മത്സ്യത്തൊഴിലാളികളുടെ സ്വപ‌്നഭവനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2018, 05:56 PM | 0 min read


നാലുവർഷമായി വലിയതുറയിലെ സ‌്കൂൾ വരാന്തയിൽ കഴിയുന്ന 13 കുടുംബങ്ങളുടെ ദുരിതജീവിതത്തിന‌് അറുതിയാകുന്നു. ഇവർ അടക്കം 192 മത്സ്യത്തൊഴിലാളികുടുംബങ്ങളെയാണ‌് തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വില്ലേജിലെ ഫ‌്ളാറ്റിലേക്ക‌് പുനരധിവസിപ്പിക്കുന്നത‌്. 31ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഫ‌്ളാറ്റ‌് ഉദ‌്ഘാടനം ചെയ്യും.  കടൽത്തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന  മത്സ്യത്തൊഴിലാളികളെ പുനരധിവാസപദ്ധതിയിൽ ഉൾപ്പെടുത്തിയാണ‌് നിർമാണം പൂർത്തിയാക്കിയത‌്.

ഫ‌്ളാറ്റിന്റെ നിർമാണം 2017 നവംബറിൽ പൂർത്തിയായിരുന്നെങ്കിലും വൈദ്യുതീകരണം, കുടിവെള്ളം സജ്ജമാക്കൽ, ചുറ്റുമതിൽ നിർമാണം, ട്രീറ്റ‌്മെന്റ‌് പ്ലാന്റ‌് നിർമാണം എന്നീ തുടർപ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ടായിരുന്നു. വിവിധ വകുപ്പുകളുടെ ഏകീകരണം ആവശ്യമായ ഈ പ്രവർത്തനം സമയബന്ധിതമായി തീർക്കുന്നതിലുണ്ടായ നിരവധി പ്രശ്നങ്ങളും കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ പെയ്ത തുടർച്ചയായ മഴയും പ്രളയവും ഫ്ളാറ്റ് പൂർണമായി നിർമിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ കൈകളിൽ എത്തിക്കാൻ കാലതാമസം   സൃഷ്ടിച്ചു. ക്ഷീരവികസനവകുപ്പിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്ഥലമാണ‌് ഫ‌്ളാറ്റ‌് നിർമാണത്തിന‌ായി വിട്ടുനൽകിയത‌്.

സുരക്ഷിതഭവനം 
മുട്ടത്തറ വില്ലേജിലെ മൂന്നര ഏക്കർ സ്ഥലത്താണ് മനോഹരമായ ഫ്ളാറ്റ് സമുച്ചയം നിർമിച്ചിരിക്കുന്നത്. എട്ട് ഫ്ളാറ്റുകൾ അടങ്ങിയ 24 ബ്ലോക്കുകളായാണ് നിർമാണം.  മുകളിലും താഴെയുമായി നാല് ഫ്ളാറ്റുകളാണ് ഒരു യൂണിറ്റിലുള്ളത്. ഒാരോ ഫ്ളാറ്റിലും ഒരു ഹാൾ, രണ്ടു കിടപ്പുമുറികൾ, അടുക്കള, ടോയ്ലറ്റ് എന്നിവയും മറ്റ് പൊതു അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഫ്ളാറ്റ് സമുച്ചയത്തിന് ചുറ്റുമതിൽ, തറയോട് പാകിയ പൊതുസ്ഥലം, ഡ്രെയിനേജ് സംവിധാനം, ഹൈമാസ്റ്റ് ലൈറ്റുകൾ, യാർഡ് ലൈറ്റിങ‌് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഊരാളുങ്കൽ സർവീസ‌്  സൊസൈറ്റിയും അതിന്റെ ഉദ്യോഗസ്ഥരും പ്രോജക്ടിന് നേതൃത്വം നൽകിയ സംസ്ഥാന കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപറേഷനും ഫിഷറീസ് വകുപ്പിനുമാണ് ഇതിനുള്ള ക്രെഡിറ്റ്.

ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും അടിസ്ഥാനസൗകര്യങ്ങൾ പരിമിതമായുള്ള ചെറുവീടുകളിലാണ് താമസിച്ചുവരുന്നത്. വലിയൊരു വിഭാഗത്തിനും സ്വന്തമായി സ്ഥലമോ  വീടോ ഇല്ല.  തീരദേശഗ്രാമങ്ങളിൽ  എൻഐആർഡി നടത്തിയ സർവേയിൽ ഇക്കാര്യം ചുണ്ടിക്കാണിച്ചു.
സ്വന്തമായി സ്ഥലമുള്ള മത്സ്യത്തൊഴിലാളികൾക്കുള്ള ഭവനപദ്ധതികൾ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നുണ്ട്.  എന്നിരുന്നാലും എല്ലാ ഭൂരഹിത മത്സ്യത്തൊഴിലാളികൾക്കും  വാസയോഗ്യമായ ഭവനം ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിയിട്ടില്ല. അതിനാലാണ് ഭൂരഹിത മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമേഖലയിൽ സുരക്ഷിതഭവനം എന്ന ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളി പാർപ്പിട പുനരധിവാസ പദ്ധതിക്ക് സംസ്ഥാന സർക്കാർ ആരംഭം കുറിച്ചിട്ടുള്ളത്.

മത്സ്യത്തൊഴിലാളികൾക്കായി എൽഡിഎഫ‌് സർക്കാരിന്റെ നിരവധി പദ്ധതികൾ
സംസ്ഥാന ജനസംഖ്യയിൽ 10.18 ലക്ഷം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നടപ്പാക്കിവരുന്ന സാമൂഹ്യ‐സുരക്ഷിത‐ആശ്വാസ പദ്ധതികൾക്ക് ആക്കംകൂട്ടുന്നതായിരിക്കും മുട്ടത്തറയിൽ ഫ്ളാറ്റ് നിർമാണം.  സമുദ്രോൽപ്പന്ന കയറ്റുമതിയിലൂടെ 5166 കോടി രൂപയോളം സംസ്ഥാനത്തിന് വരുമാനം സൃഷ്ടിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് ആശ്വാസമായ  നിരവധി പദ്ധതികളാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നത്.

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയ‌്ക്ക‌് സമൂലമായ നാശനഷ്ടങ്ങൾ സൃഷ്ടിച്ച ഓഖി കൊടുങ്കാറ്റിന്റെ പ്രത്യഘാതങ്ങളെ അതിജീവിക്കാനുള്ള  നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ഓഖിയിൽ മരിച്ച സഹോദരങ്ങളുടെ കുടുംബങ്ങൾക്ക് 22 ലക്ഷം രൂപവീതം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഓഖിദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ ഭാര്യമാർക്ക്  സംസ്ഥാന സർക്കാർ ജോലി നൽകിക്കഴിഞ്ഞു. 42 വനിതകളാണ്  സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്. മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടത്തിന്റെ തോത് കണക്കാക്കി പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തുക നൽകിയിട്ടുണ്ട്.

ഗൃഹനാഥൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക്  വിദ്യാഭ്യാസ ച്ചെലവിനുള്ള തുക അവരുടെ പേരുകളിൽത്തന്നെ ബാങ്കുകളിൽ നിക്ഷേപിച്ചുവരികയാണ്. ഇങ്ങനെയുള്ള നിരവധി സമൂഹ്യക്ഷേമ സുരക്ഷിത പദ്ധതികളാണ് ഓഖിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളത്.

കേരളത്തിന്റെ സൈന്യം
കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ പ്രളയദുരിതദിനങ്ങളിൽ സഹായഹസ്തവുമായി കേരളത്തിൽ അങ്ങോളം ഇങ്ങോളം തുഴഞ്ഞെത്തിയ മത്സ്യത്തൊഴിലാളികളുടെ കരങ്ങൾ രണ്ടാംജന്മം നൽകി  ജീവന്റെ തുരുത്തിൽ എത്തിച്ചത്  അറുപത്തയ്യായിരം മലയാളികളെയാണ്.  പതിനായിരങ്ങൾക്ക്  ജീവഹാനി ഉണ്ടാകുമെന്ന് ഭയപ്പെട്ടതിന് വിപരീതമായി മരണത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാൻ അവർക്കായി. കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആദരവും  സുരക്ഷയും സഹായവും ലഭ്യമാക്കുന്നതിനുള്ള സജീവ പ്രവർത്തനമാണ് സർക്കാർ നടത്തിവരുന്നത്.

മുട്ടത്തറയിലെ ഫ്ളാറ്റ് നിർമ്മാണം പൂർത്തിയായതോടുകൂടി അതിലുള്ള സൗകര്യങ്ങൾ കണ്ടറിഞ്ഞ് അതിന്റെ ഭംഗിയും ഈടും തൊട്ടറിഞ്ഞ് മത്സ്യത്തൊഴിലാളി സമൂഹം ഭവനനിർമാണം ഫ്ളാറ്റ് മാതൃകയിൽത്തന്നെയാകണമെന്ന്  ആവശ്യപ്പെട്ട് മുന്നോട്ടുവന്നിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ ബീമാപള്ളി, കാരോട് എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ ക്യൂഎസ്എസ‌്‌ കോളനിയിലും കണ്ണൂർ ജില്ലയിലെ ഉപ്പാലവളപ്പിലും ഫ്ളാറ്റ് നിർമാണ  പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. കോഴിക്കോട്, എറണാകുളം ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലും  ഫ്ളാറ്റ് നിർമാണത്തിനുള്ള സ്ഥലം കണ്ടെത്തുന്നതിനും തുടർപ്രവർത്തനങ്ങൾക്കുമുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് സ്വീകരിച്ചിട്ടുള്ളത്.

നിരവധി കടമ്പകൾ കടന്നും മുട്ടത്തറയിലെ ഫ്ളാറ്റ് നിർമാണ പൂർത്തീകരണത്തിലൂടെ മുഖ്യമന്ത്രി  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ  സർക്കാർ മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള മറ്റൊരു വാഗ്ദാനംകൂടി സാക്ഷാൽക്കരിക്കുകയാണ‌്.



deshabhimani section

Related News

View More
0 comments
Sort by

Home