സ്ത്രീപീഡനങ്ങളുടെ രാഷ്ട്രീയം

സ്ത്രീപീഡനത്തിന്റെ പേരില്‍ കേരളീയസമൂഹം വീണ്ടും ഒരു വിവാദതരംഗത്തിലാണ്. ഫെബ്രുവരി 17ന് രാത്രി ദക്ഷിണേന്ത്യന്‍ സിനിമാലോകത്തെ പ്രസിദ്ധയായ നടിക്കുനേരെ ഉണ്ടായ ആക്രമണം അക്ഷരാര്‍ഥത്തില്‍തന്നെ കേരളത്തെ, പ്രത്യേകിച്ച് സ്ത്രീസമൂഹത്തെ ഞെട്ടിച്ചിരിക്കുന്നു. സിനിമ എന്ന കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത് ഉപജീവനംകൂടിയാണ്. തൊഴില്‍മേഖലയിലേക്ക് (ഷൂട്ടിങ് ലൊക്കേഷനില്‍) യാത്രചെയ്യുമ്പോഴാണ് നടിയെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ബലാല്ക്കാരേണ വാഹനത്തില്‍ കടത്തിയത്. ഭയത്തിന്റെ വാളിന്‍തുമ്പില്‍ നിര്‍ത്തി പീഡനങ്ങള്‍ക്ക് ഇരയാക്കി മണിക്കൂറുകളോളം ചുറ്റിക്കറക്കിയ ശേഷമാണ് അവസാനം അര്‍ധരാത്രിയോടടുക്കുമ്പോള്‍ അവരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
കേരളത്തിലെ സ്ത്രീകള്‍ക്ക് ധൈര്യംപകര്‍ന്ന് അവള് തന്റെ അനുഭവം പൊലീസിനെ അറിയിച്ചു. തന്റെ വീട്ടില്‍ അഭയംതേടിയ നടിയെ കൂടെനിന്ന് സഹായിച്ച നടന് ലാലും അഭിനന്ദനാര്‍ഹനാണ്. നിര്‍ഭയ, സൌമ്യ, ജിഷ സംഭവങ്ങള്‍പോലെ (അവര്‍ മൂന്നുപേരും മരണപ്പെട്ടു) ഗൌരവതരമാണ് നടിക്കുനേരെയുണ്ടായ ആക്രമണം. ഇവിടെ മരണം നടന്നില്ല എന്നേയുള്ളൂ. നടി പ്രകടിപ്പിച്ച അനിതരസാധാരണമായ ധൈര്യമാണ് മരണവക്ത്രത്തില്‍നിന്ന് അവരെ രക്ഷിച്ചത്. നാളെയും നിര്‍ഭയമാരും സൌമ്യമാരും ജിഷമാരും ഉണ്ടാകുമെന്ന ഭയാശങ്കകള്‍ നിലനില്ക്കുന്നു. കേരളത്തിലെ സ്ത്രീകള്‍ക്കെന്നല്ല ഇന്ത്യയിലാകമാനമുള്ള മുഴുവന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യുല്‍പ്പന്നമതിത്വവും വിപദിധൈര്യവും വേണ്ടിടത്തോളം ഉണ്ടാകണം. ഞങ്ങള്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത് അതാണ്.
പക്ഷേ, ചില കാര്യങ്ങള്‍ പറയാതെ വയ്യ! ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊടുന്നനെ പൊട്ടിമുളയ്ക്കുന്ന തര്‍ക്ക-വിതര്‍ക്കങ്ങളുടെ ആയുസ്സ് എത്രയാണ്? കൂടിയാല്‍ ഒരാഴ്ച! പിന്നെയും നദി ശാന്തമായി ഒഴുകും. സ്ത്രീജീവിതത്തെ വലിച്ചൂറ്റിയെടുക്കുന്ന മലരികളെയും ചുഴികളെയുംപറ്റി തുടര്‍ന്ന് ചിന്തിക്കേണ്ട ബാധ്യത സമൂഹത്തിനില്ല. അതാണ് പൊതുവില്‍ കണ്ടുവരുന്നത്. കുറ്റുകൃത്യങ്ങളുടെ സാഹചര്യങ്ങളില്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പ്രതികളെ തേടിപ്പിടിച്ച് യഥാസമയം പൊതുജനങ്ങളോട് പറയാതിരിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഇത്തരം തെറ്റായ പ്രവണതകള്‍ പൊലീസില്‍ ഉണ്ടെന്നുള്ളത് വസ്തുതയാണ്. ഈ സംഭവത്തിന്റെ ഗൌരവം മനസ്സിലായ സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദേശം കൊടുക്കുകമാത്രമല്ല ചെയ്തത്. ഒരു വിദഗ്ധ ടീമിനെത്തന്നെ നിയോഗിച്ചു. ശരിയായ ദിശയില്‍ അന്വേഷണം നടത്തി പ്രതികളില്‍ പലരെയും പിടിച്ചു.
പക്ഷേ, ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ചര്‍ച്ചകളുടെ സ്വഭാവം എന്താണ്? ക്ഷീരമുള്ളോരകിടിന് ചുവട്ടിലും... എന്ന അവസ്ഥയല്ലേ? അപകടത്തില്‍പ്പെട്ട ഒരു വ്യക്തിയെ ആണായാലും പെണ്ണായാലും ഉടന്‍ എത്തി അവര്‍ക്ക് രക്ഷാകവചമായി മാറുക എന്നത് അഭിനന്ദനാര്‍ഹമാണ്. എംഎല്‍എ പി ടി തോമസിന് പടമുകളിലുള്ള ലാലിന്റെ വീട്ടില്‍ എത്താനും നടിയെ ആശ്വസിപ്പിക്കാനും സൌകര്യംകിട്ടി. നല്ലകാര്യം. ലാലിന്റെ വീട്ടില്‍വച്ചുതന്നെ എന്തോ മണക്കുന്നതായി തോന്നി എന്ന് എംഎല്‍എ. ഉടന്‍ വരുന്നു കമന്റ്- പൊലീസിന്റെ പിടിപ്പുകേടിന്റെ ഉത്തരവാദി സര്‍ക്കാരാണ്. ബുഹമാനപ്പെട്ട എംഎല്‍എ, അഞ്ചുവര്‍ഷം നിങ്ങള്‍ വഷളാക്കിയ പൊലീസിനെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൈയില്‍ കിട്ടിയിരിക്കുന്നത് എന്ന കാര്യം ഓര്‍ക്കാന്‍ ജിഷ സംഭവംമതി. 2016 നവംബര്‍ രണ്ടിന് രാത്രി ഏഴിന് പെരുമ്പാവൂര്‍ സ്റ്റേഷനിലേക്ക് ഒരുകൂട്ടം സ്ത്രീകളും അവര്‍ക്ക് സംരക്ഷകരായി ഒരുകൂട്ടം ചെറുപ്പക്കാരും വിദ്യാര്‍ഥികളും നടത്തിയ മാര്‍ച്ചിലൂടെയാണ് കേരളം ജിഷയെ അറിഞ്ഞത്. ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലെന്ന നിയമശാസനംപോലും ബോധപൂര്‍വം മറന്ന പൊലീസിന്റെ ബാക്കി ഇന്നത്തെ പൊലീസിലും കാണും. മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ മനുഷ്യാവശ്യം മനസ്സിലാക്കി പൊലീസ് മാറണം.
നടി ആക്രമിക്കപ്പെട്ടപ്പോള്‍, കേരളത്തിലെ ക്രമസമാധാനം ആകെ തകര്‍ന്നു എന്ന മട്ടില്‍ മാധ്യമചര്‍ച്ചയുടെ ഗതി തിരിച്ചുവിടുന്ന രാഷ്ട്രീയബുദ്ധി ചെറുതല്ല. യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് പലവിധത്തില്‍ പീഡിപ്പിക്കപ്പെട്ടത് ഇരുപത്തയ്യായിരത്തിലധികം സ്ത്രീകളാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍മാത്രം മോഡിയുടെ മൂക്കിനുതാഴെ ഡല്‍ഹിയില്‍ 140 സ്ത്രീകള്‍ ബാലത്സംഗത്തിന് ഇരയായി. മറ്റു പീഡനങ്ങള്‍ വേറെയും!
എന്താണ് ഇവിടെ നടക്കേണ്ട യഥാര്‍ഥ ചര്‍ച്ച. സ്ത്രീകള്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ അഭിപ്രായങ്ങള്‍ പറയുന്നത് പ്രഗത്ഭമതികളായ പുരുഷന്മാരാണ്. നാലോ അഞ്ചോ പുരുഷന്മാരുടെ കൂട്ടത്തില്‍ ഒരു വനിതയെക്കൂടി ക്ഷണിക്കും. ആ സ്ത്രീ ഉള്‍പ്പെടെയുള്ള സ്ത്രീസമൂഹത്തിന്റെ മാനസികവ്യാപാരങ്ങളെക്കുറിച്ച്, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ലിംഗവിഭാഗം ആകെ നേരിടുന്ന പ്രതിസന്ധിയുടെ ആഴത്തെക്കുറിച്ചുള്ള അഭിപ്രായമല്ല ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. അതിഭീകരമായ ഒരു അപകടത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ടികളുടെ ആഭ്യന്തരപ്രശ്നങ്ങളടക്കം എടുത്തുപറഞ്ഞുള്ള രാഷ്ട്രീയ അഭ്യാസമാണ് നടക്കുന്നത്.
കേരളംപോലെ വിദ്യാസമ്പന്നമായ സമൂഹത്തില്‍പ്പോലും എന്തുകൊണ്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇത്ര ഹീനമായ കടന്നാക്രമണം ഉണ്ടാകുന്നു. രതിവൈകൃതങ്ങളും ലൈംഗിക ക്രിമിനല്‍കുറ്റങ്ങളും ഇത്രയേറെ വര്ധിക്കുന്നവിധത്തില് കേരളീയമനസ്സ് എങ്ങനെ ഇത്ര അക്രമാസക്തമാകുന്നു? സ്ത്രീയെ ആക്രമിക്കുന്ന കാര്യത്തില്‍ ജാതി-മത-സാമുദായിക ഭേദമോ, വര്‍ഗ-വര്‍ണ വ്യത്യാസമോ ഇല്ല. ഏതു സ്ത്രീയും എപ്പോള്‍ എവിടെവച്ചും ആക്രമിക്കപ്പെടാം. അടച്ചുറപ്പുള്ള വീടും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല. റോഡും വാഹനവും തൊഴിലിടവും കടയും കമ്പോളവും കടല്‍ത്തീരവും മൈതാനവും അവള്ക്കിന്ന് പേടിസ്വപ്നമാണ്. പണ്ഡിതനും പാമരനും പുരോഹിതനും പൂജാരിയും സന്യാസിയും നിയമജ്ഞനും അച്ഛനും ആങ്ങളയും അമ്മാവനും
സ്ത്രീയെ ക്രൂരമായി കൈകാര്യംചെയ്യുന്നു എന്നത് നിഷേധിക്കാനാകുമോ? പതിനായിരക്കണക്കിന് ആത്മീയകേന്ദ്രങ്ങള്‍ സദാചാരം പഠിപ്പിച്ചിട്ടും എന്തുകൊണ്ട് സദാചാരലംഘനങ്ങള്‍ നടക്കുന്നു.
കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് കൂട്ടമായി വീടിന്റെ പുറംലോകത്തേക്കു വരുന്ന സ്ത്രീയെ ഭയപ്പെടുത്തി, കീഴ്പ്പെടുത്തി അവര്‍ വീട്ടിലിരുന്നാല്‍ മതിയെന്ന സന്ദേശം നല്കുകയാണോ? പരിശോധിക്കുകയും പഠിക്കുകയും ചെയ്യേണ്ട വിഷയമാണിത്. പിന്നെ നിയമം? സംരക്ഷണനിയമങ്ങള്‍ക്ക് പഞ്ഞമില്ല. പക്ഷേ, ഇരകള്‍ അകത്തും വേട്ടക്കാരന് പുറത്തും വിലസുന്ന വിരോധാഭാസം ബാക്കി. സ്ത്രീകള്‍ക്കുവേണ്ടിയുള്ള നിയമനിര്‍മാണങ്ങള്‍പോലും പുരുഷകേന്ദ്രീകൃതമാകുന്നു. സ്ത്രീപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊട്ടിപ്പുറപ്പെടുന്ന ചര്‍ച്ചകളുടെ കാര്യത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമാണ്. സഹപ്രവര്‍ത്തകയായ നടി മാനഹാനിക്ക് വിധേയയായിട്ടും കൃത്യം 36 മണിക്കൂറുകള്‍ക്കുശേഷമാണ് സിനിമാലോകം ഞെട്ടിത്തരിച്ച് വികാരഭരിതരായി രംഗത്തുവന്നത്. സന്ധ്യയിലെ പരിപാടിയെക്കുറിച്ചുള്ള ചോദ്യവും സന്ദര്ഭോചിതമായിമാത്രം സ്ത്രീകളോട് സഹതപിക്കലും ഒത്തുപോകില്ല. സാമ്പത്തികമായും സാമൂഹികമായും പിന്നില്നില്ക്കാത്ത നിരവധി സ്ത്രീകളും കുട്ടികളും ലൈംഗിക മനോവൈകൃതമുള്ളവരുടെ ആക്രമണത്തിന്റെ ഇരകളായി തീരുകയാണ്. തുടര്‍ന്ന് മരണംവരെ അവരുടെ മാനസികനില കത്തുന്ന മെഴുകുതിരിപോലെ ഉരുകിയൊഴുകുന്നു.
സംഭവങ്ങളുണ്ടാകുമ്പോള്‍ പ്രസ്താവന ഇറക്കുകയും വീണ്ടും സംഭവമുണ്ടാകാന്‍ കാത്തിരിക്കുകയും ചെയ്യുന്ന സ്ഥിതി മാറണം. ഇന്ത്യയിലെ, കേരളത്തിലെ ഒരുപാട് സ്ത്രീകള്‍ അവരുടെ കൂട്ടായ്മകളില്‍ സ്ത്രീകളുടെ ദുരവസ്ഥയുടെ സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക പശ്ചാത്തലങ്ങള്‍ നിരന്തരം വിശകലനംചെയ്യുന്നുണ്ട്. ആ കൂട്ടായ്മകള്‍ 1980കള്‍ മുതല്‍ നടത്തിയ നിരന്തരപോരാട്ടത്തിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്നത്തെ സ്ത്രീസംരക്ഷണ നിയമങ്ങള്‍. ഇപ്പോഴും നിയമത്തിന്റെ മൂക്കുംമൂലയും ഛേദിച്ച് വേട്ടക്കാരനെ രക്ഷിക്കാന്‍ നിയമലോകംതന്നെ നിലകൊള്ളുമ്പോള്‍ ഏതു സ്ത്രീക്കുവേണം സമൂഹത്തിന്റെ സഹതാപം! ഭരണകൂടവും സര്‍ക്കാരും നിയമലോകവും രാഷ്ട്രീയസമൂഹവും ആത്മീയലോകവും ഒരുമിച്ച് ആലോചിക്കുക. ചര്‍ച്ചചെയ്യുക











0 comments