വെളിച്ചം കാണും മുൻപേ ഈ പുസ്തകത്തെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസ എന്നിലുണ്ടായിരുന്നു. എന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു" ഇന്ന് മാർക്കറ്റിൽ ഫ്രൂട്ട്സിനെക്കാൾ വില ഡ്രൈ ഫ്രൂട്ട്സിനാണ് " പരോക്ഷമായ ആ പ്രതികരണത്തിന്റെ ധ്വനി ഈ കവിത സമാഹാരം വായിച്ചപ്പോൾ ഞാൻ അറിഞ്ഞു.


പുസ്തകത്തിന്റെ തുടക്കത്തിൽ കവി കുറിച്ചത് പോലെ കാലം എന്നിൽ വരച്ചിട്ട ചില ചിന്തകൾ, കാഴ്ചകൾ, കാഴ്ചപ്പാടുകൾ, കാണാപ്പുറങ്ങൾ, മോഹങ്ങളും മോഹഭംഗങ്ങളും ഇതിലുണ്ട്. പ്രതീക്ഷകളും വിരഹങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എവിടെയെങ്കിലും നിങ്ങളും കാണും ഒരുപക്ഷേ വെളിച്ചത്തിൽ പറഞ്ഞില്ലെങ്കിലും നമുക്ക് നമ്മോട് സത്യസന്ധരാകാം.ആരെയും ബോധ്യപ്പെടുത്താൻ അല്ലാതെ സ്വയം സാക്ഷ്യപ്പെടാം ഒരുതവണയല്ലേ നമുക്ക് ജീവിക്കാൻ കഴിയൂ. ഈ ജീവിതത്തിന് ഒരു സൂത്രവാക്യവും ഇല്ല കാരണം ജീവിതം അവനവനു മാത്രം അനുഭവിക്കാൻ കഴിയുന്ന സ്വാദാണ്. പരസ്പരം പകരം വയ്ക്കാനാകാത്ത അനുഭൂതിയാണ്.അപരിചിതരെങ്കിലും അല്പനേരം നമുക്ക് ഒരുമിച്ച് നടക്കാം കൈകൾ കോർക്കാം പിന്നെ വെറുതെ പരസ്പരം ഓർക്കാം.


ഇതിലൂടെ കവി മനസ്സിലെ ചില പോറലുകൾ കുറിച്ചിട്ടിരിക്കുന്നതായി ആർക്കും തോന്നാം. അതുകൊണ്ടാകാം കടപ്പാട് ആയി തന്റെ ജീവിതം എഴുതിയവർക്ക് ഈ പുസ്തകം സമർപ്പിച്ചത്. സൂര്യനിലാവിൽ തുടങ്ങി നിലാവിന്റെ ധവള പ്രകാശത്തിലൂടെ അക്ഷരക്കാട് എന്ന കവിതയ്ക്കുള്ളിൽ നിലാവിന്റെ വെളിച്ചം കൊണ്ടെത്തിച്ചിരിക്കുന്ന 101 കവിതകൾ അടങ്ങിയതാണ് കവിതാ സമാഹാരം. "വേഡ്സ്‍വേർത്ത് അഭിപ്രായപ്പെട്ട പോലെ ശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന ശക്തിയേറിയ വികാരങ്ങളുടെ അനുസ്യൂതമായ കവിഞ്ഞൊഴുകലാണ് കവിത. അതേ, ഒരു പൂവിന് വിരിഞ്ഞേ പറ്റൂ, തൊട്ടാവാടിക്ക് വാടിയെ പറ്റൂ, അതുപോലെയാണ് കവിതയും; അത് ഇങ്ങനെ വിരിഞ്ഞു വിരിഞ്ഞു വരും.


കവനം ചെയ്യുന്നവനാണ് കവിയെങ്കിൽ അതിൽ ഷമ്മി മംഗലത്ത് മുദ്ര പതിപ്പിച്ചു എന്ന് അനുവാചകർക്ക് ഈ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിലാകും. ജീവിതത്തിന്റെ പച്ചയായ ചില സത്യങ്ങൾക്ക് നേർസാക്ഷ്യം വഹിച്ചാണ് ഇതിലെ അക്ഷരങ്ങൾ കുറിച്ചിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ ഋതുഭേദങ്ങളെയും നിഴലും നിലാവുമുള്ള പ്രണയബന്ധങ്ങളിലെ ഭാവ വ്യത്യാസങ്ങളെയും കവിതയിൽ കാണാം. കാമുകന്റെ തിരിച്ചറിയാത്ത പ്രണയവും പ്രണയഭാഷയിൽ നിഷ്കളങ്കമായ പ്രണയവുമാണ് ദുർബലൻ എന്ന കവിതയിൽ ചിത്രീകരിച്ചിരിക്കുന്നത്. രതി എന്ന വികാരത്തെ പ്രകൃതിയുടെ കൽപ്പനകളോട് ചേർത്ത് വായിക്കാനാണ് കവിക്ക് ഇഷ്ടമെന്ന് ചില കവിതകളിൽ തെളിയുന്നുണ്ട്.എഴുതാൻ ഭയമായിരുന്നു സ്വയം വെളിപ്പെടുമെന്ന ഭയം അക്ഷരങ്ങൾ ഒറ്റിക്കൊടുക്കുമോ എന്ന ഭയം എന്നെഴുതിയ സൂര്യനിലാവിൽ തന്നെ വെളിപ്പെടുത്തലുകൾ സുതാര്യമായി കാണാവുന്നതാണ്.


പ്രണയത്തിന്റെ രീതിയും മട്ടും മാറിനിൽക്കുന്ന സമകാലിക സമൂഹത്തിൽ പ്രണയ വാഗ്ദാനങ്ങൾ എന്ന കവിതയിൽ ഹൃദയത്തിന്റെ നിറമുള്ള പൂവാണ് അവൻ നൽകിയത്, പുഷ്പചക്രമായി അവളും പകരം നൽകി. ഗന്ധം ആയിരുന്നു അവൻ അന്വേഷിച്ചത്, ചന്ദനത്തിരിയായിരുന്നു മറുപടി എന്ന വരികൾ മനസ്സിലേറ്റ വിരഹത്തിന്റെ മുറിവാണെന്ന് വായിച്ചറിയാൻ സാധിക്കും. അവസാന വരിയിൽ അവന്റെ കത്തുന്ന പ്രണയത്തിന് അവൾ ഒരുക്കിയത് ചിതയാണെന്ന് പറയാനും കവിക്കു മടിയില്ലായിരുന്നു. അക്ഷരക്കാട് എന്ന അവസാനത്തെ കവിതയിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയുടെ മുന്നിൽ ഞാൻ നോക്കി നിന്നു- മുൻപേ നടന്ന മഹാരഥന്മാർ അച്ചടക്കത്തോടെ- അവയുടെ വില അറിയാൻ വൃഥാ ഒരു ശ്രമം- തെരുവിലെ വില -ഒന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ല- ഒടുവിൽ നിലത്തു കിടന്ന ഒരെണ്ണം എടുത്തു - സൂര്യനിലാവ്- വിലക്കുറവുണ്ട് അത് ഞാൻ സ്വന്തമാക്കി- നിങ്ങൾക്ക് വേണ്ടത് ഇതിൽ ഉണ്ടോ അറിയില്ല - പക്ഷേ ഒന്നറിയാം ഈ അക്ഷരക്കാട്ടിൽ നിങ്ങൾ ഉണ്ട്- സ്വയം മറഞ്ഞിരിക്കുന്ന ഒരു നിങ്ങൾ.


അവസാനത്തെ വരിയിൽ കുറിച്ചത് പോലെ സ്വയം മറഞ്ഞിരിക്കുന്ന ഒരു നിങ്ങൾ അതെ നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിട്ടും വേദനിച്ചിട്ടും അറിഞ്ഞിട്ടും കുറിക്കാൻ കഴിയാത്ത ചില കുറിക്കു കൊള്ളുന്ന ചിന്തിപ്പിക്കുന്ന കരയിപ്പിക്കുന്ന മനസ്സിനെ കീഴടക്കുന്ന വരികളുടെ ജീവന്റെ തുടിപ്പ് ഈ കവിതാ സമാഹാരത്തിൽ കാണാൻ സാധിക്കും. സൂര്യ നിലാവ് എന്ന ശീർഷകത്തിൽ അക്ഷരംപ്രതി അംഗീകരിക്കാൻ സാധിക്കുന്ന തരത്തിൽ ഒരു വെളിച്ചം നമ്മുടെ ഇരുണ്ട ചില ഭൂതകാലത്തെ പ്രകാശ ശോഭയാക്കാൻ കാത്തിരിക്കുന്നുണ്ട്.


(എഴുത്തുകാരനും അധ്യാപകനുമാണ് ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home