ad
Deshabhimani

400 കിലോമീറ്ററിലധികം റേഞ്ച്; കുടുംബ യാത്രകൾക്ക് അനുയോജ്യമായ അഞ്ച് ഇലക്ട്രിക് എസ്‌യുവികൾ

electric cars
വെബ് ഡെസ്ക്

Published on Aug 04, 2026, 03:24 PM | 3 min read

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യൻ കുടുംബങ്ങളുടെ താൽപര്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ വാഹനം തിരഞ്ഞെടുക്കുമ്പോൾ ആദ്യം ഉയരുന്ന ചോദ്യം ഒറ്റ ചാർജിൽ എത്ര ദൂരം സഞ്ചരിക്കാനാകുമെന്നതാണ്. ഓഫീസ് യാത്രകളും വാരാന്ത്യ കുടുംബസഞ്ചാരങ്ങളും ദീർഘദൂര ഹൈവേ യാത്രകളും ഇടയ്ക്കിടെ ചാർജ് ചെയ്യാതെ പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്ക പലർക്കുമുണ്ട്.


സാങ്കേതികവിദ്യയുടെ പുരോഗതിയോടെ ആ ആശങ്കകൾക്ക് ഇന്ന് വലിയൊരു പരിഹാരം ലഭിച്ചിരിക്കുകയാണ്. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം റേഞ്ച് നൽകുന്ന നിരവധി കുടുംബ സൗഹൃദ ഇലക്ട്രിക് എസ്‌യുവികൾ ഇന്ന് വിപണിയിലുണ്ട്. വിശാലമായ ഇന്റീരിയർ, ആധുനിക സാങ്കേതികവിദ്യ, ഉയർന്ന സുരക്ഷ, വേഗത്തിലുള്ള ചാർജിങ് സൗകര്യം എന്നിവയും ഇവയുടെ പ്രത്യേകതകളാണ്. അത്തരത്തിൽ ശ്രദ്ധേയമായ അഞ്ച് മോഡലുകളെ പരിചയപ്പെടാം.


1. കിയ കാരൻസ് ക്ലാവിസ് ഇ വി


മൂന്ന് നിര സീറ്റുകളുള്ള കുടുംബ ഇലക്ട്രിക് വാഹനങ്ങളിലെ ശ്രദ്ധേയ മോഡലാണ് കിയ കാരൻസ് ക്ലാവിസ് ഇ വി. ആറ്, ഏഴ് സീറ്റർ പതിപ്പുകളിൽ ലഭ്യമാകുന്ന വാഹനത്തിൽ 42 കിലോവാട്ട്- മണിക്കൂർ, 51.4 കിലോവാട്ട്- മണിക്കൂർ ബാറ്ററി ഓപ്ഷനുകളുണ്ട്. യഥാക്രമം 404 കിലോമീറ്ററും 490 കിലോമീറ്ററും വരെ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.


വിശാലമായ ക്യാബിനിനൊപ്പം എല്ലാ നിരകളിലേക്കും റൂഫ് മൗണ്ടഡ് എ സി വെന്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് മുൻസീറ്റുകൾ, റിമോട്ട് ക്യാബിൻ പ്രീ-കൂളിംഗ് എന്നിവ കുടുംബ യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നു. ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, 20 സ്വയംപ്രവർത്തന സുരക്ഷാ സവിശേഷതകൾ, ആക്ടീവ് എയർ ഫ്ലാപ് സംവിധാനം, ലിക്വിഡ്-കൂൾഡ് ബാറ്ററി എന്നിവയും വാഹനത്തിലുണ്ട്.


100 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 39 മിനിറ്റിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. 11 കിലോവാട്ട് എ സി ചാർജർ ഉപയോഗിച്ചാൽ അഞ്ച് മണിക്കൂറിൽ താഴെ സമയം കൊണ്ട് പൂർണ ചാർജ് നേടാനും കഴിയും. വില 17.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. കിയയുടെ ബാറ്ററി-ആസ്-എ-സർവീസ് (ബിഎഎഎസ്) പദ്ധതിയിലൂടെ 12.84 ലക്ഷം രൂപ മുതൽ വാഹനം സ്വന്തമാക്കാം. മൈകിയ ആപ്പിലെ കെ-ചാർജ് പ്ലാറ്റ്ഫോം വഴി രാജ്യത്തുടനീളമുള്ള 15,000-ത്തിലധികം ചാർജിങ് പോയിന്റുകൾ, റൂട്ട് പ്ലാനിങ്, തത്സമയ ചാർജർ ലഭ്യത, ഓൺലൈൻ പേയ്‌മെന്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.


2. മഹീന്ദ്ര എക്‌സ് ഇവി 9ഇ


മഹീന്ദ്രയുടെ പുതിയ തലമുറ ഇലക്ട്രിക് എസ്‌യുവിയായ എക്‌സ് ഇ വി. 9ഇ 59 കിലോവാട്ട്-മണിക്കൂർ, 79 കിലോവാട്ട്-മണിക്കൂർ ബാറ്ററി പതിപ്പുകളിൽ ലഭ്യമാണ്. പരമാവധി 542 കിലോമീറ്ററും 656 കിലോമീറ്ററും വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ നഗരയാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ഒരുപോലെ അനുയോജ്യമാണ്.


ട്രിപ്പിൾ സ്‌ക്രീൻ കോക്ക്പിറ്റ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, പ്രീമിയം ഇന്റീരിയർ, ലെവൽ-2 എഡിഎഎസ്, വിശാലമായ പിൻസീറ്റ്, വലിയ ബൂട്ട് സ്പേസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. 180 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാർജിങ് വഴി 20 മിനിറ്റിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. എക്‌സ് ഷോറൂം വില 21.90 ലക്ഷം രൂപ മുതൽ.


3. മഹീന്ദ്ര എക്‌സ് ഇവി 9എസ്


മൂന്ന് നിര സീറ്റുകളുള്ള മറ്റൊരു കുടുംബ ഇലക്ട്രിക് എസ്‌യുവിയാണ് എക്‌സ് ഇ വി. 9എസ്. 59 കിലോവാട്ട്-മണിക്കൂർ, 79 കിലോവാട്ട്-മണിക്കൂർ ബാറ്ററികളിൽ ലഭ്യമായ ഈ മോഡലിന് പരമാവധി 656 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. ട്രിപ്പിൾ സ്‌ക്രീൻ ഡാഷ്ബോർഡ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, പ്രീമിയം സീറ്റുകൾ, സ്ലൈഡിങ്-റിക്ലൈനിങ് രണ്ടാം നിര സീറ്റുകൾ, ഉപയോഗപ്രദമായ മൂന്നാം നിര എന്നിവ കുടുംബ യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നു. 180 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന വാഹനത്തിന്റെ വില 19.95 ലക്ഷം രൂപ മുതൽ.


4. ടാറ്റ ഹാരിയർ ഇവി


ജനപ്രിയ എസ്‌യുവിയായ ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പാണ് ടാറ്റ ഹാരിയർ ഇ.വി. 65 കിലോവാട്ട്-മണിക്കൂർ, 75 കിലോവാട്ട്-മണിക്കൂർ ബാറ്ററികളിൽ ലഭ്യമായ വാഹനത്തിന് 538 കിലോമീറ്ററും 627 കിലോമീറ്ററും വരെ റേഞ്ച് ലഭിക്കും. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് മുൻസീറ്റുകൾ, പനോരമിക് സൺറൂഫ്, ഏഴ് എയർബാഗുകൾ, ലെവൽ-2 എഡിഎഎസ്, അഞ്ച് നക്ഷത്ര ഭാരത് എൻസിഎപി സുരക്ഷാ റേറ്റിങ് എന്നിവയാണ് പ്രധാന സവിശേഷതകൾ. 120 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിങ് വഴി ഏകദേശം 25 മിനിറ്റിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. റിയർ വീൽ ഡ്രൈവും ഓൾ വീൽ ഡ്രൈവും ഉൾപ്പെടെ ലഭിക്കുന്ന വാഹനത്തിന്റെ വില 21.49 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.


5. ബിവൈഡി ആറ്റോ 3


ബിവൈഡി ആറ്റോ 3 49.92 കിലോവാട്ട്-മണിക്കൂർ, 60.48 കിലോവാട്ട്-മണിക്കൂർ ബാറ്ററി പതിപ്പുകളിൽ ലഭ്യമാണ്. യഥാക്രമം 468 കിലോമീറ്ററും 521 കിലോമീറ്ററും വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. റൊട്ടേറ്റിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, പനോരമിക് സൺറൂഫ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിങ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. 80 കിലോവാട്ട് ഡി.സി. ഫാസ്റ്റ് ചാർജിങ് വഴി ഏകദേശം 50 മിനിറ്റിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ സുരക്ഷയും ദീർഘായുസും ഉറപ്പാക്കുന്നു. എക്‌സ്-ഷോറൂം വില 24.99 ലക്ഷം രൂപ മുതൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home