പ്രണയവും വിപ്ലവവും: ചരിത്രത്തിലെ ഇടപെടലുകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2018, 09:31 AM | 0 min read

കേരളവിപ്ലവബോധത്തിന്റെ എന്നും ജ്വലിക്കുന്ന പന്തമാണ്  പി കൃഷ‌്ണപിള്ള. ‘സഖാവ്’ എന്ന പദംകൊണ്ടുമാത്രം വ്യവഹരിക്കപ്പെടാൻ കഴിയുന്ന ഒരേയൊരാൾ. കമ്യൂണിസ്റ്റെന്നോ കമ്യൂണിസ്റ്റ് വിരുദ്ധനെന്നോ ഭേദമില്ലാതെതന്നെ, എല്ലാവരും ആദരിക്കുന്നയാൾ. വിപ്ലവത്തിന്റെ കനൽവഴികളിലൂടെ നടന്നുവന്ന്, വിപ്ലവബോധം പടർത്തുന്നതിൽ മുൻനിന്നു പ്രവർത്തിച്ച്, അതിൽത്തന്നെ മൺമറഞ്ഞ ധീരനേതാവ്. തൊട്ടുപിന്നാലെ വന്ന ചുവന്ന അമ്പതുകൾക്കും, അതിലൂടെ കൈവന്ന കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിനും ആ പരിണാമത്തിലൂടെ നേടാനായ ‘കേരള മോഡൽ’ എന്ന വിശ്വമാതൃകയ്ക്കും വിത്ത് വിതച്ചയാൾ. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെയോ  പി കൃഷ്ണപിള്ളയുടെയോ ജീവിതം പഠിക്കുന്ന ആരും ചെന്നെത്തുന്ന സാമാന്യമായ അറിവുകളാണ് ഇവ. 
 
എന്നാൽ, ആ കമ്യൂണിസ്റ്റുകാരന്റെ തീവ്രവും പരുക്കനുമായ വിപ്ലവപ്രവർത്തനങ്ങൾക്ക് തീക്ഷ്ണപ്രണയത്തിന്റേതായ ഒരു മധുരമുഖംകൂടിയുണ്ടെന്ന് ഏറെയാരുംതന്നെ അറിഞ്ഞിട്ടില്ല. ചരിത്രത്തിൽ വിസ്മരിക്കപ്പെടുകയും ചരിത്രരചനയിൽ അവഗണിക്കപ്പെടുകയും ചെയ്തുപോയ അങ്ങനെയൊരു പ്രണയപർവത്തിലേക്കാണ്  നോവലിസ്റ്റ‌് കെ വി മോഹൻകുമാർ  ‘എടലാക്കുടിയിലെ പ്രണയരേഖക’ളിലൂടെ വഴിതുറക്കുന്നത്. പ്രണയവും വിപ്ലവവും ജീവിതവും ഒന്നായിത്തീരുന്ന അസാധാരണവും അതുല്യവുമായൊരു ജീവിതകഥയിലേക്ക്, പ്രണയകഥയിലേക്ക്. 
വധശിക്ഷയ‌്ക്ക‌് വിധിക്കപ്പെട്ടവരെമാത്രം പാർപ്പിച്ചിരുന്ന എടലാക്കുടിയിലെ പ്രത്യേകജയിലിൽ അധികാരികൾ കൃഷ്ണപിള്ളയെ അടച്ചത് കഠിനമായ ദണ്ഡനങ്ങൾക്ക് വിധേയനാക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ, എപ്പോഴും എഴുത്തിലും വായനയിലും മുഴുകുന്ന കൃഷ്ണപിള്ളയുടെ ശീലം ജയിൽജീവനക്കരിൽ മതിപ്പുളവാക്കുകയാണ് ചെയ്തത്. ജയിലറയിലെ സ്വന്തം വിപ്ലവപ്രവർത്തനവഴിയായി എഴുത്തും വായനയുമെന്ന  ശീലത്തെക്കണ്ടിരുന്ന കൃഷ്ണപിള്ളയുടെ അന്വേഷണം തനിക്ക് വായിക്കാൻ കുറച്ച് ഹിന്ദി പുസ‌്തകങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങിയത്. അത് അയ്യൻപിള്ള പൊലീസ‌ുവഴി തങ്കമ്മയെന്ന പതിനേഴുകാരിയിലെത്തി. ഏതോ ഒരാൾക്ക് വയിക്കാനൊരു പുസ‌്തകം കൊടുക്കുന്നു എന്ന നിസ്സംഗതയോടെയാണ് തങ്കമ്മ അയ്യൻപിള്ളവഴി കൃഷ‌്ണപിള്ളയെ ബന്ധപ്പെടുന്നത്. എന്നാൽ,  തങ്കമ്മ പിന്നീട് അദ്ദേഹത്തിന്റെ വിപ്ലവപ്രവർത്തനത്തിലെ സഹായിയെന്ന നിലയിലേക്കും സഖാവുമായുള്ള ഗാഢപ്രണയത്തിലും താനറിയാതെതന്നെ എത്തിച്ചേരുകയായിരുന്നു. കൃഷ്ണപിള്ള ഹിന്ദിയിൽ കൊടുത്തുവിട്ട കുറിപ്പുകളും കത്തുകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി നാട്ടിലെ താനറിയാത്ത വിപ്ലവനേതാക്കൾക്ക് അയച്ചുകൊടുക്കുകയെന്ന ദൗത്യത്തിലാണ് തങ്കമ്മ ഏർപ്പെട്ടത്. ആദ്യമൊക്കെ തെല്ലും താൽപ്പര്യമില്ലാതെ, ഇത്തിരി ഈർഷ്യയോടെയാണത് ചെയ‌്തതെങ്കിലും, പിന്നീട് ആ ദൗത്യം പെൺകുട്ടിയെ ആകെ മാറ്റിത്തീർത്തു. സ്വയമറിയാതെതന്നെ അവൾ ആ വിപ്ലവബോധത്താൽ ഉദ്ദീപ്തയും വിപ്ലവപ്രവർത്തനങ്ങളിൽ പങ്കാളിയുമായി.
വിപ്ലവപ്രവർത്തനങ്ങളുടെയെന്നപോലെ, വിപ്ലവകാരിയുടെയും പ്രണയിനിയായി. അങ്ങനെ പരസ‌്പരമിണങ്ങി ഒട്ടും ഭിന്നമല്ലാതായിത്തീർന്ന പ്രണയവിപ്ലവ പ്രവർത്തനങ്ങളുടെ രാസപരിണാമത്തിന്റെ ആഖ്യായികകൂടിയാണ് എടലാക്കുടി പ്രണയരേഖകൾ.  നാടൻപെണ്ണിനെ നിരന്തരമായ ഇടപെടലുകളിലൂടെ (രണ്ടുപേരും സ്വയമറിയാതെ) തികഞ്ഞൊരു രാഷ്ട്രീയക്കാരിയും വിപ്ലവപ്രവർത്തകയും പ്രണയിനിയും വിപ്ലവകാരിയുടെ ജീവിതപങ്കാളിയുമാക്കിമാറ്റുന്ന തികച്ചും അസാധാരണമായൊരു പ്രണയകഥയായി കൃഷ്ണപിള്ളയുടെയും തങ്കമ്മയുടെയും ജീവിതം മാറുന്നു.
 
 ചേർത്തലയിലെ ഒരു തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞപ്പോൾ, അവിടെവച്ച് പാമ്പുകടിയേറ്റ സഖാവിന്റെ അനുഭവങ്ങളിലൂടെയും ഓർമകളിലൂടെയുമാണ് നോവൽ തുടങ്ങുന്നതും അവസാനിക്കുന്നതും. മരണമെത്തുന്ന നേരത്ത്  പ്രിയതമയെ കാണാൻ കൊതിച്ച കൃഷ‌്ണപിള്ളയുടെ ഓർമകളായി, മനോഗതങ്ങളായി അനുഭവങ്ങളായി നോവൽ മുന്നേറുന്നു. ഭൂതകാലാനുഭവങ്ങളായി വാർന്ന്, അതിൽ രാഷ്ട്രീയവും പ്രണയവും ഇഴപിരിയാതെ വഴിഞ്ഞൊഴുകുന്ന മട്ടിലുള്ള ആഖ്യാനം.
 

[email protected]



deshabhimani section

Related News

View More
0 comments
Sort by

Home