Deshabhimani

വീണ്ടും ട്രംപ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 10:42 PM | 0 min read

 

കമാൽ റഹ്‌മാൻ മിഷിഗൺ സംസ്ഥാനത്തെ ഡെട്രോയിറ്റിനു സമീപമുള്ള ഹാംട്രാംക് എന്ന പട്ടണത്തിന്റെ മേയറായി ഡെമോക്രാറ്റിക്‌ പാർടിയുടെ സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ളയാളാണ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം ബൈഡനു തന്നെയാണ് വോട്ടുചെയ്തതും. പക്ഷേ ഇത്തവണ ഇസ്‌ലാം മതവിശ്വാസിയായ കമാൽ റഹ്‌മാൻ വോട്ടുചെയ്തത് കമല ഹാരിസിനല്ല, റിപ്പബ്ലിക്കൻ പാർടിക്കാരനായ ഡോണൾഡ് ട്രംപിനാണ്‌. ട്രംപിന്റെ നയങ്ങളാണ് അമേരിക്കയിലെ ന്യൂനപക്ഷങ്ങൾക്ക് ഗുണകരമെന്നാണ്   കമാൽ അഭിപ്രായപ്പെടുന്നത്. ഇത്തരം ഒരു മാറ്റം അമേരിക്കയിലെ കറുത്തവംശജരുടെയും ഹിസ്പാനിക്കുകളുടെയും  മുസ്ലിം ന്യൂനപക്ഷങ്ങളുടെയിടയിലും ഉണ്ടായതിന്റെ തെളിവാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയം. ജനവിധി, ട്രംപിന് അനുകൂലമായതോടെ യുഎസ് പ്രസിഡന്റാകുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായും തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയായും ട്രംപ് മാറി. ഒഹായോ സെനറ്റർ ജെ ഡി വാൻസ്‌  അമേരിക്കൻ വൈസ് പ്രസിഡന്റാകും. അദ്ദേഹത്തിന്റെ ഭാര്യ ഉഷ ചിലുക്കുറി ഇന്ത്യൻ വംശജയാണ്.

ഈ വർഷം  എഴുപതോളം രാജ്യങ്ങളിൽ തെരഞ്ഞെടുപ്പു നടന്നു. ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിൽ എന്നുവിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടൻ,  ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ, ഫ്രാൻസ് എന്നിവയിലെ തെരഞ്ഞെടുപ്പുകൾക്കുശേഷം നടന്നതാണ് ലോകത്തിലെ പഴക്കം ചെന്ന ജനാധിപത്യരാജ്യമായ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഈ വർഷം ലോകത്തുനടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും, ഒന്നുകിൽ അവിടുത്തെ ഭരണകക്ഷി പരാജയപ്പെടുകയോ, അല്ലെങ്കിൽ  കുറഞ്ഞ സീറ്റുകളോടുകൂടിമാത്രം അധികാരത്തിലെത്തുകയോ ചെയ്യുകയായിരുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പും അതിന്‌ അപവാദമായില്ല. ലോകത്തെ മറ്റ് രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുപോലെയല്ല അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രത്യേകിച്ചും ഇപ്പോഴത്തെ തെരഞ്ഞെടുപ്പു വിധി ലോകമാകെ അതീവ ഉൽക്കണ്ഠയോടെയാണ് നോക്കിയിരുന്നത്.

മറ്റുചില കാരണങ്ങൾ കൊണ്ടുകൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പ് ലോകം വലിയ ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് നോക്കിയിരുന്നത്. ആകാംക്ഷയുടെ കാരണം ഡോണൾഡ് ട്രംപിന്റെ സ്ഥാനാർഥിത്വം തന്നെയായിരുന്നു. തീവ്രദേശീയതയും കുടിയേറ്റ വിരുദ്ധതയും അന്തർദേശീയവിഷയങ്ങളിലുള്ള വിചിത്ര നിലപാടുകളും പ്രവചനാതീതമായ പെരുമാറ്റ രീതികളുമാണ് ട്രംപിന്റെ സ്ഥാനാർഥിത്വത്തെ ലോകം നെഞ്ചിടിപ്പോടെ ശ്രദ്ധിക്കാൻ കാരണം. കൗതുകത്തോടെ നോക്കാൻ മറ്റൊരു കാരണം, വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സ്ഥാനാർഥിത്വമാണ്.  ഇന്ത്യൻ–ആഫ്രിക്കൻ വംശജകൂടിയാണ് കമലയെന്ന പ്രത്യേകതയും തെരഞ്ഞെടുപ്പിനെ കൗതുകമുള്ളതാക്കി. ട്രംപിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകുമായിരുന്നു കമല.


 

മുപ്പത്തിമൂന്നരക്കോടി ജനങ്ങളുള്ള അമേരിക്കയിൽ ഇരുപത്തിനാലരക്കോടിയാണ് വോട്ടർമാർ. എന്നാൽ വോട്ടുചെയ്യാൻ രജിസ്റ്റർ ചെയ്തവർ ആകെ ജനസംഖ്യയുടെ പകുതിമാത്രം വരുന്ന  പതിനാറുകോടി മാത്രം. അമേരിക്കയിൽ വോട്ടവകാശം ഉള്ളതുകൊണ്ടുമാത്രം തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാകില്ല. വോട്ടു ചെയ്യണമെങ്കിൽ  വീണ്ടും രജിസ്റ്റർ ചെയ്യണം. 24.4കോടി വോട്ടർമാർ അമേരിക്കയിലുണ്ടെങ്കിലും 16.4 കോടിപ്പേർക്കുമാത്രം വോട്ടു രേഖപ്പെടുത്താൻ കഴിയുന്നത്, അത്രയുംപേർ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളു എന്നതിനാലാണ്. രജിസ്റ്റർ ചെയ്യാത്തവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നതും ഓർക്കണം. ഒരുതരത്തിൽ അരികുവൽക്കരിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പു പ്രക്രിയയിൽനിന്നും ഒഴിവാക്കാനുള്ള ഒരു അമേരിക്കൻ ‘തെരഞ്ഞെടുപ്പ്' തന്ത്രമാണ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം അമേരിക്കൻ പാർലമെന്റിന്റെ അധോസഭയായ 435 അംഗങ്ങളുള്ള ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലേക്കും ഉപരിസഭയായ സെനറ്റിലെ 34 സീറ്റിലേക്കും, 11 സംസ്ഥാനങ്ങളിലെ ഗവർണർമാരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും നടന്നിരുന്നു. 34 സീറ്റുകളിലേക്കു നടന്ന സെനറ്റ് തെരഞ്ഞെടുപ്പിലൂടെ നാലുവർഷത്തിനുശേഷം റിപ്പബ്ലിക്കൻ പാർടിക്ക്‌ ഭൂരിപക്ഷം കിട്ടി. അതും ഭരണകാര്യങ്ങളിൽ ട്രംപിന് ഗുണകരമാകും. അമേരിക്കൻ പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലും റിപ്പബ്ലിക്കൻ പാർടി  മുന്നിൽ നിൽക്കുന്നതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കിൽ, ട്രംപിന്റെ സമ്പൂർണ ആധിപത്യത്തിലാകും അമേരിക്കൻ ഭരണം.

ഇത്തവണ, തെരഞ്ഞെടുപ്പു തീയതിയായ നവംബർ 5ന് മുമ്പുതന്നെ എട്ടുകോടിപ്പേർ, (ആകെ വോട്ടർമാരുടെ അമ്പതുശതമാനം വോട്ടർമാർ) സമ്മതിദാനാവകാശം രേഖപ്പെടുത്തി. സാധാരണഗതിയിൽ, ഡെമോക്രാറ്റുകളാണ് നേരത്തെതന്നെ വോട്ടുചെയ്യുന്നതെങ്കിൽ, ഇത്തവണ റിപ്പബ്ലിക്കൻ അനുഭാവികൾ നേരത്തെ വോട്ടുചെയ്യണമെന്ന് ട്രംപുതന്നെ ആഹ്വാനംചെയ്തു. അദ്ദേഹത്തിന്റെ ആ നീക്കം വിജയിച്ചുവെന്നാണ് തെരഞ്ഞെടുപ്പുഫലം നൽകുന്ന സൂചന.

 

ട്രംപിനെ സഹായിച്ച ഘടകങ്ങൾ  
അമേരിക്കൻ സാമ്പത്തികരംഗം, കുടിയേറ്റം, ഗർഭച്ഛിദ്രം, റഷ്യ –ഉക്രയ്ൻ യുദ്ധം, ഇസ്രയേലിന്റെ  പലസ്തീൻ അധിനിവേശം എന്നിവയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. തെരഞ്ഞെടുപ്പിലെ സുപ്രധാനവിഷയം അമേരിക്കൻ ജനത നേരിടുന്ന  വിലക്കയറ്റവും തൊഴിലില്ലായ്മയും തന്നെയായിരുന്നു. ബൈഡൻ ഭരണകൂടത്തിന്റെ സാമ്പത്തികരംഗത്തെ  പരാജയം, വൈസ് പ്രസിഡന്റായ  കമലയ്‌ക്കെതിരാകുകയായിരുന്നു. സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ കൃത്യമായ ഒരു നയം അവതരിപ്പിക്കാൻ കമലയ്ക്കായതുമില്ല. മധ്യവർഗംമുതൽ താഴോട്ടുള്ള എല്ലാ ജനവിഭാഗങ്ങളെയും  ഗുരുതരമായി ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധി ട്രംപിന് അനുകൂലമായിമാറിയെന്ന്  ചാഞ്ചാട്ട  സംസ്ഥാനങ്ങളിലെ അദ്ദേഹത്തിന്റെ വിജയം തെളിയിക്കുന്നു.

കുടിയേറ്റ വിഷയത്തിലും ജനങ്ങളിൽ സൃഷ്ടിക്കപ്പെട്ട ആശങ്കകളെ ട്രംപിന് ചൂഷണം ചെയ്യാൻ കഴിഞ്ഞുവെന്നതിന്റെ സൂചനകളാണ്, പതിവായി ഡെമോക്രാറ്റിക് പാർടിക്ക് വോട്ടുചെയ്യുന്ന കുടിയേറ്റ വിഭാഗങ്ങളായ (അമേരിക്ക മുഴുവൻ കുടിയേറ്റ ജനതയാണെന്ന കാര്യം മറക്കരുത്) ആഫ്രിക്കൻ –അമേരിക്കക്കാരും ഹിസ്‌പാനിക്കുകൾ എന്നറിയപ്പെടുന്ന ലാറ്റിൻ അമേരിക്കൻ വിഭാഗങ്ങളും ഇന്ത്യൻ വോട്ടർമാർപോലും ഈ തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി മാറിയത്. വംശീയതയോളമെത്തുന്ന നിലപാടാണ് ട്രംപ് ഈ വിഷയത്തിൽ സ്വീകരിച്ചതെങ്കിലും, അദ്ദേഹത്തിന്റെ കർശനമായ കുടിയേറ്റ വിരുദ്ധ നിലപാടുമൂലം കൂടുതൽ കുടിയേറ്റം ഉണ്ടായില്ലെങ്കിൽ അത് നിലവിലുള്ള കുടിയേറ്റക്കാർക്ക് നല്ലതാണെന്ന ചിന്ത, ട്രംപിനെ അനുകൂലിക്കാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്.

ഇസ്രയേലിന്റെ  പലസ്തീൻ അധിനിവേശത്തി ൽ, ഇസ്രയേലിന് പരിപൂർണ പിന്തുണ നൽകിയ നടപടി അറബ്– അമേരിക്കക്കാർ എന്നറിയപ്പെടുന്ന മുസ്ലിം ജനവിഭാഗങ്ങളെയും കമലയിൽനിന്നുമകറ്റി. ഇസ്രയേൽ, ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്ക്‌ ബൈഡൻ ഭരണകൂടംകൂടി ഉത്തരവാദികളാണെന്നാണ്, പരമ്പരാഗതമായി ഡെമോക്രാറ്റുകൾക്ക് വോട്ടു ചെയ്തിരുന്ന മുസ്ലിം ജനവിഭാഗത്തിന്റെ വിലയിരുത്തൽ. അറബ്–അമേരിക്കൻ വംശജർ നിർണായകമായ  മിഷിഗൻ സംസ്ഥാനത്തെ  തെരഞ്ഞെടുപ്പിലുള്ള ട്രംപിന്റെ വിജയം അതാണ് സൂചിപ്പിക്കുന്നത്.

സാമ്പത്തികരംഗത്തെ പരാജയം അതിജീവിക്കാനാണ് കമല ഗർഭഛിദ്ര വിഷയം മുഖ്യതെരഞ്ഞെടുപ്പു മുദ്രാവാക്യമായി ഉയർത്തിയത്. അതിന് പൊതുസമൂഹത്തിൽ സ്വീകാര്യത ലഭിച്ചെങ്കിലും അവയെല്ലാം കമലയ്ക്ക് അനുകൂലമായ വോട്ടായി മാറിയില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്. 2016ലും 2020ലും ട്രംപിന് വോട്ടുചെയ്ത വെള്ളക്കാരായ വനിതകൾ (അവർ ആകെ വോട്ടർമാരുടെ മുപ്പതു ശതമാനമുണ്ട്) ഗർഭഛിദ്രവിഷയത്തിൽ കമലയെ അനുകൂലിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പുഫലം വ്യത്യസ്തമാകുമായിരുന്നു. പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ നിയാൽ ഫെർഗുസൺ കഴിഞ്ഞ ദിവസം പറഞ്ഞത്, “സ്ത്രീകൾ കാര്യമായി വോട്ടുചെയ്താൽ കമല വിജയിക്കും, വെള്ളക്കാരായ ആണുങ്ങൾ കൂട്ടത്തോടെ ട്രംപിന് വോട്ടുചെയ്താൽ അദ്ദേഹം വിജയിക്കും” എന്നാണ്. ബൈഡൻ മത്സരിച്ചപ്പോൾ ഇന്ത്യൻ അമേരിക്കക്കാരുടെ എൺപതുശതമാനം  അദ്ദേഹത്തെ പിന്തുണച്ചപ്പോൾ, ഇത്തവണ ഇന്ത്യൻവംശജയായിട്ടുകൂടി കമലയ്‌ക്ക്  അറുപതുശതമാനത്തിന്റെ പിന്തുണ മാത്രമാണ് ലഭിച്ചത്.

ട്രംപിനെ പിന്തുണച്ചതിലൂടെ ജീവിതച്ചെലവു കുറയ്ക്കും, കുടിയേറ്റവിഭാഗങ്ങളുടെയുൾപ്പെടെ എല്ലാവിഭാഗം ജനങ്ങളുടെയും സ്വാതന്ത്ര്യവും (ഗർഭഛിദ്രമുൾപ്പെടെ) സുരക്ഷയും ഉറപ്പുവരുത്തും, അമേരിക്കയുടെ ആഗോള നേതൃത്വം ഉറപ്പാക്കും എന്നൊക്കെയുള്ള കമലയുടെ വാഗ്ദാനങ്ങൾ ജനങ്ങൾ തള്ളിക്കളയുകയായിരുന്നു.
വിസ്കോൺസിനിൽ ജയിച്ചാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് ട്രംപ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പിൽ 10 ഇലക്ടറൽ കോളേജ് വോട്ടുകളുള്ള  വിസ്കോൺസിനിന്റെ പ്രാധാന്യം അറിയാവുന്നതുകൊണ്ടാണ് റിപ്പബ്ലിക്കൻ പാർടിയുടെ ദേശീയ കൺവൻഷൻ അവിടെവച്ചു   നടത്തിയത്. 1988 മുതൽ ഡെമോക്രാറ്റിക് പാർടി ജയിച്ചുകൊണ്ടിരുന്ന വിസ്കോൺസിനിൽ 2016ലെ തെരഞ്ഞെടുപ്പിൽ ട്രംപിന് അവിടെ ഭൂരിപക്ഷം കിട്ടിയിരുന്നു. 2020ൽ ബൈഡനിലൂടെ ഡെമോക്രാറ്റിക്‌ പാർടി വിസ്കോൺസിനിൽ ജയിച്ചപ്പോൾ ബൈഡൻ വിജയിക്കുകയും, ട്രംപ് പരാജയപ്പെടുകയും ചെയ്തു. അടുത്ത പ്രസിഡന്റിനെ നിശ്ചയിക്കുമെന്നു കരുതിയിരുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങൾ മുഴുവൻ ജയിച്ചു കൊണ്ടാണ് ട്രംപിന്റെ വരവ്.

ട്രംപ് ജയിച്ച ഈ തെരഞ്ഞെടുപ്പിൽ യഥാർഥത്തിൽ വിജയിച്ചത് വംശീയതകൂടിയാണ്. അത് വരും നാളുകളിൽ അമേരിക്കയ്ക്ക് മാത്രമല്ല ലോക രാഷ്ട്രീയത്തിൽത്തന്നെ ആപൽക്കരമായ ആ പ്രവണതയെ ശക്തമാക്കും. വനിതയെ പ്രസിഡന്റാക്കാനുള്ള  അവസരം ഒരിക്കൽക്കൂടി  അമേരിക്കൻ ജനത പാഴാക്കി. നിലനിൽക്കുന്ന പുരുഷമേധാവിത്വ ചിന്തകൾ അതിനെ സഹായിച്ചിട്ടുണ്ടെന്ന നിഗമനങ്ങളും ശക്തമാണ്. എന്തായാലും തെരഞ്ഞെടുപ്പു വിജയം സ്വയം പ്രഖ്യാപിച്ചപ്പോൾ ട്രംപ് വാഗ്ദാനം ചെയ്ത സുവർണയുഗമല്ല അമേരിക്കയിലും ലോകത്തും വരാൻപോകുന്നത്. ട്രംപ് പ്രസിഡന്റായി വരുന്നതിലൂടെ അമേരിക്കയും ലോകവും കൂടുതൽ ആശങ്കയുള്ള നാളുകളിലേക്കാണ് പ്രവേശിക്കുന്നത്.

(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ്‌ വിഭാഗം മുൻമേധാവിയാണ്‌ ലേഖകൻ)



deshabhimani section

Related News

0 comments
Sort by

Home