പൂവച്ചലിൽ ഭരണപക്ഷ അംഗങ്ങളും യോഗം ബഹിഷ്കരിച്ചു
പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇറങ്ങിപ്പോക്ക്

കാട്ടാക്കട
പൂവച്ചൽ പഞ്ചായത്തിൽ വൈസ് പ്രസിഡന്റും സ്ഥിരംസമിതി അധ്യക്ഷരുമടങ്ങുന്ന ഭരണപക്ഷ അംഗങ്ങൾ ബോർഡ് യോഗം ബഹിഷ്കരിച്ചു. സ്കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ബഡ്സ് സ്കൂളിൽ യൂണിഫോം വിതരണം നടക്കാത്തതും പഞ്ചായത്തിനെ മണ്ണ് മാഫിയയുടെ കേന്ദ്രമാക്കിയതിലും സ്ഥിരം സമിതികളെ നോക്കുകുത്തിയാക്കിയ പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണത്തിനെതിരെയുമാണ് പ്രതിഷേധം. പ്രസിഡന്റിനെതിരെ ഭരണപക്ഷ അംഗങ്ങൾതന്നെ രംഗത്തുവന്നതോടെ യോഗത്തിൽ വലിയ വാക്കുതർക്കങ്ങളുണ്ടായി. തുടർന്ന് വൈസ് പ്രസിഡന്റ് ഷൈനിയുടെ നേതൃത്വത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ പൂവച്ചൽ ഫയസ്, സന്ധ്യ എന്നിവരും പഞ്ചായത്ത് അംഗം വിജയകുമാറും യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി. ഇവർക്ക് പിന്നാലെ എൽഡിഎഫ് അംഗങ്ങളും യോഗം ബഹിഷ്കരിച്ചു. ഇതിനിടയിൽ പഞ്ചായത്ത് പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. പഞ്ചായത്ത് ഓഫീസിന് പുറത്ത് ദൃശ്യങ്ങൾ പകർത്തുകയായിരുന്ന മാധ്യമപ്രവർത്തകന്റെ മൊബൈൽ ഫോൺ ബിജെപി ആനാകോട് വാർഡ് അംഗം സുരേഷ് പിടിച്ചുവാങ്ങിയതും സംഘർഷത്തിന് കാരണമായി. ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. നടപടി സ്വീകരിക്കുമെന്ന സെക്രട്ടറിയുടെ ഉറപ്പിൻമേലാണ് ഉപരോധം അവസാനിപ്പിച്ചത്.








0 comments