നവകേരളനിർമാണത്തിന‌് മാറ്റം അനിവാര്യം

വൻനാശം വിതച്ച വെള്ളപ്പൊക്കദുരന്തത്തെ ശരിയായ രീതിയിൽ മറികടക്കാനുള്ള ശ്രമത്തിലാണ് കേരളം. സാധാരണ ഇത്തരം ദുരന്തങ്ങളെ നേരിടുന്ന അതേ രീതിയാണ് കേരളവും കൈക്കൊണ്ടത്. എന്നാൽ, ഇത്തരം അതീജീവനരീതികൾ കൈക്കൊള്ളുമ്പോൾ കേരളത്തിന്റെ സവിശേഷസ്വഭാവം പരിഗണിക്കേണ്ടതുണ്ട്. കേരളത്തിൽ നഗരവൽക്കരണനിരക്ക് കൂടുതലാണെന്നതും വലിയൊരു ഭൂപ്രദേശം സമുദ്രനിരപ്പിന് താഴെയാണെന്നതും പരിഗണിക്കപ്പെടേണ്ട വിഷയങ്ങളിൽ ചിലതാണ്. പ്രളയാനന്തരം കേരളത്തെ പഴയപടി പുനർനിർമിക്കുകയല്ല നവകേരളനിർമാണമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ പറഞ്ഞിട്ടുണ്ട്. നവകേരള നിർമാണവുമായി മുന്നോട്ടുപോകാൻ കേരളത്തിന് എല്ലാ കോണുകളിൽ നിന്നും നല്ല പിന്തുണ കിട്ടേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം ദുരന്തങ്ങളെ നേരിടേണ്ടിവന്നാൽ ജനങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങൾ കഴിവതും കുറയ്‌ക്കുന്ന രീതിയിൽ ശാസ്‌ത്രീയ അടിത്തറയോടെ നവകേരളസൃഷ്ടി പൂർത്തിയാക്കാനുള്ള പിന്തുണയും കേരളത്തിന് ലഭിക്കണം.
ഇത്തവണ കേരളത്തിലനുഭവപ്പെട്ട മഴ വളരെ കൂടുതലാണെന്ന കാര്യത്തിൽ സംശയമില്ല. പർവതമേഖലയിലുണ്ടായ മേഘസ്ഫോടനത്തെ തുടർന്ന് അതിശക്തമായ മഴ ലഭിക്കുകയും അത് കനത്ത വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുകയുംചെയ്‌തു. കേരളത്തിലുണ്ടായ നാനൂറോളം ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ജനങ്ങളുടെ ദുരിതത്തിന്റെ ആക്കംകൂട്ടി. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോൾ അതിനെ സമീപിക്കുന്ന രീതിയിലും അതിജീവനമാർഗങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. വലിയ ജലസംഭരണികളും അണക്കെട്ടുകളും കൈകാര്യംചെയ്യുന്നതോടൊപ്പം നദീതടങ്ങളും സംരക്ഷിക്കപ്പെടണം. മഴവെള്ളം മുഴുവൻ പുഴകളിലും മറ്റും സംഭരിച്ച് വലിയ ഡാമുകളിലെത്തിക്കണം. ഇത്തരത്തിലുള്ള 42 വലിയ ഡാമുകളാണ് കേരളത്തിലുള്ളത്. ഇത്തരം ഡാമുകൾ പ്രളയത്തെ നിയന്ത്രിക്കാൻ ഉതകുന്നതാകണം, ഒരിക്കലും പ്രളയത്തിന്റെ ആക്കം കൂട്ടുന്നതാകരുത്. ഇന്ത്യൻ കാലാവസ്ഥാവകുപ്പും ഡാം മാനേജ്‌മെന്റ് അധികൃതരും കൂടുതൽ യോജിച്ച് ജാഗ്രതയോടെ പ്രവർത്തിച്ച് കൃത്യമായ മുന്നറിയിപ്പ് സംവിധാനം ഒരുക്കേണ്ടതുണ്ട്. പ്രളയമടക്കമുള്ള വിഷയങ്ങൾ മുൻകൂട്ടി കണ്ടെത്തി സുരക്ഷാസംവിധാനം ഒരുക്കണം. പ്രളയമുന്നറിയപ്പ് നൽകാനുള്ള ഉത്തരവാദിത്തം കേന്ദ്ര ജല കമീഷനാണ്. കേരളത്തിലെ ഡാമുകളിലോ നദീതടങ്ങളിലോ ഇതിനുള്ള സംവിധാനങ്ങളില്ല. കേരളത്തെ അപേക്ഷിച്ച് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകൾക്ക് ജലം സംഭരിച്ച് വയ്‌ക്കാൻ ധാരാളം സ്ഥലമുണ്ട്. കേരളത്തിലെ ഭൂപ്രകൃതിയും കൂടിയ ജനസാന്ദ്രതയും ഇതിന് തടസ്സമാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പുകളെക്കുറിച്ചുള്ള വ്യക്തവും കൃത്യവുമായ മാപ്പിങ്ങും മറ്റ് സംവിധാനങ്ങളുംസഹിതം നദീതടങ്ങളെയും ഡാമുകളെയും സമീപിക്കുന്നതിലും സംരക്ഷിക്കുന്നതിലും സമഗ്രമായ മാറ്റം വരണം. ദുരിതാശ്വാസ ക്യാമ്പിലുള്ള ജനങ്ങൾ അവരവരുടെ വീടുകളിലേക്ക് തിരികെ പോകുന്ന മുറയ്‌ക്ക് പ്രളയമടക്കമുള്ള ദുരന്തങ്ങളെ നേരിടാനുള്ള സമഗ്രമായ സംവിധാനം സംസ്ഥാന സർക്കാർ ഒരുക്കണം. കാലാവസ്ഥാവിദഗ്‌ധർ, പരിസ്ഥിതിപ്രവർത്തകർ, ദുരന്തനിവാരണ മേഖലയിലെ വിദഗ്‌ധർ, സാമൂഹ്യശാസ്‌ത്രജ്ഞർ, ജലവിഭവ മേഖലയിലെ വിദഗ്‌ധർ എന്നിവരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമിതിയാകണം ഇത്തരം സംവിധാനങ്ങൾക്ക് രൂപംകൊടുക്കേണ്ടത്.
പ്രളയബാധിത മേഖലകളെ കൈകാര്യംചെയ്യുന്നതിലും മതിയായ ഇടപെടൽ വേണം. പ്രളയാനന്തരം കേരളത്തെ പുതുക്കി പണിയുമ്പോൾ ഇത്തരം വിഷയങ്ങളിലെല്ലാം ശ്രദ്ധ പതിയണം. കേരളത്തിന് സ്വന്തമായി പ്രളയമുന്നറിയിപ്പ് സംവിധാനവും പ്രളയഭൂപടവും തയ്യാറാക്കാൻ കഴിയണം. വർഷങ്ങൾക്കുമുമ്പ് പണിത കേരളത്തിലെ അണക്കെട്ടുകൾക്ക് മലവെള്ളപ്പാച്ചിലിന്റെ ദുരന്ത സാധ്യതകളെക്കുറിച്ചോ വെള്ളപ്പൊക്ക ദുരന്തസാധ്യതകളെക്കുറിച്ചോ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ ഇല്ല. ഇത്തരം വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിവരഭൂപടം തയ്യാറാക്കണം. ഇത് അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിലുള്ള ജനങ്ങളുടെ കൈകളിലും എത്തിക്കണം. ഇതിലൂടെ അവർക്ക് ഇത്തരം ദുരന്തങ്ങൾ വരാനുള്ള സാധ്യതകളെക്കുറിച്ചും അവയെ തരണംചെയ്യേണ്ടതെങ്ങനെയെന്നും മനസ്സിലാക്കാൻ കഴിയും. ദുരന്തസാധ്യതാ മേഖലകളെക്കുറിച്ചുള്ള കൃത്യമായ ധാരണ എല്ലാവിഭാഗം ജനങ്ങളിലും കൃത്യമായി എത്തിക്കാൻ കഴിഞ്ഞാൽ ഇത്തരം മേഖലകളിലെ ഭൂമി ഉപയോഗത്തിൽ കാര്യമായ മാറ്റം വരുത്താനും പ്രളയവ്യാപ്‌തി കുറയ്‌ക്കാനും കഴിയും.
ഈ മാറ്റത്തിലൂടെ ഭൂമി ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാനല്ല ശ്രമിക്കുന്നത്. മറിച്ച് അടിസ്ഥാനസൗകര്യ വികസന കാര്യങ്ങളിൽ നിന്നും പുതിയ നിർമിതികളിൽനിന്നും പ്രളയസാധ്യതാമേഖലകളെ ഒഴിവാക്കാനാകും. ശരിയായ പഠനത്തിലൂടെ ഇത്തരം നയങ്ങൾ നടപ്പാക്കുന്നതിലൂടെ ലോകത്തിനുമുന്നിൽ കേരളത്തിന് മറ്റൊരു മാതൃക സൃഷ്ടിക്കാനാകും.
ഇത്തരം പദ്ധതികൾ ആര് ആവിഷ്‌കരിക്കണം എന്നതാണ് പ്രസക്തമായ ചോദ്യം. ഒരുപക്ഷേ കേരളത്തിന് സ്വന്തമായി ഇത്തരം പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിഞ്ഞേക്കും. എന്നിരുന്നാലും ഈ മേഖലയിൽ ലോകത്തുള്ള വിദഗ്‌ധരെ ഉൾപ്പെടുത്തി പദ്ധതികൾ ആവിഷ്‌കരിക്കുന്നതാണ് നല്ലത്. ഡച്ച്, സ്‌കാൻഡിനേവിയൻ മേഖലകൾ കേരളത്തെപ്പോലെ ഭൂപ്രകൃതിയുടെ നല്ലൊരു ഭാഗം കടൽനിരപ്പിന് താഴെയുള്ള സ്ഥലങ്ങളാണ്. പ്രളയദുരന്തങ്ങളെയും മറ്റ് പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കൻ ഉതകുന്ന രീതിയിൽ കൃത്യമായ ആസൂത്രണത്തോടെ വികസനപദ്ധതികൾ നടപ്പാക്കിയതുവഴി വർഷങ്ങൾക്കുമുമ്പേ വികസനക്കുതിപ്പ് നടത്താൻ ഇവർക്കായി. ദുരന്തമുണ്ടായാൽത്തന്നെ ജനങ്ങളുടെ ജീവനും സ്വത്തിനുമുണ്ടാകുന്ന നഷ്ടം പരമാവധി കുറയ്‌ക്കാനും ഇവർക്ക് കഴിയുന്നു. ലോക ജലവാരാചരണത്തിന്റെ ഭാഗമായി സ്വീഡനിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതാണ് എനിക്ക് ഒാർമവരുന്നത്. പരിപാടിക്കിടെ പ്രളയസാധ്യതാ മേഖലകളിലെ കായൽത്തടങ്ങളും മറ്റും സന്ദർശിക്കാനിടയായി. പ്രളയസാധ്യതാ മേഖലകളിലെ കെട്ടിടങ്ങളുടെയും വീടുകളുടെയും നിർമാണരീതി വ്യത്യസ്‌തമായിരുന്നു. രണ്ട് മീറ്ററോളം ഉയരത്തിലുള്ള ശക്തമായ കരിങ്കൽഭിത്തിക്കുള്ളിലാണ് ഇത്തരം മേഖലകളിലെ നഗരവികസനവും നിർമാണപ്രവൃത്തികളും നടത്തിയിരിക്കുന്നത്. പ്രളയമുണ്ടായാൽത്തന്നെ പ്രളയജലം കെട്ടിടങ്ങൾക്കുള്ളിലേക്ക് കടക്കാതിരിക്കാനും നാശനഷ്ടങ്ങൾ പരമാവധി കുറയ്‌ക്കുന്നതിനും ഇത്തരം സംവിധാനങ്ങൾ സഹായിക്കുന്നു. ദീർഘവീക്ഷണത്തോടെയുള്ള നഗരവികസനംകണ്ട് അന്ധാളിച്ചു നിന്നുപോയി. കാലാവസ്ഥാവ്യതിയാനങ്ങളുമായി ബന്ധപ്പെടുത്തിയാണ് വികസന നയങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഭൂപ്രകൃതിയിൽ സ്വീഡനും കേരളത്തിനും സമാനതകൾ ഏറെയാണ്. ഇരു സ്ഥലങ്ങളിലും ഭൂവിസ്‌തൃതിയുടെ നല്ലൊരുഭാഗം കടൽനിരപ്പിന് താഴെയാണ്.
സമുദ്രനിരപ്പിന് താഴെയുള്ള മേഖലകളിലെ പ്രളയത്തെ അതിജീവിക്കാനുള്ള ഏറ്റവും ഫലപ്രദമായ സംവിധാനമുള്ളത് നെതർലൻഡ്‌സിനാണ്. അതിനാൽ ഡച്ച് വിദഗ്‌ധരെ ഉൾക്കൊള്ളിച്ചുള്ള കൺസൾട്ടിങ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നവകേരളസൃഷ്ടി പൂർത്തിയാക്കാൻ കേരളം തയ്യാറാകണം.
ഭാവിയിൽ ഇത്തരം ദുരന്തങ്ങളിലെ നാശനഷ്ടങ്ങൾ പരമാവധി കുറയ്‌ക്കാനുതകുന്ന രീതിയിൽ ക്രിയാത്മകമായ വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടത്തേണ്ടത്. കേരളത്തിലെ തകർന്ന റോഡ് സംവിധാനങ്ങൾ ഉടൻ പുനർനിർമിക്കേണ്ടതുണ്ട്. കേരളത്തിലെ വീടുകളിൽനിന്നെല്ലാം എളുപ്പത്തിൽ റോഡിലെത്താൻകഴിയുന്ന രീതിയിലാകണം പുനർനിർമാണം. പുനർനിർമാണ പ്രക്രിയയിൽ കാതലായ മാറ്റങ്ങൾ അനിവാര്യമാണ്. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യത കൂടുതലുള്ള മേഖലകളിൽ വീടുകളും കെട്ടിടങ്ങളും പുനർനിർമിക്കാൻ അനുവദിക്കില്ലെന്നും ഇത്തരം മേഖലകളിലുള്ളവരെ പുനരധിവസിപ്പിക്കുമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം ശുഭസൂചകമാണ്. എന്നാൽ, ഇവിടങ്ങളിലുണ്ടായിരുന്ന ജനങ്ങളെ ശരിയായി പുനരധിവസിപ്പിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്.
നവകേരളനിർമിതിക്ക് കൃത്യമായ പദ്ധതികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. എല്ലാത്തിനുമുപരി ഇത്തരം പദ്ധതികൾ നടപ്പാക്കാനുള്ള സാമ്പത്തികസ്രോതസ്സ‌് കണ്ടെത്തണം. സംസ്ഥാന സർക്കാർ എല്ലാ തലത്തിലും ഇടപെട്ട് ആവശ്യമായ പണവും മറ്റ് സൗകര്യങ്ങളും കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. കേന്ദ്രസർക്കാരും മറ്റ് ഏജൻസികളും ലളിതമായ വ്യവസ്ഥകളിൽ കേരളത്തിന് പണം നൽകാൻ തയ്യാറാകണം. കാലാവസ്ഥാവ്യതിയാനം ലോകവ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അതിനാൽ കേരളത്തിനുള്ള സഹായം കേരളത്തിന്റെയോ ഇന്ത്യയുടെയോ അതിർവരമ്പിനുള്ളിൽ നിന്നുമാത്രം ലഭിച്ചാൽ പോരാ. ലോകത്തിന്റെ എല്ലാ കോണിൽനിന്നും കേരളത്തിന് സഹായം ലഭിക്കണം.
(ഷിംലയുടെ മുൻ ഡെപ്യൂട്ടി മേയറാണ‌് ലേഖകൻ)








0 comments