ഉസ്കൂള്‍ കാലത്തെ നൊമ്പരങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 17, 2017, 05:37 PM | 0 min read

നിഷ്കളങ്കവും ആര്‍ദ്രവുമായ ബാല്യകാലത്തിന്റെ ഓര്‍മകള്‍. അനീതിയോടും അസമത്വത്തോടുമുള്ള എതിര്‍പ്പും അകലവും പറഞ്ഞുവയ്ക്കുമ്പോള്‍ അഭിമാനത്തോടെ നെഞ്ചോടുചേര്‍ക്കാവുന്ന കഥാപാത്രങ്ങളും പശ്ചാത്തലവും. പി വി ഷാജികുമാറിന്റെ 'ജിഎല്‍പി ഉസ്കൂള്‍ കീക്കാങ്കോട്ട്' കഥാസമാഹാരം വായനയ്ക്കപ്പുറം പടര്‍ത്തുന്നത് ഗൃഹാതുരചിന്തകളാണ്. തീവ്രവും തീക്ഷ്ണവുമായ അനുഭവങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തേടിവരുന്നു. സര്‍വതന്ത്രസ്വതന്ത്രമായ ലോകത്ത് എങ്ങോട്ടൊക്കെയോ ഒഴുകി എങ്ങോട്ടൊക്കെയോ എത്തുന്ന ജീവിതങ്ങള്‍. കഥാപാത്രങ്ങളുടെ അസാമാന്യമായ കരുത്തും ബുദ്ധിയും. ജീവിതത്തില്‍നിന്ന് പുറന്തള്ളപ്പെട്ടുപോയ കുട്ടികളും മുതിര്‍ന്നവരും. സ്കൂള്‍കാലത്തിന്റെ വേദനയും കണ്ണീരും ഒലിച്ചിറങ്ങുന്ന അക്ഷരങ്ങള്‍. ഹൃദയബന്ധങ്ങളെ സ്നേഹത്തില്‍ പൊതിയുന്ന എഴുത്ത്. വായന മുറുകുമ്പോള്‍ നാം കഥാപാത്രങ്ങളായി രൂപാന്തരം പ്രാപിക്കുന്നു!
'മറഡോണ' ബാല്യകാലത്തെ ഫുട്ബോള്‍കളിയുടെ പശ്ചാത്തലത്തില്‍ ദളിതന്റെയും അന്യവല്‍ക്കരിക്കപ്പെട്ടവന്റെയും കഥപറയുകയാണ്. കറുപ്പായാല്‍ വെറുക്കണമെന്ന് ശാഠ്യംപിടിക്കുന്ന സമൂഹം. കറുത്തതുകൊണ്ട് അച്ഛന്റെ സ്നേഹം നിരാകരിക്കപ്പെടുന്ന കൌമാരക്കാരന്‍. പെണ്ണിനെ ഭോഗോപകരണമായിമാത്രം കാണുന്ന സമൂഹത്തില്‍ ജീവിക്കാന്‍വേണ്ടി ആണ്‍വേഷം കെട്ടി, മൈതാനത്ത് മറഡോണ എന്ന കളിക്കാരനായി മാറുന്ന പെണ്‍കുട്ടി.

'ഒരുവഴിയും ശരിയല്ല... എല്ലായിടത്തും വെളിച്ചമാണ്. ഒറ്റപ്പൊടി ഇരുട്ടില്ല...' എന്ന് പരിഭവിച്ച്  ഇരുട്ട്തേടി ഊരുചുറ്റുന്ന പൊക്കന്‍ എന്ന ചെറുപ്പക്കാരന്‍ ആണ്  'പൊക്കന്‍' എന്ന കഥയില്‍. എത്ര കഴുകിയാലുംപോകാത്ത കാല്‍നഖങ്ങള്‍ക്കിടയിലെ ചെളിപോലെയാണ് ജീവിതമെന്ന് പറഞ്ഞുവയ്ക്കുകയാണ് 'കാക്കയുടെ എണ്ണ' എന്ന കഥ. കള്ളനും പൊലീസും കളിക്കുന്ന കുട്ടികളിലൂടെയാണ് പശ്ചാത്തലം വികസിക്കുന്നത്. മനുഷ്യജീവിതത്തിന്റെ അന്തഃസാരം ചോദ്യംചെയ്യുന്ന പ്രമേയമാണ് 'ഐസിയു'വില്‍. ആശുപത്രിയുടെ രണ്ട് മുഖങ്ങളാണ് ഇവിടെ. മരണത്തോട് മല്ലടിക്കുന്ന ഐസിയുവിനും പ്രതീക്ഷയുടെ പ്രതീകമായ ലേബര്‍ റൂമിനുമിടയില്‍ മനുഷ്യജീവിതത്തിന്റെ നിസ്സാരതയാണ് പങ്കുവയ്ക്കുന്നത്. 'അഞ്ച് കുട്ടിക്കഥകള്‍' എന്ന കഥയിലെ ഐസിയു എന്ന ഈ കുഞ്ഞുകഥ വേറിട്ടുനില്‍ക്കുന്നു.
തോല്‍വി ഒരിക്കലും തോല്‍വിയല്ല. വിജയിക്കുമ്പോഴാണ് ഒരാള്‍ എല്ലാ അര്‍ഥത്തിലും തോറ്റുപോകുന്നത് എന്ന് പറയുന്ന മജീഷ്യനായ എളേപ്പനാണ് 'ഒരു പഞ്ചതന്ത്രം കഥ'യില്‍. കുടുംബം പുലരാന്‍ എല്ലാദിവസവും വൈകുന്നേരം അണിഞ്ഞൊരുങ്ങി വേശ്യാവൃത്തിക്ക് പോകുന്ന എളേമ്മ. മജീഷ്യനായി ആദ്യമായി ജയിക്കുന്ന എളേപ്പന്‍ പെന്‍ഡുലംപോലെ പറങ്കിമാവിന്റെ കൊമ്പില്‍ തൂങ്ങിയാടി ജീവന്‍ അവസാനിപ്പിക്കുന്നു. തേങ്ങ, മഴ വെയില്‍ മുസ്തഫ, നനയാത്ത മഴകള്‍ തുടങ്ങിയ കഥകളിലും അന്യമാകുന്ന ഗ്രാമീണനന്മകള്‍ ഉള്‍ക്കരുത്ത് പകരുന്നു.
സ്കൂള്‍കാല ജീവിതത്തിന്റെ ശേഷിപ്പുകള്‍ക്കൊപ്പം പൊട്ടിപ്പോയ ഒരുവില്ലിന്റെ ചരടുവലിച്ച് കെട്ടുന്ന പരിശ്രമമാണ് ജീവിതം എന്ന് ഓര്‍മപ്പെടുത്തുകയാണ് ഈ കഥാസമാഹാരം.



deshabhimani section

Related News

View More
0 comments
Sort by

Home