19 May Thursday

ഭരണം, പാർടി, പൊലീസ് - കോടിയേരി
 ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022

സംസ്ഥാനഭരണം, സിപിഐ എം, കേരള പൊലീസ് എന്നിവയെ ബന്ധിപ്പിച്ച് തീയില്ലാതെ പുക സൃഷ്ടിക്കാനുള്ള കുരുട്ടുവിദ്യകൾ ചില രാഷ്ട്രീയകേന്ദ്രങ്ങളും മാധ്യമങ്ങളും പുറത്തെടുത്തിരിക്കുകയാണ്. അതിനുവേണ്ടി ,സിപിഐ എം 23–--ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായുള്ള ജില്ലാ പ്രതിനിധി സമ്മേളനങ്ങളിലെ ഉൾപ്പാർടി ചർച്ചയും നേതൃത്വത്തിന്റെ മറുപടിയും ഊഹാപോഹത്തിന്റെയും കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ നോക്കുന്നു.

പൊലീസിനും പൊലീസ് ഭരണത്തിനും എതിരെ ജില്ലാ സമ്മേളനങ്ങളിൽ ശകാരവർഷം എന്നാണ് ചില മാധ്യമങ്ങളുടെ ഭാവനയും നട്ടാൽ കുരുക്കാത്ത നുണയും. ആഭ്യന്തരഭരണം മോശമെന്ന് പാർടി സംസ്ഥാന നേതൃത്വം അംഗീകരിച്ചെന്ന് എഴുതിവിടാനുള്ള ചങ്കൂറ്റംവരെ കാണിച്ച മാധ്യമങ്ങളുമുണ്ട്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് പാർടി സമ്മേളനം ആവശ്യപ്പെട്ടു എന്ന മാധ്യമവാർത്ത ഭാവനാസൃഷ്ടി മാത്രമാണ്. പാർടി സമ്മേളനങ്ങളിൽ വരാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മികച്ച പൊലീസ് ഭരണമുള്ള കേരളത്തെ ഇടിച്ചുതാഴ്ത്താനാണ്. മറ്റൊരു ഭാഗത്ത് പൊലീസ് സേനയ്ക്ക് എതിരെയുള്ള ചില ഒറ്റപ്പെട്ട ആക്ഷേപങ്ങളുടെ മറവിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ യുഡിഎഫ്–- -ബിജെപി നേതാക്കളും ചില വർഗീയ സംഘടനകളും ഇറങ്ങിയിട്ടുണ്ട്. യുഡിഎഫ്-– -ബിജെപി ഭരണങ്ങളിൽനിന്ന്‌ എൽഡിഎഫ് ഭരണത്തിൽ പൊലീസ് വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ, പൊലീസിനെ നിയന്ത്രിക്കുന്ന ഭരണനയത്തിലെ എൽഡിഎഫ് മികവ് എന്ത്, പൊലീസിന് പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കുന്ന സിപിഐ എം സമീപനം എന്ത്- എന്നീ കാര്യങ്ങൾ ഇപ്പോൾ സൂചിപ്പിക്കുന്നത് പ്രസക്തമാണെന്ന് കരുതുന്നു.

പരവൂർ ടി കെ നാരായണപിള്ളമുതൽ കെ കരുണാകരൻവരെയുള്ളവരുടെ ഭരണത്തിൽ പൊലീസ് പാവപ്പെട്ടവരുടെയും കണ്ണിൽകണ്ടവരുടെയുമൊക്കെ മെക്കിട്ട് കയറുന്ന സേനയായിരുന്നു. പിന്നീടുള്ള യുഡിഎഫ് ഭരണങ്ങളും ഈ സ്വഭാവം കാട്ടി. തൊഴിലാളി സമരങ്ങളെ അടിച്ചമർത്തുന്ന മുതലാളിമാരുടെയും ജന്മിമാരുടെയും ശിങ്കിടികളായിരുന്നു അക്കാലത്ത് പൊലീസ്. തൊഴിൽസമരങ്ങളിൽ പൊലീസ് ഇടപെടില്ലെന്നും പണിയെടുക്കുന്നവരുടെ ന്യായമായ സമരങ്ങളെ അടിച്ചമർത്താൻ പൊലീസ്  സേനയെ ഉപയോഗിക്കില്ലെന്നും ഭരണനയമായി പ്രഖ്യാപിച്ചത് ഒന്നാം ഇ എം എസ് സർക്കാരാണ്. ആ നയം കൂടുതൽ ആർജവത്തോടെ ഇന്നത്തെ എൽഡിഎഫ് സർക്കാരും പിന്തുടരുന്നു. അതായത്, പൊലീസ് ജനസേവകരായിരിക്കണം എന്നതാണ് ഞങ്ങളുടെ നയം.

വിദ്യാർഥി–- യുവജന–- തൊഴിലാളി–- കർഷക സമരങ്ങളെ നേരിടാൻ പൊലീസിനെ ഏതറ്റംവരെയും നികൃഷ്ടമായി ഉപയോഗിക്കുന്ന ചരിത്രമാണ് യുഡിഎഫ്-–- ബിജെപി ഭരണങ്ങൾക്കുള്ളത്. കൂത്തുപറമ്പിലെ പൊലീസ് വെടിവയ്‌പ്‌ ഉൾപ്പെടെ നിരവധി സംഭവങ്ങൾ ഈ ഗണത്തിലുണ്ട്. വിദ്യാർഥിസമരത്തെ നേരിടാൻ പൊലീസ് തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ കയറിപ്പോലും കരാളനൃത്തം ചവിട്ടിയിരുന്നല്ലോ.
പൊലീസും പട്ടാളവും വർഗീയ കോയ്‌മകൾക്ക് കീഴ്‌പ്പെടണം എന്നതാണ് കോൺഗ്രസ്-–- ബിജെപി ഭരണനയം. അതുകൊണ്ടാണ് അയോധ്യയിൽ കാവിപ്പട പള്ളി പൊളിച്ചപ്പോൾ, ഫൈസാബാദിൽ ക്യാമ്പ് ചെയ്ത പട്ടാളത്തെയും അർധ സൈനികരെയും അനങ്ങാൻ കേന്ദ്രത്തിലെ കോൺഗ്രസ് ഭരണം സമ്മതിക്കാതിരുന്നത്. അതുപോലെ, ഗുജറാത്തിൽ വംശഹത്യ നടമാടിയപ്പോൾ മോദി ഭരണത്തിൽ പൊലീസിനെ അതിന്‌ ഒത്താശചെയ്യുന്ന സേനയാക്കിയത്. ന്യൂനപക്ഷക്കാരെയും ബുദ്ധിജീവികളെയും കരിനിയമങ്ങളിൽ കുരുക്കി പുറത്തുവരാനാകാത്തവിധം ജയിലിൽ അടയ്ക്കുന്നു. ഈ മാതൃക എൽഡിഎഫ് ഭരണത്തിൽ പൊലീസ് പിന്തുടരാത്തതുകൊണ്ടാണോ പൊലീസ് മോശമെന്ന് യുഡിഎഫും ബിജെപിയും കുറ്റപ്പെടുത്തുന്നത്.


 

എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ എൽഡിഎഫിന്റെ അടിത്തറ തകർക്കാൻ ശത്രുചേരി കാണുന്ന മാർഗം മതനിരപേക്ഷതയുടെ അസ്‌തിവാരം തോണ്ടുക എന്നതാണ്. അതിനുവേണ്ടി വ്യത്യസ്ത വർഗീയശക്തികൾ പരസ്പരം കൊലപാതകങ്ങൾ നടത്തി നാടിനെ വർഗീയ കുരുതിക്കളമാക്കാൻ യത്‌നിക്കുകയാണ്. ഈ ഘട്ടത്തിലും വ്യത്യസ്ത വർഗീയതകളെ മാറിമാറി പുണരുകയാണ് യുഡിഎഫ്. എന്നാൽ, പിണറായി സർക്കാരും എൽഡിഎഫും മതനിരപേക്ഷതയിൽ ഉറച്ചുനിന്ന് വർഗീയതയെ ചെറുക്കാൻ പ്രതിബദ്ധതയോടെ നീങ്ങുന്നു. ഈ നയത്തിന് അനുസൃതമായിട്ടാണ് കേരള പൊലീസും മുന്നോട്ടുപോകുന്നത്.

ഏത് സർക്കാരിന്റെ കാലത്തും പൊലീസ് പ്രവർത്തനത്തിൽ ആക്ഷേപങ്ങളുണ്ടാകാം. അമ്പതിനായിരത്തിലധികം പേരുള്ള സേനയാണ് ഇത്. ആക്ഷേപങ്ങളുണ്ടായാൽ സമയോചിതമായി ഇടപെട്ട്, മര്യാദയ്ക്ക് അന്വേഷിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ മേൽ നടപടിയെടുക്കുകയാണ് വേണ്ടത്. അത് എൽഡിഎഫ് സർക്കാർ ചെയ്യുന്നുണ്ട്. ക്രമസമാധാന പാലനത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. സമാധാനകേരളമായി നമ്മുടെ സംസ്ഥാനത്തെ പരിരക്ഷിക്കുന്നതിന്റെ പ്രധാന ഉപാധി എൽഡിഎഫ് ഭരണത്തിന്റെ മികവും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുമാണ്. ഈ വിഷയത്തിൽ കേരള പൊലീസ് ഇന്ന് വഹിക്കുന്ന പങ്കും വിലമതിക്കേണ്ടതാണ്. യുഡിഎഫിന്റെ ഭരണകാലത്ത് എത്രയെത്ര വർഗീയകലാപങ്ങളാണ് നമ്മുടെ നാട്ടിൽ നടന്നത്. തലശേരിമുതൽ മാറാടുവരെ. അതുണ്ടാകുന്നത് ഭരണത്തിലെ വർഗീയചേരിതിരിവ് പൊലീസ് നടപടികളെയും സ്വാധീനിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. എന്നാൽ, മതനിരപേക്ഷതയിൽ ഊന്നിയ ഭരണനയം ഇന്ന് ധീരമായി നടപ്പാക്കുന്നതിനാൽ പൊലീസിലും ഭരണനടപടികളിലും മത-സമുദായ ചേരിതിരിവ് ഉണ്ടാകുന്നില്ല.

എന്നാൽ, ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ ഭരിക്കുന്ന ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത് മറ്റൊന്നാണ്. കഴിഞ്ഞ ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽ സംഘപരിവാർ സന്യാസിമാരും വർഗീയവാദികളും വർഗീയ വിഷജീവികളും നടത്തിയ ‘ധർമ സൻസദി'ൽ പ്രഖ്യാപിച്ചത്, ന്യൂനപക്ഷ മതവിഭാഗങ്ങൾ ഹിന്ദുക്കളാകണം അല്ലെങ്കിൽ അവരെ കൂട്ടക്കൊല ചെയ്യണം എന്നാണ്. ഇങ്ങനെ അന്യമതസ്ഥരെ കൂട്ടക്കൊല ചെയ്യാൻ പരസ്യ ആഹ്വാനം ചെയ്ത മോദി ശിഷ്യരായ ഹിന്ദുവർഗീയ കോമരങ്ങളെ എന്തുകൊണ്ട് തുറുങ്കിലടയ്‌ക്കുന്നില്ല. ഇത്തരം ഒരു സംഭവം കേരളത്തിൽ നടത്താൻ ഇവിടത്തെ ജനങ്ങളും പൊലീസും സമ്മതിക്കില്ല. അങ്ങനെ വിദ്വേഷ പ്രഖ്യാപനം നടത്തുന്നവരെ ഇവിടെ കാരാഗൃഹത്തിൽ തള്ളുകയും ചെയ്യും.

പ്രളയം, മഹാമാരി തുടങ്ങിയ ഘട്ടങ്ങളിൽ കേരള പൊലീസ് ജനസേവനത്തിന്റെ ഇന്ത്യയിലെതന്നെ തിളങ്ങുന്ന മുഖമായിരുന്നു. അത്തരം പ്രവർത്തനങ്ങളിലേക്ക് പൊലീസിനെ വളർത്തിയത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ കാഴ്‌ചപ്പാടിന്റെയും സമർഥമായ ഇടപെടലിന്റെയും ഫലമായിട്ടാണ്. മോഷണം, കൊലപാതകം, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളെ അമർച്ച ചെയ്യാൻ പൊലീസിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം എൽഡിഎഫ് ഭരണം നൽകിയിട്ടുണ്ട്. ഇതിന്റെ ഗുണഫലം നാടിന് ലഭിക്കുന്നുണ്ട്. ഇത്തരം നേട്ടങ്ങൾ ഉള്ളപ്പോൾത്തന്നെ പൊലീസ് സേനയിലെ ചിലരിൽനിന്ന്‌ ഒറ്റപ്പെട്ട ആക്ഷേപങ്ങൾക്ക് ഇടംവരുത്തുന്നുണ്ട്‌. അരലക്ഷം പേരുള്ള പൊലീസ് സേന യന്ത്രമനുഷ്യരുടേതല്ല. സംസ്‌കാരത്തിനു നിരക്കാത്ത പ്രവൃത്തി തുടരുന്ന പൊലീസ് സേനാംഗങ്ങളെയോ ഉദ്യോഗസ്ഥരെയോ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ നയസമീപനത്തിൽ ഊന്നി ചില സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള ചില വിമർശങ്ങൾ പാർടി സമ്മേളനങ്ങളിൽ വന്നിട്ടുണ്ട്. അത് സ്വാഭാവികമാണ്. അതിനപ്പുറം പൊലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന നിലപാട് പാർടിയുടെ ഒരു സമ്മേളനവും സ്വീകരിച്ചിട്ടില്ല.

ന്യായമായ കാര്യങ്ങൾക്കുവേണ്ടി സിപിഐ എം പ്രവർത്തകർക്ക് പൊലീസ് സ്റ്റേഷനുകളിൽ ചെല്ലാം. പക്ഷേ, പൊലീസിന്റെ നീതിനിർവഹണത്തിൽ ഇടപെടാൻ പാടില്ല എന്നതാണ് പാർടി നിലപാട്. കൊടും കുറ്റവാളികൾക്കുവേണ്ടി ആരും ഇടപെടുകയും ചെയ്യരുത്.

സിപിഐ എം നേതൃത്വം നൽകുന്ന എൽഡിഎഫ് ഭരണമാണ് സംസ്ഥാനത്തുള്ളതെങ്കിലും പൊലീസിന്റെയോ മറ്റേതെങ്കിലും വകുപ്പുകളുടെയോ ഭരണകുത്തക സിപിഐ എമ്മിനല്ല. ജനങ്ങൾ തെരഞ്ഞെടുത്ത് രണ്ടാമൂഴം നൽകിയ എൽഡിഎഫ് സർക്കാർ ഒരു പാർടിയുടെയോ മുന്നണിയുടെയോ സ്വകാര്യസ്വത്തുമല്ല. ഈ ജനകീയ സർക്കാർ കേരളത്തിലെ എല്ലാ ജനങ്ങളുടേതുമാണ്. ആ സമീപനം ഭരണത്തിന്റെ ഓരോ ചുവടുവയ്പിലും ഉണ്ടാകും. ഈ നയസമീപനം ഉള്ളപ്പോൾത്തന്നെ സിപിഐ എം പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും പൊലീസ് സ്റ്റേഷനുകളിൽ പോകുന്നതിന് തടസ്സമില്ല. ന്യായമായ കാര്യങ്ങൾക്കുവേണ്ടി സിപിഐ എം പ്രവർത്തകർക്ക് പൊലീസ് സ്റ്റേഷനുകളിൽ ചെല്ലാം. പക്ഷേ, പൊലീസിന്റെ നീതിനിർവഹണത്തിൽ ഇടപെടാൻ പാടില്ല എന്നതാണ് പാർടി നിലപാട്. കൊടും കുറ്റവാളികൾക്കുവേണ്ടി ആരും ഇടപെടുകയും ചെയ്യരുത്.

പൊലീസിനെ നിയന്ത്രിക്കുന്നത് സംസ്ഥാന സർക്കാരും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും ആണ്. ഭരണഘടനയ്‌ക്കും നിയമവ്യവസ്ഥയ്‌ക്കും അനുസൃതമായ നടപടി സർക്കാർ സ്വീകരിക്കും. നിയമാനുസൃതം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം പൊലീസിന് ഉറപ്പാക്കുന്നതാണ് എൽഡിഎഫ് ഭരണം. എന്നാൽ, ഇതിനു വിരുദ്ധമായതാണ് യുഡിഎഫ് ഭരണകാലം. ഭൂമിതട്ടിപ്പ്, സ്‌പിരിറ്റ് കടത്ത്, മാഫിയ പ്രവർത്തനം, സ്‌ത്രീപീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെല്ലാം പൊലീസ് അന്ന് കുടപിടിച്ചു. അത്തരം കാലത്തെപ്പോലെ കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കും പൊലീസിനെക്കൊണ്ട് വെഞ്ചാമരവും ആലവട്ടവും വീശുന്നതല്ല എൽഡിഎഫ് ഭരണം. ഇത് നാട് കൺകുളിർക്കെ കാണുന്നുണ്ട്. എന്നിട്ടാണ് പൊലീസിനെയും പൊലീസ് ഭരണത്തെയും അപകീർത്തിപ്പെടുത്താൻ രാഷ്‌ട്രീയ ശത്രുക്കൾ ഹീനനീക്കങ്ങൾ നടത്തുന്നത്. ഇതിനെ കേരള ജനത തള്ളിക്കളയും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top