അഡാസുമായി പുതിയ കോഡിയാക്

സ്‌കോഡ ഓട്ടോ ഇന്ത്യ കോഡിയാകിന്റെ നവീകരിച്ച പതിപ്പ് വിപണിയിലിറക്കി. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റ(അഡാസ്)ത്തോടെയാണ് ഈ വാഹനം ലഭ്യമാക്കുന്നത്. 4 x 4 ആഡംബരം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളിലുള്ളവരെയും ലക്ഷ്യമിട്ട് ലോഞ്ച്, സ്‌പോര്‍ട്‌ലൈന്‍, സെലക്ഷന്‍ എല്‍ ആന്‍ഡ് കെ എന്നിങ്ങനെ മൂന്ന് വകഭേദങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 150 കിലോവാട്ട് കരുത്തും 320 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ടിഎസ്എല്‍ എൻജിനാണ് ഇതിന് കുതിപ്പേകുന്നത്. ശ്രേണിയിലുടനീളം ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഡിഎസ്ജി ട്രാൻസ്മിഷൻ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ച് സീറ്റുള്ള കോഡിയാക് ലോഞ്ച് 786 ലിറ്റർ ബൂട്ട് വാഗ്ദാനം ചെയ്യുന്നു. ക്യാബിനിൽ ഗ്രേ സ്യൂഡിയ ഫാബ്രിക് അപ്ഹോൾസ്റ്ററി, സ്ലൈഡിങ് പനോരമിക് സൺറൂഫ്, ഷിഫ്റ്റ് പാഡിലുകളുള്ള ടുസ്പോക്ക് ലെതർ മൾട്ടിഫങ്ഷന്‍ സ്റ്റിയറിങ് വീൽ, ത്രീസോൺ ക്ലൈമട്രോണിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് ഇതിലെ മറ്റ് ചില സവിശേഷതകള്‍. എല്‍ഇഡി മാട്രിക്സ് അഡാപ്റ്റീവ് ഫ്രണ്ട്-ലൈറ്റിങ് സിസ്റ്റമുള്ള (എഎഫ്എസ്) ഹെഡ്‌ലൈറ്റുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, സൈഡ് അസിസ്റ്റ്, റിയർ ട്രാഫിക് അലർട്ട്, എക്സിറ്റ് വാണിങ് സിസ്റ്റം, 360-ഡിഗ്രി ഏരിയ വ്യൂ കാമറ, ഇന്റലിജന്റ് പാർക്ക് അസിസ്റ്റ് എന്നിവയോടെയാണ് സ്പോർട്ട്‌ലൈൻ എത്തുന്നത്.
കോഗ്നാക് ലെതർ അപ്ഹോൾസ്റ്ററിചെയ്ത ക്യാബിന്‍, യാത്രകളിലെ ക്ഷീണമകറ്റാൻ സഹായിക്കുന്ന ന്യൂമാറ്റിക് മസാജ്, വെന്റിലേഷൻ, ഹീറ്റിങ്, പവർ അഡ്‌ജസ്റ്റ്മെന്റ് എന്നിവയോടുകൂടിയ എർഗോ സീറ്റുകള്‍ എന്നിവയാണ് ഉയർന്ന ഫീച്ചറുകളും ആഡംബരവും വാഗ്ദാനം ചെയ്യുന്ന സെലക്ഷന്‍ എല്‍ ആന്‍ഡ് കെ വകഭേദത്തിന് നിര്‍മാതാക്കള്‍ എടുത്തുപറയുന്ന ചില സവിശേഷതകള്‍. ലോഞ്ചിന് 36.99 ലക്ഷവും സ്‌പോര്‍ട്‌ലൈനിന് 44.99 ലക്ഷവും സെലക്ഷന്‍ എല്‍ ആന്‍ഡ് കെയ്ക്ക് 46.99 ലക്ഷവുമാണ് എക്സ്ഷോറൂം വില.











0 comments