ad
Deshabhimani

കാലത്തിന് മുന്നേ നടന്ന സംഘാടകന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 05, 2017, 04:45 PM | 0 min read

ദേശാഭിമാനിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട പേരുകളില്‍ മുന്‍നിരയിലാണ് സഖാവ് പി കണ്ണന്‍നായരുടെ സ്ഥാനം. കൊച്ചി കേന്ദ്രീകരിച്ച് ദേശാഭിമാനിയുടെ നായകസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് ആകസ്മികമായി കണ്ണന്‍നായരുടെ അന്ത്യം. ആ വേര്‍പാടിന് 2017 മാര്‍ച്ച് ആറിന് 27 വര്‍ഷമാകുന്നു. വടക്കെ മലബാറില്‍ കൊടക്കാട്ടെ ദരിദ്ര കര്‍ഷകകുടുംബത്തില്‍ ജനിച്ച് പ്രാഥമികവിദ്യാഭ്യാസം കഷ്ടിച്ച് പൂര്‍ത്തിയാക്കിയശേഷം ബീഡിതെറുപ്പ് തൊഴിലായി സ്വീകരിച്ച കണ്ണന്‍നായരുടെ പില്‍ക്കാലജീവിതം നിരന്തരപോരാട്ടത്തിന്റെയും സംഘാടനത്തിന്റേതുമാണ്.

സ്വാതന്ത്യ്രസമരകാലത്ത് നാടിനുവേണ്ടിയുള്ള പോരാട്ടത്തിന് ലക്ഷ്യബോധം നല്‍കാനാണ് ദേശാഭിമാനി പ്രവര്‍ത്തിച്ചത്. 1939ല്‍ പരസ്യപ്രവര്‍ത്തനം ആരംഭിച്ച കമ്യൂണിസ്റ്റ് പാര്‍ടിയുടെ പില്‍ക്കാലവളര്‍ച്ചയുടെയും സംഭാവനകളുടെയും ചരിത്രം ദേശാഭിമാനിയുടെ ചരിത്രംകൂടിയാണ്. ജന്മി- നാടുവാഴി അടിച്ചമര്‍ത്തലുകള്‍ക്കും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും അടിച്ചമര്‍ത്തപ്പെടുന്ന എല്ലാവരെയും ഉയര്‍ത്തിക്കൊണ്ടുവന്ന് അവരെ ദേശീയപ്രസ്ഥാനത്തിന്റെ ധാരയിലേക്ക് ഉള്‍ച്ചേര്‍ക്കാനുള്ള ആശയപരവും സംഘടനാപരവുമായ നേതൃത്വം ദേശാഭിമാനി നല്‍കി. കേരളത്തെ പിടിച്ചുകുലുക്കിയ കര്‍ഷക- കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍, സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍, അമിതാധികാരവാഴ്ചയ്ക്കും വര്‍ഗീയവിപത്തിനുമെതിരായ ചെറുത്തുനില്‍പ്പുകള്‍- ഇവയിലെല്ലാം നേതൃപരമായ പങ്കാളിത്തമാണ് ദേശാഭിമാനിക്ക് വഹിക്കാനായത്. പ്രചാരത്തിന്റെ വര്‍ധനയ്ക്കനുസൃതമായി സംസ്ഥാനത്തിനകത്ത് ഓരോ ജില്ലയിലും എഡിഷനുകള്‍ ആരംഭിക്കാനുള്ള വളര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ശാസ്ത്ര- സാങ്കേതിക രംഗത്തെയും മാധ്യമമേഖലയിലെയും മാറ്റങ്ങളും വളര്‍ച്ചയും ഉള്‍ക്കൊണ്ട് ദേശാഭിമാനി പുതിയ തലത്തിലേക്ക് ഉയരുകയാണ്. 

സംസ്ഥാനത്ത് പ്രചാരത്തില്‍ മൂന്നാമത് ദേശാഭിമാനിയാണ്. പുതിയ വായനക്കാരെ ആര്‍ജിക്കുന്നതില്‍ മറ്റാരെയും വെല്ലാന്‍ ദേശാഭിമാനിക്ക് കഴിയുന്നു. മാത്രമല്ല, മറ്റേത് പത്രത്തേക്കാളും കൂടുതല്‍ ജനങ്ങളെ സ്വാധീനിക്കാന്‍ പ്രാപ്തിയുള്ള പത്രവുമാണ്. കാലാനുസൃത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സമ്പൂര്‍ണ ദിനപത്രമായി ഉയര്‍ന്ന ദേശാഭിമാനിയുടെ നാള്‍വഴിയില്‍, ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതംതന്നെ സമര്‍പ്പിച്ച സഖാവ് കണ്ണന്‍നായരുടെ സംഭാവന അതുല്യമാണ്.

പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള സഖാവിന് പത്രരംഗത്ത് ശ്രദ്ധേയമായ നേട്ടംകൈവരിക്കാന്‍ കഴിഞ്ഞത് വിപ്ളവബോധവും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറുംകൊണ്ടാണ്. എണ്ണമറ്റ തൊഴിലാളി- കര്‍ഷക പോരാട്ടങ്ങളിലൂടെയാണ് അദ്ദേഹം തികഞ്ഞവിപ്ളവകാരിയായി മാറിയത്. 1943ല്‍ പാര്‍ടി അംഗമായി. 1948ലെ മെയ്ദിനത്തില്‍ മുനയന്‍കുന്നില്‍ നടന്ന സായുധ പൊലീസിന്റെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുനയന്‍കുന്ന് പോരാട്ടത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായാണ് അദ്ദേഹം അറിയപ്പെട്ടത്. പൊലീസ് മര്‍ദനംമൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 1946ല്‍കരിവെള്ളൂര്‍ കേസില്‍ പ്രതിയായ സഖാവിനെപൊലീസ് ക്രൂരമായി മര്‍ദിച്ചു. അന്നും തടവറയില്‍കിടക്കേണ്ടിവന്നു. സ്വാതന്ത്യ്രലബ്ധിക്കുശേഷം 1950ല്‍ ഏതാനും മാസം സഖാവിനെ ജയിലിലടച്ചു.പിന്നീട് 1964ല്‍ 16 മാസം ജയിലില്‍ കഴിയേണ്ടിവന്നു. ദേശാഭിമാനിയുടെ ചുമതലക്കാരന്‍ എന്നനിലയില്‍ കൊച്ചിയിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റിയതോടെ, പത്രത്തിന്റെ വളര്‍ച്ചയായി സഖാവിന്റെ ഏകലക്ഷ്യം.

രാജ്യത്തെ തകര്‍ക്കുന്ന വര്‍ഗീയവിപത്തിനെതിരെയും ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ക്കെതിരെയും ജനകീയ വികസനമാര്‍ഗത്തിനുവേണ്ടിയുംനിരന്തരം പോരാടുന്ന പത്രമാണ് ദേശാഭിമാനി.വന്‍ പ്രചാരം അവകാശപ്പെടുന്ന പ്രമുഖ മലയാളപത്രങ്ങള്‍ ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയത്തിന്റെ പ്രചാരകരായി മാറിയപ്പോള്‍, ഒഴുക്കിനെതിരെ നീന്തിയാണ് ദേശാഭിമാനി വളര്‍ന്നത്. വാര്‍ത്താവിനിമയരംഗത്തെ സാങ്കേതികശേഷി, ധാര്‍മിക- രാഷ്ട്രീയ അന്തരീക്ഷം മികവുറ്റതാക്കാനും സാമൂഹ്യപുരോഗതിയെ ഉത്തേജിപ്പിക്കാനും ഉപയോഗിക്കുന്നതിനുപകരം ആശയപരമായ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ സിപിഐ എമ്മിനെ ലക്ഷ്യമിട്ട്നടക്കുന്ന ഗീബല്‍സിയന്‍ പ്രചാരണങ്ങള്‍ തുറന്നുകാട്ടാനും മഹാഭൂരിപക്ഷം ജനങ്ങളെയും നേരിന്റെ കൂടെ നിര്‍ത്താനും ദേശാഭിമാനിക്ക് ഫലപ്രദമായി സാധിക്കുന്നുവെന്നത് നിസ്സാരകാര്യമല്ല. പച്ചയായ സാമൂഹ്യയാഥാര്‍ഥ്യങ്ങളെ തമസ്കരിച്ചും തിരസ്കരിച്ചും നിസ്സാരവല്‍ക്കരിച്ചും ജനങ്ങളെ ആലസ്യത്തിലേക്കും അരാഷ്ട്രീയത്തിലേക്കും തള്ളിവിടുന്ന ബൂര്‍ഷ്വാ മാധ്യമങ്ങളോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് ദേശാഭിമാനി മുന്നേറുന്നത്. അതുകൊണ്ടുതന്നെ ദേശാഭിമാനിക്ക് എതിരാളികളുടെ നിരന്തരമായ ആക്രമണം നേരിടേണ്ടിവരുന്നു.

ഇന്ന് നാം ജീവിക്കുന്ന കേരളം നേടിയ പുരോഗതിയുടെ വലിയൊരളവ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. നിലനില്‍ക്കുന്ന പരിമിതികളെ അതിജീവിച്ച് പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന മുദ്രാവാക്യം ഐക്യകേരള രൂപീകരണത്തിനുമുമ്പുതന്നെ കമ്യൂണിസ്റ്റ് പാര്‍ടി ഉയര്‍ത്തിയതും അതിന്റെ അടിസ്ഥാനത്തില്‍ നവകേരളസൃഷ്ടിക്കായി പ്രവര്‍ത്തിച്ചതുമാണ്. നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും പ്രയത്നിച്ചത് കമ്യൂണിസ്റ്റുകാരാണ്. കേരളത്തിന്റെ വികസനവും നേട്ടങ്ങളും നവോത്ഥാനമൂല്യങ്ങളും തകര്‍ക്കാനുള്ള വലതുപക്ഷശ്രമം ഊര്‍ജിതമായി നടക്കുന്ന ഘട്ടമാണിത്. അതിനെതിരായ തീവ്രപോരാട്ടത്തിലാണ് ഇടതുപക്ഷം. ഇടതുപക്ഷ സര്‍ക്കാരുകള്‍ സംസ്ഥാനത്തെ മാറ്റിയത് എപ്രകാരമാണെന്ന് അനുഭവിച്ചറിഞ്ഞവരാണ് കേരളജനത. യുഡിഎഫ് ഭരണം ആ നേട്ടങ്ങളെ എങ്ങനെയെല്ലാം തകര്‍ത്തു എന്ന് ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഈ അഴിമതിവാഴ്ചയ്ക്കുള്ള അവസാനത്തെ മുന്നറിയിപ്പായിരുന്നു.

അഴിമതി, അധികാരദുര്‍വിനിയോഗം, വര്‍ഗീയപ്രീണനം, സദാചാരവിരുദ്ധത തുടങ്ങിയവയായിരുന്നല്ലോ അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്ര. ഏതു നീചമാര്‍ഗത്തിലൂടെ നീങ്ങിയാലും ജാതിമത കൂട്ടുകെട്ട് തങ്ങളെ രക്ഷിച്ചുകൊള്ളുമെന്ന യുഡിഎഫ് അഹങ്കാരത്തിന്റെ മസ്തകത്തിനേറ്റ അടിയായിരുന്നു ആ ജനവിധി. തൊണ്ണൂറ്റിയൊന്ന് സീറ്റുകളുമായാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനം അധികാരം ഏല്‍പ്പിച്ചത്. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ശരിയായ നിലപാട് എല്‍ഡിഎഫിനുമാത്രമേ എടുക്കാന്‍ കഴിയൂ എന്ന മതനിരപേക്ഷ ജനവിഭാഗത്തിന്റെ തിരിച്ചറിയല്‍, അഴിമതിമുതല്‍ അധാര്‍മികതവരെയുള്ള വിപര്യയങ്ങള്‍കൊണ്ട് അകവും പുറവും ദുഷിച്ച ജനവിരുദ്ധ ശക്തിയാണ് യുഡിഎഫ് എന്ന ജനങ്ങളുടെ പൊതുവായ തിരിച്ചറിവ്, പുതിയ സഹസ്രാബ്ദത്തില്‍ വികസനത്തിന്റെ വെളിച്ചം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുള്ളത് എല്‍ഡിഎഫിനാണെന്ന ജനങ്ങളുടെ ബോധ്യം എന്നിവയൊക്കെയാണ് മുന്നണിയുടെ തിളക്കമാര്‍ന്ന വിജയത്തിനുപിന്നില്‍. 2016 മെയ് 25ന് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തി. മതനിരപേക്ഷതയില്‍ അടിയുറച്ചുനിന്ന് കേരളത്തില്‍ സമഗ്രവികസനം എത്തിക്കുമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍.

അതാണ് ഈ സര്‍ക്കാരിന്റെ രണ്ടാംബജറ്റിലും പ്രതിഫലിച്ചത്. 60 വയസ്സ് കഴിഞ്ഞ യോഗ്യരായ മുഴുവനാളുകള്‍ക്കും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നടപ്പാക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാകുകയാണ് കേരളം. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനും 1000 കോടിയും പശ്ചാത്തലവികസനത്തിന് 25,000 കോടിയും പൊതുമരാമത്തുവകുപ്പിന് 13,000 കോടി രൂപയും മാറ്റിവച്ചത് സമഗ്രവികസനം ലക്ഷ്യമിട്ടാണ്.

എന്നാല്‍, മറുവശത്ത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് ശക്തികളാണ് അധികാരത്തില്‍. ഇതിന്റെ മറപറ്റി ഫാസിസ്റ്റ് വര്‍ഗീയശക്തികള്‍ വ്യാപക അക്രമവും കൊലപാതകവും ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. രാഷ്ട്രപിതാവായ ഗാന്ധിജിയെ വകവരുത്തിക്കൊണ്ട് മതനിരപേക്ഷ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുകയായിരുന്നു. കേരളത്തിന്റെ ജനകീയ നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ വകവരുത്തുന്നവര്‍ക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്ത സംഘപരിവാറുകാര്‍, മംഗളൂരുവില്‍ അദ്ദേഹത്തെ കാലുകുത്തിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജനാധിപത്യവുംമതനിരപേക്ഷതയും നിലനില്‍ക്കുന്ന രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലാത്ത സംഘടനയാണ് ആര്‍എസ്എസ് എന്ന് അവര്‍തന്നെ പ്രവൃത്തിയിലൂടെ വ്യക്തമാക്കുന്നു. ഇവരുടെ അഹന്തയ്ക്കെതിരെ കേരളത്തിന്റെ മനസ്സാക്ഷി ഉണരുകതന്നെ വേണം.

കുത്തകകള്‍ക്കായി ഭരണം നടത്തുന്ന മോഡിസര്‍ക്കാര്‍ നോട്ടുനിയന്ത്രണംവഴി ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചു. പാചകവാതകവില ഒരു നിയന്ത്രണവുമില്ലാതെയാണ് കേന്ദ്രം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം 86 രൂപയാണ് കൂട്ടിയത്. മൂന്നുമാസത്തിനുള്ളില്‍ 150 രൂപ വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച ദുരിതത്തിന്റെയും പീഡനത്തിന്റെയും വിദ്വേഷത്തിന്റെയും കഠിന നാളുകളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്നാല്‍, കോര്‍പറേറ്റ്- വലതുപക്ഷ മാധ്യമങ്ങള്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. ഇത്തരം നീക്കങ്ങള്‍ ചെറുക്കാനും യഥാര്‍ഥ ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും പ്രസക്തിയും കൂടുതലായി ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള ദൌത്യമാണ് ദേശാഭിമാനി നിര്‍വഹിക്കുന്നത്. സ. കണ്ണന്‍നായരുടെ സ്മരണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ഊര്‍ജവും പകരും
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home