സ്ത്രീധനത്തിന്റെ പേരിൽ മരുമകളെ ബലാത്സംഗം ചെയ്തു, മുറിയിൽ പൂട്ടിയിട്ടും പീഡനം; റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മുകേഷ് കുമാർ തിവാരി (Photo: NDTV)
ലക്നൗ: സ്ത്രീധനത്തിന്റെ പേരിൽ മരുമകളെ ബലാത്സംഗം ചെയ്ത മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ. റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയറായ മുകേഷ് കുമാർ തിവാരി (58)യാണ് അറസ്റ്റിലായത്. മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ലക്നൗവിലെ ആലംഗാബിൽ നിന്ന് പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലംഗാബിലെ ബസ് റിപ്പയർ വർക്ക്‌ഷോപ്പിനു സമീപത്തു നിന്ന് മുകേഷ് കുമാർ തിവാരിയെ പൊലീസ് പിടികൂടിയത്.
2023 നവംബറിലായിരുന്നു പ്രതിയുടെ മകനായ അഭിഷേക് തിവാരിയുമായി അതിജീവിതയുടെ വിവാഹം നടന്നത്. ഭർതൃവീട്ടിൽ എത്തിയതിനു പിന്നാലെ യുവതിക്ക് കടുത്ത പീഡനം നേരിടേണ്ടി വന്നു. 2024 ഏപ്രിൽ 20ന് മാതാപിതാക്കളുടെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ യുവതിയെ ഭർതൃപിതാവ് മുകേഷ് കുമാർ തിവാരി ലഹരിപദാർഥം കലർത്തിയ പാനീയം നൽകി ബോധം കെടുത്തിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മൂന്ന് ദിവസത്തോളം യുവതിയെ മുറിയിൽ പൂട്ടിയിട്ടും പീഡനം തുർന്നു. വിവാഹ രാത്രിയിലെ വിരുന്നിനിടയിൽ ഭർത്താവിന്റെ സഹോദരിമാർ തന്നെ നിർബന്ധിച്ച് മദ്യം കഴിപ്പിക്കുകയും സിഗരറ്റ് കുറ്റികൾ ഉപയോഗിച്ച് ശരീരം പൊള്ളിച്ച് ഉപദ്രവിക്കുകയും ചെയ്തതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി.
ഇതിനെ എതിർത്തപ്പോൾ തന്നെ ക്രൂരമായി മർദ്ദിച്ചതായും യുവതി കൂട്ടിച്ചേർത്തു. ഭർത്താവും സഹോദരിമാരും സുഹൃത്തുക്കളെ വീട്ടിൽ വിളിച്ചുവരുത്തി പതിവായി പാർട്ടി നടത്താറുണ്ടായിരുന്നു. ഇതേക്കുറിച്ച് ഭർതൃപിതാവിനോട് പരാതിപ്പെട്ടപ്പോൾ, ‘ഇതെല്ലാം പണക്കാരുടെ വിനോദങ്ങൾ’ എന്നായിരുന്നു ഇയാളുടെ മറുപടിയെന്നും യുവതി പറയുന്നു. ഒടുവിൽ ഭർതൃവീട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് യുവതി വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. ശേഷം പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് അഭിഷേക് തിവാരി, ഭർതൃപിതാവ് മുകേഷ് കുമാർ തിവാരി എന്നിവർക്കെതിരെ സ്ത്രീധന പീഡനം, മർദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.










0 comments