03 July Sunday
കയർത്തൊഴിലാളി അമ്മു രക്തസാക്ഷിയായിട്ട്‌ നാളെ 50 വർഷം

വാഴമുട്ടം അമ്മു: കനൽവഴികളിലെ രക്തതാരകം

ആനത്തലവട്ടം ആനന്ദൻUpdated: Monday May 2, 2022

1972 മെയ് മൂന്ന്‌ കയർത്തൊഴിലാളി സമൂഹത്തിന് മറക്കാനാകാത്ത ദിനമാണ്‌.  കയറുപിരിക്കും തൊഴിലാളികളുടെ ഉജ്വല സമരകഥകളിലൊന്ന് തിരുവനന്തപുരം വാഴമുട്ടത്ത് അരങ്ങേറിയ ദിനം. അവകാശ സമരങ്ങൾക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പിൽ സ. അമ്മു രക്തസാക്ഷിയായി. നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ആ ദിവസം ഇന്നും ഓർമയിൽ ജ്വലിക്കുകയാണ്‌. അമ്മുവിന്റെ രക്തസാക്ഷിത്വത്തിന് മെയ് മൂന്നിന് അമ്പതാണ്ട് തികയുകയാണ്.  അമ്മുവിന്റെ പ്രസ്ഥാനം നടത്തിയ നിരവധി സമര പ്രക്ഷോഭങ്ങൾ കയർത്തൊഴിലാളികൾക്ക് മാത്രമല്ല, കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും അവകാശ സമര പോരാട്ടങ്ങൾക്ക് ആവേശം പകർന്നു. ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ കയർത്തൊഴിലാളികളും അവരുടെ സമരസംഘടനയും നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളെ വീണ്ടും ഓർമയിലേക്ക് കൊണ്ടുവരുന്നതുകൂടിയാണ് അമ്മുവിന്റെ രക്തസാക്ഷിത്വദിനം.

തിരുവനന്തപുരം താലൂക്കിലെ തെക്കൻ മേഖലയിൽ പ്രത്യേകിച്ച് തിരുവല്ലം, വാഴമുട്ടം, കോവളം, പൊഴിയൂർ മേഖലകളിൽ ധാരാളം കയർത്തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആദ്യകാലത്ത് ഇവരെ യൂണിയന്റെ കീഴിൽ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ ലേഖകൻ ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷമാണ് ഈ  തൊഴിലാളികളെ യൂണിയനു കീഴിൽ അണിനിരത്താൻ കഴിഞ്ഞത്.

കോവളം മേഖലയിൽ ധാരാളം ചെറുകിട ഉൽപ്പാദകർ വ്യവസായത്തിൽ ഏർപ്പെട്ടിരുന്നു.  ഇവിടത്തെ കയർ ഉൽപ്പാദനരീതി തികച്ചും വ്യത്യസ്തമായിരുന്നു. ചിറയിൻകീഴ്, കണിയാപുരം, വർക്കല മേഖലകളിൽ 20–-25ൽ അധികം റാട്ടുള്ള വൻകിട ഉൽപ്പാദകരുടെ കീഴിലാണ് പതിനായിരക്കണക്കിന് കയർത്തൊഴിലാളികൾ പണിയെടുത്തിരുന്നത്. പട്ടിണിക്കൂലി നൽകി ഇവരെ ചൂഷണം ചെയ്യുന്നതിൽ മുതലാളിമാർ പരസ്പരം മത്സരിച്ചു. ഈ ചൂഷണത്തിൽനിന്ന്‌ തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് യൂണിയൻ രംഗത്തുവരുന്നത്.

വൻകിട മുതലാളിമാരാണ് പച്ചത്തൊണ്ട് പൂഴ്‌ത്തി കൊള്ളലാഭം കൊയ്തിരുന്നത്‌. അവരിൽനിന്ന്‌ തീവിലയ്‌ക്ക് അഴുകൽ തൊണ്ട് വാങ്ങി തല്ലിച്ചതച്ച് ചകിരിയാക്കി കയറുപിരിച്ച് ചാലക്കമ്പോളത്തിൽ വിറ്റുകിട്ടുന്ന മിച്ചംകൊണ്ടു വേണമായിരുന്നു ഓരോ കുടുംബത്തിനും കഴിയാൻ. ഈ സാഹചര്യത്തിലാണ് മിനിമംകൂലി ഉറപ്പുവരുത്തുന്നതിനും കുത്തകക്കാരായ തൊണ്ടുമുതലാളിമാരെ നിലയ്‌ക്കുനിർത്തണമെന്ന് ആവശ്യപ്പെട്ടും വാഴമുട്ടം മേഖലയിൽ ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ  സമരരംഗത്തേക്ക് കടന്നുവരുന്നത്.  1970ൽ സിഐടിയു രൂപീകരണത്തിനുശേഷം എല്ലാ വിഭാഗം തൊഴിലാളികളുടെയും സമരം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമുണ്ടായി. ഇതിനെത്തുടർന്നാണ് 1971ൽ കേരളത്തിലെ കയർത്തൊഴിലാളി സംഘടനകളുടെ ഒരു ഫെഡറേഷനായി കേരള കയർ വർക്കേഴ്സ് സെന്റർ സ്ഥാപിതമാകുന്നത്.

അതിനുശേഷം തൊഴിലാളികളുടെ സമരം സംസ്ഥാനാടിസ്ഥാനത്തിൽ വ്യാപിപ്പിക്കുന്നതിന്‌ കേരള കയർ വർക്കേഴ്സ് സെന്റർ തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയിൽ കണിയാപുരംവരെയുള്ള മേഖലയിൽ സമരത്തിലൂടെയാണ് കയർത്തൊഴിലാളികൾ രണ്ടു രൂപ 40 പൈസ കൂലി നേടിയെടുത്തത്. എന്നാൽ, കോവളം മേഖലയിൽ ഒരു രൂപ 37 പൈസയാണ്‌ ലഭിച്ചുവന്നിരുന്നത്. ഇതു മനസ്സിലാക്കിയാണ് കോവളം മുപ്പിരി മേഖലയിലെ ചൂഷണത്തിന് അറുതിവരുത്തണമെന്ന് യൂണിയൻ തീരുമാനിച്ചത്.

ആദ്യം ഉൽപ്പാദകരുടെ യോഗം വിളിച്ചുചേർത്തു. തൊണ്ടുവില നിയന്ത്രണം ഏർപ്പെടുത്തിയ സമയമാണിത്. നിയന്ത്രിതവിലയുടെ രണ്ടും മൂന്നും ഇരട്ടിവില ഈടാക്കിവന്നിരുന്ന മുതലാളിമാർ നിയന്ത്രിതവിലയ്ക്ക്‌ തൊണ്ടു നൽകാൻ തയ്യാറായില്ല. യോഗത്തിൽ പങ്കെടുത്ത എല്ലാവരും പ്രഖ്യാപിതവിലയ്ക്ക് തൊണ്ട് പിടിച്ചെടുക്കാൻ തീരുമാനിച്ചു.  തൊണ്ടുതല്ലൽ മെഷീനിൽ തല്ലാൻ കൊണ്ടുപോയ തൊണ്ട്‌ നിറച്ച വള്ളം തടഞ്ഞ്‌ തൊഴിലാളികൾ നിയന്ത്രിത വിലയ്ക്ക്  നൽകണമെന്ന് ആവശ്യപ്പെട്ടു. തൊണ്ടുമുതലാളിയെ സഹായിക്കാനെത്തിയ  പൊലീസുകാർ  മുന്നറിയിപ്പു നൽകാതെ 19 റൗണ്ട് വെടിവച്ചു. വാഴമുട്ടത്തെ അമ്മു വെടിയേറ്റ് തൽക്ഷണം മരിച്ചുവീണു. നിരവധി സ്ത്രീകൾക്ക് പരിക്കുപറ്റി. തെങ്ങുകൾ മറഞ്ഞുനിന്നാണ് പലരും വെടിയുണ്ടയിൽനിന്നു രക്ഷപ്പെട്ടത്.

അമ്മുവിന്റെ മൃതശരീരം പനമ്പള്ളി വിശ്വംഭരനും ഏതാനും സഖാക്കളും ചേർന്ന് റോഡരികിലെ കടയിലിട്ടു പൂട്ടി.  മൃതശരീരത്തിന്റെ ദേഹപരിശോധനയോ പോസ്റ്റുമോർട്ടമോ നടത്താനാകാതെ പൊലീസ് കുഴങ്ങി. പൊലീസിന്റെ ചതുരോപായങ്ങളും നിഷ്ഫലമായി. വെടിവയ്‌പ്‌ വിവരമറിഞ്ഞു നാടാകെ ഇളകിമറിഞ്ഞു. വാഴമുട്ടത്തേക്ക്‌ ജനം ഒഴുകിയെത്തി. കൂടുതൽ പൊലീസും സംഭവസ്ഥലത്തെത്തി. മൃതദേഹം വീണ്ടെടുത്തേ പൊലീസ് മടങ്ങൂവെന്ന നിലയായി. വീണ്ടും വെടിവയ്‌പ്‌ നടന്നേക്കുമെന്ന സാഹചര്യം. ഇടത് ഏകോപന സമിതി കൺവീനർ അഴീക്കോടൻ രാഘവൻ സ്ഥലത്തെത്തി. നിയമം അനുസരിക്കണമെന്നും മൃതശരീരം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കാൻ  പൊലീസിന് വിട്ടുകൊടുക്കണമെന്നും നിർദേശിച്ചു.

പ്രകോപിതരായി നിന്ന തൊഴിലാളികളെ അനുനയിപ്പിച്ച് ബോധ്യപ്പെടുത്തി മൃതദേഹം പൊലീസിന് വിട്ടുകൊടുത്തു. പിറ്റേദിവസംമുതൽ ആ പ്രദേശത്തും മറ്റു നിരവധി സ്ഥലത്തും വമ്പിച്ച പ്രതിഷേധ സമരങ്ങൾ നടന്നു. വെള്ളാർ സുരേന്ദ്രൻ ഒന്നാം പ്രതിയായി,  കയർത്തൊഴിലാളി രംഗത്തെയും മറ്റ് പാർടി പ്രവർത്തകരെയും പ്രതിയാക്കി പൊലീസിനെ ആക്രമിച്ചു എന്നപേരിൽ കള്ളക്കേസ് രജിസ്റ്റർ ചെയ്തു.

കയർ വ്യവസായം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ഒരുകാലത്ത് കേരളത്തിന്റെ മാത്രമായിരുന്ന കയർ വ്യവസായം ഇന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. കുറഞ്ഞവിലയിൽ ചകിരിയും കയറും കേരളത്തിലടക്കം കമ്പോളത്തിലേക്ക് കടന്നുവരുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന പ്രതിസന്ധിയും ചെറുതായി കാണാൻ കഴിയില്ല.  ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച രണ്ടാം കയർ പുനഃസംഘടനാ പദ്ധതിയിലൂടെ വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളാണ്  ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. അമ്മുവിനെപ്പോലെയുള്ളവർ ജീവൻ പകർന്നു നൽകിയ പോരാട്ടത്തിന്റെ കരുത്തുമായി കയർത്തൊഴിലാളി പ്രസ്ഥാനം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനം തുടരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top