വിംബിൾഡണിൽ വീണ്ടും ചരിത്രമെഴുതി സിന്നർ; മോച്ചിസൂക്കിയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ

ലണ്ടൻ : വിംബിൾഡണിൽ വിജയക്കുതിപ്പ് തുടർന്ന് നിലവിലെ ചാമ്പ്യനായ യാനിക്ക് സിന്നർ. പ്രീ-ക്വാർട്ടർ മത്സരത്തിൽ ജപ്പാന്റെ ഷിന്റാരോ മോച്ചിസൂക്കിയെ (6-3, 7-6(0), 6-3) നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഇറ്റാലിയൻ താരം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.
പുൽകോർട്ടിലെ തന്റെ മികവ് ഒരിക്കൽക്കൂടി തെളിയിക്കുന്ന പ്രകടനമാണ് സിന്നർ കാഴ്ചവെച്ചത്. വിംബിൾഡണിൽ തുടർച്ചയായി അഞ്ചാം തവണയാണ് സിന്നർ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. 1996ൽ അമേരിക്കൻ ഇതിഹാസം പിറ്റ് സാംപ്രാസ് തന്റെ 24ാം വയസ്സിൽ ഈ നേട്ടം കൈവരിച്ചതിന് ശേഷം വിംബിൾഡണിൽ തുടർച്ചയായി അഞ്ച് തവണ ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സിന്നർ സ്വന്തമാക്കി. ഒപ്പം 24 വയസ്സിനുള്ളിൽ കരിയറിലെ 15ാമത് ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനൽ പ്രവേശനമാണിത്. വലിയ ടൂർണമെന്റുകളിൽ സിന്നർ പുലർത്തുന്ന സ്ഥിരതയാർന്ന പ്രകടനത്തിന് അടിവരയിടുന്നതാണ് ഈ നേട്ടം.
ലോക ഒന്നാം നമ്പർ താരമായ യാനിക്ക് സിന്നറുടെ കരിയറിലെ സുവർണ്ണകാലത്തിലൂടെയാണ് ഇപ്പോൾ ടെന്നീസ് ലോകം കടന്നുപോകുന്നത്. വിംബിൾഡണിൽ തുടർച്ചയായ 11ാം വിജയമായിരുന്നു ഇന്നത്തേത്. ഇതോടെ 2026 സീസണിൽ 41 മത്സരങ്ങളിൽ സിന്നർ വിജയിച്ചു. ഏറ്റവും ശ്രദ്ധേയമായ കാര്യം,ൃ ൃൃ കളിച്ച അവസാന 35 മത്സരങ്ങളിൽ 34 എണ്ണത്തിലും വിജയിച്ച് 97.14 ശതമാനം എന്ന അവിശ്വസനീയമായ വിന്നിംഗ് റേറ്റ് നിലനിർത്തിക്കൊണ്ടാണ് സിന്നർ വിംബിൾഡൺ കിരീടം നിലനിർത്താനായുള്ള തന്റെ പ്രയാണം തുടരുന്നത്.
മികച്ചരീതിയിൽ മുന്നേറിയിരുന്ന സിന്നറിനെ നേരിടുക എന്നത് വളരെ തന്ത്രപരമായ ഒന്നായിരുന്നു. എന്നാൽ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് കുറച്ചുകൂടി അഗ്രസീവ് ആയി കളിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു മത്സരശേഷം സിന്നറിന്റെ പ്രതികരണം.
സ്കോർ ലൈൻ സൂചിപ്പിക്കുന്നത് പോലെ രണ്ടാം സെറ്റിൽ ശക്തമായ പോരാട്ടം നടന്നുവെങ്കിലും രണ്ട് മണിക്കൂർ നീണ്ടുനിന്ന മത്സരത്തിലുടനീളം യാനിക്ക് സിന്നറുടെ കൈകളിൽ തന്നെയായിരുന്നു പൂർണ നിയന്ത്രണം. ഒന്നാം സെറ്റിലെ എട്ടാം ഗെയിമിൽ മോച്ചിസൂക്കിയുടെ സർവ് ബ്രേക്ക് ചെയ്ത് സിന്നർ 5-3 ന് മുന്നിലെത്തുകയും തൊട്ടടുത്ത ഗെയിമിൽ സ്വന്തം സർവ് നിലനിർത്തിക്കൊണ്ട് വെറും 33 മിനിറ്റിൽ ഒന്നാം സെറ്റ് സ്വന്തമാക്കുകയും ചെയ്തു.
രണ്ടാം സെറ്റിൽ മോച്ചിസൂക്കി മികച്ച പോരാട്ടവീര്യം പുറത്തെടുത്ത് സെറ്റിനെ ടൈ-ബ്രേക്കറിലേക്ക് നയിച്ചു. എന്നാൽ ടൈ-ബ്രേക്കറിൽ സിന്നർ ഒരൊറ്റ പോയിന്റ് പോലും വിട്ടുകൊടുക്കാതെ 7-0 എന്ന സ്കോറിന് ആ സെറ്റും നേടി.
മൂന്നാം സെറ്റിന്റെ തുടക്കത്തിൽ തന്നെ മോച്ചിസൂക്കിയുടെ സർവ് ബ്രേക്ക് ചെയ്ത് സിന്നർ 2-0 ന്റെ ലീഡ് എടുത്തു. ആ സെറ്റിൽ സിന്നർക്കെതിരെ ഒരു ബ്രേക്ക് പോയിന്റ് പോലും നേടാൻ മോച്ചിസൂക്കിക്ക് കഴിഞ്ഞില്ല. ബേസ്‌ലൈൻ കൃത്യതയോടെ റാലികൾ നിയന്ത്രിച്ച സിന്നർ 6-3 ന് മൂന്നാം സെറ്റും മത്സരവും കൈപ്പിടിയിലൊതുക്കി.
ക്വാർട്ടർ ഫൈനലിൽ ജർമൻ താരം ജാൻ - ലെന്നാർഡ് സ്ട്രഫിനെയാണ് സിന്നർ നേരിടുക. ലോക 74ാം നമ്പർ താരമായ സ്ട്രഫിനെതിരെയുള്ള ഹ്യൂബെർട്ട് ഹുർകാച്ചിന്റെ മത്സരം നിർണായകമായ അവസാന സെറ്റിൽ 4-4 എന്ന നിലയിൽ നിൽക്കെ പരിക്കിനെ തുടർന്ന് ഹുർകാച്ച് പിന്മാറുകയായിരുന്നു. ഇതോടെയാണ് സ്ട്രഫ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. 36ാം വയസ്സിൽ തന്റെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനൽ പ്രവേശനമാണ് സ്ട്രഫ് ഇതോടെ ഉറപ്പാക്കിയത്. ഓപ്പൺ ഇറയിൽ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന ചരിത്ര റെക്കോർഡും ഇതോടെ ജർമൻ താരം സ്വന്തമാക്കി.
ഏറ്റവും മികച്ച ഫോമിലുള്ള ലോക ഒന്നാം നമ്പർ താരം സിന്നറും, കരിയറിലെ ഏറ്റവും വലിയ നേട്ടത്തിലെത്തി നിൽക്കുന്ന സ്ട്രഫും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം വിംബിൾഡണിലെ ആവേശകരമായ പോരാട്ടമായിരിക്കും.










0 comments