ഗോവയിൽ ഥാർ ഇനി റന്റിന് കിട്ടില്ല! പുതിയ ലൈസൻസ് നിർത്തലാക്കാൻ സർക്കാർ

Representative image | Facebook
പനാജി : ഗോവയിൽ വിനോദസഞ്ചാരികൾക്കിടയിൽ ഏറെ ജനപ്രിയമായ മഹീന്ദ്ര ഥാർ റന്റൽ എസ്‌യുവികൾക്ക് പുതിയ ലൈസൻസുകൾ നൽകുന്നത് നിർത്തലാക്കാൻ സർക്കാർ. സംസ്ഥാനത്ത് ഥാർ വാഹനങ്ങൾ ഉൾപ്പെടുന്ന റോഡപകടങ്ങൾ ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് റോഡ് സുരക്ഷ മുൻനിർത്തിയുള്ള ഈ അടിയന്തര നീക്കം.
തിങ്കളാഴ്ച ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോവ ഗതാഗത മന്ത്രി മൗവിൻ ഗൊഡിഞ്ഞോ ആണ് ഈ വിവരം അറിയിച്ചത്. ഉയർന്ന അപകടസാധ്യതയുള്ള റെന്റ്-എ-കാർ ഥാർ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള നിർദ്ദേശം ഉടൻ തന്നെ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ മുന്നിൽ സമർപ്പിക്കും.
റന്റൽ ഏജൻസികൾക്ക് പുതിയ മഹീന്ദ്ര ഥാർ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിനായി ഇനിമുതൽ പെർമിറ്റോ ലൈസൻസോ നൽകുന്നത് നിയന്ത്രിക്കാനാണ് തീരുമാനം. അടുത്ത എസ്‌ടിഎ യോഗത്തിൽ ഇതിന്മേൽ അന്തിമ തീരുമാനമുണ്ടാകും. നിയമപരമായി സാധ്യമാണെങ്കിൽ ഗോവയിൽ റന്റൽ വിഭാഗത്തിൽ ഥാർ പൂർണ്ണമായി നിരോധിക്കാൻ തങ്ങൾ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി.
ഗോവ സന്ദർശിക്കുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾക്കിടയിൽ പ്രതിദിനം 3,000 മുതൽ 6,000 രൂപ വരെ നിരക്കിൽ വാടകയ്‌ക്കെടുക്കുന്ന ഥാറുകൾക്ക് വലിയ ജനപ്രീതിയുണ്ട്. എന്നാൽ ഈ വാഹനം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വാഹനത്തിന് വലിയ വേഗതയുണ്ടെങ്കിലും കൃത്യമായ നിയന്ത്രണം പലർക്കും സാധ്യമാകുന്നില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അസഗാവിലുണ്ടായ അപകടത്തിൽ ഭോപ്പാലിൽ നിന്നുള്ള 65 കാരനായ വിനോദസഞ്ചാരി കൊല്ലപ്പെട്ടിരുന്നു. തുടർന്ന് മെയ് മാസത്തിൽ മദ്യപിച്ച വിനോദസഞ്ചാരി ഓടിച്ച റന്റൽ ഥാർ സ്‌കൂട്ടറിലിടിച്ച് 32 കാരൻ മരിക്കുകയും ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരം തുടർച്ചയായ അപകടങ്ങളാണ് സർക്കാരിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
ഥാർ നിയന്ത്രണങ്ങൾക്ക് പുറമെ ഗോവയിലെ ഗതാഗത നിയമലംഘനങ്ങൾ തടയാൻ വിപുലമായ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ അധിഷ്ഠിത ക്യാമറ സംവിധാനങ്ങൾ വലിയ തോതിൽ നടപ്പിലാക്കും. മദ്യപിച്ച് വാഹനമോടിച്ച് മാരകമായ അപകടങ്ങൾ ഉണ്ടാക്കുന്ന ഡ്രൈവർമാരെ ഇനിമുതൽ ഉടനടി അറസ്റ്റ് ചെയ്യും. ഗോവയിൽ സാധാരണ വാഹനങ്ങളേക്കാൾ ഇരട്ടി അപകടങ്ങൾ ഉണ്ടാക്കുന്നത് റന്റൽ ബൈക്കുകളും കാറുകളുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എല്ലാ റന്റൽ വാഹനങ്ങളിലും വേഗത നിയന്ത്രിക്കുന്ന സ്പീഡ് ഗവർണറുകൾ ഘടിപ്പിക്കുന്നത് ഇതിനകം നിർബന്ധമാക്കിയിട്ടുണ്ട്. ഒപ്പം വിനോദസഞ്ചാരികൾ വാഹനം വാടകയ്‌ക്കെടുക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കുമെന്ന സത്യവാങ്മൂലത്തിൽ ഒപ്പിടണമെന്ന നിയമവും നിലവിലുണ്ട്.
ഹരിയാന പോലുള്ള മറ്റ് സംസ്ഥാനങ്ങളിലും യുവാക്കൾക്കിടയിലെ അശ്രദ്ധമായ ഡ്രൈവിംഗിന്റെയും സ്റ്റണ്ടുകളുടെയും പേരിൽ ഥാർ വാഹനങ്ങൾക്കെതിരെ മുൻപ് പോലീസ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വാണിജ്യപരമായി ഇത്തരം ഒരു കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ മാറുകയാണ്.










0 comments