കാവിയുടുക്കുന്ന കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അടക്കം പല പാര്‍ടികളിലും ഞങ്ങളുടെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആര്‍എസ്എസ് വക്താവായിരിക്കെ രാംമാധവ് പറഞ്ഞത്. ഞങ്ങള്‍ അവരുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തുന്നു എന്നും ആര്‍എസ്എസ് മേധാവിയായി മോഹന്‍ ഭാഗവത് ചുമതലയേറ്റ വേളയില്‍ രാംമാധവ് മാധ്യമങ്ങളോട് പറഞ്ഞു. അത് എ കെ ആന്റണിയും ശരിവച്ചിട്ടുണ്ട്. പകല്‍ കോണ്‍ഗ്രസും രാത്രികളില്‍ ആര്‍എസ്എസും ആകുന്നവരെക്കുറിച്ചാണ് കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവുകൂടിയായ ആന്റണി പരിതപിച്ചത്. കോണ്‍ഗ്രസില്‍ ആര്‍എസ്എസ് ഉണ്ടെന്നതില്‍ ഇരുപക്ഷത്തും തര്‍ക്കമില്ല. ഏറ്റവും ഒടുവില്‍ അത് തെളിയിക്കപ്പെടുന്നത് കേരള നിയമസഭയിലെ പ്രതിപക്ഷനേതാവുകൂടിയായ രമേശ് ചെന്നിത്തലയിലൂടെയാണ്.
ആര്‍എസ്എസ്, ഇന്ത്യയില്‍ ഏറ്റവുമധികം സംഘടനാബലമുള്ള കൂട്ടമാണ്. കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ മാര്‍ഗമാരാഞ്ഞ് ചെന്ന രാഹുല്‍ഗാന്ധിയോട് ഖുഷ്വന്ത് സിങ് പറഞ്ഞത്, ആര്‍എസ്എസിന്റെ സംഘടനാശൈലിയെക്കുറിച്ചാണ്. മൂന്നുവട്ടം നിരോധിച്ച സംഘടനയാണത്. ആദ്യനിരോധനം ഗാന്ധിവധത്തിനുശേഷമായിരുന്നു. രാജ്യത്താകെ വര്‍ഗീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച്, ഫാസിസ്റ്റ് മുറയില്‍ പരിശീലനം നല്‍കുന്ന ആര്‍എസ്എസ് സമകാലത്തെ വന്‍വിപത്താണെന്ന് ജനാധിപത്യവാദികളാകെ തിരിച്ചറിയുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസില്‍തന്നെ അത്തരം സമീപനം സ്വീകരിക്കുന്ന നേതാക്കളുണ്ട്. ബിജെപി ഒരു മുഖംമൂടിമാത്രമാണെന്നും അതിന്റെ പിന്നിലെ ആശയസംഹിത ആര്‍എസ്എസിന്റേതാണെന്നും തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ രാജ്യത്തെ പതിറ്റാണ്ടുകളോളം നയിച്ച കോണ്‍ഗ്രസിനാണ് സ്വാഭാവികമായ ഉത്തരവാദിത്തം ഉണ്ടാകേണ്ടത്. അത് എല്ലാ കാലത്തും കോണ്‍ഗ്രസ് മറന്നു. ആര്‍എസ്എസിന്റെ ആരാധനമൂര്‍ത്തിയായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍മുതല്‍ ഇങ്ങുതാഴെ രമേശ് ചെന്നിത്തലവരെയുള്ളവര്‍ ആ മറവിയുടെയും അപരാധത്തിന്റെയും കോണ്‍ഗ്രസ് രൂപങ്ങളാണ്.
ആരാണ് ആര്‍എസ്എസിന് വളര്‍ച്ചയ്ക്ക് ഇന്ധനം നല്‍കിയത് എന്ന ചോദ്യം ഉയര്‍ന്നാല്‍ ഉത്തരത്തിലെ ആദ്യവാക്ക് കോണ്‍ഗ്രസ് എന്നാണ്. ഉചിതമായ സമയത്ത് ഉചിതമായ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നുവെങ്കില്‍ കടിഞ്ഞാണില്ലാതെ ആര്‍എസ്എസ് പായില്ലായിരുന്നു. കേരളത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ഈ നിരുത്തരവാദസമീപനം പരിശോധിക്കുമ്പോഴാണ് രമേശ് ചെന്നിത്തലയുടെ വര്‍ഗീയപരാമര്‍ശങ്ങളും വി എം സുധീരന്റെ രാജിയും യുഡിഎഫ് ഭരണകാലത്തെ ആര്‍എസ്എസ് സഹായനടപടികളും ചിത്രത്തില്‍ വരുന്നത്. സംഘപരിവാറിന്റെ കേരള അജന്‍ഡ അതിന്റെ തീവ്രവും ആക്രമണോത്സുകവുമായ തലത്തില്‍ തെറ്റിദ്ധരിക്കുമ്പോഴാണ് വി എം സുധീരന്‍ കോണ്‍ഗ്രസിന്റെ നേതൃപദവി വിട്ടൊഴിഞ്ഞ് വനവാസത്തിന് പോകുന്നത്. രമേശ് ചെന്നിത്തല കോണ്‍ഗ്രസ് രാഷ്ട്രീയം മറന്ന് സംഘപരിവാര്‍ അജന്‍ഡകളുടെ നടത്തിപ്പുകാരനാകുന്നത്.
വി എം സുധീരന്റെ രാജി കോണ്‍ഗ്രസിലെ എതിര്‍വിഭാഗങ്ങളുടെ അസഹിഷ്ണുതമൂലമോ സ്വന്തം പിടിപ്പുകേടുമൂലമോ സമ്മര്‍ദതന്ത്രത്തിന്റെ ഫലമായോ ആകാം. എന്നാല്‍, അതിന്റെ രാഷ്ട്രീയം ഭീരുത്വത്തിന്റേതാണ്. ആര്‍എസ്എസിനും സംഘപരിവാറിന്റെ നിരവധിയായ വര്‍ഗീയ അജന്‍ഡകള്‍ക്കുമെതിരെ ദുര്‍ബലമായ ശബ്ദംപോലും രമേശ് ചെന്നിത്തലയില്‍നിന്നോ ഉമ്മന്‍ചാണ്ടിയില്‍നിന്നോ സുധീരനില്‍നിന്നോ ആരും കേട്ടിട്ടില്ല. കേരളത്തില്‍ ആര്‍എസ്എസിന് സംഘടനാസ്വാതന്ത്യ്രമില്ലെന്ന് വ്യാജപ്രസ്താവനയുമായി രാജ്യത്താകെ സംഘപരിവാര്‍ പ്രചാരണവും അക്രമവും സംഘടിപ്പിക്കുമ്പോള്‍, അതല്ല ശരിയെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ ഒരു കോണ്‍ഗ്രസ് നേതാവും ഉണ്ടായിട്ടില്ല. ആര്‍എസ്എസ് നടത്തിയ ക്രൂര കൊലപാതകങ്ങളെ അവരാരും അപലപിച്ച് കണ്ടിട്ടില്ല. ഏതുഘട്ടത്തിലും സിപിഐ എമ്മിനെതിരെ തിരിയാനേ അവര്‍ ശ്രമിച്ചുള്ളൂ. സിപിഐ എം വിരുദ്ധ മുന്നണികള്‍ എവിടെ രൂപപ്പെടുന്നുവോ അതില്‍ വലിഞ്ഞുകയറി ആര്‍എസ്എസിനൊപ്പം ഒച്ചവയ്ക്കാനേ അവര്‍ ശീലിച്ചിട്ടുള്ളൂ. കേരള നിയമസഭയില്‍ ഇന്ന് ബിജെപിക്ക് ഒരംഗമുണ്ടായത് കോണ്‍ഗ്രസിന്റെ മജ്ജയും മാംസവും ദാനം ചെയ്തതുകൊണ്ടാണ്. അതിന്റെ തുടര്‍ച്ചതന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇന്നത്തെ അധഃപതനവും.
ഗാന്ധിജി നിരാഹാരസമരം നടത്തിയത് മരണം മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ചുതന്നെയാണ്. സുധീരന്‍ രാജിവയ്ക്കാന്‍ കാരണമായി പറയുന്നത് ആരോഗ്യമില്ല എന്നാണ.് ഗാന്ധിജിയില്‍നിന്ന് നേര്‍വിപരീത ദിശയിലേക്കുള്ള നടത്തമാണ്. അവിടെയാണ് രാഷ്ട്രീയം, അഥവാ രാഷ്ട്രീയപാപ്പരത്തം. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിയുമ്പോള്‍ ഒളിച്ചോടാനുള്ള പക്വതയേ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്ന് അറിയപ്പെടാന്‍ സ്വയം ആഗ്രഹിക്കുന്ന സുധീരന്‍ ആര്‍ജിച്ചിട്ടുള്ളൂ. രമേശ് ചെന്നിത്തലയാകട്ടെ, തന്റെ ആര്‍എസ്എസ് മുഖം ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതുപോലുമില്ല.
ഗുരുവായൂര്‍ എംഎല്‍എയോട് അദ്ദേഹം ചോദിച്ചത്, ആര്‍എസ്എസുകാരന്റെ നാവില്‍നിന്നുമാത്രം ഉയരേണ്ട ചോദ്യമാണ്. ഗോമാംസം കഴിക്കാതിരിക്കാനും പാകിസ്ഥാനിലേക്ക് പോകാനും ആക്രോശം മുഴക്കുന്ന ആര്‍എസ്എസുകാരനില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല ചെന്നിത്തലയുടെ ശബ്ദവും. പ്രവീണ്‍ തൊഗാഡിയയെ ആദരിച്ച് ആനയിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചതടക്കമുള്ള കേസുകളില്‍നിന്ന് ആര്‍എസ്എസ് ക്രിമിനലുകളെ വിടുതല്‍ ചെയ്തുകൊടുക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടി പ്രതിനിധാനം ചെയ്യുന്നതും മറ്റൊരു രാഷ്ട്രീയമല്ല. അതിന്റെതന്നെ ഭാഗമാണ് വി എം സുധീരനും. പാര്‍ടിക്കകത്ത് അവര്‍ തമ്മില്‍ വഴക്കുണ്ടാകാം. പക്ഷേ, ആര്‍എസ്എസ് മനസ്സ് അവര്‍ക്ക് പൊതുവായി ഉള്ളതാണ്.
വി എം സുധീരന്‍ പൊടുന്നനെ രാജി പ്രഖ്യാപിച്ചപ്പോള്‍ ഉപചാരത്തിനുവേണ്ടിയെങ്കിലും അരുതേ എന്നു പറയാന്‍ കോണ്‍ഗ്രസിലെ ഒരാളുടെയും നാവ് പൊന്തിയില്ല. ചെന്നിത്തലയും കെ സുധാകരനും യാത്രാമംഗളം നേരുകയാണുണ്ടായത്. രാഷ്ട്രീയമോ അതിന്റെ ഭാഗമായ ഐക്യപ്പെടലോ അല്ല കോണ്‍ഗ്രസിന്റേത്. വസ്തുതയാണ് ഇത് വെളിപ്പെടുത്തുന്നത്. അതേസമയം, ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണി ആര്‍എസ്എസ് വിധേയത്വത്തിന്റേതും മാര്‍ക്സിസ്റ്റ് വിരോധത്തിന്റേതുമാണ്. കോണ്‍ഗ്രസ് സ്വയം ചരമക്കുറിപ്പ് എഴുതുകയാണ്.
പാര്‍ടിക്കകത്തെ ചക്കളത്തിപ്പോരാട്ടത്തിനും സ്ഥാനമോഹ പ്രചോദിതരായ നേതാക്കളുടെ കിടമത്സരത്തിനും ഗ്രൂപ്പുവഴക്കിനും അപ്പുറമുള്ള പ്രശ്നസങ്കീര്‍ണമായ കാലത്തിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്. അതിന്റെ ബഹിര്‍സ്ഫുരണമാണ് ചെന്നിത്തലയുടെ വര്‍ഗീയപരാമര്‍ശങ്ങളിലും ശിവസേനയെ ആയുധമാക്കിയുള്ള നാടകത്തിലും സുധീരന്റെ രാജിയിലും ഒരുപോലെ കാണാനാവുക. കേരളത്തിലെ കോണ്‍ഗ്രസിന്റെ അപചയം എന്ന് ഒറ്റവാക്കില്‍ പറയാനാകില്ല. ആ പാര്‍ടിയുടെ തകര്‍ച്ചയിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടമാണിത്. മതനിരപേക്ഷതയ്ക്കും വര്‍ഗീയവിരോധത്തിനും മനസ്സ് കൊടുക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത ജീര്‍ണതയിലേക്കാണ് കോണ്‍ഗ്രസ് പതിക്കുന്നത്










0 comments