ad
Deshabhimani

വിംബിൾഡണിൽ ഗോഫിന്റെ സ്വപ്നക്കുതിപ്പ്; കിരീടത്തിലേക്ക് ഇനി രണ്ട് ജയം

Coco Gauff

ജെസീക്ക പെഗുലയെ മൂന്ന് സെറ്റ് പോരാട്ടത്തിൽ മറികടന്ന് കോക്കോ ഗോഫ് കരിയറിലാദ്യമായി വിംബിൾഡൺ സെമിഫൈനലിൽ|Photo by GLYN KIRK / AFP

വെബ് ഡെസ്ക്

Published on Jul 07, 2026, 10:23 PM | 2 min read

ലണ്ടൻ : വിംബിൾഡണിൽ പുതിയൊരു ചരിത്രമെഴുതുകയാണ് അമേരിക്കൻ ടെന്നീസ് താരം കോക്കോ ഗോഫ്. ആദ്യ സെറ്റിൽ അടിതെറ്റിയാലും കടുത്ത മൂന്ന് സെറ്റ് പോരാട്ടങ്ങളിലൂടെ വിജയം സ്വന്തമാക്കുകയെന്നത് ഒരു ശീലമാക്കിയ ഗോഫ് ഇത്തവണ ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ചത് തന്റെ അടുത്ത സുഹൃത്തും നാട്ടുകാരിയുമായ ജെസീക്ക പെഗുലയെയാണ്.


ഒരു മണിക്കൂറും 48 മിനിറ്റും നീണ്ടുനിന്ന കടുത്ത മത്സരത്തിനൊടുവിൽ (4-6, 6-3, 6-3) എന്ന സ്കോറിന് വിജയം ​ഗോഫ് പിടിച്ചടക്കി കരിയറിലാദ്യമായി വിംബിൾഡണിന്റെ സെമിഫൈനൽ വേദിയിലേക്ക് യോഗ്യത നേടി. രണ്ട് വട്ടം ഗ്രാൻഡ് സ്ലാം ചാമ്പ്യനായ കോക്കോ ഗോഫിന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ തിരിച്ചുവരവുകളിൽ ഒന്നായി ഈ മത്സരം മാറി.


ഈ ചരിത്രവിജയത്തോടെ ലോക ടെന്നീസിലെ അപൂർവ്വമായൊരു റെക്കോർഡ് പുസ്തകത്തിലും ഗോഫ് തന്റെ പേര് കൂട്ടിച്ചേർത്തു. കരിയറിൽ നാല് ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിലും സെമിഫൈനലിലോ അതിനുമുകളിലോ എത്തുന്ന നിലവിൽ ടെന്നീസ് രംഗത്ത് സജീവമായ ഏഴാമത്തെ താരമായി കോക്കോ ഗോഫ് മാറി. ടെന്നീസ് ഇതിഹാസങ്ങളായ വീനസ് വില്യംസ്, സെറീന വില്യംസ്, കരോലിന പ്ലിസ്കോവ, വിക്ടോറിയ അസരെങ്ക, അരീന സബലെങ്ക, ഇഗ ഷ്യാങ്തെക് എന്നിവരടങ്ങുന്ന എലൈറ്റ് ക്ലബ്ബിലേക്കാണ് ഈ പ്രകടനത്തോടെ ഗോഫ് നടന്നുകയറിയത്.


വിംബിൾഡണിലേക്ക് എത്തുന്നതിന് മുൻപ് പുൽകോർട്ടിൽ തുടർച്ചയായ നാല് മത്സരങ്ങളിൽ പരാജയപ്പെട്ട് വലിയൊരു ഫോമില്ലാതെയാണ് ഗോഫ് കടന്നുവന്നത്. കഴിഞ്ഞ രണ്ട് വർഷമായി പുൽകോർട്ടിൽ ഒരൊറ്റ മത്സരം പോലും ജയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ടൂർണമെന്റിൽ കളിച്ച അഞ്ച് റൗണ്ടുകളിൽ നാലിലും ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് മൂന്ന് സെറ്റ് പോരാട്ടങ്ങളിലൂടെ താരം വിജയത്തിലെത്തിയത്. തൊട്ടുമുൻപത്തെ പ്രീ-ക്വാർട്ടറിലും ബെലിൻഡ ബെൻസിച്ചിനെതിരെ സമാനമായ രീതിയിലായിരുന്നു ഗോഫിന്റെ ജയക്കുതിപ്പ്.


ഈ കുതിപ്പിൽ താൻ അതീവ സന്തുഷ്ടയാണെന്നും മുൻപത്തെ മോശം ഫോം കണക്കിലെടുക്കുമ്പോൾ ഈ വിജയം ഏറെ സവിശേഷമാണെന്നും മത്സരശേഷം ഗോഫ് പ്രതികരിച്ചു. അസാധ്യമായ കളി പുറത്തെടുക്കുന്ന ഒരു എതിരാളിയും നല്ലൊരു സുഹൃത്തുമായ പെഗുലയ്ക്കെതിരെ കളിക്കുക ഒട്ടും എളുപ്പമായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. കളിമൺ കോർട്ടിലും ഹാർഡ് കോർട്ടിലുമുള്ള തന്റെ മികവുകൾക്കപ്പുറം പുല്ലുക്കോർട്ടിലും താൻ അപകടകാരിയായ ഒരു ചാമ്പ്യനാണെന്ന് തെളിയിച്ചുകൊണ്ട് വിംബിൾഡൺ കിരീടത്തിലേക്ക് ഇനി വെറും രണ്ട് വിജയങ്ങളുടെ മാത്രം അകലെയാണ് ഈ അമേരിക്കൻ താരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home