സർക്കാർ ജോലിക്ക് വേണ്ടി അമ്മയെ മകൾ കൊലപ്പെടുത്തി; വാഹനാപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം

പ്രതീകാത്മക ചിത്രം
ജയ്പൂർ: അമ്മയുടെ സർക്കാർ ജോലി സ്വന്തമാക്കുന്നതിനായി അമ്മയെ കൊലപ്പെടുത്തിയ മകൾ ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ. ആയുഷി എന്ന യുവതിയും അവരുടെ ബന്ധുക്കൾ ഉൾപ്പടെ ആറ് പേരാണ് പിടിയിലായത്. സംഭവത്തിൽ ഒരാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായുള്ള അന്വേഷണം നടത്തി വരികയാണ്. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ നീരജ് ശർമ്മയെയാണ് (45) അമിതവേഗതയിൽ എത്തിയ സ്കോർപിയോ വാഹനം ഇടിച്ചിട്ടത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് നീരജ് ശർമ മരണപ്പെട്ടു.
ആദ്യഘട്ടത്തിൽ അപകടമരണമായി തോന്നിയെങ്കിലും പിന്നീട് മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ രാകേഷ് രംഗത്തുവന്നു. അമ്മയുടെ മരണത്തിൽ തനിക്ക് സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് മകളുടെ ക്രൂരകൃത്യത്തിൽ എത്തിയത്. അമ്മയെ കൊലപ്പെടുത്താൻ മകൾ നൽകിയ ക്വട്ടേഷൻ ആയിരുന്നു ആ അപകടമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഒരു വർഷം മുൻപ് നീരജിന്റെ ഭർത്താവ് വിജയ് കുമാർ ശർമ മരണപ്പെട്ടിരുന്നു. തുടർന്ന് അനുകമ്പാടിസ്ഥാനത്തിൽ കോടതിയിൽ ക്ലർക്ക് ജോലി നീരജിന് ലഭിച്ചു. ഈ ജോലി തനിക്ക് ലഭിക്കണമെന്ന അതിയായ ആഗ്രഹത്തിൽ മകൾ, അമ്മയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പിതാവിന്റെ മരണശേഷം ആ ജോലി തനിക്ക് നൽകണമെന്ന് അമ്മയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നീരജ് നിരസിച്ചിരുന്നു. ഇതിലുണ്ടായ പ്രകോപനമാണ് ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. കേസിൽ ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമായി നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.










0 comments