ആർഎസ‌്എസ‌് ഭരണഘടനയെ വെല്ലുവിളിക്കുന്നു

മതവിശ്വാസ സ്വാതന്ത്ര്യം ഭരണഘടനാ വ്യവസ്ഥകൾക്കും നിയമത്തിനും കോടതിവിധികൾക്കും അതീതമാണെന്ന ആർഎസ്എസിന്റെ പരമോന്നത നേതാവ് മോഹൻ ഭാഗവതിന്റെ വിജയദശമി പ്രസംഗം, ആർഎസ്എസും ബിജെപിയും വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന അപകടകരമായ സ്ഥിതിവിശേഷം എന്തെന്ന് വെളിപ്പെടുത്തുന്നു. ഈ പ്രസംഗത്തിന്റെ ഉള്ളടക്കം ഭരണഘടനയെയും ജനാധിപത്യവ്യവസ്ഥയെയും ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തെയും വെല്ലുവിളിക്കുന്നതാണ്. ഭരണഘടന അനുവദിക്കുന്ന മതവിശ്വാസ സ്വാതന്ത്ര്യം പരമമായ സ്വാതന്ത്ര്യമല്ല . ആ സ്വാതന്ത്ര്യത്തിന് പരിധികളുണ്ട്. ഇപ്പോഴുണ്ടായ സുപ്രീംകോടതി വിധി ഇക്കാര്യം വ്യക്തമാക്കുന്നു. മതവിശ്വാസ സ്വാതന്ത്ര്യം എന്നത് പൊതുനിയമവ്യവസ്ഥയ‌്ക്കും സദാചാരത്തിനും ആരോഗ്യപരമായ സമ്പ്രദായങ്ങൾക്കും ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്തെന്ന് നിർവചിക്കുന്ന മൂന്നാംഭാഗത്തിലെ വ്യവസ്ഥകൾക്കും വിധേയമാണ്. ഭരണഘടനയുടെ 25–ാം അനുഛേദം മതവിശ്വാസത്തിന്റെ അതിരുകൾ ഏതെല്ലാമാണെന്ന‌് നിർവചിക്കുന്നു. സുപ്രീംകോടതി വിധി അക്കാര്യം എടുത്തുപറയാനാണ് ശ്രമിച്ചത്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭരണഘടനാ വ്യവസ്ഥകളെ ലംഘിക്കുന്നതാകരുത‌്
സതിസമ്പ്രദായവും നരബലിയും മൃഗബലിയും നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്നു വന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മതവിശ്വാസ സ്വാതന്ത്ര്യം എന്ന കാരണംപറഞ്ഞ് അവയ‌്ക്കൊന്നും സാധുത നേടാനാകില്ല. മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭരണഘടനാ വ്യവസ്ഥകളെയും നിയമങ്ങളെയും ലംഘിക്കുന്നതാകരുത‌്. പൊതുനിയമവ്യവസ്ഥയെയും സദാചാര ആരോഗ്യ സമ്പ്രദായങ്ങളെയും മാനിക്കുന്നതാകണം. എന്നാൽ, ഇക്കാര്യത്തിൽ ആർഎസ്എസ്‐ ബിജെപി അഭിപ്രായം മറിച്ചാണ്. അവർ നിർവചിക്കുന്നതാണ് ഹിന്ദുമതവിശ്വാസമെന്ന് ആർഎസ്എസും ബിജെപിയും ശഠിക്കുന്നു. അതുമാത്രമല്ല, ആ വിശ്വാസങ്ങൾ ഭരണഘടനയ്ക്കും നിയമങ്ങൾക്കും കോടതിവിധികൾക്കും അതീതമാണെന്നും അവർ അഭിപ്രായപ്പെടുന്നു. മതവിശ്വാസത്തിന്റെ കാര്യത്തിൽ ഭരണഘടനയ്ക്കും നിയമങ്ങൾക്കും കോടതികൾക്കും ഒരു അധികാരവും സ്ഥാനവുമില്ലെന്ന് അവർ വാദിക്കുന്നു. ബാബ്റി മസ്ജിദിന്റെ കാര്യത്തിൽ ആർഎസ്എസും ബിജെപിയും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അവിടെ രാമജന്മക്ഷേത്രം ഉണ്ടായിരുന്നത‌് തങ്ങളുടെ വിശ്വാസമാണെന്നും, ആ വിശ്വാസത്തെ ചോദ്യംചെയ്യാൻ കോടതികൾക്ക് അവകാശമില്ലെന്നുമാണ് അവരുടെ നിലപാട്. ഈ വാദം ഇന്ത്യയുടെ നിയമവ്യവസ്ഥയെയും ഭരണഘടനയെയും മതനിരപേക്ഷതയെയുമാണ് വെല്ലുവിളിക്കുന്നത്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ ആർഎസ്എസും ബിജെപിയും വെല്ലുവിളിക്കുന്നതും ഈ നിലപാടിൽനിന്നുകൊണ്ടാണ്.
ഭരണഘടനയ്ക്കും നിയമത്തിനും കോടതികൾക്കും സ്ഥാനമില്ലെന്ന് ആർഎസ്എസും ബിജെപിയും പറയുന്നത് ഹിന്ദുമതവിശ്വാസത്തിന്റെ കാര്യത്തിൽമാത്രമാണ്. അവർ എടുക്കുന്ന നിലപാടിലെ ഏറ്റവും വലിയ വൈരുധ്യവും ഇതാണ്. മറ്റു മതവിശ്വാസികൾ ഹിന്ദുമത വിശ്വാസത്തിനും ഭരണഘടനയ്ക്കും നിയമങ്ങൾക്കും കോടതിക്കും വിധേയമായി കഴിയണമെന്ന‌് ആർഎസ്എസിനും ബിജെപിക്കും നിർബന്ധമുണ്ട്. പൊതു സിവിൽകോഡിന്റെ കാര്യം എപ്പോഴും ഉയർത്തിക്കൊണ്ടുവരുന്നത്, മറ്റ‌് മതവിശ്വാസികൾ ഹിന്ദുഭൂരിപക്ഷമതവിശ്വാസത്തിനും ആചാരങ്ങൾക്കും വ്യവസ്ഥകൾക്കും കീഴ്പെടണമെന്ന നിലയിലാണ്. മുത്തലാഖ് വിഷയത്തിൽ മുസ്ലിം യാഥാസ്ഥിതികരുടെ നിലപാടിനെ സുപ്രീംകോടതി അംഗീകരിച്ചില്ല. മതവിശ്വാസ സ്വാതന്ത്ര്യത്തിന്റെ സംരക്ഷ മുത്തലാഖിന് ഇല്ലെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചു. മുത്തലാഖുവഴി വിവാഹം ഒഴിയുന്ന സമ്പ്രദായത്തെ സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ആർഎസ്എസ് നേതാവിന്റെ നിലപാടിലെ യുക്തി പിന്തുടർന്നാൽ മുത്തലാഖ് തുടരണമെന്ന മുസ്ലിം സമുദായത്തിലെ യാഥാസ്ഥികരുടെ വാദം അംഗീകരിക്കേണ്ടിവരും. എന്നാൽ, നരേന്ദ്ര മോഡി സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഒരു ഓർഡിനൻസ് കൊണ്ടുവരികയാണ് ചെയ്തത്. അതുമാത്രമല്ല, ഒരു പടികൂടി കടന്ന് മുത്തലാഖ് നടത്തുന്നത് ഒരു ക്രിമിനൽകുറ്റമായി ഓർഡിനൻസ് പ്രഖ്യാപിക്കുകയും ചെയ്തു. ക്രിസ്ത്യൻ വനിതകൾക്ക് കുടുംബസ്വത്തിൽ അവകാശമുണ്ടെന്ന മേരിേറായിയുടെ കേസിനുണ്ടായ സുപ്രീംകോടതി വിധി, വിശ്വാസങ്ങൾക്കും കീഴ്നടപ്പിനും ആചാരങ്ങൾക്കും വിരുദ്ധമാണെന്ന നിലപാടെടുത്ത് തിരുത്തേണ്ടിവരും. ഹിന്ദുമതവിശ്വാസികളുടെ വിശ്വാസ സ്വാതന്ത്ര്യം അതിരുകളില്ലാത്തതാണെന്ന് പ്രഖ്യാപിക്കുന്ന ആർഎസ്എസും ബിജെപിയും മുസ്ലിം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ‌്സി തുടങ്ങിയ മത ജനവിഭാഗങ്ങളുടെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വ്യവസ്ഥകൾക്കും ഒരു പരിഗണനയും നൽകുന്നില്ല.
മനുസ‌്മൃതിയുടെ കാലത്തെ തിരികെക്കൊണ്ടുവരാനുള്ള ശ്രമം
സാമ്പത്തിക‐സാമൂഹ്യ വികാസത്തിന് അനുസരിച്ച് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കീഴ‌്നടപ്പുകളിലും മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സാമൂഹ്യ പുരോഗതിയുടെ നില നിശ്ചയിക്കുന്നതിൽ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഒരു പ്രധാനപ്പെട്ട മാനദണ്ഡമാണ‌്. സ്ത്രീകൾക്ക് സ്വാതന്ത്ര്യവും അവകാശവും ഇല്ലെന്ന മനുസ‌്മൃതിയുടെ കാലത്തെ തിരികെക്കൊണ്ടുവരാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ ആരാധന നടത്താൻ സ്ത്രീകൾക്ക് അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്ന സുപ്രീംകോടതി വിധിയെ പുരുഷാധിപത്യ നിലപാടിൽനിന്നുകൊണ്ടാണ് ആർഎസ്എസും ബിജെപിയും എതിർക്കുന്നത്. ചരിത്രത്തിന്റെ മുന്നോട്ടുള്ള ഗതിയെ തിരികെക്കൊണ്ടുപോകാൻ ആർഎസ്എസും ബിജെപിയും നടത്തുന്ന ശ്രമങ്ങൾ ഒരിക്കലും വിജയിക്കുകയില്ല.










0 comments