വെല്ലുവിളികൾ അതിജീവിച്ച്

സിപിഐ എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തിൽനിന്ന്
രാഷ്ട്രം നേരിടുന്നത് പ്രധാനമായും നാല് വെല്ലുവിളികളാണ്. ആക്രമണോത്സുകമായ നവ ഉദാരവൽക്കരണ നയം, ഹിന്ദുത്വദേശീയതയുടെ വളർച്ച, ഭരണകൂടത്തിന്റെ സ്വഭാവത്തിൽ വരുത്തുന്ന വ്യതിയാനങ്ങൾ, വിദേശനയത്തിലെ മാറ്റം എന്നിവയാണിത്. ഇവയെ സാർവദേശീയ പരിഗണനയോടെ നേരിടാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കഴിയണം. രാജ്യം നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുമാത്രമേ കഴിയൂ. ത്രിപുരയിൽ സിപിഐ എമ്മിനെ ചെറുക്കാൻ ബിജെപി നടത്തിയ ശ്രമം ലക്ഷ്യത്തിലെത്തില്ല. ജനം വോട്ടുചെയ്യാൻ ബൂത്തിൽ എത്തുന്നത് തടഞ്ഞുവരെ ബിജെപി പ്രകോപനം സൃഷ്ടിച്ചു. എന്നാൽ മാർച്ച് മൂന്നിന് തെരഞ്ഞെടുപ്പുഫലം വരുമ്പോൾ അവർ നിരാശപ്പെടേണ്ടിവരും. എട്ടാമതും ഇടതുപക്ഷസർക്കാർ അധികാരത്തിലേറും.
വർഗീയ ധ്രുവീകരണത്തിനും മുതലെടുപ്പിനുമാണ് മോഡിയും ബിജെപി സർക്കാരും ശ്രമിക്കുന്നത്്. വിദേശനയങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലടക്കം അത് പ്രതിഫലിക്കുന്നു. പ്രതിരോധനയത്തിൽ ഇന്ത്യ‐അമേരിക്ക‐ഇസ്രയേൽ അച്ചുതണ്ടും ഇതിന്റെ ഭാഗമാണ്. രാജ്യത്തിന്റെ അടിസ്ഥാനശിലകളും സ്വഭാവവും അട്ടിമറിക്കുകയാണ്. ഫാസിസ്റ്റ് രൂപമായ ആർഎസ്എസ് പാർലമെന്റിലടക്കം പിടിമുറുക്കുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പാർലമെന്റിന്റെ രണ്ടുസഭകളുടെയും തലവൻ എന്നിവിടങ്ങളിലെല്ലാം അവർ നിശ്ചയിച്ചവരാണുള്ളത്. വൈസ്ചാൻസലർമാരടക്കം മറ്റ് നിരവധി പദവികളിലും ഇതാണവസ്ഥ. തെരഞ്ഞെടുപ്പ് കമീഷണറെയടക്കം അവരുപയോഗിക്കുന്നത് ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് കണ്ടതാണ്. ജുഡീഷ്യറിയിലടക്കം ഇതിന്റെ പ്രതിഫലനമുണ്ടാകുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത് ഇത് സൂചിപ്പിക്കുന്നു. മതനിരപേക്ഷതയുടെ അടിസ്ഥാനസ്വഭാവം തകർക്കുന്നു. ആർഎസ്എസ് പിൻബലത്തിൽ സ്വകാര്യ സേനകൾ ശക്തിപ്പെട്ടു. അവർ നിയമത്തെ വെല്ലുവിളിച്ച് സദാചാര പൊലീസായി പൊതുസമൂഹത്തിലടക്കം ഇടപെടുകയാണ്. ഇവർ ഭരണഘടനയെ വെല്ലുവിളിക്കുന്നു. എന്ത് കഴിക്കണം, എന്തെഴുതണം, ആരെ പ്രണയിക്കണം, ആരെ വിവാഹം കഴിക്കണം എന്നെല്ലാം ഈ സ്വകാര്യ സേനകൾ തീരുമാനിക്കുന്നിടത്തെത്തി കാര്യങ്ങൾ. രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കുകയാണ് ആർഎസ്എസ് നേതൃത്വം നൽകുന്ന വർഗീയ സ്വകാര്യ സേനകൾ. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ശ്രമം. അതിന് മുന്നിലുള്ള ആഭ്യന്തര തടസ്സമായി അവർ പറയുന്നത് രാജ്യത്തുള്ള മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവരെയാണ്. മതനിരപേക്ഷത തകർക്കുകയും ന്യൂനപക്ഷത്തെ വേട്ടയാടുകയുമാണ്. അതിനാൽ ന്യൂനപക്ഷ സംരക്ഷണവും നമ്മുടെ ചുമതലയാണ്. വർഗീയത നേരിടാൻ ദളിതരും ന്യൂനപക്ഷങ്ങളുമടക്കം അടിസ്ഥാന വിഭാഗങ്ങളെ ശക്തിപ്പെടുത്തണം.
മോഡി സർക്കാർ രാജ്യത്തെ വിറ്റഴിക്കുകയാണ്. വിദേശമൂലധനത്തിന് കൈയൊഴിഞ്ഞു കൊടുക്കാതെയുള്ള ഒരു മേഖലയും ഇന്ന് ഇന്ത്യയിലില്ല. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുകയാണ്. പൊതുസ്വത്തിന്റെ സ്വകാര്യവൽക്കരണമാണ് എല്ലാ മേഖലയിലും.
രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോഡിക്ക് അത് നിറവേറ്റാനായില്ല. കാർഷിക മേഖല തകർന്നു. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയത് കുത്തകമുതലാളിമാർക്കുവേണ്ടിയാണ്. അത് ഇന്ത്യൻ സാമ്പത്തിക മേഖലയെ കൂടുതൽ തകർച്ചയിലേക്ക് തള്ളി. നോട്ട് നിരോധനശേഷം നടപ്പാക്കാൻ തുടങ്ങിയ ജിഎസ്ടിയും ഡിജിറ്റൽ ഇടപാടും വൻകിട കുത്തകകളുടെ താൽപര്യപ്രകാരമാണ്. കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിന് 18,000 കോടി രൂപ കണ്ടെത്താൻ സർക്കാരിനായില്ല. അതേസമയം വായ്പയിനത്തിൽ വൻകിട കുത്തകകളുടെ 2,40,000 കോടി രൂപയാണ് എഴുതിത്തള്ളിയത്. സാമ്രാജ്യത്വമൂലധനവുമായി ചേർന്നു നിൽക്കുന്ന ഇന്ത്യൻ വൻകിട ബൂർഷ്വാസിയാണ് ഇവിടെ ലാഭം കൊയ്യുന്നത്. ധനികർ കൂടുതൽ ധനികരും ദരിദ്രർ കൂടുതൽ ദരിദ്രരുമായി തുടരുകയാണ്.
കിട്ടാക്കടത്തിന്റെ പകുതി മതി, രാജ്യത്തിന്റെ വളർച്ചയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാൻ. വിഭവദാരിദ്ര്യമല്ല, വിഭവങ്ങളുടെ കൊള്ളയടിയാണ് രാജ്യത്തെ ദുരിതത്തിലാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ മേഖലയിൽ ജനപക്ഷ സമീപനം വേണം. ബദൽ മുന്നണി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യയെ നയിക്കേണ്ടത്. പുതിയ കമ്പോളങ്ങളും ഉൽപ്പന്നങ്ങളും വെട്ടിപ്പിടിക്കാനാണ് ആഗോളതലത്തിൽ സാമ്രാജ്യത്വം ശ്രമിക്കുന്നത്. ലാഭവിഹിതം നിലനിർത്താനുള്ള അവരുടെ താൽപര്യമനുസരിച്ചാണ് ആഗോള മുതലാളിത്തവുമായി കണ്ണിചേർന്ന് ഇന്ത്യൻ മൂലധന ശക്തികളും ശ്രമിക്കുന്നത്. ലാഭവിഹിതം ഉയർത്തുന്നതിനായി ഭരണത്തിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഈ സമ്മർദ്ദം മഹാഭൂരിപക്ഷംവരുന്ന തൊഴിലാളിവർഗത്തെ കടുത്ത ചൂഷണത്തിന് ഇരയാക്കുന്നു. സാമൂഹ്യസുരക്ഷാപദ്ധതികളിൽനിന്ന് പിന്മാറുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യുന്നു. ഇതിനെ ചെറുക്കുകയാണ് കാലഘട്ടം ഇന്നാവശ്യപ്പെടുന്ന ചുമതല. മോഡി അധികാരത്തിലേറിയശേഷം ചങ്ങാത്തമുതലാളിത്തം കൂടുതൽ ശക്തിപ്രാപിച്ചു. അവർക്കെതിരെ ശബ്ദിക്കാൻ മോഡിക്കാകുന്നില്ല. മുൻകാലങ്ങളിൽ മൻമോഹൻസിങ്ങിനെ മോഡി നിശ്ശബ്ദമോഹൻ എന്ന് പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ മോഡിയെ മൗനേന്ദ്രമോഡി എന്ന് വിളിക്കാം. രാജ്യം കൊള്ളയടിക്കപ്പെടുമ്പോൾ അപകടകരമായ മൗനമാണ് മോഡിയുടേത്. പതിനൊന്നായിരം കോടിയിലേറെ വെട്ടിച്ച് രാജ്യംവിട്ട നീരവ് മോഡിയുമായുള്ള ബന്ധത്തെക്കുറിച്ചും വ്യക്തമാക്കണം. ദാവോസിൽ ലോകസാമ്പത്തിക ഫോറത്തിന് കൂടെ കൊണ്ടുപോയ വൻകിട വ്യവസായികളാരെന്ന് മോഡി വെളിപ്പെടുത്തണം. 22,000 കോടിരൂപ കിട്ടാക്കടമായി എഴുതിത്തള്ളിയതാരുടേതെന്നും പരസ്യപ്പെടുത്താൻ തയ്യാറാകണം.
ബാങ്കുകളുടെ പ്രതിസന്ധിയാണ് ഇന്ന് ലോകമാകെ കാണുന്നത്. പല ബാങ്കുകളും പാപ്പരീകരിക്കപ്പെട്ടു. പാപ്പരീകരിക്കപ്പെട്ട ബാങ്കുകൾക്കുപകരം പാപ്പരീകരിക്കപ്പെട്ട സർക്കാരുകൾ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്്വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു. ലോകമെങ്ങും നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത എട്ടുമണിക്കൂർ അധ്വാനമെന്നതും കവർന്നെടുക്കപ്പെടുകയാണ്. അധ്വാനസമയം വർധിച്ചത് തൊഴിലാളിവർഗത്തിന് ഇരട്ടിഭാരമായി.
നവ ഉദാരവൽക്കരണം നടപ്പാക്കിയ രാജ്യങ്ങൾ പ്രതിഷേധങ്ങളെ തുടർന്ന് മാറ്റത്തിന്റെ പാതയിലാണ്. ശരിയായ ജനകീയ ബദലിലൂടെ ചങ്ങാത്തമുതലാളിത്തത്തെയും നവ ഉദാരവൽക്കരണങ്ങളെയും ചെറുക്കാനാകും. യൂറോപ്പിൽ ഇതിന്റെ അലയൊലി ഉയർന്നു തുടങ്ങി. ബ്രിട്ടനിൽ ലേബർ പാർടി കൂടുതൽ ജനകീയമായത് ചങ്ങാത്ത മുതലാളിത്തത്തിനെതിരായ ബദലുയർത്തിയാണ്. എന്നാൽ ചങ്ങാത്ത മുതലാളിത്തത്തിനെതിരായ ജനകീയപ്രതിഷേധങ്ങൾ വലതുപക്ഷ ശക്തികളും തീവ്രവലതുപക്ഷക്കാരും കൈയടക്കുന്നതും കാണാം. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അത്തരത്തിൽ അധികാരത്തിലെത്തിയ വ്യക്തിയാണ്. തൊഴിലാളിവർഗത്തിന്റെ വിയോജിപ്പിനെ വോട്ടാക്കി മാറ്റി ഫ്രാൻസിലും ജർമനിയിലും തീവ്രവലതുപക്ഷക്കാരും അധികാരത്തിലെത്തി. അത് തിരിച്ചറിഞ്ഞ് ജനകീയ ഇടപെടലുകളിലൂടെ ഒത്തുതീർപ്പില്ലാത്ത പോരാട്ടമാണ് ആവശ്യം.
ഇന്ത്യയുടെ നവ ഉദാരവൽക്കരണത്തിലേക്കുള്ള മാറ്റവും വലതുപക്ഷ വ്യതിയാനവും അയൽരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കി. അമേരിക്കൻ വിരുദ്ധ വികാരമുള്ളവർ ഇന്ത്യയെയും ലക്ഷ്യം വയ്ക്കുന്നു. അമേരിക്കൻ താൽപര്യം സംരക്ഷിക്കുന്ന രാജ്യമായി ഇന്ത്യ മാറുന്നു. അമേരിക്കയുടെ ജൂനിയർ പങ്കാളിയാക്കി മാറ്റിയിരിക്കയാണ് ബിജെപി സർക്കാർ. വിദേശ, പ്രതിരോധ നയത്തിൽ അവർക്കനുകൂല നയമാണ് പിന്തുടരുന്നത്.










0 comments