ബുധനാഴ്ച മൂന്ന് ജില്ലകളിൽ സ്വകാര്യ ബസ് പണിമുടക്ക്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബുധനാഴ്ച മൂന്ന് ജില്ലകളിൽ സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചു. സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നാളെ (08/07/2026) പണിമുടക്ക് പ്രഖ്യാപിച്ചത്. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് പണിമുടക്ക്. 'പ്രിയദർശനി' പദ്ധതി വന്നതോടെ തകർച്ചയിലായ സ്വകാര്യ ബസ് വ്യവസായത്തെ നിലനിർത്താൻ സർക്കാർ സഹായം നൽകണം. കിലോമീറ്ററിന് 55 രൂപ വാടകയ്ക്ക് സർക്കാർ സ്വകാര്യ ബസുകൾ ഏറ്റെടുക്കണം എന്നിങ്ങനെയാണ് ഉയർത്തുന്ന ആവശ്യങ്ങൾ.
സ്ത്രീകൾക്ക് സർക്കാർ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം നൽകിയതോടെ സ്വകാര്യ ബസ് ഉടമകൾക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. പലയിടത്തും സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. സ്ത്രീ സൗജന്യയാത്ര മൂലം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ട് ബസ് ഉടമകൾ നിവേദനം നൽകിയിരുന്നു. എന്നിട്ടും പരിഹാരമാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കളക്ടറേറ്റിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. 21 ദിവസം കൊണ്ട് 43 കോടി രൂപയുടെ നഷ്ടം സ്വകാര്യ ബസുകൾക്ക് ഉണ്ടായതായി നേരത്തെ അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. പല റൂട്ടുകളിലും സർവീസ് നടത്തുന്ന ബസുകൾക്ക് ദിവസേന 2000 രൂപ മുതൽ 6000 രൂപവരെ നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.










0 comments