തലമുറകളുടെ അക്ഷര ശില്‍പ്പി

മലയാളികള്‍ ഹൃദയംകൊണ്ട് ഏറ്റെടുത്തതാണ് എം ടി വാസുദേവന്‍നായര്‍ സൃഷ്ടിച്ച കഥാലോകം. ഓരോ മലയാളിയും മനസ്സുകൊണ്ട് അനുഭവിച്ച സമാന്തരജീവിതമായി ആ കഥാലോകം മാറി. സാഹിത്യരചനയില്‍ സജീവമായിട്ട് ഏഴുപതിറ്റാണ്ടോളമായിട്ടും എം ടിയുടെ ഓരോ വാക്കിലും ഇന്നും യൌവനം തുടിക്കുന്നു. ഏറ്റവും പുതിയ തലമുറയുടെപോലും പ്രിയപ്പെട്ട എഴുത്തുകാരനായി അദ്ദേഹം മാറി.
സാഹിത്യമൂല്യവും വായനക്കാരുടെ പ്രീതിയും പലപ്പോഴും ഒരുമിച്ചുപോകാറില്ല. ഇക്കാര്യത്തില്‍ വേറിട്ട ഒരനുഭവമാണ് എം ടിയുടെ കൃതികള്‍. അവയോരോന്നും പ്രസിദ്ധീകൃതമായ കാലം മുതല്‍ കൂടുതല്‍ കൂടുതല്‍ വായനക്കാരെ നേടിക്കൊണ്ടിരിക്കുന്നു. അറുപതുകൊല്ലമാകാറാകുന്ന നാലുകെട്ടും മുപ്പതുകൊല്ലം കഴിഞ്ഞ രണ്ടാമൂഴവും ഇപ്പോഴും ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മലയാളപുസ്തകങ്ങളുടെ പട്ടികയില്‍ മുമ്പിലുണ്ട്. കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന, ഏറെ പഠനങ്ങള്‍ ഉണ്ടായിട്ടുള്ള സമകാലിക എഴുത്തുകാരിലും മുമ്പിലാണ് എം ടി.
മാതൃഭൂമി ആഴ്ചപ്പതിപ്പ് 1954ല്‍ നടത്തിയ ലോകചെറുകഥാമത്സരത്തില്‍ സമ്മാനാര്‍ഹനായതോടെ എം ടി വാസുദേവന്‍നായര്‍ എന്ന ഇരുപത്തൊന്നുകാരന്‍ മലയാളത്തിലെ വായനാസമൂഹത്തിന്റെ പൊതുശ്രദ്ധയിലേക്ക് വന്നു. ചെറുകഥയില്‍ കഥാപാത്രങ്ങളുടെ ഹൃദയാനുഭവത്തിന്റെ ആഖ്യാനം നിര്‍വഹിച്ചവരില്‍ പ്രമുഖനാണ് അദ്ദേഹം.
സ്വാതന്ത്യ്രാനന്തരഘട്ടത്തിന്റെ വൈയക്തികവും സാമൂഹികവുമായ സൂക്ഷ്മാനുഭവങ്ങളെ ജീവചൈതന്യമുള്ള കഥാപാത്രങ്ങളിലൂടെയും മൂര്‍ത്തമായ കഥാസന്ദര്‍ഭങ്ങളിലൂടെയും എം ടി കാവ്യാത്മകമായി അവതരിപ്പിച്ചു. മരുമക്കത്തായ തറവാടുകളില്‍ കാലംകൊണ്ട് സംഭവിച്ച ജീര്‍ണതയില്‍നിന്ന് വ്യക്തികേന്ദ്രിതമായ പുതിയ ജീവിതക്രമത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ സന്ദിഗ്ധതകളില്‍നിന്നാണ് അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും രൂപംകൊണ്ടത്. ആ അവസ്ഥ അഭ്യസ്തവിദ്യരായ യുവാക്കളില്‍ സൃഷ്ടിച്ച സാമൂഹികവും വൈകാരികവുമായ സംഘര്‍ഷങ്ങളെയും പ്രതീക്ഷാഭംഗങ്ങളെയും പല കഥകളിലും എം ടി പ്രമേയമാക്കി.
വ്യവസ്ഥയോട് കലഹിക്കുന്ന സ്വഭാവമുള്ള ചില കഥാപാത്രങ്ങളിലൂടെ പാരമ്പര്യത്തിന്റെ ജീര്‍ണതകളോട് പ്രതികരിക്കുന്ന കഥകള്‍ എം ടി എഴുതി. വള്ളുവനാടന്‍ ജീവിതത്തിന്റെ പരിമിതവൃത്തങ്ങളില്‍നിന്നുകൊണ്ട് പ്രാദേശികാനുഭവത്തിന്റെ ആഴങ്ങളും സൂക്ഷ്മതകളും അദ്ദേഹം കഥകളില്‍ ഒപ്പിയെടുത്തു. പ്രാദേശികഭാഷാസവിശേഷതകളുള്ള സംഭാഷണങ്ങളും ഗ്രാമീണമായ ജീവിതാന്തരീക്ഷം തൊട്ടറിയാവുന്ന വിവരണകലയും അതിനുപയുക്തമായി.
നഗരവല്‍ക്കൃതമായ മധ്യവര്‍ഗജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍, സമ്പന്നജീവിതത്തില്‍ സംഭവിച്ച നൈതികാപചയം, സ്ത്രീജീവിതത്തിന് വന്ന മാറ്റം, ഗ്രാമജീവിതത്തിലേക്ക് സംക്രമിച്ച നാഗരികത ഇതൊക്കെ എം ടിയുടെ പല ചെറുകഥകളിലും പില്‍ക്കാലത്ത് പ്രമേയമായി. ‘കുട്ട്യേടത്തി, ‘ഇരുട്ടിന്റെ ആത്മാവ്, ‘ഓപ്പോള്‍, കര്‍ക്കടകം,‘പള്ളിവാളും കാല്‍ച്ചിലമ്പും’ തുടങ്ങിയ ആദ്യകാലരചനകളില്‍ മാത്രമല്ല,‘ശിലാലിഖിതം,‘കാഴ്ച’ തുടങ്ങിയ പില്‍ക്കാലകഥകളിലും തന്റെ പ്രിയപ്പെട്ട ഗ്രാമത്തിന്റെ സ്ഥലരാശിയും പ്രാദേശികാന്തരീക്ഷവും സജീവമാണ്. അമേരിക്കന്‍ പശ്ചാത്തലത്തില്‍ രചിച്ച ‘ഷെര്‍ലക്കില്‍പോലും വള്ളുവനാടന്‍ ജീവിതം അപരാംശമായി കടന്നുവരുന്നു. അതേസമയം ബോംബെനഗരത്തിന്റെ പശ്ചാത്തലത്തിലുള്ള ‘വില്‍പ്പന’ എന്ന മികച്ച ചെറുകഥയില്‍ മലയാളിയായ ഒരു കഥാപാത്രംപോലും ഇല്ല എന്നതും കാണേണ്ടതുണ്ട്.
നാലുകെട്ട്’(1958) പുറത്തുവന്നതോടെ എം ടി മലയാളനോവല്‍ രംഗത്തെ എണ്ണപ്പെട്ട എഴുത്തുകാരിലൊരാളായി. തകര്‍ന്നുകൊണ്ടിരിക്കുന്ന നാലുകെട്ടുകളുടെയും അതിലെ തളംകെട്ടിയ ജീവിതങ്ങളുടെയും കഥാകാരന്‍ എന്ന മുദ്ര എം ടിയില്‍ പതിഞ്ഞു. തകരുന്ന നാലുകെട്ടുകളുടെ സ്ഥാനത്ത് കാറ്റും വെളിച്ചവും കടക്കുന്ന പുതിയ വീട് എന്ന സങ്കല്‍പ്പനം അത് മുന്നോട്ടുവച്ചു. പാരമ്പര്യത്തിന്റെ ഭാരത്തെ ഭേദിച്ച് സ്വന്തംനിലയില്‍ വളരുകയും വലുതാകുകയും ചെയ്യുന്ന ആധുനികമനുഷ്യന്റെ വ്യക്തിബോധം അതില്‍ ശക്തമാണ്. വളരും, വളര്‍ന്ന് വലിയവനാകും’ എന്ന നോവലിലെ ആരംഭവാക്യം നവോത്ഥാനകാലമനുഷ്യന്റെ ആത്മവിശ്വാസത്തിന്റെ വാക്കുകളാണ്.
പിന്നാലെവന്ന ‘അസുരവിത്ത്(1962) ജീവിതത്തിന്റെ വ്യാപ്തിയും ആഴവും സാക്ഷാല്‍ക്കരിച്ച കൃതിയാണ്. ഫ്യൂഡല്‍ ജീവിതത്തകര്‍ച്ചയുടെ തളംകെട്ടലില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാതെപോയ ഗോവിന്ദന്‍കുട്ടി, അപ്പോഴേക്കും കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഉരുണ്ടുകൂടിത്തുടങ്ങിയിരുന്ന മതപരമായ വിഭാഗീയതയുടെ ഇരയായിത്തീരുന്നതിന്റെ കഥയാണത്. ഒരു സമൂഹം മുഴുവന്‍ മരണത്തിനുമുമ്പില്‍ നിസ്സഹായരായി നോക്കിനിന്നപ്പോള്‍ ഹിന്ദുവും മുസ്ളിമുമല്ല മനുഷ്യനാണ് താനെന്ന് പ്രവൃത്തിയിലൂടെ ഗോവിന്ദന്‍കുട്ടി വെളിപ്പെടുത്തി.
ഹിമാലയസാനുവിലെ നൈനിത്താള്‍ തടാകത്തിന്റെ മഞ്ഞുവീണ പശ്ചാത്തലത്തില്‍ കാത്തിരിപ്പ് എന്ന ഭാവത്തിന്റെ സൂക്ഷ്മതലങ്ങള്‍ അനാവരണംചെയ്യുന്ന സാന്ദ്രമായ രചനയാണ് മഞ്ഞ് (1964). അസ്വാതന്ത്യ്രത്തില്‍പ്പെട്ട് തളംകെട്ടുന്ന ഇന്ത്യന്‍ സ്ത്രീജീവിതത്തിന്റെ മുഖംകൂടി നൈനിത്താളിന്റെ നിശ്ചലപശ്ചാത്തലത്തില്‍ ഹതാശയായി കാത്തിരിക്കുന്ന വിമലയില്‍ ദര്‍ശിക്കാം.
സ്വാതന്ത്യ്രാനന്തരമുണ്ടായ രാഷ്ട്രീയവും നൈതികവുമായ അപചയത്തിന്റെ കാലത്ത് അഭ്യസ്തവിദ്യരായ ഇന്ത്യന്‍യുവത്വം നേരിട്ട പ്രതീക്ഷാഭംഗത്തിന്റെയും ആത്മീയപ്രതിസന്ധിയുടെയും മാത്രമല്ല, ജീവിതവിജയത്തെക്കുറിച്ചുള്ള മാറിയ സങ്കല്‍പ്പങ്ങള്‍ ധാര്‍മികതയെ നിരാകരിക്കുന്നതിന്റെയും ചിത്രങ്ങളാണ് കാലം(1969) എന്ന നോവലിലുള്ളത്. ‘നമ്മുടെ കാലഘട്ടത്തില്‍’ എന്ന് എഴുത്തുകാരന്‍ പേരിടാന്‍ ആലോചിച്ച ഈ കൃതി ആ കാലത്തിന്റെ ആന്തരസംഘര്‍ഷങ്ങളെ വ്യക്തിനിഷ്ഠമായി അവതരിപ്പിക്കുന്നു.
വിലാപയാത്ര (1978) എന്ന നോവല്‍ മരണം എന്ന സത്യത്തിന്റെ സാമൂഹികമാനങ്ങള്‍ ചര്‍ച്ചചെയ്യുന്നു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് തറവാട്ടില്‍ ഒത്തുചേരുന്ന നാല് ആണ്‍മക്കളെ കേന്ദ്രീകരിച്ചുള്ള ആ രചന മനുഷ്യബന്ധങ്ങളില്‍ കാലം വരുത്തുന്ന പരിവര്‍ത്തനങ്ങളും രേഖപ്പെടുത്തുന്നു.
എം ടിയുടെ പുറത്തുവന്ന നോവലുകളില്‍ ഏറ്റവും ഒടുവിലത്തേതായ ‘വാരാണസി(2002)യില്‍, ആനന്ദവനവും മഹാശ്മശാനവും ആയ കാശിയെ കേന്ദ്രമാക്കി ജീവിതവും മരണവും തമ്മിലുളള നിത്യസംഘര്‍ഷമാണ് പ്രമേയം. സ്ത്രീപുരുഷബന്ധങ്ങളിലെ അശാന്തമായ രതിയും നിസ്സംഗമായ വിരതിയും ഇവിടെയുണ്ട്.
ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു വരിഷ്ഠശില്‍പ്പമാണ് ‘രണ്ടാമൂഴം (1984). മഹാഭാരതത്തിലെ ഭീമനെ മുഖ്യകഥാപാത്രമാക്കി ജീവിതത്തിന്റെ ആത്യന്തികമായ നിഷ്ഫലതയെയും ബന്ധങ്ങളുടെ നിരര്‍ഥകതയെയും അവതരിപ്പിക്കുന്ന ആ നോവല്‍, ഇതിഹാസത്തിലെ കഥാപാത്രകല്‍പ്പനയ്ക്ക് പുതിയ മാനങ്ങളും വ്യാഖ്യാനവും നല്‍കുന്നു. മഹാഭാരതാന്തരീക്ഷത്തിന്റെ സൂക്ഷ്മവും വ്യക്തവുമായ പുനഃസൃഷ്ടിയിലും മൂര്‍ത്തവും വിശ്വസനീയവുമായ കഥാപാത്രകല്‍പ്പനയിലും ഏറെ മുന്നിട്ടുനില്‍ക്കുന്ന കൃതിയാണിത്. മഹാഭാരതത്തിന് കീഴാളപരിപ്രേക്ഷ്യത്തിലുള്ള ഒരു പുനഃസൃഷ്ടിയും രണ്ടാമൂഴത്തില്‍ കണ്ടെത്താം.
ചെറുകഥകളും നോവലുകളും എഴുതുകമാത്രമല്ല, ആ സാഹിത്യവിഭാഗത്തെക്കുറിച്ച് വിശകലനാത്മകമായി പഠിക്കുകയും സര്‍ഗാത്മകസമീപനത്തോടെ എഴുതുകയും ചെയ്തിട്ടുണ്ട് എം ടി. ‘കാഥികന്റെ പണിപ്പുര, കാഥികന്റെ കല’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ ചെറുകഥയെ സാമാന്യേന ‘ഏകാകിയുടെ ശബ്ദം’ എന്ന നിലയില്‍ കാണുന്നവയാണ്. ലോകമെങ്ങുമുള്ള വായനക്കാരെ ആഴത്തില്‍ സ്വാധീനിച്ച അമേരിക്കന്‍ കഥാകാരന്‍ ഏണസ്റ്റ് ഹെമിങ്വേയുടെ ജീവിതവും കൃതികളും പരിചയപ്പെടുത്തുന്ന ലഘുപഠനമാണ് ‘ഹെമിങ്വേ - ഒരു മുഖവുര.
കിളിവാതിലിലൂടെ, ഏകാകിയുടെ ശബ്ദം’തുടങ്ങിയ എം ടിയുടെ ഉപന്യാസസമാഹാരങ്ങളിലെ രചനകള്‍ മലയാളത്തിലെ ഗദ്യകലയ്ക്ക് പ്രസാദരുചി നല്‍കിയവയാണ്. അവയില്‍ ശക്തം പാരിസ്ഥിതികപ്രശ്നങ്ങളാണ്. തന്റെ ജീവിതത്തിന്റെതന്നെ ഭാഗമായ ഭാരതപ്പുഴയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തെക്കുറിച്ച് എം ടി വീണ്ടും വീണ്ടും എഴുതിയിട്ടുണ്ട്. ജീവിതത്തെ ബാധിക്കുന്ന സാമൂഹികവും നൈതികവുമായ പ്രശ്നങ്ങളെക്കുറിച്ച് തികഞ്ഞ ജാഗ്രതയോടെയാണ് അദ്ദേഹം പ്രതികരിച്ചത്്. അത് ഏത് ആക്ടിവിസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെക്കാളും സമൂഹമനസ്സില്‍ ചലനങ്ങള്‍ ഉളവാക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടിയും സ്വന്തം ഭൂമിയില്‍നിന്ന് അന്യരാക്കപ്പെട്ട ആദിവാസികള്‍ക്കുവേണ്ടിയും അദ്ദേഹം ശക്തമായ നിലപാടെടുത്തു. ഏറ്റവുമൊടുവില്‍, കറന്‍സി നിരോധനത്താല്‍ വലഞ്ഞുപോയ ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ദുരിതങ്ങളെക്കുറിച്ചും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പ്രതികരിച്ചു.
1962ല്‍ നടത്തിയ ആദ്യത്തെ യൂറോപ്യന്‍ യാത്രയെക്കുറിച്ചെഴുതിയ ‘മനുഷ്യര്‍ നിഴലുകള്‍, എഴുപതുകളുടെ തുടക്കത്തില്‍ അമേരിക്കയില്‍ രണ്ടുമാസം ചെലവഴിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങളെ രേഖപ്പെടുത്തിയ ‘ആള്‍ക്കൂട്ടത്തില്‍ തനിയെ, ഇന്ത്യന്‍ എഴുത്തുകാരുടെ സംഘത്തിലെ അംഗമായി ചൈന സന്ദര്‍ശിച്ചതിന്റെ ഓര്‍മക്കുറിപ്പുകളായ ‘വന്‍കടലിലെ തുഴവള്ളക്കാര്‍’ എന്നീ യാത്രക്കുറിപ്പുകളിലെല്ലാം ഏറ്റവും ശ്രദ്ധ പതിയുന്നത് അദ്ദേഹം കാണുന്ന പുതിയ സ്ഥലത്തെ മനുഷ്യരിലാണ്; ജീവിതത്തിന്റെ തനിമയിലാണ്. കഥാശില്‍പ്പത്തോടടുത്തതാണ് രചനാരീതി.
സുഹൃദ്്സമ്മര്‍ദത്തെ തുടര്‍ന്ന് എഴുതേണ്ടിവന്ന ‘ഗോപുരനടയില്‍(1980) നാടകം ഏറെ അംഗീകാരം നേടി. അധികാരവ്യവഹാരത്തെക്കുറിച്ചും സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കിരയാകുന്ന പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെ കുറിച്ചുമുള്ള നിലപാടുകള്‍ ഏതാണ്ടൊരു എക്സ്പ്രഷണിസ്റ്റ് നാടകത്തിന്റെ നിയന്ത്രിതഘടനയില്‍ ഈ കൃതിയില്‍ കാണാനാകും.
ചെറുകഥകള്‍പോലെതന്നെ ആകര്‍ഷകമാണ് ഓര്‍മക്കുറിപ്പുകള്‍. ‘അമ്മയ്ക്ക്, ‘മുത്തശ്ശിമാരുടെ രാത്രി’ തുടങ്ങിയ സ്മരണകളുടെ പുസ്തകങ്ങള്‍ എം ടിയുടെ ബാല്യത്തിലെയും വിദ്യാഭ്യാസകാലത്തെയും അനുഭവങ്ങളെയും മറക്കാനാകാത്ത ചില വ്യക്തികളെയും കുറിച്ചുള്ളവയാണ്. മരണം അടുത്തെത്തിയപ്പോഴും അതൊന്നും മനസ്സിലാക്കാതെ പുസ്തകവായനയില്‍ ആവേശം കൊണ്ടിരുന്ന കൊച്ചനന്തരവനായ രാഹുല്‍ എന്ന ബാലനെക്കുറിച്ചുള്ള സമീപകാലത്തെഴുതിയ കുറിപ്പുപോലെ അത്യധികം ഉള്ളില്‍ത്തട്ടുന്നതാണ് അവയില്‍ പലതും. ചലച്ചിത്രലോകത്തെ അനുഭവങ്ങളെക്കുറിച്ചെഴുതിയ ‘ചിത്രത്തെരുവുകള്‍’ എന്ന പുസ്തകവും ഒരു കാലത്തെയും ലോകത്തെയും വാക്കുകളിലേക്കാവാഹിച്ചെടുത്ത ഓര്‍മയുടെ പുസ്തകമാണ്.
നവഭാവുകത്വം പ്രകടിപ്പിച്ച രചനകളിലൂടെ നടത്തിയ സര്‍ഗാത്മകപ്രവര്‍ത്തനംപോലെ വിലപ്പെട്ടതാണ് പത്രാധിപര്‍ എന്ന നിലയില്‍ എം ടി ചെയ്ത സേവനം. നിലനിന്നിരുന്ന ഭാവുകത്വസ്വഭാവത്തില്‍നിന്ന് പാടേ ഭിന്നമായ രചനകളുമായി 1960കളില്‍ കടന്നുവന്ന യുവകഥാകൃത്തുകള്‍ക്ക് ഉദാരമായ പ്രകാശനസാധ്യത നല്‍കി എം ടി എന്ന പത്രാധിപര്‍.
മുറപ്പെണ്ണ്’ എന്ന ചലച്ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ട് 1960കളുടെ മധ്യത്തില്‍ ചലച്ചിത്രരംഗത്ത് പ്രവേശിച്ച എം ടി മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തായി ഉയര്‍ന്നു. എം ടിയുടെ തിരക്കഥകള്‍ പുസ്തകരൂപത്തില്‍ വന്നതോടെയാണ് തിരക്കഥ പ്രസിദ്ധീകരണാര്‍ഹമായ ഒരു സാഹിത്യവിഭാഗമാണ് എന്ന സ്ഥിതി മലയാളത്തില്‍ ഉണ്ടായത്. സ്വന്തം കഥകളെ ആധാരമാക്കിയും അല്ലാതെയും അറുപതോളം ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതി.
രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയ നിര്‍മാല്യം (1973) ആണ് ചലച്ചിത്രസംവിധായകന്‍ എന്ന നിലയില്‍ എം ടിയുടെ ഏറ്റവും മികച്ച സംഭാവന. അദ്ദേഹത്തിന്റെതന്നെ ‘പള്ളിവാളും കാല്‍ച്ചിലമ്പും’ എന്ന ചെറുകഥയായിരുന്നു ആ ചലച്ചിത്രത്തിന് ആധാരം. ജീര്‍ണമായ വിശ്വാസാചാരങ്ങളുടെയും സ്ഥാപിതതാല്‍പ്പര്യങ്ങളുടെയും സാമൂഹികവൈരുധ്യങ്ങളുടെയും ഇടയില്‍പ്പെട്ട് ഞെരുങ്ങുന്ന പാവം മനുഷ്യരുടെ അവസ്ഥ ആ ചലച്ചിത്രം അവതരിപ്പിച്ചു. അതില്‍ സൂചിതമായ സാംസ്കാരികരാഷ്ട്രീയം ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു











0 comments