ഫിലമെന്റ് ബൾബ് ഇല്ലാത്ത പിലിക്കോട്

ഊർജസംരക്ഷണത്തിനായുള്ള ജനകീയ ഇടപെടലിലൂടെ കാസർകോട് ജില്ലയിലെ പിലിക്കോട് പഞ്ചായത്ത് ഫിലമെന്റ് ബൾബില്ലാത്ത പഞ്ചായത്തായി മാറി. ഏപ്രിൽ 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തുക. രാജ്യത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് ഫിലമെന്റ് ബൾബ് രഹിത പഞ്ചായത്തായി മാറുന്നത്.
ഫിലമെന്റ് ബൾബിനുപകരം വൈദ്യുതിച്ചെലവ് കുറഞ്ഞതും കാര്യക്ഷമത കൂടിയതുമായ എൽഇഡി ബൾബുകളിലേക്ക് പൂർണമായും മാറിയിരിക്കയാണ് പിലിക്കോട്. ഗ്രാമസഭമുതൽ ചർച്ച ചെയ്ത് എല്ലാ വീടുകളിലും സർവേകളും പ്രചാരണപരിപാടികളും നടത്തിയാണ് പിലിക്കോട് രാജ്യത്തിനാകെ മാതൃകയായ ഈ നേട്ടത്തിലേക്ക് ചുവടുവച്ചത്. ഒരുവർഷംകൊണ്ട് പന്ത്രണ്ട് ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാൻ ഈ നാടിന് കഴിഞ്ഞു. വീടുകളിൽ മാത്രമല്ല, പഞ്ചായത്ത് പരിധിയിലുള്ള ഓഫീസുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലെല്ലാം ഊർജസംരക്ഷണപ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. കർമനിരതരായ 600 സന്നദ്ധപ്രവർത്തകർ അതിന് മുന്നിൽനിന്നു.
വാങ്ങുന്ന സമയത്തുള്ള കുറഞ്ഞ ചെലവ് മാത്രം കണക്കിലെടുത്ത് ഉപയോക്താക്കൾ ബൾബുകൾ ഉപയോഗിക്കുന്ന ശീലമാണ് ഈ നാട്ടുകാർ മാറ്റിയത്. 60 വാട്ട്സിന്റെ ഫിലമെന്റ് ബൾബിനുവേണ്ട വൈദ്യുതികൊണ്ട് ഒമ്പത് വാട്ട്സിന്റെ ആറ് എൽഇ ഡി ബൾബുകൾ പ്രകാശിപ്പിക്കാം. ഫിലമെന്റ് ബൾബുകൾ മുറികളിലെ ചൂട് വർധിപ്പിക്കുന്നതിനാൽ ഫാൻ ഉപയോഗം കൂടാനും വൈദ്യുതിച്ചെലവ് വർധിക്കാനും കാരണമാകും. കാര്യക്ഷമമല്ലാത്ത ഈ ബൾബുകൾ പല രാജ്യങ്ങളും നിരോധിച്ചുതുടങ്ങിയിട്ടുണ്ട്.
ഫിലമെന്റ് ബൾബ് ഒഴിവാക്കുന്നതിലൂടെ വൈദ്യുതിലാഭം മാത്രമല്ല, അന്തരീക്ഷമലിനീകരണവും കുറയ്ക്കാം. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നിവയ്ക്ക് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളിൽ 60 ശതമാനവും വൈദ്യുതി ഉൽപ്പാദന ഉപയോഗമേഖലയിൽനിന്നുമാകയാൽ ഊർജസംരക്ഷണത്തിന് പ്രാധാന്യമേറെ. ഉപയോക്താവിന് ഒരു യൂണിറ്റ് വൈദ്യുതി ലഭിക്കണമെങ്കിൽ പ്രസരണവിതരണ നഷ്ടങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ രണ്ടു യൂണിറ്റ് വൈദ്യുതിയെങ്കിലും ഉൽപ്പാദിപ്പിക്കണം.
ജനകീയ പങ്കാളിത്തം
ഊർജമേഖലയിൽ തെരുവുവിളക്കുകളുടെ പരിപാലനത്തിൽ ഒതുങ്ങിപ്പോയ നമ്മുടെ ഗ്രാമപഞ്ചായത്തുകൾ ഇന്ന് പരമ്പരാഗതവും പാരമ്പര്യേതരവുമായ സ്രോതസ്സുകളിലൂടെയുള്ള ഊർജോൽപ്പാദകരായി മാറിയിരിക്കുകയാണ്. ഊർജകാര്യക്ഷമത കൂടിയ ഉപകരണങ്ങളുടെ വിപണി സജീവമാക്കുന്നതിന് ഊർജസംരക്ഷണ നിയമത്തിന്റെ ഭാഗമായും അല്ലാതെയും സർക്കാർ തലത്തിൽ പലതരത്തിൽ ഇടപെടുന്നുണ്ട്. എന്നാൽ, പഞ്ചായത്ത് തലത്തിൽ സർക്കാർ ഏജൻസികളുടെ സഹായത്തോടുകൂടി ഊർജ സ്വയംപര്യാപ്തതയിലേക്കുള്ള ആദ്യ കാൽവയ്പായ ഊർജകാര്യക്ഷമത ഉറപ്പുവരുത്താൻ പിലിക്കോട് പഞ്ചായത്ത് നടത്തിയത് വേറിട്ട പ്രവർത്തനമാണ്.
ഇതിനായി ഊർജയാൻ എന്ന ഒരു പരിപാടി ആവിഷ്കരിച്ച് പദ്ധതി നടത്തിപ്പിനുവേണ്ട നൈപുണ്യം ആർജിക്കാൻ എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹായം തേടി. വീടുകളിലെ കാര്യക്ഷമത കുറഞ്ഞ വൈദ്യുതോപകരണങ്ങൾ കണ്ടെത്തുന്നതിനും മീറ്റർ റീഡിങ്ങിലും വൈദഗ്ധ്യം നേടിയവർ മറ്റുള്ളവർക്ക് പരിശീലനം നൽകി. ഇതിനായുള്ള കർമസേന വീടുകൾ തോറും പ്രചാരണപരിപാടികൾ നടത്തി
(എനർജി മാനേജ്മെന്റ് സെന്ററിന്റെ പബ്ലിക് റിലേഷൻസ് ഓഫീസറാണ് ലേഖിക)








0 comments