11 July Saturday

പുതിയ ഭരണസംസ്കാരം - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday May 29, 2020നാടിന് അഭിമാനകരമായ നേട്ടം നാലുവർഷം നൽകി എൽഡിഎഫ് സർക്കാർ അഞ്ചാംവർഷത്തേക്ക്‌ കടക്കുകയാണ്. അടുത്ത പ്രാദേശിക–-നിയമസഭാ തെരഞ്ഞെടുപ്പുകളെന്നപോലെ ഇനിയുള്ള ഒരു വർഷം പ്രധാനമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെയും പൊതുവിൽ എൽഡിഎഫിന്റെയും വിശിഷ്യാ സിപിഐ എമ്മിന്റെയും പ്രവർത്തനങ്ങളും ഇടപെടലുകളും നിലപാടുകളും അതീവ ജാഗ്രതാപൂർണമാകണം. കാരണം, പിണറായി വിജയൻ നയിക്കുന്ന സർക്കാർ ഇന്ത്യയിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഏക സംസ്ഥാന ഭരണമാണ്. കോവിഡ് –-19ന്റെ ലോകസാഹചര്യത്തിൽ കേരളത്തെ ഒരു പ്രത്യേക രാജ്യമെന്നപോലെ പരിഗണിച്ചാണ്‌ ലോകമാധ്യമങ്ങളും വിദഗ്ധരും വിലയിരുത്തുന്നത്. ഇപ്രകാരം ലഭിച്ചിട്ടുള്ള യശസ്സുള്ളപ്പോൾത്തന്നെ ലോകത്ത് ‘കമ്യൂണിസ്റ്റ് വിരുദ്ധത'യുടെ ഇടംകോലിടൽ ശക്തി ഇപ്പോഴും പ്രബലമാണ്. അത് മനസ്സിലാക്കി ജനങ്ങളെ കൂടെനിർത്തി നമ്മൾ മുന്നോട്ടുപോകണം.

പുതിയൊരു ഭരണസംസ്കാരം പ്രദാനം ചെയ്തുഎന്നതാണ് നാലു വർഷം പിന്നിട്ട എൽഡിഎഫ് സർക്കാർ നാടിനു നൽകിയ ഏറ്റവും പ്രധാനപ്പെട്ട നേട്ടവും സംഭാവനയും. ഇക്കാര്യത്തിൽ നാലു ഘടകമുണ്ട്. ഒന്ന് –- രാഷ്‌ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും ഏറെക്കുറെ ഒഴിവാക്കി സംസ്ഥാനത്ത് സമാധാന അന്തരീക്ഷം സൃഷ്ടിച്ചുവെന്നതാണ് നേട്ടം. എൽഡിഎഫ് സർക്കാരുകൾ ഉള്ളപ്പോഴെല്ലാം ക്രമസമാധാനത്തെയും പ്രത്യേകിച്ച് രാഷ്ട്രീയ സംഘട്ടനങ്ങളെയും കൊലപാതകങ്ങളെയും മറയാക്കി എൽഡിഎഫ് ഭരണത്തെ കുറ്റപ്പെടുത്താൻ വിരുദ്ധ രാഷ്ട്രീയക്കാർ ശ്രമിച്ചിട്ടുണ്ട്. ‘മാർക്‌സിസ്റ്റുകാർ അധികാരത്തിൽ വന്നു, മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും രക്ഷയില്ല' എന്ന മുദ്രാവാക്യംവരെ ഒരു ഘട്ടത്തിൽ ഉയർത്തിയിട്ടുണ്ട്.


 

പിണറായി സർക്കാർ അധികാരത്തിൽ തുടരുന്നതിനിടെ സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ ആർഎസ്എസ് –  ബിജെപി ആക്രമണങ്ങളെ തുടർന്ന് ആർഎസ്എസ് –- സിപിഐ എം സംഘട്ടനങ്ങളുണ്ടായി. മോഡി ഭരണത്തണലിൽ ഇതിനെയൊരു ദേശീയ വിഷയമാക്കി എൽഡിഎഫിനെ ഒറ്റപ്പെടുത്താൻ നുണപ്രചാരണവും അക്രമാസക്ത ക്യാമ്പയിനും സംഘപരിവാർ നടത്തി. അതിന് യുഡിഎഫിന്റെ കൂട്ടുംകിട്ടി. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം നേതൃത്വവും ഇക്കാര്യത്തിൽ ക്രിയാത്മക ഇടപെടലും നടപടിയും സ്വീകരിച്ചു. സർവകക്ഷി യോഗത്തിനു പുറമെ സമാധാനജീവിതം ഭംഗപ്പെടുത്തുന്ന ഒന്നും ഉണ്ടാകരുതെന്ന ഉറച്ചബോധത്തോടെ ആർഎസ്എസ് –- ബിജെപി നേതൃത്വവും സിപിഐ എം  നേതാക്കളും തമ്മിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉഭയകക്ഷി ചർച്ചയും നടത്തി. ഇതിന്റെയെല്ലാം ഫലമായി ദീർഘകാലമായി തുടർന്നുവന്ന അക്രമരാഷ്ട്രീയം ഒരു പരിധിവരെ ഇല്ലാതാക്കാൻ കഴിഞ്ഞു.

കോൺഗ്രസും മുസ്ലിംലീഗും ഒരുഭാഗത്തും സിപിഐ എമ്മും എൽഡിഎഫിലെ മറ്റു ചില കക്ഷികൾ മറുഭാഗത്തുമായി സംഘട്ടനങ്ങളും കൊലപാതകങ്ങളും കാസർകോട്‌, മട്ടന്നൂർ, മലപ്പുറം പ്രദേശങ്ങളിലൊക്കെയുണ്ടായി. എന്നാൽ, രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളിപ്പറയുന്ന നിലപാട് സിപിഐ എം സ്വീകരിച്ചു. സിപിഐ എം  പ്രവർത്തകരുടെ ആദ്യ ഇടപെടൽ കാരണം ഒരു സ്ഥലത്തും അക്രമസംഭവവും കൊലപാതകവും ഉണ്ടാകാൻ പാടില്ലായെന്ന നയം സിപിഐ എം പരസ്യമായി പ്രഖ്യാപിച്ചു. സർവകക്ഷി സമ്മേളനവും ഉഭയകക്ഷി ചർച്ചയും വഴി ഇതിനെല്ലാം പരിഹാരമുണ്ടാക്കി. രാഷ്ട്രീയത്തർക്കങ്ങൾ തല്ലിത്തീർക്കേണ്ടതല്ലെന്നും കൊലയ്ക്കുകൊല എന്നത് രാഷ്ട്രീയ മുദ്രാവാക്യം ആകരുതെന്നുമുള്ള പുതിയൊരു രാഷ്ട്രീയബോധം കേരളത്തിൽ വേരുപിടിപ്പിക്കാൻ കഴിഞ്ഞു. അങ്ങനെ ഏറെക്കുറെ ചോരക്കളിയില്ലാത്ത കേരളത്തെ സൃഷ്ടിച്ചു. അത് എൽഡിഎഫ് ഭരണം സൃഷ്ടിച്ച പുതിയ ഭരണസംസ്കാരത്തിന്റെ ഫലമാണ്.


 

രണ്ട് –- അഴിമതിരഹിത ഭരണംകാഴ്ച വച്ചെന്നതാണ് എൽഡിഎഫ് സൃഷ്ടിച്ച ഭരണസംസ്കാരത്തിന്റെ മറ്റൊരു വശം. കോൺഗ്രസ്–- ബിജെപി മുന്നണികളുടെ പരിഹാസത്തിനും ആക്ഷേപത്തിനും വഴങ്ങാതെ വളരുകയാണ് എൽഡിഎഫും പിണറായി സർക്കാരും. മുഖ്യമന്ത്രിയും സർക്കാരും ആർജിച്ച അനിതരസാധാരണമായ ജനപ്രീതിയെയും കാലികപ്രസക്തിയെയും താഴ്ത്തിക്കെട്ടാൻ കോവിഡ് കാലത്തുപോലും പ്രതിപക്ഷം മനഃസാക്ഷിക്കുത്തില്ലാത്ത ആക്ഷേപങ്ങൾ ചൊരിഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും ബന്ധിപ്പിച്ചു നടത്തിയ അടിസ്ഥാനരഹിതമായ സ്പ്രിങ്ക്‌ളർ ആക്ഷേപം അതിന്റെ തെളിവാണ്.

കേരളവികസനത്തിൽ പുതിയ സാധ്യതയുടെ ആകാശം തുറന്ന കിഫ്ബിയെ തകർക്കുന്നതിനുവേണ്ടി അഴിമതി ആക്ഷേപം ഇതിനുമുമ്പ് നടത്തിയതും ഓർക്കുക. ഒരു ഇന്ത്യൻ സംസ്ഥാനം അടിസ്ഥാനസൗകര്യ വികസനത്തിനായി രാജ്യാന്തര മാർക്കറ്റിൽ ഇറങ്ങിയത് ആദ്യമായിരുന്നു. മസാല ബോണ്ടുവഴി  2150 കോടി രൂപ സമാഹരിച്ചു. എന്നാൽ, അവിടെയും ലാവ്‌ലിനെ വലിച്ചിഴച്ച് അധിക്ഷേപം നടത്താനാണ് ഉത്തരവാദിത്തബോധം ലവലേശമില്ലാതെ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഇറങ്ങിയത്. എന്നാൽ, ഇതൊന്നും നാട്ടിൽ ചെലവാകുന്നില്ല. യുഡിഎഫ്, ബിജെപി ഭരണങ്ങളിൽനിന്ന് വ്യത്യസ്തമായി അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കാൻ കഴിയുന്നത് എൽഡിഎഫിനാണെന്ന് നാലു വർഷത്തെ ഭരണം ബോധ്യപ്പെടുത്തുന്നു.  അഴിമതിരഹിത വികസനോന്മുഖ ഭരണമെന്ന പ്രത്യേകതയുമുണ്ട്.

മൂന്ന്–- മനുഷ്യരല്ല, ജാതികളും മതങ്ങളും സമുദായങ്ങളുമാണ് കേരളത്തിലെ കാര്യങ്ങൾ തീരുമാനിക്കുകയെന്ന അവസ്ഥയ്ക്ക് അറുതിവരുത്താൻ കഴിഞ്ഞുവെന്നതാണ് എൽഡിഎഫ് ഭരണം സൃഷ്ടിച്ച മറ്റൊരു മാതൃക. യുഡിഎഫ് –- ബിജെപി ഭരണങ്ങളുടെ രീതി മറ്റൊന്നാണ്. കൈയിലെ കെട്ടും നെറ്റിയിലെ പൊട്ടും ഭയപ്പെടുത്തുന്ന ചിഹ്നങ്ങളാക്കുകയും ന്യൂനപക്ഷവേട്ടയ്ക്കുവേണ്ടി ഭരണകൂട സംരക്ഷണം നൽകുകയും ചെയ്യുന്നു ബിജെപി സർക്കാരുകൾ. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കിട്ടിയ അധികാരം ബിജെപി, ഹിന്ദുത്വത്തെ അക്രമവൽക്കരിക്കുന്നതിനും കോടതികളെപ്പോലും കാവിവൽക്കരിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. കശ്മീർമുതൽ അയോധ്യവരെയും ഇപ്പോൾ കോവിഡ് കാലത്തെ ചില പ്രവർത്തനങ്ങളും അതു വ്യക്തമാക്കുന്നു. ജാതി–-മത ശക്തികളുടെ ലേബലിലുള്ള പ്രമാണിമാരുടെ നീതിപൂർവമല്ലാത്ത ഇടപെടലിന്റെ ഇടമാക്കി ഭരണത്തെ മാറ്റുകയെന്നതാണ് യുഡിഎഫ്‌ രീതിയെന്ന് കേരളം അനുഭവിച്ചറിഞ്ഞതാണ്.

മതത്തെ രാഷ്ട്രീയത്തിൽനിന്നും ഭരണത്തിൽനിന്നും വേർതിരിക്കേണ്ടത് മതനിരപേക്ഷതയെ ശക്തിപ്പെടുത്താൻ ആവശ്യമാണ്. ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസറിനുള്ളത്‌ സീസർക്കുമെന്ന കമ്യൂണിസ്റ്റുകാരുടെ നിലപാട് ഈ ആശയത്തെ ബലപ്പെടുത്തുന്നതാണ്. അപ്രകാരം എല്ലാ മതങ്ങളെയും സമുദായങ്ങളെയും എൽഡിഎഫ് സർക്കാർ തുല്യമായി പരിഗണിച്ചു. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവരോടോ വിശ്വസിക്കാത്തവരോടോ പ്രത്യേകമായ മമതയോ വിദ്വേഷമോ കാണിച്ചില്ല. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുന്നതിലും ദേശീയമായി അവർ വേട്ടയാടപ്പെടുന്നതിനെതിരെ ഇടപെടുന്നതിലും എൽഡിഎഫ് സർക്കാർ ശ്രദ്ധിച്ചു. അങ്ങനെ മതനിരപേക്ഷ സംസ്കാരം ഭരണത്തിൽ സൃഷ്ടിച്ചു എൽഡിഎഫ് ഭരണം.


 

നാല് –- യുഡിഎഫ് ഭരണകാലത്ത് ഓരോ വകുപ്പും ഓരോ സാമ്രാജ്യമായി പ്രവർത്തിക്കുകയായിരുന്നു. ഭരണത്തിൽ നാഥനില്ലാത്ത അവസ്ഥ. ഓരോ ഘടകകക്ഷിയും അവർക്കു ലഭിച്ച വകുപ്പ്‌ തോന്നുംപോലെ കൊണ്ടുനടക്കുന്ന അരാജകത്വമായിരുന്നു. അതിൽനിന്നു വ്യത്യസ്തമായി കെട്ടുറപ്പുള്ള ഭരണസംവിധാനം കാഴ്ചവയ്ക്കാൻ എൽഡിഎഫിനു കഴിഞ്ഞു. അസാധ്യമെന്നു കരുതിയ പല കാര്യവും വികസനമടക്കമുള്ള കാര്യങ്ങളിൽ സാധ്യമാക്കാൻ കഴിയുമെന്ന് തെളിയിച്ചു. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ  സർക്കാർ അതീവശ്രദ്ധ കാട്ടി. അതുകൊണ്ടുതന്നെ പ്രോഗ്രസ്‌ റിപ്പോർട്ട് എല്ലാ വർഷവും ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ച് ഭരണത്തിലെ സുതാര്യതയും മികവും കാട്ടി.

ഇങ്ങനെയെല്ലാം നാടിനു മൗലികമായി ഗുണം ചെയ്യുന്ന എൽഡിഎഫ് സർക്കാർ രണ്ടു പ്രളയത്തെയും നിപായെയും ഇപ്പോൾ കൊറോണയെയും നേരിടുന്നതിൽ ലോക മാതൃകയായിരിക്കുകയാണ്. ഈ ഭരണം അഞ്ചു വർഷത്തിനുശേഷവും തുടരണമെന്ന ചിന്ത ഓരോ കേരളീയന്റെയും മനസ്സിൽ സ്വാഭാവികമായി ഉണ്ടാകും. അതായത് ഇന്ന് സംസ്ഥാനത്ത് ഒരു ഭരണവിരുദ്ധ വികാരമില്ലെന്ന് സാരം. എങ്കിലും അഞ്ചു വർഷം കൂടുമ്പോൾ ഭരണമാറ്റമെന്ന സമ്പ്രദായം സ്വീകരിച്ച മനസ്സുള്ളവരാണ് കേരളത്തിലെ ഒരു വിഭാഗം ആൾക്കാർ. അവരെയടക്കം കൂടെനിർത്തി എൽഡിഎഫിന് തുടർഭരണം ലഭിക്കാനുള്ള ജനസമ്പർക്കം ശക്തിപ്പെടുത്താൻ സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും പ്രവർത്തകർ സദാ ജാഗ്രത കാട്ടണം. കൊറോണ പ്രതിരോധ പ്രവർത്തനത്തിനൊപ്പം എൽഡിഎഫ് സർക്കാരിന്റെ നേട്ടം പ്രത്യേകമായി ബോധ്യപ്പെടുത്താനുള്ള ഗൃഹസന്ദർശനം നടത്തണം.

നാലു വർഷം പിന്നിടുന്ന എൽഡിഎഫ് ഭരണത്തിന്റെ പ്രത്യേകത, ഇക്കാലയളവിൽ എൽഡിഎഫിലും സിപിഐ എമ്മിലും ആശയപരവും രാഷ്ട്രീയവും സംഘടനാപരവുമായ ഐക്യം നിലനിൽക്കുന്നുവെന്നതാണ്. മുൻകാലങ്ങളിൽ പല വിഷയത്തിലും സിപിഐ എമ്മിൽപ്പോലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അതെല്ലാം ഉൾപാർടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ പൂർണമായി പരിഹരിച്ചു. ഇന്ന് പൂർണ ഐക്യത്തോടെ പാർടി മുന്നോട്ടുപോകുന്നു. അതുകൊണ്ടുതന്നെ പാർടി–- ഭരണനേതൃത്വങ്ങൾ രണ്ടുതട്ടിലെന്ന അവസ്ഥയില്ല. ഏകീകൃത ധാരണയോടെ മുന്നോട്ടുപോകുന്നുവെന്നത് ഭരണത്തിനും പാർടിക്കും മുന്നണിക്കും പരസ്പരം ശക്തിപകരുന്നതാണ്. ഇത് ജനങ്ങളുടെ അംഗീകാരത്തിന് ഇടയാക്കുന്നു.

രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തോടെ എൽഡിഎഫ് മുന്നോട്ടുപോകുമ്പോൾ യുഡിഎഫ് കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടാൻ തയ്യാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചർച്ച നടത്താൻ സിപിഐ എം സന്നദ്ധമാണ്. ഇപ്പോൾ അപ്രകാരമൊരു ചർച്ചയുണ്ടായിട്ടില്ല. എങ്കിലും ഭാവിരാഷ്ട്രീയത്തിൽ യുഡിഎഫിൽ പൊട്ടിത്തെറിയും പ്രതിസന്ധിയുമുണ്ടാകുകയും അത് പുതിയ തലങ്ങളിലേക്ക് വളരുകയും ചെയ്യും. കോൺഗ്രസും ബിജെപിയും അവിശുദ്ധബന്ധമുണ്ടാക്കി എൽഡിഎഫിനെ നേരിടാൻ ഇറങ്ങും. അതിനെയെല്ലാം അതിജീവിച്ച് എൽഡിഎഫിന് തുടർഭരണം നൽകാൻ പ്രബുദ്ധകേരളം തയ്യാറാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top