വീട്ടുമുറ്റങ്ങൾ പറയും വായനയുടെ കഥകൾ

കണ്ണൂർ വായനാങ്കണം വായന പൂക്കുന്ന ഇടങ്ങളാണ്. വായനക്കാരനും കേൾവിക്കാരനും ഒന്നാകുന്ന ഇടം. വായനയിലൂടെ നവീകരിക്കപ്പെടുന്ന ലോകത്തെ കുറിച്ചാണ് ഒത്തുചേർന്ന മനുഷ്യർ പറയുക. അവതാരകരിൽ എഴുത്തുകാരും വായനക്കാരനുമുണ്ട്. നിരൂപകരും സാധാരണ മനുഷ്യരുമുണ്ട്. ലോകം മുഴുവൻ വായിക്കപ്പെട്ട പുസ്‌തകങ്ങളും നാട്ടിൻപുറത്തെ മനുഷ്യരുടെ ആത്മാവിഷ്‌കാരങ്ങളുമുണ്ട്. തളിപ്പറന്പ് താലൂക്ക് ലൈബ്രറി കൗൺസിലാണ് വായന വളർത്തുന്നതിനായി ‘വായനാങ്കണം’ എന്ന പേരിൽ ദീർഘകാലപദ്ധതിക്ക് തുടക്കമിട്ടത്. ഡിസംബർ അവസാനവാരത്തോടെ ഗ്രന്ഥശാലകളിലൂടെ പതിനായിരം പുസ്‌തകങ്ങളുടെ അവതരണമാണ് ലക്ഷ്യമിടുന്നത്. വീട്ടുമുറ്റങ്ങളിലും ലൈബ്രറികളിലും ചേരുന്ന വായനങ്കാണ സദസുകളിലാണ് പുസ്‌തക അവതരണങ്ങൾ. ലൈബ്രറികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സദസുകളിൽ വീട്ടുകാരാണ് ആതിഥേയർ. ചുറ്റുവട്ടത്തെ താമസക്കാർ വീട്ടുമുറ്റ സദസുകളിൽ കേൾവിക്കാരുമായി എത്തും. എഴുത്തുകാരും വായനക്കാരുമാണ് തെരഞ്ഞെടുക്കപ്പെട്ട പുസ്‌തകങ്ങൾ അവതരിപ്പിക്കുക. കേൾവിക്കാർക്ക് സ്വന്തം വായനാനുഭവം അവതരിപ്പിക്കാനും അവസരമുണ്ട്. വായനയുടെ അനുഭൂതി പുതിയ തലമുറക്കും വായനാശീലമില്ലാത്തവർക്കും ഉൾപ്പെടെ പരിചയപ്പെടുത്തി വായന ജനകീയമാക്കുകയാണ് ലക്ഷ്യം. 302 ഗ്രന്ഥാലയങ്ങൾ തളിപ്പറന്പ് താലൂക്കിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ലൈബ്രറികൾ ഇവിടെയാണ്. ലിറ്റററി ഫെസ്‌റ്റ്, ഡോക്യുമെന്ററി, രചനാശിൽപശാലകൾ, സർഗാത്മക ആവിഷ്‌കാരങ്ങൾ, റീഡിങ് തിയറ്ററുകൾ തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും വായനാങ്കണത്തിന്റെ ഭാഗമായി ഒരുക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് പി വിനോദ് ചെയമാനും ജോയിന്റ് സെക്രട്ടറി പി പ്രദീഷ് കൺവീനറുമായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ‘‘വായനയെന്ന വ്യക്തിപരമായ അനുഭവത്തെ സാമൂഹ്യനവീകരണത്തിനായി അവതരിപ്പിക്കുകയാണ് വായനാങ്കണത്തിന്റെ ലക്ഷ്യം.താലൂക്കിലെ ഒരോ ലൈബ്രറിയും കുറഞ്ഞത് മുപ്പത് പുസ്‌തകസദസുകളെങ്കിലും സംഘടിപ്പിക്കും. ലളിതമായ ഇൗ ആശയത്തിന് വിപുലമായ ദൗത്യമുണ്ട്’’– ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ഇ കെ അജിത് കുമാർ പറയുന്നു.









0 comments