ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നികുതി ഈടാക്കും; മുന്നറിയിപ്പുമായി ഇറാൻ

പ്രതീകാത്മക ചിത്രം
തെഹ്റാൻ : അമേരിക്കയ്ക്ക് ഇറാനെതിരെ ഇനി പരമ്പരാഗത സൈനിക നീക്കങ്ങൾക്കൊന്നും സാധ്യമല്ലെന്നും ഏക വഴി ആണവാക്രമണം മാത്രമാണെന്നും തെഹ്‌റാൻ ഡെപ്യൂട്ടി മേയർ ഹമീദ്‌റേസ ഘോലാംസാദെ അവകാശപ്പെട്ടു. ആയത്തുള്ള അലി ഖമ്നേയിയുടെ വിലാപയാത്ര തടസപ്പെടുത്താൻ യുഎസും ഇസ്രയേലും പദ്ധതിയിട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ വൻ പങ്കാളിത്തവും അന്താരാഷ്ട്ര അതിഥികളുടെ സാന്നിധ്യവും കണ്ട് അവർ ആ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും വിലാപയാത്ര ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണെന്നും കൂട്ടിച്ചേർത്തു.
ലോകത്തിലെ കപ്പൽ ഗതാഗതത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് നിലവിൽ തുറന്നിരിക്കുകയാണെങ്കിലും 60 ദിവസത്തിന് ശേഷം തങ്ങൾ ഇതിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നികുതി ഏർപ്പെടുത്തുമെന്നും ഡെപ്യൂട്ടി മേയർ പ്രഖ്യാപിച്ചു.
ഹോർമുസ് കടലിടുക്കിന് അന്താരാഷ്ട്ര നിയമങ്ങൾ ബാധകമല്ലെന്ന കടുത്ത നിലപാടാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ഖമേനിയുടെ മരണത്തിന് കാരണമായ വ്യോമാക്രമണത്തിന് ശേഷം ഹോർമുസ് കടലിടുക്കിൽ ഇറാൻ തങ്ങളുടെ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം യുഎസ്-ഇറാൻ പരോക്ഷ ചർച്ചകളിൽ യാതൊരു പുരോഗതിയുമില്ലെന്നും ചർച്ചകൾ മുന്നോട്ട് പോകുന്നില്ലെന്ന് ഇരുവിഭാഗത്തിനും അറിയാമെന്നും ഇറാന്റെ ചർച്ചാ സംഘത്തിലെ വിദഗ്ദ്ധൻ കൂടിയായ ഘോലാംസാദെ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ താൽക്കാലിക സമാധാനത്തിനായി മൂന്ന് ആഴ്ചകൾക്ക് മുൻപ് ഒപ്പുവെച്ച ധാരണാപത്രത്തെ അസ്ഥിരപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ഹോർമുസ് കടലിടുക്കിലെ ആക്രമണങ്ങൾ നിർത്താമെന്ന് ഇറാൻ സമ്മതിച്ചിരുന്ന കരാറിന്റെ കാലാവധിയും, ഖത്തറിന്റെ മധ്യസ്ഥതയിൽ യുഎസും ഇറാനും തമ്മിലുണ്ടാക്കിയ ഒരാഴ്ചത്തെ താൽക്കാലിക ഉടമ്പടിയും അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആക്രമണങ്ങൾ ഉണ്ടായത്. കഴിഞ്ഞദിവസം ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് രണ്ട് മിസൈലുകൾ തൊടുത്തതായും കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ സൈനിക മുന്നറിയിപ്പുകൾക്ക് കടുത്ത മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇറാൻ.









0 comments