Deshabhimani

മയ്യഴിയുടെ മുകുന്ദൻ, മലയാളത്തിന്റെ മുകുന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 05, 2024, 07:43 AM | 0 min read

ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ മയ്യഴി ഇപ്പോഴും കേരളത്തിന്റെ ഭാഗമല്ല. ഫ്രഞ്ച് ഭരണത്തിന്റെ അല്പം ചില അവശിഷ്ടങ്ങൾ ഒഴിച്ചാൽ ഭൂസ്ഥിതിയുടെയും ഭാഷയുടെയും സംസ്കാരത്തിന്റെയും ജീവിതരീതിയുടെയുമെല്ലാം കാര്യത്തിൽ കേരളം തന്നെയാണ് മയ്യഴി. ഭരണപരമായി മാത്രം വ്യത്യസ്തം. സാങ്കേതികമായി കേരളത്തിന്റെ ഭാഗമല്ലാത്ത ആ സ്ഥലം മലയാളികളുടെ മനസ്സിൽ കേരളത്തെക്കാൾ കേരളീയതയുള്ള നാടായി ഇടം നേടി. അതിനു കാരണം എം മുകുന്ദൻ എന്ന കഥാകാരനാണ്,  ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലാണ്

എം മുകുന്ദൻ എന്ന എഴുത്തുകാരന്റെ പേരിനൊപ്പം വായനക്കാരുടെ മനസ്സിലേക്ക് മയ്യഴിയും കടന്നുവരുന്നു. കേരളത്തിനുള്ളിൽ വടകരയ്ക്കും തലശേരിക്കുമിടയിൽ അറബിക്കടലിനോടു ചേർന്നുകിടക്കുന്ന ചെറിയ സ്ഥലമാണ് ഫ്രഞ്ച് കോളനിയായിരുന്ന മയ്യഴി. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷവും ജനങ്ങൾ ദീർഘകാലം ഉജ്വലസമരങ്ങൾ നടത്തിയിട്ടാണ് മയ്യഴിയിലെ ഫ്രഞ്ച് ഭരണം അവസാനിപ്പിച്ചത്. ആ സമരത്തെക്കുറിച്ച് എം മുകുന്ദൻ എഴുതിയ ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’ എന്ന നോവൽ പുറത്തുവന്നിട്ട് അര നൂറ്റാണ്ടാകുന്നു. അതിനു മുമ്പുതന്നെ ശ്രദ്ധിക്കപ്പെട്ടതും ചർച്ചചെയ്യപ്പെട്ടതുമായ നോവലുകളും ചെറുകഥകളും മുകുന്ദൻ എഴുതിയിരുന്നു. എങ്കിലും അദ്ദേഹത്തെ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കിയത് ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ആണ്.  കാലം കഴിയുന്നതോടെ ആ നോവലിനോടുള്ള വായനക്കാരുടെ പ്രിയം വർധിച്ചുകൊണ്ടിരിക്കുന്നു. എൺപതോളം പതിപ്പുകളിലായി മൂന്നു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ആ പുസ്തകം ഇപ്പോഴും പുതിയ വായനക്കാരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.

കേരളസംസ്ഥാനത്തിന്റെ ഭൂപരിധിക്കുള്ളിൽ മലയാളം പറയുന്നവരും കേരളീയരായി ജീവിക്കുന്നവരുമായ ഒരു പിടി മനുഷ്യരുടെ നാടാണ്‌ മയ്യഴി. ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ മയ്യഴി ഇപ്പോഴും കേരളത്തിന്റെ ഭാഗമല്ല. ഫ്രഞ്ച് ഭരണത്തിന്റെ അൽപ്പം ചില അവശിഷ്ടങ്ങൾ ഒഴിച്ചാൽ ഭൂസ്ഥിതിയുടെയും ഭാഷയുടെയും സംസ്കാരത്തിന്റെയും ജീവിതരീതിയുടെയുമെല്ലാം കാര്യത്തിൽ കേരളം തന്നെയാണ് മയ്യഴി. ഭരണപരമായിമാത്രം വ്യത്യസ്തം. സാങ്കേതികമായി കേരളത്തിന്റെ ഭാഗമല്ലാത്ത ആ സ്ഥലം മലയാളികളുടെ മനസ്സിൽ കേരളത്തേക്കാൾ കേരളീയതയുള്ള നാടായി ഇടം നേടി. അതിനു കാരണം എം മുകുന്ദൻ എന്ന കഥാകാരനാണ്,  ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലാണ്.

‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ കഥ നടക്കുന്ന സ്ഥലം എന്നതിനപ്പുറം രചനയിലാകെ പടർന്നു നിൽക്കുന്ന ഒരു അടിസ്ഥാനഘടകമായി മയ്യഴി എന്ന ദേശം മാറുന്നു. കഥാപാത്രങ്ങളായ ദാസനും ചന്ദ്രികയും കുറമ്പിയമ്മയും ഗസ്തോൻ സായ്‌വും കുഞ്ഞനന്തൻമാഷും ഗിരിജയും അച്ചുവും ഒന്നുമല്ല ആ നോവലിന്റെ പ്രാണകേന്ദ്രം. നോവലിന് അലൗകികമാനങ്ങൾ പകർന്ന വെള്ളിയാങ്കല്ലും അവിടെ ആത്മാക്കളായി പാറിപ്പറക്കുന്ന തുമ്പികളും അല്ല. അത് മയ്യഴി എന്ന ദേശമാണ്. നോവലിന്റെ ഓരോ സിരയിലും തുടിച്ചു നിൽക്കുന്ന മയ്യഴിത്തമാണ് നോവലിന്റെ പ്രാണകേന്ദ്രം. 

കഥകളിലൂടെയും നോവലുകളിലൂടെയും മലയാളികളുടെ മനസ്സിൽ അടയാളപ്പെട്ട വേറെയും ഇടങ്ങളുണ്ട്. ഖസാക്കായി അക്ഷരങ്ങളിൽ പുനർജനിച്ച പാലക്കാട്ടെ തസ്രാക്കും നിളാതീരത്തെ കൂടല്ലൂരുമൊക്കെ അങ്ങനെ സഹൃദയമനസ്സിൽ കയറിപ്പറ്റിയ നാടുകളാണ്. അത്തരത്തിൽ മലയാളത്തിലെ ശ്രേഷ്ഠരചനകളിലെ സ്ഥലമാനത്തിന് മാതൃകയായിത്തീർന്ന പ്രദേശങ്ങളിൽ ഏറ്റവും പ്രധാനപ്പട്ടതാണ് മയ്യഴി. യഥാർഥത്തിലുള്ള മയ്യഴി എന്ന പ്രദേശത്തേക്കാൾ എത്രയോ പ്രകാശം നിറഞ്ഞ  ചിത്രമാണ്‌ മുകുന്ദൻ വായനക്കാരുടെ മനസ്സിൽ വാക്കുകൾകൊണ്ട് വരച്ചിട്ട മയ്യഴി. കേവലം ഒരു സ്ഥലനാമം എന്നതിനപ്പുറം വലിയ വികാരലോകങ്ങളെ ഉണർത്തുന്ന അർഥവ്യാപ്തിയുള്ള ഒരു സാംസ്കാരിക സൂചകമായി വായനക്കാരുടെ മനസ്സിൽ മയ്യഴി മുദ്രിതമായിരിക്കുന്നു. 

നന്നെ ചെറുപ്പത്തിലേ എഴുത്തുകാരനാകാൻ ആഗ്രഹിക്കുകയും കഥകൾ എഴുതിത്തുടങ്ങുകയും ചെയ്തയാളാണ് എം മുകുന്ദൻ. 1942ൽ ജനിച്ച മണിയമ്പത്ത് മുകുന്ദന്റെ ബാല്യ കൗമാരങ്ങളിലായിരുന്നു മയ്യഴിയെ ഇളക്കിമറിച്ച വിമോചനപോരാട്ടങ്ങൾ നടന്നത്. കഥാകാരൻ കണ്ടും കേട്ടും അറിഞ്ഞ യാഥാർഥ്യങ്ങൾ. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷവും മയ്യഴി ഫ്രാൻസിന്റെ കോളനിയായി തുടർന്നു. അതിനെതിരെയുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും മയ്യഴിയെ ഇളക്കിമറിച്ചു. അതെല്ലാം കൗമാരക്കാരനായ മുകുന്ദന്റെ കൺമുമ്പിലാണ് നടന്നത്. അങ്ങനെയറിഞ്ഞ യാഥാർഥ്യങ്ങളിൽനിന്നും നിരന്തരം കേട്ടറിഞ്ഞ കാര്യങ്ങളിൽനിന്നുമാണ് അധിനിവേശത്തിനെതിരെയുള്ള സമരത്തിന്റെ സിരാസ്പന്ദങ്ങൾ മുഴങ്ങുന്ന ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എഴുതിയത്. അതെഴുതിയതിനെക്കുറിച്ച് മുകുന്ദൻ പറയുന്നു: “ബാല്യകാലം മുതലേ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ നോവൽ മനസ്സിലുണ്ടായിരുന്നു. കഥകളായും ഉപകഥകളായും സംഭാഷണങ്ങളായും വാങ്മയങ്ങളായും ആ നോവൽ എന്നോടൊപ്പം വളർന്നു... ഞാൻ കൗമാരക്കാരനായപ്പോൾ അതിന് കുറേക്കൂടി വ്യക്തത വന്നു... ആദ്യം അങ്ങനെ രൂപപ്പെട്ടു വന്ന മുഖം ദാസന്റേതായിരുന്നു. ‘ഭാരത് മാതാ കീ ജയ്’ വിളിച്ചുകൊണ്ട് നടന്നുവരുന്ന ഖദർധാരിയായ കറുത്തുമെലിഞ്ഞ കണാരന് മയ്യഴിഗാന്ധി ഐ കെ കുമാരൻമാസ്റ്ററുടെ മുഖം കൈവന്നു. നാളുകൾ കടന്നുപോകവേ കഥാപാത്രങ്ങൾ ഓരോരുത്തരായി സ്വയം വെളിപ്പെട്ടു. എനിക്കവരെ അന്വേഷിച്ച് എങ്ങും പോകേണ്ടതില്ലായിരുന്നു. എന്നാൽ, നോവലിലെ കേന്ദ്രകഥാപാത്രം അവരൊന്നുമായിരുന്നില്ല. അതു വെള്ളിയാങ്കല്ലായിരുന്നു... അങ്ങനെയങ്ങനെ കൗമാരപ്രായം കഴിഞ്ഞ് ഞാൻ യുവാവായി. ജീവിതമാർഗം അന്വേഷിച്ച് ഡൽഹിയിലെത്തി. അപ്പോഴേക്കും നോവൽ ഉള്ളിൽ പൂർണമായും രൂപം കൊണ്ടിരുന്നു. അതിന്റെ ത്രസിപ്പുകൾ ഞാൻ എന്റെ തലയ്ക്കുള്ളിൽ അറിയുന്നുണ്ടായിരുന്നു. എന്നിട്ടും എഴുത്തു തുടങ്ങാൻ കഴിഞ്ഞില്ല. എല്ലാത്തിനും ഒരു സമയമുണ്ട്. മഴ കാത്തുനിൽക്കുന്ന വേഴാമ്പലിനെപ്പോലെ ആ സമയം കാത്ത് ഞാനിരുന്നു. ശൈത്യത്തിൽ മരവിച്ച ഒരു ഡിസംബറിൽ, കമ്പിളിക്കുപ്പായം ഇട്ടിട്ടും തണുപ്പു മാറാത്ത ഒരു പാതിരാവിൽ ഞാൻ എന്റെ മഷിപ്പേനയെടുത്ത് എഴുതി: ‘പണ്ട്, അതായത് ദാസന്റെ പിറവിക്കു മുമ്പ്‌.’ വർഷങ്ങളായുള്ള കാത്തിരിപ്പിന് അങ്ങനെ അവസാനമായി. അപ്പോൾ എനിക്ക് ഇരുപത്തഞ്ച് വയസ്സായിരുന്നു.”

അങ്ങനെ എം മുകുന്ദൻ എന്ന എഴുത്തുകാരൻ 1967ൽ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവൽ എഴുതിത്തീർത്തു. അതിനകം മുകുന്ദന്റെ നിരവധി കഥകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എൻ വി കൃഷ്ണവാരിയർ നോവൽ വായിച്ചിട്ട്‌ നൽകിയ മറുപടി ‘നോവലിന്റെ പ്രമേയവും ഭാഷയും നന്നായിട്ടുണ്ട്. എങ്കിലും ആകെയൊന്ന് മാറ്റിയെഴുതണം’ എന്നായിരുന്നു. എൻ വിയുടെ വാക്കുകൾ കേട്ടപ്പോഴുണ്ടായ അവസ്ഥയെക്കുറിച്ച് മുകുന്ദൻ എഴുതി: “ ഹൃദയം തകർന്നു പോയി. ഇനിയും മാറ്റിയെഴുതാൻ എനിക്കു കഴിയില്ലായിരുന്നു. ഞാൻ മനസ്സാ ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’ ഉപേക്ഷിച്ചു. നാളുകൾ കടന്നുപോയി. എനിക്ക്‌  ഇരുപത്തേഴ് വയസ്സ് തികഞ്ഞു. വീണ്ടും അസ്ഥികൾ മരവിപ്പിക്കുന്ന തണുത്ത രാത്രി. എവിടെ നിന്നറിയില്ല എന്റെ മഷിപ്പേന വന്ന് എന്റെ കൈയിലിരുന്നു. ഞാൻ എഴുതാൻ തുടങ്ങി.”

ആ എഴുത്ത് രണ്ടു വർഷം നീണ്ടുനിന്നു. 1971ലെ ജനുവരി മാസത്തിലെ തണുത്ത പ്രഭാതത്തിൽ മുകുന്ദൻ  നോവലിലെ അവസാനവരികൾ എഴുതി. സമുദ്രത്തിൽ അങ്ങകലെ വലിയ കണ്ണുനീർത്തുള്ളിപോലെ കിടന്ന വെള്ളിയാങ്കല്ലിൽ ദാസന്റെ ആത്മാവ് ഒരു തുമ്പിയായി പാറിപ്പറക്കുന്ന ദൃശ്യമായിരുന്നു, നോവലിലെ അവസാനവാക്യം. അങ്ങനെ എം മുകുന്ദൻ മലയാളത്തിന്റെ ഹൃദയത്തിൽ ഇടം നേടിക്കൊടുത്ത ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ പുതിയ ജന്മമെടുത്തു. പിന്നെയും ചില മിനുക്കുപണികൾ നടന്നു. അത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. 1974ൽ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ പുസ്തകമായി പുറത്തുവന്നു.
സ്വാതന്ത്ര്യമായിരുന്നു ആ നോവലിന്റെ പ്രമേയം. മയ്യഴിയിലെ മണ്ണും മനുഷ്യരും പ്രകൃതിയും ജീവിതവുമായിരുന്നു അതിലെ കഥാപാത്രങ്ങളായി പകർന്നാടിയത്. നാടിന്റെ ചരിത്രത്തിലെ സമരോജ്വലമായ അനുഭവങ്ങൾ ആവിഷ്കരിച്ചപ്പോഴും പരമ്പരാഗതമായ ചരിത്രനോവലുകളിൽനിന്നു വ്യത്യസ്തമായിരുന്നു രചനാരീതിയിൽ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’. അതിനകം താൻ സ്വാംശീകരിച്ച ആധുനികതാപ്രസ്ഥാനത്തിന്റെ രചനാസംസ്കാരമുൾക്കൊണ്ട് വികസിപ്പിച്ചെടുത്ത ആഖ്യാനരീതിയിൽ മുകുന്ദൻ ആ നോവൽ എഴുതി. കഥാപാത്രങ്ങളിൽ ആ ഭാവുകത്വത്തിന്റെ നിഴൽ വീണിരുന്നു. അതിനകം ‘ആകാശത്തിനു ചുവട്ടിൽ’,‘ദൽഹി’, ‘ആവിലായിലെ സൂര്യോദയം’,‘ഈ ലോകം അതിലൊരു മനുഷ്യൻ’, ‘കൂട്ടം തെറ്റി മേയുന്നവർ’,‘ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ’ തുടങ്ങിയ മുകുന്ദന്റെ നോവലുകൾ പുറത്തുവന്നു. അതിനു മുമ്പ് പ്രസിദ്ധീകരിച്ച നോവലുകളെ അപേക്ഷിച്ച് ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ഏറെ വായിക്കപ്പെട്ടു. വായനക്കാരുടെ മനസ്സിലും മലയാള നോവലിന്റെ ചരിത്രത്തിലും മുദ്ര പതിപ്പിച്ച ആ നോവൽ അമ്പതുവർഷം കഴിഞ്ഞപ്പോഴും പുതുമയോടെ നിൽക്കുന്നു. പുതിയ തലമുറകളിലെ വായനക്കാരെ കാന്തശക്തിയോടെ ആകർഷിക്കുന്നു.

സ്വാതന്ത്ര്യമായിരുന്നു ആ നോവലിന്റെ പ്രമേയം. ഒരർഥത്തിൽ മുകുന്ദന്റെ എല്ലാ കൃതികളുടെയും പ്രമേയം സ്വാതന്ത്ര്യംതന്നെയാണ്. മയ്യഴിയിലെ മണ്ണും മനുഷ്യരും പ്രകൃതിയും ജീവിതവുമായിരുന്നു അതിലെ കഥാപാത്രങ്ങളായി പകർന്നാടിയത്. മയ്യഴിയിലെ മണ്ണിനും അവിടത്തെ മനുഷ്യർക്കും അക്ഷരങ്ങളിലൂടെ പ്രാണൻ നൽകി മുകുന്ദൻ അവതരിപ്പിച്ചപ്പോൾ മയ്യഴി എന്ന നാട് മലയാളത്തിലെ വായനക്കാരുടെ മനസ്സിൽ അനശ്വരമാകുകയായിരുന്നു. അതിനു മുമ്പും പിമ്പും മുകുന്ദൻ മയ്യഴി പശ്ചാത്തലമാക്കി നോവലുകളും കഥകളും എഴുതി. എന്നാൽ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സൃഷ്ടിച്ച പ്രഭാവം അവയ്ക്കൊന്നുമുണ്ടാക്കാൻ കഴിഞ്ഞില്ല.

എം മുകുന്ദൻ മയ്യഴിയിൽ ജീവിച്ചതിനേക്കാൾ എത്രയോ അധികം കാലം ഇന്ത്യയുടെ തലസ്ഥാനനഗരമായ ദൽഹിയിൽ ജീവിച്ചു. മഹാനഗരമായ ദൽഹിയിലെ ജീവിതവും മുകുന്ദന്റെ കഥകൾക്ക് അക്ഷയ ഖനിയായിത്തീർന്നു. ദൽഹിയിലെത്തി ആറേഴു വർഷം കഴിഞ്ഞപ്പോഴാണ് മുകുന്ദൻ ‘ദൽഹി’ എന്ന നോവൽ എഴുതിയത്. ഏകാകിയും അന്യവൽകൃതനുമായ ചിത്രകാരന്റെ കഥ. വാസ്തവത്തിൽ ദൽഹിയിൽ ജീവിച്ചുകൊണ്ട് അറിഞ്ഞ ഇന്ത്യൻ ജീവിതത്തെ അതിന്റെ വ്യാപ്തിയിലും വൈവിധ്യത്തിലും ആവിഷ്കരിക്കാൻ പിൽക്കാലത്താണ്‌ മുകുന്ദനു കഴിഞ്ഞത്. അങ്ങനെയെഴുതിയ കൃതികളിൽ ഇന്ത്യയിലെ അതിജീവിക്കാൻ പാടുപെടുന്ന സാധാരണക്കാർ അനുഭവിക്കുന്ന ആന്തരിക വിക്ഷോഭങ്ങളെയും അത് സമൂഹത്തിൽ ഉളവാക്കാനിടയുള്ള പ്രകമ്പനങ്ങളെയും പ്രവചനശേഷിയോടെ മുകുന്ദൻ ആവിഷ്കരിച്ചു. അവയിൽ ഏറ്റവും പ്രമുഖം‘ദൽഹി- 1981’ എന്ന ചെറുകഥയും ‘ദൽഹിഗാഥകൾ’ എന്ന നോവലുമാണ്. 

ദൽഹിനഗരം തന്റെ എഴുത്തിനെ മാറ്റിമറിച്ചതിനെപ്പറ്റി മുകുന്ദൻ എഴുതി: “ദൽഹിയിൽ താമസം തുടങ്ങിയതോടെ എന്റെ ജീവിതപരിസരങ്ങൾ  ആകെ തകിടം മറിഞ്ഞു. ഒരുപാട് പുതിയ കാഴ്ചകൾ എന്റെ മുന്നിൽ പൊട്ടിവിടർന്നു. നിരവധി പുതിയ അനുഭവങ്ങൾ എന്റെ നേരെ കുതിച്ചെത്തി. വിസ്മയങ്ങളും അമ്പരപ്പുകളും ആഹ്ലാദങ്ങളും മാത്രമല്ല, ഉൽക്കണ്ഠകളും ആധികളും സമരമുഖങ്ങളും അനുഭവങ്ങളുടെ ഭാഗമായി മാറി. ഉള്ളിൽ ഞാനും പരിണാമം കൊള്ളുകയായിരുന്നു. മയ്യഴിയിൽ അലസനായി നടന്ന കൗമാരക്കാരന്റെ നിഷ്കളങ്കമായ ജീവിതസങ്കൽപ്പങ്ങളും പ്രതീക്ഷകളും വഞ്ചിക്കപ്പെട്ടു. ആ മാറ്റം പതുക്കെ എന്റെ കഥകളിലും മുഖം കാണിച്ചു തുടങ്ങി. ‘ആപ്പീസ്’ പോലുള്ള സാധാരണപ്രമേയങ്ങളിൽനിന്ന് ‘രാധ രാധ മാത്രം’ പോലുള്ള ആധികളുടെയും ഒറ്റപ്പെടലിന്റെയും പ്രമേയങ്ങളിലേക്ക് ഞാൻ കടന്നുചെന്നു. എന്നെത്തന്നെ ആന്തരികമായി താറുമാറാക്കിയതായിരുന്നു ഈ പരിണാമം.”

എം മുകുന്ദന്റെ ഏറ്റവും മികച്ച നോവലായ ‘ദൽഹിഗാഥകളിൽ’ തലസ്ഥാനമായ ദൽഹി എന്ന മഹാനഗരത്തെ കേന്ദ്രീകരിച്ച് 1960കളുടെ തുടക്കംമുതൽ നാലുപതിറ്റാണ്ടോളമുള്ള ഇന്ത്യൻ ജീവിതത്തിന്റെ ചരിത്രാനുഭവമാണുള്ളത്. ഒരു മലയാളി യുവാവ് തൊഴിൽ തേടി ദൽഹി എന്ന മഹാനഗരത്തിലെത്തുന്നു. ചിതറിയ ചിത്രങ്ങളായി അവൻ കാണുകയും അറിയുകയും ചെയ്ത  ചരിത്രാനുഭവങ്ങളുടെ ആഖ്യാനരൂപമാണത്. ജനാധിപത്യത്തിന്റെ ഉന്നതമായ ആസ്ഥാനമന്ദിരങ്ങളും ഭരണകർത്താക്കളും ഉന്നതോദ്യോഗസ്ഥരും ധനികപ്രമാണിമാരും മാത്രമല്ല, കവികളും ചിത്രകാരന്മാരും ശിപായിമാരും തൂപ്പുകാരും തെരുവുജീവികളുമെല്ലാം അടങ്ങുന്ന മനുഷ്യസഞ്ചയത്തെ നോവലിന്റെ കേന്ദ്രസ്ഥാനത്തേക്ക് മുകുന്ദൻ ആനയിക്കുന്നു. എല്ലാ അധികാര കേന്ദ്രങ്ങളെയും ഞെട്ടിച്ചുകൊണ്ട് ഭരണകേന്ദ്രങ്ങളിലേക്ക് പട്ടിണിക്കാരായ തെരുവുമനുഷ്യർ ഇരമ്പിക്കയറുന്ന ഭ്രമാത്മകദൃശ്യത്തിൽ അവസാനിക്കുന്ന ആ നോവൽ ഇന്ത്യൻ യാഥാർഥ്യത്തെ അതിന്റെ നിശിതസ്വരൂപത്തിൽ അവതരിപ്പിക്കുന്നു. 

ജനിച്ചുവളർന്ന സ്വന്തം പ്രദേശത്തെ കേന്ദ്രീകരിച്ചും പിന്നീട് ദീർഘകാലം തൊഴിലെടുത്ത് ജീവിച്ച രാജ്യതലസ്ഥാനമായ മഹാനഗരത്തെ മുൻനിർത്തിയുമാണ് മുകുന്ദൻ തന്റെ പ്രധാനകൃതികൾ രചിച്ചത്.  അവയിലൂടെ സൂക്ഷ്മദർശിയായ കഥാകൃത്ത് കണ്ടത് ജീവിതത്തിന്റെ വേദനകളും സങ്കീർണതകളുമാണ്. അതിജീവിക്കാൻ വ്യഗ്രതപ്പെടുന്ന സാധാരണക്കാരായ മനുഷ്യരുടെ വലിയ ആകുലതകളും കൊച്ചുകൊച്ചു സന്തോഷങ്ങളും കലർന്ന ജീവിതത്തിന്റെ സത്യങ്ങൾ കഥകളായി പകർന്നുതന്നു. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യരുടെ ആകുലതകളായിരുന്നു അതിന്റെ പ്രാണസാരം. എന്തെഴുതിയാലും, എത്ര സാധാരണമായ കാര്യമായാലും മുകുന്ദന്റെ പേനക്കണ്ണിലൂടെ കടന്നുവരുമ്പോൾ അത് അസാധാരണവും പുതുമയുള്ളതുമായിത്തീരുന്നു. വാക്കിനോട് വാക്ക് കൂട്ടിച്ചേർക്കുമ്പോൾ മുകുന്ദൻ രചനാസ്വാതന്ത്ര്യത്തിന്റെ ആകാശത്ത് പുതിയ നക്ഷത്രങ്ങൾ വിടർത്തി. മുകുന്ദന്റെ കൃതികൾ വായിക്കുന്നവർ ഹൃദ്യമായ ആഖ്യാനരീതികൊണ്ട് ആ മായികലോകത്തിന്റെ ഭാഗമായിത്തീരുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്ന ആത്മകഥാപരമായ പുതിയ കൃതിയിൽപ്പോലും രചനാമാന്ത്രികതയുടെ ഹൃദയസ്പന്ദമാണ് മുഴങ്ങിക്കേൾക്കുന്നത്.

മലയാളകഥാസാഹിത്യത്തിലെ സമാനതകളില്ലാത്ത  പ്രതിഭാസമായ എം മുകുന്ദൻ എന്നും യൗവനത്തിലാണ്. എഴുത്തിലെ പുതുമയും സമൃദ്ധിയുംകൊണ്ട് വായനക്കാരെ നിരന്തരം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനിൽനിന്ന് കൂടുതൽ രചനാവിസ്മയങ്ങൾ മലയാളം കാത്തിരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home