ഐഫക്ടോ സമരത്തെ ശരിവയ്ക്കുന്ന ചൗഹാൻ റിപ്പോർട്ട്

അടുത്ത പത്തുവർഷം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ എങ്ങനെ പ്രവർത്തിക്കണമെന്ന മാർഗനിർദേശങ്ങൾ അടങ്ങിയ യുജിസി റഗുലേഷൻ 2018 പുറത്തിറങ്ങിയിരിക്കുന്നു. ഓരോ പത്തുവർഷം കൂടുമ്പോഴും ശമ്പളപരിഷ്കരണത്തോടൊപ്പമാണ് യുജിസി ഈ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത്. അധ്യാപകരാകാൻവേണ്ട യോഗ്യത, റിക്രൂട്ട്മെന്റ് രീതി, നിയമനരീതി, ശമ്പളം, സ്ഥാനക്കയറ്റ മാനദണ്ഡങ്ങൾ, വിരമിക്കൽ പ്രായം, പുനർനിയമനം എന്നിവയെക്കുറിച്ചുള്ള നിർദേശങ്ങളാണ് ഇതിലുള്ളത്. മികച്ച മസ്തിഷ്കങ്ങളെ അധ്യാപനരംഗത്തേക്ക് ആകർഷിക്കുക, നിലനിർത്തുക, തുടർപഠനത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങൾ ഇവയിൽ ഉൾച്ചേരാറുണ്ട്. എന്നാൽ, ഈയിടെയായി പുറത്തിറങ്ങുന്ന റഗുലേഷനുകൾ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങൾ സംസ്ഥാനങ്ങളുടേമേൽ അടിച്ചേൽപ്പിക്കാനുള്ള മാർഗമായി ചുരുങ്ങുകയാണ്.
2010ലാണ് ഇതിനുമുമ്പ് യുജിസി റഗുലേഷൻ പുറത്തിറങ്ങിയത്. സ്വാശ്രയസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും കരാർനിയമനങ്ങൾക്ക് ആക്കംകൂട്ടുന്നതുമായിരുന്നു അന്നത്തെ നിർദേശങ്ങൾ. അധ്യാപകനിയമനങ്ങൾക്കും അധ്യാപകരുടെ സ്ഥാനക്കയറ്റങ്ങൾക്കും അവരെ വിലയിരുത്താനായി കൊണ്ടുവന്ന അക്കാദമിക് പെർഫോമൻസ് ഇൻഡികേറ്റർ (എപിഐ) എന്ന ആശയം വിശദീകരിക്കാനാകാത്ത വിനാശമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചത്. അധ്യാപകർക്ക് സ്ഥാനക്കയറ്റവും ഉയർന്ന തസ്തികകളിൽ നിയമനവും ലഭിക്കണമെങ്കിൽ നിശ്ചിത അളവ് എപിഐ നേടിയിരിക്കണമെന്നായിരുന്നു നിബന്ധന. അധ്യാപനം, സ്ഥാപന വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ, ഗവേഷണം എന്നീ മൂന്ന് മേഖലകളിലായി യുജിസി നിർദേശിക്കുന്ന പ്രവർത്തനങ്ങൾ നിശ്ചിതകാലത്തിനുള്ളിൽ അധ്യാപകർ ഏറ്റെടുത്ത് പൂർത്തിയാക്കിയോ എന്നതിനനുസരിച്ചാണ് പോയിന്റുകൾ നേടാനാവുക.
അധ്യാപകന്റെ പ്രവൃത്തികൾ അക്കമിട്ട് എണ്ണുന്നതും പരിധി നിശ്ചയിക്കുന്നതും അതിനെ തരംതിരിച്ച് മൂല്യനിർണയം നടത്തുന്നതും യുക്തിസഹമല്ലെന്നും വികസനപ്രവർത്തനങ്ങളും ഗവേഷണവും അധ്യാപകർക്ക് താൽപ്പര്യമുള്ള മേഖലകളാണെങ്കിലും എല്ലാവരെയും അതിലേക്ക് നിർബന്ധിക്കുന്നത് അക്കാദമികമോ ദേശീയമോ ആയ താൽപ്പര്യത്തിന് ഗുണകരമല്ലെന്നുമുള്ള വസ്തുത അധ്യാപകർ ചൂണ്ടിക്കാട്ടി. കൂടാതെ ജോലി നേടുന്നതിനും സ്ഥാനക്കയറ്റം ലഭിക്കുന്നതിനുമായി അധ്യാപകർക്കിടയിൽ കിടമത്സരം വർധിക്കുമെന്നും അത് വിദ്യാർഥികളുടെയും സ്ഥാപനത്തിന്റെയും സമൂഹത്തിന്റെയും താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അധ്യാപകസമൂഹം വിലയിരുത്തി. എന്നാൽ,അധ്യാപകർക്ക് ജോലിയോടും പഠനത്തോടും ഗവേഷണത്തോടുമുള്ള താൽപ്പര്യക്കുറവും മടിയുമാണ് പരിഷ്കാരത്തോടുള്ള എതിർപ്പിന് കാരണമെന്ന നിരുത്തരവാദപരമായ നിലപാടാണ് യുജിസിയും കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയവും കൈക്കൊണ്ടത്. എതിർപ്പിനെ വകവയ്ക്കാതെ മിക്ക സംസ്ഥാനങ്ങളും പരിഷ്കാരം നടപ്പാക്കി. എന്നാൽ, ഉയർന്ന ആത്മസംയമനത്തോടെ അധ്യാപകർ സമാധാനപരമായി പ്രക്ഷോഭത്തിൽ ഉറച്ചുനിന്നു. എഴുത്തുകൾക്കും നിവേദനങ്ങൾക്കും കൂടിക്കാഴ്ചകൾക്കും പുറമെ 2010നും '18നും ഇടയിൽ ധർണകൾ, മാർച്ചുകൾ, ജയിൽ നിറയ്ക്കൽ, അറസ്റ്റുവരിക്കൽ തുടങ്ങി ഇരുപതിലധികം സമരങ്ങൾ പാർലമെന്റിനുമുന്നിൽ ഐഫക്ടോയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
പരിഷ്കാരം നടപ്പാക്കിയ എല്ലായിടത്തും എതിർപ്പ് നിലനിർത്തിക്കൊണ്ടാണ് അധ്യാപകർ പങ്കാളികളായത്. നടപ്പാക്കിയ ഒരിടത്തും ഭൂരിഭാഗം അധ്യാപകർക്കും ഇതുവരെയും സ്ഥാനക്കയറ്റം നൽകാനോ ഉയർന്ന തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനങ്ങൾ നടത്താനോ സാധിച്ചിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ കേന്ദ്ര സർവകലാശാലകളിലും ഐഐഎം, ഐഐടി തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളിലുമെല്ലാം 40 ശതമാനത്തോളം അധ്യാപകതസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അധ്യാപികമാർക്ക് പൊതുവിലും പിന്നോക്ക പ്രദേശങ്ങളിലെ കോളേജുകൾക്കും സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ അധ്യാപകർക്കും വിശേഷിച്ചും ആനുകൂല്യങ്ങൾ കൂട്ടത്തോടെ നിഷേധിക്കുന്ന സ്ഥിതിവിശേഷം വന്നിരിക്കുകയാണ്.
നിരന്തര പ്രക്ഷോഭങ്ങളെതുടർന്ന് 2010നും '16നും ഇടയിൽ നാലുതവണ വ്യവസ്ഥകളിൽ യുജിസി മാറ്റംവരുത്തിയെങ്കിലും പിൻവലിക്കാനോ കാതലായ മാറ്റം വരുത്താനോ തയ്യാറായില്ല. ഇതിനിടയിൽ 2016 ജൂണിൽ യുജിസി ഏഴാം ശമ്പളപരിഷ്കരണത്തിനായി പ്രൊഫ. വി എസ് ചൗഹാന്റെ അധ്യക്ഷതയിൽ മൂന്നംഗകമ്മിറ്റിയെ നിയോഗിച്ചു. മുൻ ശമ്പളപരിഷ്കരണം ഏതളവിൽ നടപ്പാക്കിയെന്ന പരിശോധനകൂടി നടത്താൻ കമീഷനെ ചുമതലപ്പെടുത്തി. വൈകാതെ കമീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പതിവിന് വിപരീതമായി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടില്ല. പലതവണ ഈ ആവശ്യമുന്നയിച്ച് സർക്കാരിനെ സമീപിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവിൽ വിവരാവകാശനിയമപ്രകാരം റിപ്പോർട്ട് പുറത്തുകൊണ്ടുവന്നു.
എപിഐ സംബന്ധിച്ച് അധ്യാപകസംഘടന ഉയർത്തിയ എല്ലാ ആശങ്കകളും റിപ്പോർട്ട് ശരിവയ്ക്കുകയും ഒടുവിൽ ഈ പരിഷ്കാരം പിൻവലിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ എട്ടുവർഷമായി സമരംചെയ്ത അധ്യാപകരെ സംബന്ധിച്ചിടത്തോളം ചാരിതാർഥ്യജനകമാണ് കമീഷന്റെ കണ്ടെത്തലുകൾ. അക്കാദമിക് സജീവത, ഗവേഷണതൽപ്പരത, ഉത്തരവാദിത്തബോധം എന്നിവ വർധിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അത് സാധ്യമായില്ല. നല്ല ഗവേഷണഫലങ്ങൾ കൊണ്ടുവരുന്ന കാര്യത്തിലും ഈ ജോലിയിലേക്ക് മികച്ച വ്യക്തിത്വങ്ങളെ കൊണ്ടുവരുന്ന കാര്യത്തിലും അക്കാദമിക് ഗുണവും ഗണവും തമ്മിൽ തിരിച്ചറിയുന്നതിലും പരാജയപ്പെട്ടിരിക്കുന്നു. വ്യാജ ഗവേഷണപ്രബന്ധങ്ങൾ ഉണ്ടാക്കുന്നതിനും ചോദ്യംചെയ്യപ്പെടാവുന്ന ഗവേഷണങ്ങൾ നടത്തുന്നതിനും അതുവഴി അധ്യാപകരുടെ ശ്രദ്ധ അധ്യയനത്തിൽനിന്ന് മാറി പോയിന്റ് നേടുന്നതിലേക്ക് തിരിയാനും കാരണമായിട്ടുണ്ടെന്നും കമീഷൻ നിരീക്ഷിക്കുന്നു.
ഈ പരിഷ്കാരംമൂലം നാട്ടിലെ വിവിധ ഗവേഷണപ്രസിദ്ധീകരണങ്ങളുടെ എണ്ണത്തിൽ 2010നും '16നും ഇടയിൽ വന്നിട്ടുള്ള കുതിച്ചുചാട്ടവും കമീഷൻ എടുത്തുപറയുന്നുണ്ട്. ലേഖനങ്ങളും പുസ്തകങ്ങളും എഴുതി പ്രസിദ്ധീകരിക്കൽ അധ്യാപകരുടെ നിലനിൽപ്പിന്റെ പ്രശ്നമായി മാറിയതോടെ അനാരോഗ്യകരമായ പ്രവണത ഈ രംഗത്തുണ്ടായി എന്നാണ് കമീഷൻ വിലയിരുത്തിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് ചെലവഴിക്കുന്ന പണത്തിന്റെ ഗുണം പൂർണമായും കുട്ടികൾക്കും സമൂഹത്തിനും ലഭിക്കാതെ പോയി എന്നതാണ് ഈ കണ്ടെത്തലുകളുടെ സാരം. പുരോഗമന അധ്യാപകപ്രസ്ഥാനങ്ങളുടെ കടുത്ത പ്രതിരോധം കാരണം തമിഴ്നാട്ടിലെ കോളേജുകളിലും കേരളത്തിലെ സർക്കാർ കോളേജുകളിലും മാത്രമാണ് ഈ പരിഷ്കാരം തടഞ്ഞുനിർത്താനായത്. ഏതായാലും കമീഷന്റെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ നിലവിലെ പോരായ്മകൾ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അധ്യാപകരെയും ഗവേഷകരെയും വീണ്ടും നിരാശരാക്കുന്നതാണ് ഫെബ്രുവരി രണ്ടാംവാരം പുറത്തിറങ്ങിയ യുജിസി റഗുലേഷൻ 2018.
കഴിഞ്ഞ എട്ടുവർഷമായി മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ എപിഐവ്യവസ്ഥകളിൽ ഇളവ് നൽകി അനുവദിക്കണമെന്ന പ്രായശ്ചിത്തനടപടി ഒഴിച്ചാൽ മറ്റെല്ലാംതന്നെ ഉന്നതവിദ്യാഭ്യാസത്തിന്റെ വരേണ്യവൽക്കരണത്തെയും സ്വകാര്യവൽക്കരണത്തെയും ലക്ഷ്യമിടുന്നതാണ്. അധ്യാപകരുടെ സാധാരണ ഉപരിപഠനത്തെ നിരുത്സാഹപ്പെടുത്തുമ്പോൾത്തന്നെ വിദേശപഠനത്തെയും വിദൂരവിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. രാജ്യത്ത് ആകെയുണ്ടായിരുന്ന പിഎച്ച്ഡി, എംഫിൽ സീറ്റുകൾ മൂന്നിൽ ഒരു ഭാഗമായി കുറച്ച് 2016ൽ യുജിസി ഇറക്കിയ ഉത്തരവ് നിലനിർത്തുകയും പിഎച്ച്ഡി എടുക്കുന്ന അധ്യാപകർക്ക് നൽകിയിരുന്ന പ്രോത്സാഹന വേതനം അവസാനിപ്പിക്കുകയും ചെയ്തത് ഇതിന് ഉദാഹരണമാണ്. അതേസമയം, സർവകലാശാലകളിൽ അധ്യാപകനായി ചേരാനുള്ള അടിസ്ഥാനയോഗ്യതയും കോളേജ് അധ്യാപകർക്ക് രണ്ടാമത്തെ പ്രൊമോഷൻ ലഭിക്കാനുള്ള യോഗ്യതയും പിഎച്ച്ഡിയാണ്.
കോളേജ് അധ്യാപകനാകാൻവേണ്ട അടിസ്ഥാനയോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റും (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച 500 സർവകലാശാലകളിൽ ഏതെങ്കിലും ഒന്നിൽനിന്നുള്ള പിഎച്ച്ഡി എന്നാക്കി. ഇന്ത്യയിൽ ഒരു സർവകലാശാലമാത്രമേ ഈ പട്ടികയിലുള്ളൂ. ബാക്കിയെല്ലാം മറ്റു രാജ്യങ്ങളിലാണ്. സർവകലാശാലകളിലും കോളേജുകളിലും യോഗ പുതിയ പാഠ്യവിഷയമായി. ഇതിൽ അസിസ്റ്റന്റ് പ്രൊഫസർക്കും അസോസിയറ്റ് പ്രൊഫസർക്കും ഏതെങ്കിലും ഒരു വിഷയത്തിൽ പിജിയും യോഗയിൽ പിഎച്ച്ഡിയും യോഗ്യതയായി പറയുമ്പോൾ, ഏറ്റവും ഉയർന്ന യോഗ്യത ആവശ്യമുള്ളതും ശമ്പളമുള്ളതുമായ പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷകൻ മികച്ച യോഗ അഭ്യാസിയായാൽമാത്രം മതിയെന്ന വിചിത്രമായ പ്രത്യേകതകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ മിക്കവാറും കേന്ദ്ര സർവകലാശാലകളിലെല്ലാം യോഗ പ്രൊഫസർമാരായി യോഗ ആചാര്യന്മാരെ പ്രതിഷ്ഠിക്കുമെന്നാണ് കരുതേണ്ടത്. സ്വയംഭരണ കോളേജുകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കിയും അവയ്ക്കുമുകളിലുള്ള സാമൂഹിക നിയന്ത്രണങ്ങൾ പാടേ നീക്കിയും അടുത്തിടെ ഇറങ്ങിയ സ്വയംഭരണ കോളേജ് റഗുലേഷൻ 2018ലെ വ്യവസ്ഥകൾകൂടി ചേരുന്നതോടെ ഉന്നതവിദ്യാഭ്യാസരംഗം പൂർണമായി വരേണ്യവൽക്കരിക്കപ്പെടും. വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണത്തിനുവേണ്ടി നിലകൊള്ളുന്ന അധ്യാപകരും വിദ്യാർഥികളും യുവതീയുവാക്കളുമെല്ലാം ഒന്നിച്ച് അണിനിരന്നുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട്
(ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറിയാണ് ലേഖകൻ)









0 comments