തലേ ദിവസം മദ്യപിച്ചാലും രാവിലെ വാഹനം ഓടിക്കേണ്ട; പരിശോധനകൾ ശക്തമാക്കുന്നു.ലൈസൻസ് തെറിക്കും

പ്രതീകാത്മക ചിത്രം
കൊച്ചി: രാത്രി മദ്യപിച്ചതിന് ശേഷം രാവിലെ വാഹനം ഓടിച്ചാൽ പ്രശ്നമുണ്ടാകില്ലെന്ന ധാരണയിൽ സ്റ്റിയറിംഗ് പിടിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ്. കൊച്ചി നഗരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഇത്തരത്തിലുള്ള തെറ്റായ വിശ്വാസത്തിന്റെ പേരിൽ നൂറുകണക്കിന് ഡ്രൈവർമാർക്ക് ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായതായി കണക്കുകൾ വ്യക്തമാക്കുന്നു.
എറണാകുളം ആർ ടി ഓഫീസിന് മുന്നിൽ ഓരോ ബുധനാഴ്ചയും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ഡ്രൈവർമാരുടെ നീണ്ട നിരയാണ് കാണുന്നത്. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് മുമ്പുള്ള ഹിയറിംഗിന് എത്തുന്നവരാണ് ഇവർ. പലരും വിശദീകരണമായി പറയുന്നത് ഒരേ കാര്യം തന്നെയാണ്.“സാർ, തലേദിവസം രാത്രി മദ്യപിച്ചതാണ്; രാവിലെ വാഹനം ഓടിക്കുമ്പോൾ പ്രശ്നമുണ്ടാകുമെന്ന് കരുതിയില്ല.”
എന്നാൽ മെഡിക്കൽ പരിശോധനയിൽ രക്തത്തിലെ മദ്യത്തിന്റെ അളവ് നിയമപരിധിയെക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയാൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടി സ്വീകരിക്കും. 2025 വർഷത്തിൽ എറണാകുളം ആർ ടി ഓഫീസിൽ മാത്രം ആകെ 1374 ഡ്രൈവിംഗ് ലൈസൻസുകളാണ് സസ്‌പെൻഡ് ചെയ്തത്.
ഇതിൽ മദ്യപിച്ച് വാഹനമോടിച്ചതിനായി മാത്രം 520 പേരുടെ ലൈസൻസ് നഷ്ടപ്പെട്ടു. അമിതവേഗം, അപകടങ്ങൾ, ആവർത്തിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങൾ തുടങ്ങിയ മറ്റു കാരണങ്ങളാൽ 854 പേരുടെയും ലൈസൻസ് താത്കാലികമായി റദ്ദാക്കി. സെപ്റ്റംബർ (216) ഫെബ്രുവരി (210)യും മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ലൈസൻസ് സസ്‌പെൻഷൻ രേഖപ്പെടുത്തിയത്.
മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവരെ ഉടൻ വിട്ടയക്കില്ല. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് മുമ്പായി മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ നിർബന്ധിത ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണം. പിടിയിലാകുന്നവരിൽ ബസ്, ലോറി ഡ്രൈവർമാരുടെ എണ്ണം കൂടുതലാണെന്നത് അധികൃതർ ആശങ്കയായി ചൂണ്ടിക്കാട്ടുന്നു.എറണാകുളം ആർടിഒ കെ ആർ സുരേഷ്, ജോയിന്റ് ആർടിഒ സിഡി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് ഹിയറിംഗുകളും നടപടികളും വേഗത്തിലാക്കി നടപ്പാക്കുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചു.










0 comments