ക്യാന്പസുകളിൽ തരംഗമായി എസ്എഫ്ഐ

കണ്ണൂർ കലാലയങ്ങളേ, തെരുവോരങ്ങളേ ഇതാ എസ്‌എഫ്‌ഐ. കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ക്യാന്പസുകളിലാകെ തൂവെള്ളക്കൊടിയുടെ മുന്നേറ്റം. ജാതിയും മതവും വർഗീയതയും വിളന്പി വിദ്യാർഥികളെ തമ്മിലടിപ്പിച്ച് ജയിച്ചുകയറാൻ ശ്രമിച്ച എംഎസ്‌എഫ്– കെഎസ്‌യു– എബിവിപി അവിശുദ്ധ കൂട്ടുകെട്ടിനെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞാണ് ജെൻസികൾ എസ്‌എഫ്‌ഐയുടെ പിന്നിൽ ഒരു മനസ്സായി അണിനിരന്നത്. ജില്ലയിലെ 54 കോളേജുകളിൽ 40 എണ്ണത്തിലും എസ്‌എഫ്‌ഐ വിജയിച്ചു. 52 യുയുസി സ്ഥാനവും നേടി. പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ അഞ്ചിൽ അഞ്ചിടത്തും എസ്എഫ്ഐ വിജയിച്ചു. മട്ടന്നൂർ പോളി യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചു. നടുവിൽ, പയ്യന്നൂർ പോളിയിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കല്യാശേരി പോളി, തോട്ടട പോളികളിൽ നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ പ്രചാരണത്തിനിടെയാണ് കണ്ണൂർ ഗവ. വനിതാ കോളേജിൽനിന്ന് പൊലീസ് അറസ്‌റ്റ്‌ചെയ്‌തത്. അതോടെ ജയിച്ചു കയറാമെന്ന് അവർ കരുതിയെങ്കിലും ക്യാന്പസുകളാകെ എസ്‌എഫ്‌ഐക്ക് പിന്നിൽ അണിനിരന്നു. കഴിഞ്ഞ വർഷം നഷ്ടമായ മട്ടന്നൂർ കോളേജ് എസ്‌എഫ്‌ഐ ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ തിരികെപിടിച്ചു. ഇരിട്ടി അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ യൂണിയനും തിരികെ പിടിക്കാനായി. ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷം എസ്‌എഫ്‌ഐ വിജയിച്ച കെഎസ്‌യുവിന്റെ ഉരുക്കുകോട്ടയെന്ന് അവർ വിശേഷിപ്പിക്കുന്ന കൂത്തുപറന്പ് നിർമലഗിരി കോളേജ് ഇക്കുറിയും നിലനിർത്താനായതും എസ്‌എഫ്‌ഐയുടെ വിജയാഘോഷത്തിന്റെ മാറ്റുകൂട്ടി. സർവകലാശാലയിൽ ആകെയുള്ള 77ൽ 32 കോളേജലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. ജില്ലയിലെ 56 കോളേജുകളിൽ 26 കോളേജുകളിലാണ് എസ്‌എഫ്‌ഐ എതിരില്ലാതെ വിജയക്കൊടി പാറിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരിൽ 31പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അവശേഷിക്കുന്ന ക്യാന്പസുകളിലായിരുന്നു യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. ഗുരുദേവ് കോളേജ് മാത്തിൽ, പെരിങ്ങോം ഗവ. കോളേജ്, കുറ്റൂർ സൺറൈസ് കോളേജ്, കുറ്റൂർ ജെബീസ് ബിഎഡ് കോളേജ്, സ്വാമി ആനന്ദതീർഥ യൂണിവേഴ്സിറ്റി ക്യാമ്പസ്, നെസ്റ്റ് കോളേജ് കരിവെള്ളൂർ, വിദ്യാമന്ദിർ കോളേജ് പയ്യന്നൂർ, എസ്‌എൻ കോളേജ്, ഐഐഎച്ച്‌ടി തോട്ടട, എം വി ആർ പാപ്പിനിശേരി, ആംസ്റ്റക്ക് കോളേജ്, കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് മാങ്ങാട്ടുപറമ്പ്, എച്ച്‌ജിസി, ടിഐഎഎസ് തലശേരി, തലശേരി ബിഎഡ് കോളേജ്, മോറാഴ കോളേജ്, തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ്, കില, ഐഎച്ച്‌ആർഡി പട്ടുവം, ബിഎൽഎം കോളേജ് ആലക്കോട്, പിലാത്തറ കോ –ഓപ്പറേറ്റീവ് കോളേജ്, ഐഎച്ച്ആർഡി നെരുവമ്പ്രം, ഐഎച്ച്ആർഡി കോളേജ് ഇരിട്ടി, ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ്, എംഇഎസ് കോളേജ്, ഐഎച്ച്‌ആർഡി പിണറായി കോളേജുകളിൽ എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കണ്ണൂർ എസ്‌എൻ കോളേജ്, തലശേരി ഗവ. ബ്രണ്ണൻ കോളേജ്, പയ്യന്നൂർ കോളേജ്, പാലയാട് ക്യാന്പസ്, കൂത്തുപറന്പ് ഐച്ച്‌ആർഡി കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ ജയിച്ചു. എ പി ജെ അബ്ദുൽ കലാം കോളേജിലെ ആദ്യ യൂണിയൻ നേടിയപ്പോൾ ചെണ്ടയാട് എംജി കോളേജ്, ശ്രീകണ്‌ഠപുരം എസ്‌ഇഎസ് കോളേജ് യൂണിയനും നേടി. പേരാവൂർ ഡി പോൾ കോളേജിൽ ചെയർമാൻ യുയുസി ഉൾപ്പെടെ എട്ടു സീറ്റുകൾ നേടാനായി.









0 comments