രാധാമാധവം - പുസ്തകാസ്വാദനം


ബി റാം
Published on Jan 21, 2026, 01:24 PM | 3 min read
രാധമാധവം എന്ന് കേൾക്കുമ്പോൾതന്നെ രാധയും മാധവനും നിറഞ്ഞുനിൽക്കുന്ന രാജാ രവിവർമ്മയുടെ വർണ്ണചിത്രമാണ് മനസ്സിൽ വരുന്നത്. രാധയില്ലാതെ കൃഷ്ണനോ കൃഷ്ണനില്ലാതെ രാധയും ഉണ്ടാകില്ല എന്ന പ്രണയത്തിന്റെ ശക്തമായ നൂൽബന്ധം പോലെയാണ് വിജു കർത്താ എന്ന കവിയും അധ്യാപകനും സൃഷ്ടിച്ച കാവ്യസമാഹാരം രാധാമാധവം.
പ്രണയം അത് ആത്മാവിന്റെ പോഷകാഹാരമാണ് എന്ന് പണ്ട് എവിടെയോ വായിച്ചത് ഓർക്കുന്നു. ലോകമുണ്ടായ കാലം മുതൽ പ്രണയം എന്ന വികാരവും ഉടലെടുത്തു എന്നതിൽ രണ്ട് അഭിപ്രായമുണ്ടോ എന്ന് സംശയമാണ്. ഈ ഒരു വികാരത്തിനു മുന്നിൽ മാത്രം ഒരിക്കലെങ്കിലും തോൽവി സമ്മതിക്കാത്ത ആരുമുണ്ടാകില്ല. വിജു കർത്തയുടെ രാധാമാധവത്തിന് പറയാൻ പ്രണയത്തിന്റെ വ്യത്യസ്ത ഭാവങ്ങളെയും അതിന്റെ സൂക്ഷ്മമായ വികാര ഭാവങ്ങളെയും സ്പർശിച്ച് കടന്നുപോകുന്ന ഹൃദയാവിഷ്കാരത്തെ പറ്റിയാണ്. അതിൽ വേനലിന്റെ ഒടുങ്ങാത്ത ദാഹം, ശിശിരത്തിന്റെ തണുപ്പ്, വസന്തത്തിന്റെ ഗന്ധം, ഇടവപ്പാതിയുടെ കുളിർ എന്നിവയെ കവിയും അദ്ദേഹത്തിന്റെ വരികളും തൊട്ടറിഞ്ഞിട്ടുണ്ട്.
അനുഭവിക്കുമ്പോഴും സ്വന്തമാക്കുവാൻ കഴിയാത്ത അഭൗമമായ ഹൃദയ വികാരമാണ് സ്നേഹമെന്നും അത് യാചിച്ചു അപേക്ഷിച്ചു വന്നുചേരേണ്ടതല്ലെന്നും കവി ഉറച്ചു വിശ്വസിക്കുന്നുണ്ട്. ഒരിക്കലും സ്വന്തമാകില്ലെന്ന് അറിഞ്ഞിട്ടും പ്രാണസഖിയോട് തോന്നിയ അകമഴിഞ്ഞതും നിസ്വാർത്ഥവുമായ സ്നേഹത്തിന്റെ അനുരാഗപരിതമായ ദുഃഖമാണ് മധുരനൊമ്പരമാണ് 22 കവിതകൾ അടങ്ങിയ രാധാ മാധവത്തിലുള്ളത് എന്ന് കവി തന്നെ തുടക്കത്തിൽ തുറന്നു കാട്ടുന്നുണ്ട്.
അതെ, ചില സമയം പ്രണയം അങ്ങനെയാണ് അടുക്കാൻ ശ്രമിക്കുന്തോറും നമ്മുടെ അടുത്തുനിന്ന് അകന്ന അകന്നു പോകുന്ന തിരമാലകളെ പോലെയാകും. ചിലപ്പോഴൊക്കെ ഹൃദയത്തിൻ പൊത്തിൽ കുടിയിരുന്ന് പ്രണയിക്കും, ചിലപ്പോൾ മൗനമായി ഇറങ്ങിപ്പോകും. കന്യാരാഗം മുതൽ സ്നേഹ ചുംബനങ്ങൾ വരെ എത്തിനിൽക്കുന്ന വിജു കർത്തായുടെ കവിതകളിൽ ജീവിതത്തിന്റെ നേർസാക്ഷ്യങ്ങളുടെ നീരുറവകൾ ഓരോ വരികളിലും നനവേകുന്നതായി അനുവാചകർക്ക് തോന്നും എന്നത് നിസംശയം പറയാം.
മഴയുതിരും നേർത്ത നൂലിൽ നിന്നെന്റെ മനസ്സിന്റെ മോഹം അടർന്നുവീണു മധുരമാം ഏതോ മന്ത്സ്മിതങ്ങളാൽ മനീഷിതങ്ങളിൽ മണിപ്രവാളം കന്യാരാഗത്തിലെ ആദ്യ വരികൾ തുടങ്ങുന്നതിങ്ങനെയാണ്. വിരഹത്തിന്റെയും വേദനയുടെയും ആഴത്തിലുള്ള മുറിവുകളിലും ചില ചിരിയോർമ്മകൾ കവിയിൽ കയറിവരുന്നത് യാഥാർത്ഥ്യം അംഗീകരിക്കാനുള്ള മനസ്സിന്റെ പാകതയാകാം. കന്യാരാഗത്തിൽ തന്നെ അവസാന വരിയിൽ കന്യകയാം പെൺകൊടി ഋതുമതിയായവൾ കാമ മന്ത്രത്താൽ നെഞ്ചകം തുടികൊട്ടുന്നു. മകരപ്പനി മതി മനസ്സിൽ രതി നദി മിഴികളിൽ ഒളിക്കുന്ന രാഗതൃഷ്ണഎന്നെഴുതാൻ കവി മറന്നില്ല.
മധുവസന്തത്തിൽ അധരങ്ങൾ തമ്മിൽ കഥ പറഞ്ഞു, നിന്റെ കൺപീലികൾ തമ്മിൽ കലഹിച്ചിരുന്നോ? നിന്റെ മാദക ഭംഗിയിൽ ഞാൻ ലയിച്ചോ? ഇതെല്ലാം കവിയുടെ ചോദ്യങ്ങളാണ് ഉത്തരം നൽകേണ്ടത് കവിയുടെ പ്രണയവും . എല്ലാ വരികളിലും ചോദ്യചിഹ്നങ്ങളുടെ ചിന്നം വിളിയാണ് .വസന്തത്തിൽ പൂമണം വീശി ശ്വാസത്തിൽ ഞാൻ ലയിച്ചു മഴത്തുള്ളി പോലെ അലിഞ്ഞു എന്റെ മണൽ ഹൃദയത്തിൽ നീ കുതിർന്നു, എന്റെ മണൽ ഹൃദയത്തിൽ നീ കുതിർന്നു എന്ന് കവി ചോദിക്കുമ്പോൾ ആ മണൽ മരുഭൂമിയിലെ മാനലാണോ , അതോ തിരമാലകൾ തീരത്തടിയാൻ കാത്തുനിൽക്കുന്ന പ്രണയത്തിന്റെ തരിമണലാണോ കവി ഉദ്ദേശിച്ചത് എന്ന ഒരു ചോദ്യചിഹ്നമാണ് വായനക്കാരൻ എന്ന നിലയിൽ എനിക്ക് ചോദിക്കാനുള്ളത്.
വാക്കുകൾ കൊണ്ട് തന്നെ കുത്തിപ്പോറിയവൾ കുത്തുവാക്കിനാൽ എന്നെ കൊന്നുതിന്നു, നോവിന്റെ നെഞ്ചിൽ ചുടല തേച്ചു അവൾ നിർവികാരത്തിന്റെ കന്മഴു എറിഞ്ഞു. കുത്തുവാക്ക് എന്ന കവിതയിൽ പ്രകടമായ ഒന്ന് പണ്ടേ നമ്മളിൽ ലയിച്ചു പോയ അടിയുറച്ചു പോയ സത്യമാണ് .കത്തി മുനയേക്കാൾ വേദനയാണ് വാക്കുകൾക്ക്,വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്. പെണ്ണാണ് മണ്ണാണ് പെണ്ണിൻ മനമാണ് മിണ്ടാത്തതെന്തെന്ന് ചോദിച്ചു ഞാൻ, അപ്പോഴും അവൾ വാക്കുകളില്ലാതെ കണ്ണുരുട്ടി എന്നതാണ് കവിയുടെ അഭിപ്രായം. അപ്പോഴും അവസാന വരിയിൽ അവൾ പറയാതിരുന്നാൽ അകമേ തീയാണെനിക്ക് എന്ന് കവിക്ക് തുറന്നു പറയാൻ മടിയില്ലായിരുന്നു.
കറുകറുത്ത ഒരു കാക്കാത്തി പെണ്ണിനെ കുറിച്ച് കാക്കാത്തി എന്ന കവിതയിലും കാട്ടാളൻ എന്ന കവിതയിൽ കാട്ടാളന്റെ ചാപല്യങ്ങളും കാമനകളെ തഴുകുന്ന കവിതയിലും പ്രകടമാകുന്നത് കവിയുടെ ജീവിതത്തിന്റെ യാഥാർഥ്യ ബോധ്യങ്ങളാണ്. സാലഭഞ്ജിക എന്നാൽ മരത്തിൽ കൊത്തിയ സ്ത്രീ രൂപത്തിന്റെ ശില്പമെന്നോ മരച്ചുവട്ടിൽ നിൽക്കുന്ന സ്ത്രീയെന്നോ ഒരുതരം നർത്തകിയെന്നോ ചിലപ്പോൾ വേശ്യ എന്നുമൊക്കെ അർത്ഥമുണ്ട്. അർത്ഥം എന്തുതന്നെയായാലും ഈയൊരു ശീർഷകത്തിലേക്ക് കവിതയിൽ നീയും ഞാനും മാത്രമാകുന്ന രണ്ട് ശില്പങ്ങൾ മാത്രം ലയിച്ച നിമിഷങ്ങളും അല്ലെങ്കിൽ ലയിക്കാൻ ആഗ്രഹിച്ച ചില നിമിഷങ്ങളുമാണ് എന്ന് തോന്നിപ്പോകുന്നു.
നീ - തപോഭൂമിയിൽ നിന്ന് സ്വപ്നഭൂമിയിലേക്ക് ആനയിച്ചു, സുന്ദര കൽപ്പങ്ങൾ തന്നു നിർമ്മലമാം കണ്ണുകൾ കൊണ്ട് മാറിൽ പ്രണയം വരച്ചു.ഞാൻ - വേരുള്ള ദേഹമായി നിന്നിലേക്കാഴ്ന്നു. കണ്ണുകൾ നീലോല്പലങ്ങളായി വിരിഞ്ഞു, അഞ്ജനം തോൽക്കുന്ന പൂമേനിയിൽ അജന്താ ശില്പങ്ങൾ തീർത്തു. അതെ അജന്താ ശില്പങ്ങൾ തീർത്തു. അവസാന കവിതയിൽ നിറയെ സ്നേഹചുംബനങ്ങളാണ് കവി നൽകിയത്. ചുണ്ടുകൾ ചേരുന്നത് സ്നേഹം പകരുവാൻ അധരങ്ങൾ ചുവക്കുന്നത് ദേഹം പകരുവാൻ ചുണ്ടുകൾ ഇണയാകുന്നത് പ്രണയമധുരം നിറയ്ക്കുവാൻ. കവിത അവസാനിക്കുമ്പോൾ അവസാനചുംബനത്തിനായുള്ള കാത്തിരിപ്പിൽ അധരങ്ങൾ കൊണ്ടുള്ള മൗനാർച്ഛന ഒരു വിരാമ ചുംബനം അന്ത്യ ലഘു സ്പർശം, ഒരംഗസംവേദം, അന്തിമാലിഗനം എന്നെ നിനക്കായി അർപ്പിക്കുവാൻ. ഒരു കനവ് മാത്രം, ഒരു ചുംബനം മാത്രം, ഒരു മിഴി തുള്ളി മാത്രം ഉയർവിട്ടു പോകുവാൻ ആത്മാവിലേക്ക് ഒരു ചുംബനം അത്രയേ വേണ്ടു അതു മാത്രമേ കവി ആഗ്രഹിക്കുന്നുള്ളൂ കനവ് മാത്രം എന്ന് പറയുമ്പോഴും കവിയുടെ ഉള്ളിൽ പ്രണയത്തിന്റെ കനലുകൾ കെടാതെ കിടക്കുന്നുണ്ടെന്ന് പ്രകടമാണ്.
അതെ ആയിരം ചാരങ്ങൾ ചികഞ്ഞാൽ ഒരല്പം തരി കനൽ കാണാതിരിക്കില്ല എന്ന് പറയും പോലെ പ്രണയത്തിന്റെ കനൽ കെടാതെ കനവുകളായി കവിയിൽ ഇന്നും കത്തിനിൽക്കുന്നതാണ് രാധാമാധവത്തിലുള്ളത്. അക്ഷരങ്ങൾ കൊണ്ട് മാല തീർക്കും പോലെ പ്രണയത്തിന്റെ കനലുകൾ കാമനകൾ കൊണ്ടുള്ള നൂൽബന്ധം രാധാ മാധവത്തിൽ കണ്ണികളായി വിളക്കി ചേർത്തിരിക്കുന്നു. കനൽ കെടാതെ അത് ആ കെടാവിളക്കിൽ കത്തി ജ്വലിച്ചുതന്നെ നിൽക്കുമെന്ന് പ്രത്യാശിക്കാം.











0 comments