തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്‍റെ സന്ദേശമുയർത്തി വീണ്ടുമൊരു മെയ്ദിനം കൂടി... കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

'മുതലാളിമാരെ കേട്ടോളൂ, നിങ്ങള്‍ക്ക് ഞങ്ങളുടെ ശബ്ദം ഞെരിച്ചമര്‍ത്താനായേക്കും. പക്ഷെ, ഞങ്ങളുടെ സ്വരം പുറത്തുവന്നുകഴിഞ്ഞിരിക്കുന്നു. ഇത് അമേരിക്കയും കടന്ന് പ്രവഹിക്കുക തന്നെ ചെയ്യും'. കഴുമരത്തിലേറുന്നതിനുമുമ്പ് മെയ്ദിന രക്തസാക്ഷി പാര്‍സണ്‍ വിളിച്ചു പറഞ്ഞവാക്കുകളാണിത്. രക്തസാക്ഷിയുടെ അവസാന വചനങ്ങള്‍. മുതലാളിത്തത്തിന്‍റെ കോട്ടകൊത്തളങ്ങളെ പിടിച്ചുകുലുക്കിയ ആ ശബ്ദം ഇന്നും ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ട്. മുതലാളിത്തത്തിനെതിരെ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി ഭൂഖണ്ഡങ്ങളിലേക്ക് പടരുന്ന തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റങ്ങള്‍ പാര്‍സെന്‍റെ വാക്കുകളെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന നൈരന്തര്യമായി ഇന്നും ഏതുപ്രതിസന്ധിഘട്ടത്തിലും ശുഭാപ്തിവിശ്വാസം പ്രസരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മുതലാളിത്തത്തിന്‍റെ മഹാനരകങ്ങളെ തൊഴിലാളിവര്‍ഗ്ഗം അതിജീവിക്കുമെന്ന ശുഭാപ്തിവിശ്വാസം. പ്രതികൂലഘട്ടങ്ങളെ, കഠിനപരീക്ഷണങ്ങളെ അതിജീവിക്കുന്ന വര്‍ഗ്ഗമാണ് തൊഴിലാളികളെന്ന ചരിത്രപാഠം അത് എന്നും തലമുറകളിലേക്ക് സന്ദേശിക്കുന്നു.
മെയ്ദിനാചരണ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിയ അമേരിക്കന്‍ കിരാതനീതിക്കെതിരായ പോരാട്ടത്തിന്‍റെ മുഖത്തുനിന്നാണ് പാര്‍സണ്‍ ഉള്‍പ്പെടെ നാല് തൊഴിലാളി സഖാക്കള്‍ തൂക്കുമരത്തിലേറുന്നത്. ജോലിസമയം 8 മണിക്കൂറാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1886 മെയ് 1ന് ചിക്കോഗോവിലും മറ്റ് പ്രധാനനഗരങ്ങളിലും തൊഴിലാളികള്‍ പണിമുടക്ക് നടത്തി. ചിക്കാഗോവില്‍ പണിമുടക്കിയ തൊഴിലാളികളെ മുതലാളിമാരുടെ കൂലിപട്ടാളവും പോലീസും നിഷ്ഠൂരമായി കടന്നാക്രമിച്ചു. ക്രൂരവും ഭീകരവുമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയരാക്കി.
മുതലാളിത്തത്തിന്‍റെ മനുഷ്യത്വരഹിതമായ ചൂഷണത്തിനും മര്‍ദ്ദനത്തിതുമെതിരെ ആത്മബോധം വീണ്ടെടുത്ത തൊഴിലാളിവര്‍ഗ്ഗം സംഘടിക്കുകയാണെന്ന യാഥാര്‍ത്ഥ്യം അമേരിക്കന്‍ ഭരണകൂടത്തെ പരിഭ്രാന്തമാക്കി. മദംപൊട്ടിയ ഭരണകൂടം മെയ് 3ന് പണിമുടക്കിയ തൊഴിലാളികള്‍ക്കുനേരെ നിറയൊഴിച്ചു. 6 തൊഴിലാളികള്‍ അവകാശബോധത്തിന്‍റെ ചുരുട്ടിയ മുഷ്ടിയുമായി വെടിയേറ്റുവീണു. തെരുവില്‍ തൊഴിലാളികളെ വെടിവെച്ചിട്ട ക്രൂര നടപടിക്കെതിരെ ചിക്കാഗോ ഉള്‍പ്പെടെ അമേരിക്കന്‍ നഗരങ്ങള്‍ പ്രതിഷേധം കൊണ്ട് പ്രക്ഷുബ്ധമായി. പ്രതിഷേധിക്കാനായി ഹേയ്മാര്‍ക്കറ്റ് സ്ക്വയറില്‍ യോഗം ചേര്‍ന്ന തൊഴിലാളികള്‍ക്കുനേരെ വീണ്ടും പോലീസിന്‍റെ നിഷ്ഠൂരമായ ആക്രമണമുണ്ടായി. പോലീസും മുതലാളിമാരുടെ ഗുണ്ടകളും തൊഴിലാളികളെ ഭീകരമായി കടന്നാക്രമിച്ചു. നിരവധി തൊഴിലാളികള്‍ വെടിയുണ്ടകള്‍ക്കിരയായി. തൊഴിലാളികളും മുതലാളിവര്‍ഗ്ഗത്തിന്‍റെ ഗുണ്ടാപ്പടയും തമ്മില്‍ അതിരൂക്ഷമായ സംഘട്ടനം നടന്നു. തൊഴിലാളികളുടെ പ്രതിരോധത്തിനിടയില്‍ ദേഗന്‍ എന്ന പോലീസുകാരന്‍ അടക്കം ഏതാനും പോലീസുകാരും മരണപ്പെട്ടു. ഈ സംഭവത്തിന്‍റെ പേരിലാണ് 4 തൊഴിലാളികള്‍ക്ക് വിചാരണപോലും നടത്താതെ വധശിക്ഷ നല്‍കിയത്.
18ഉം 19ഉം നൂറ്റാണ്ടുകളിലെ യൂറോപ്പും അമേരിക്കയും തൊഴിലാളികളെക്കൊണ്ട് മൃഗങ്ങളെപോലെ പണിയെടുപ്പിച്ചിരുന്ന മുതലാളിത്തത്തിന്‍റെ കൊടുംക്രൂരതകളുടെ ചരിത്രമാണ് പറയുന്നത്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ജീവിതനരകങ്ങള്‍ സൃഷ്ടിച്ച മുതലാളിത്തത്തിന്‍റെ മനുഷ്യത്വരാഹിത്യമാണ് ചാള്‍സ്ഡിക്കന്‍സ് തന്‍റെ കഥകളില്‍ ആവിഷ്കരിച്ചത്. മാര്‍ക്സ് തന്‍റെ രചനകളില്‍ ഡിക്കന്‍സിന്‍റെ കഥാപരിസരത്തെ നിര്‍ണ്ണയിച്ചത് മുതലാളിത്തത്തിന്‍റെ അപമാനവീകരണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റോമാസാമ്രാജ്യത്വകാലത്തെ അടിമയുടമകളെപോലെ, പണിയെടുക്കുന്ന മനുഷ്യരെ സംസാരിക്കുന്ന പണിയായുധങ്ങളായിട്ടാണ് മുതലാളിമാര്‍ കണ്ടത്. 18ഉം 20ഉം മണിക്കൂര്‍വരെ ജോലി ചെയ്യേണ്ട ദുസ്ഥിതി ആയിരുന്നു. ഫാക്ടറി മുതലാളിത്തം മനുഷ്യരെ വെറും കൂലി അടിമകളാക്കി. മാര്‍ക്സ് എഴുതിയതുപോലെ എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായി കഴിയേണ്ട അവസ്ഥയായിരുന്നു തൊഴിലാളിക്ക്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായികഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ. മഹാനായ മാര്‍ക്സ് തന്‍റെ അപരിചിതനാക്കപ്പെട്ട മനുഷ്യന്‍ എന്ന ലേഖനത്തില്‍ മുതലാളിത്തം മനുഷ്യനെ എങ്ങനെയാണ് സമ്പത്തില്‍ നിന്നും ജീവിത ബന്ധങ്ങളില്‍ നിന്നും അന്യവല്‍ക്കരിച്ചിരിക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്.
നവിലിബറല്‍ മൂലധനവും മതവംശീയ പ്രത്യയശാസ്ത്രങ്ങളും ചേര്‍ന്ന് ലോകമെമ്പാടുമുള്ള പണിയെടുക്കുന്ന വര്‍ഗങ്ങളുടെ ജീവിതാവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ മെയ്ദിനം പോരാട്ടത്തിന്‍റെ സന്ദേശമാണ് ജനമനസ്സുകളിലേക്ക് പകരുന്നത്. മുതലാളിത്ത ചൂഷണം അവസാനിപ്പിക്കാനും സോഷ്യലിസം കെട്ടിപ്പടുക്കാനുമുള്ള പോരാട്ട സന്ദേശമാണ് ലോകതൊഴിലാളിവര്‍ഗത്തിന്‍റെ മുമ്പില്‍ മെയ്ദിനം മുന്നോട്ടുവെച്ചത്. മൂലധനത്തിന്‍റെ ഒന്നാം വോള്യത്തില്‍ 8 മണിക്കൂര്‍ പ്രസ്ഥാനത്തിന്‍റെ ചരിത്രവും രാഷ്ട്രീയപ്രാധാന്യവും മാര്‍ക്സ് വിവരിക്കുന്നു. ജോലി സമയത്തിന് നിയമപരമായ പരിധിയെന്ന മുന്നുപാധിയില്ലാത്തപക്ഷം തൊഴിലാളിവര്‍ഗത്തിന്‍റെ അഭിവൃദ്ധിക്കും മോചനത്തിനും വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും നിഷ്ഫലമായിത്തീരുമെന്ന ഒന്നാം ഇന്‍റര്‍നാഷണലിന്‍റെ ജനീവാ സമ്മേളനം നടത്തുന്ന നിരീക്ഷണം ഇന്ന് വളരെ പ്രസക്തമാണ്. തൊഴില്‍ നിയമങ്ങളെയും സേവന വേതന വ്യവസ്ഥകളെയും അട്ടിമറിച്ചുകൊണ്ടാണ് നവലിബറല്‍ മൂലധനം അതിന്‍റെ ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ സ്ഥിരം തൊഴില്‍ ഇല്ലാതാക്കുകയും സര്‍വ്വ തൊഴില്‍ നിയമങ്ങളെയും മൂലധന ശക്തികള്‍ക്ക് അനുകൂലമായി മാറ്റി മറിക്കുകയും ചെയ്യുകയാണ് മോഡി സര്‍ക്കാര്‍. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്‍റെ സന്ദേശമാണ് ഈ മെയ്ദിനം ഉയര്‍ത്തുന്നത്.








0 comments