മതനിരപേക്ഷ വിദ്യാഭ്യാസം ; മാതൃകയാകുന്ന കേരളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 06, 2018, 05:53 PM | 0 min read


അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുവിദ്യാലയം മെച്ചപ്പെടുത്തി മതനിരപേക്ഷ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും മുന്നണിയിൽനിന്ന് പൊരുതുന്ന അധ്യാപക പ്രസ്ഥാനം കെഎസ്ടിഎയുടെ 27‐ാമത് സംസ്ഥാന സമ്മേളനം ബുധനാഴ്ചമുതൽ എറണാകുളത്ത് നടക്കുകയാണ്. പിന്നിട്ടുപോയ യുഡിഎഫ് സർക്കാരിന്റെ നയങ്ങളിൽനിന്ന് വ്യത്യസ്തമായി പൊതുവിദ്യാഭ്യാസരംഗത്ത് പ്രതീക്ഷയും ആവേശവും അലതല്ലുന്ന സന്ദർഭത്തിലാണ് സമ്മേളനം നടക്കുന്നത്. കരകയറാനാകാത്തവിധം പ്രതിസന്ധിയിലാക്കപ്പെട്ട പൊതുവിദ്യാലയങ്ങളെ കൂട്ടായ ശ്രമത്തിലൂടെ വീണ്ടെടുക്കാനാകുമെന്ന് ഈ സർക്കാർ തെളിയിച്ചു. പൊതുവിദ്യാഭ്യാസമേഖല അകപ്പെട്ട പ്രതിസന്ധിയുടെ ആഴം കാണണമെങ്കിൽ കഴിഞ്ഞ 25 വർഷത്തിനകം കുട്ടികളുടെ എണ്ണത്തിൽ വന്ന ഭീമമായ കുറവുമാത്രം പരിശോധിച്ചാൽമതി. കുട്ടികളുടെ എണ്ണം 25 ലക്ഷത്തോളം കുറഞ്ഞപ്പോൾ 50,000 അധ്യാപക തസ്തികകളും ഇല്ലാതായി. ഈ പ്രതിസന്ധി തരണംചെയ്യാനുള്ള മാർഗമാണ് പുതിയ സർക്കാർ ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് എല്ലാവിധ പിന്തുണയും കെഎസ്ടിഎ നൽകുന്നു.

വിദ്യാഭ്യാസരംഗത്ത് നാം കൈവിരിച്ച നേട്ടങ്ങൾ അട്ടിമറിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസനയം. വിദ്യാഭ്യാസത്തെ ജനകീയവൽക്കരിക്കുന്നതിനു പകരം അത് സമ്പന്നരുടെ മക്കൾക്കുമാത്രമായി പരിമിതപ്പെടുത്തുന്നു. ജനാധിപത്യവൽക്കരണം ഇല്ലാതാക്കാനും നിരക്ഷരതയിലേക്ക് നമ്മെ തിരിച്ചുകൊണ്ടുപോകാനും മാത്രമേ അത് ഉപകരിക്കൂ. നവലിബറൽ നയങ്ങളും വർഗീയതയും ഒരുമിച്ച് ചാലിച്ച് വിദ്യാഭ്യാസരംഗം മലീമസമാക്കാനും ഗുണതയും തൊഴിൽനൈപുണിയും വ്യത്യസ്ത കള്ളികളിലാക്കി ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ തരംതിരിക്കാനും ഉതകുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് പുറത്തുവന്ന രേഖകൾ വിദ്യാഭ്യാസരംഗത്തെ കോർപറേറ്റ്വൽക്കരണവും വർഗീയവൽക്കരണവും  വെളിവാക്കുന്നുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, ദേശീയോദ്ഗ്രഥനം തുടങ്ങിയ പദങ്ങൾപോലും പുതുതായി വരുന്ന രേഖകളിൽ വരാതിരിക്കാൻ ബദ്ധശ്രദ്ധരാണ് കേന്ദ്രസർക്കാർ. ബിജെപി ഭരണം കൈയാളുന്ന എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും പാഠ്യപദ്ധതിയും പാഠപുസ്തകവും ഇത്തരം ലക്ഷ്യത്തോടെ ചിട്ടപ്പെടുത്തുന്നത് കാണാം. ജനാധിപത്യബോധം വളർത്തുന്ന, ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, വ്യക്തിചിന്തയും ശാസ്ത്രീയമനോഭാവവും പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസക്രമം രാജ്യത്ത് അനിവാര്യമാണ്. ബഹുസ്വര സംസ്കാരത്തിനു പകരം ഏകാത്മക സംസ്കാരത്തിലേക്കുള്ള മാറ്റമാണ് വേണ്ടതെന്നു കരുതുന്ന ആർഎസ്എസാണ് കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ അജൻഡ നിശ്ചയിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതവും ഗണ്യമായി വെട്ടിക്കുറയ്ക്കുകയാണ്. ഇൻകംടാക്സിനൊപ്പം പിരിച്ചെടുക്കുന്ന സെസിൽ രണ്ട് ശതമാനം വിദ്യാഭ്യാസാവശ്യങ്ങൾക്കാണ് വിനിയോഗിക്കേണ്ടത്. എന്നാൽ, ഈ തുക വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. പൊതുമുതലും പൊതുപണവും മൂലധനശക്തികൾക്ക് കൈമാറ്റംചെയ്യുന്ന വികസനനയങ്ങളും വികസനതന്ത്രങ്ങളുമാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. ഇത് കൂടുതൽ ആയാസരഹിതമായി നടപ്പാക്കാൻ ജനങ്ങളുടെ വിശ്വാസപ്രമാണങ്ങളെ പ്രയോജനപ്പെടുത്തി അവരെത്തന്നെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുകയാണ്. ഈ ഭരണകൂടതന്ത്രങ്ങളെ തുറന്നുകാട്ടാനും ചെറുത്തുതോൽപ്പിക്കാനുമുള്ള ബാധ്യത പുരോഗമനപക്ഷത്ത് നിൽക്കുന്ന എല്ലാവർക്കുമുണ്ട്.

ഈയൊരു ദേശീയപശ്ചാത്തലത്തിൽവേണം മതനിരപേക്ഷ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ, മുഴുവൻ വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കാൻ നടത്തുന്ന ശ്രമങ്ങളെ വിലയിരുത്തേണ്ടത്. നവകേരളത്തിന്റെ നിർമിതി സാധ്യമാക്കുന്നതിൽ വിദ്യാഭ്യാസമേഖലയ്ക്കുള്ള പങ്കിനെക്കുറിച്ച് ഇടതുപക്ഷ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടാണുള്ളത്. വിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ ആധുനികകാലത്തിന് അനുയോജ്യമായവിധം മെച്ചപ്പെടുത്തുമ്പോൾത്തന്നെ പാഠ്യപദ്ധതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തി നമ്മുടെ കുട്ടികളെ ലോകത്തിന്റെ മറ്റേത് ഭാഗത്തുള്ള കുട്ടികളോടും കിടപിടിക്കാൻ തക്കവണ്ണം സജ്ജമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അങ്ങനെയൊരു മഹാലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്കാകെ പുതിയൊരു ഉണർവ് പകർന്നിട്ടുണ്ട്. അക്കാദമിക് രംഗത്തെ മികവിനും ഭൗതികസാഹചര്യങ്ങളുടെ വളർച്ചയ്ക്കുംവേണ്ടി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള പദ്ധതികൾ നമ്മുടെ സമൂഹം നല്ലനിലയിൽ ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് അതിശയകരമായ മാറ്റമാണ് ഉണ്ടാകുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് കടന്നുവരുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു. സ്കൂളുകളുടെ ഭൗതികവും അക്കാദമികവുമായ മുന്നേറ്റം എവിടെയും പ്രകടമാണ്. പൊതുവിദ്യാഭ്യാസ മേഖലയിൽ ഈ മുന്നേറ്റം ഉണ്ടാക്കാൻ കോടിക്കണക്കിനു രൂപയാണ് കേരളസർക്കാർ ബജറ്റിൽ വകയിരുത്തിയത്. 2018‐19ലെ ബജറ്റിൽ കിഫ്ബിയിൽനിന്ന് ലഭിക്കുന്ന തുകയ്ക്കുപുറമെ 970 കോടി രൂപയാണ് പദ്ധതിയിനത്തിൽ പൊതുവിദ്യാഭ്യാസമേഖലയ്ക്കായി നീക്കിവച്ചത്. 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കും 50 ലക്ഷംമുതൽ ഒരു കോടി രൂപവരെ പശ്ചാത്തലവികസനത്തിനായി ചെലവഴിക്കും. എല്ലാ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലും സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കാൻ കിഫ്ബിയിൽനിന്ന് 300 കോടി വകയിരുത്തി. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയ്ക്ക് 121 കോടിയും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള പ്രത്യേക സഹായമായി 500 കോടിയും ചെലവഴിക്കും.

ഭാവിതലമുറയെ സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യബോധം ഉള്ളവരാക്കി വളർത്തിയെടുക്കുക എന്നത് അധ്യാപകരുടെ കടമയാണ്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ടേ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാൻ കഴിയൂ. ഓരോ കുട്ടിയും ഒരു സർഗസൃഷ്ടിയാണെന്നും അവർക്ക് തങ്ങളുടേതായ തനത് വ്യക്തിത്വമുണ്ടെന്നും അംഗീകരിച്ചുകൊണ്ടേ  ഗുണമേന്മാ പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയൂ. കരിക്കുലം വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങൾ സാർഥകമാക്കാനും കഴിയേണ്ടതുണ്ട്. അങ്ങനെ കുട്ടികളുടെ അക്കാദമികമായ വികാസവും ജനാധിപത്യസമൂഹം പ്രതീക്ഷിക്കുന്ന മൂല്യബോധവും ഉറപ്പാക്കുന്ന പഠനപരിസരവും പഠനരീതികളും വികസിപ്പിച്ചേ പറ്റൂ. അറിവിന്റെ ജനാധിപത്യവൽക്കരണവും സാർവത്രികതയുമാണ് നമ്മുടെ ബദൽ. ഈ ബദൽ ജനകീയവിദ്യാഭ്യാസത്തെ കൂടുതൽ അർഥവത്താക്കുക എന്നത് അധ്യാപക പ്രസ്ഥാനത്തിന്റെ മുഖ്യ ചുമതലതന്നെയാണ്. കേരളത്തിൽ കൈക്കൊള്ളുന്ന ഏതൊരു പുരോഗമനാശയങ്ങളും ഇല്ലാതാക്കാനുള്ള ശക്തികൾ ഇവിടെത്തന്നെയുണ്ട് എന്നത് നാം കാണാതിരുന്നുകൂടാ. പൊതുസമൂഹം ഉത്സാഹത്തോടെ നമ്മിൽ അർപ്പിച്ച പ്രതീക്ഷയെ സാർഥകമാക്കാനുള്ള ഏറ്റവും കഠിനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ട ഘട്ടമാണിത്. അതിനായുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത്

(കെഎസ്ടിഎ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home