ad
Deshabhimani

ദേശീയ കാവ്യോത്സവത്തിന്‌ തുടക്കം

കാവ്യത്രയങ്ങളിലലിഞ്ഞ്‌ 
ആസ്വാദകലോകം

National Poetry Festival

ചങ്ങമ്പുഴ പാർക്കിൽ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ദേശീയ കാവ്യോത്സവം തമിഴ് കവയിത്രി കുട്ടി രേവതി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 19, 2026, 03:01 AM | 3 min read

കൊച്ചി


നവതി നിറവിലും പുതുമ മായാത്ത മധുരം പകരുന്ന കാവ്യത്രയങ്ങളിൽ ഹൃദയം ചേർക്കുകയാണ്‌ മലയാള സാഹിത്യാസ്വാദക ലോകം. സാഹിത്യത്തിലെ സമകാല സ്‌പന്ദനങ്ങളോടുള്ള പ്രതികരണംകൂടിയാണ്‌ ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിൽ ജില്ലാ ലൈബ്രറി ക‍ൗൺസിൽ സംഘടിപ്പിച്ചിട്ടുള്ള മൂന്നുദിവസത്തെ കാവ്യോത്സവ വേദിയും സദസ്സും.


ജീവിതനിരാസത്തെയും മരണാസക്തിയെയും ആഘോഷിച്ച ഇടപ്പള്ളി രാഘവൻപിള്ളയുടെ മണിനാദം, അതിന്റെ മുഴക്കമേൽപ്പിച്ച ആഘാതത്തിൽ തകർന്ന ചങ്ങന്പുഴ കൃഷ്‌ണപിള്ളയുടെ മുരളിക പാടിയ രമണൻ, കൈരളിയുടെ ഹൃദയാങ്കണത്തിൽ ചുടുകണ്ണീരായി പതിച്ച വൈലോപ്പിള്ളിയുടെ മാന്പഴം എന്നീ കവിതകളുടെ രചനയുടെ തൊണ്ണൂറാം വാർഷികാഘോഷമാണ്‌ കാവ്യോത്സവം. തമിഴ്‌ കവയിത്രി കുട്ടി രേവതി ഉദ്‌ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ കെ ജയകുമാർ അധ്യക്ഷനായി.


ഹൈബി ഇ‍ൗഡൻ എംപി, ഉമ തോമസ്‌ എംഎൽഎ, സംസ്ഥാന ലൈബ്രറി ക‍ൗൺസിൽ സെക്രട്ടറി വി കെ മധു, സംസ്ഥാന ലൈബ്രറി ക‍ൗൺസിലംഗം ജോൺ ഫെർണാണ്ടസ്‌, ജില്ലാ പ്രസിഡന്റ്‌ ഷാജി ജോർജ്‌ പ്രണത, സെക്രട്ടറി പി ജി സജീവ്‌, താലൂക്ക്‌ ലൈബ്രറി ക‍ൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്‌ എന്നിവർ സംസാരിച്ചു. കാവ്യോത്സവത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച വിവിധ മത്സരവിജയികൾക്ക്‌ സംസ്ഥാന പ്രസിഡന്റ്‌ ധർമരാജ്‌ അടാട്ട്‌ സമ്മാനങ്ങൾ വിതരണംചെയ്തു. ചങ്ങന്പുഴയുടെ മകൾ ലളിത ചങ്ങന്പുഴ പതാക ഉയർത്തി. ബഹുഭാഷാ കവിയരങ്ങ്‌ കന്നട കവി ഡോ. എച്ച്‌ എൽ പുഷ്പ ഉദ്‌ഘാടനംചെയ്തു. പ്രൊഫ. കെ വി രാമകൃഷ്ണൻ അധ്യക്ഷനായി. വിവിധ ഭാഷകളിൽ കവിതകളും അവതരിപ്പിച്ചു.


മുഖാമുഖം പരിപാടിയിൽ കുട്ടി രേവതി, മാധ്യമപ്രവർത്തകൻ ബിനു കരുണാകരനുമായി സംവദിച്ചു. ‘വൈലോപ്പിള്ളി കവിതയിലെ ലോകവൈരുധ്യങ്ങൾ’ വിഷയത്തിൽ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തി. മന്ത്രി പി സി വിഷ്‌ണുനാഥ്‌ സന്ദേശം നൽകി. രാമമംഗലം ഷട്‌കാല ഗോവിന്ദമാരാർ സ്‌മാരക കലാസമിതി അവതരിപ്പിച്ച ‘രസസഞ്ചാര’ കാവ്യശിൽപ്പത്തിലൂടെ 49 കവികളുടെ ജീവിതവും കവിതയും വിവിധ കലാരൂപങ്ങളിൽ രംഗത്തെത്തി. കാവ്യോത്സവത്തിൽ സെമിനാറുകൾ, കവിയരങ്ങ്, മുഖാമുഖം, പ്രഭാഷണങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. ഞായറാഴ്ച സമാപിക്കും.


വൈലോപ്പിള്ളി, ജീവിതബോധത്തെക്കുറിച്ചെഴുതിയ കവി: സുനില്‍ പി ഇളയിടം


കൊച്ചി


ചരിത്രത്തിലെ വൈരുധ്യങ്ങളെ ഭയപ്പെടാതിരുന്ന വിപ്ലവകാരിയായ കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോനെന്ന്‌ ഡോ. സുനില്‍ പി ഇളയിടം. ദേശീയ കാവ്യോത്സവത്തിന്റെ ഭാഗമായി ‘വൈലോപ്പിള്ളി: കവിതയിലെ ലോകവൈരുധ്യങ്ങൾ' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളീയ മധ്യവർഗത്തിന്റെ ആഭ്യന്തര വൈരുധ്യങ്ങളെ ആദ്യം വിളിച്ചുപറഞ്ഞ കവികൂടിയാണ് വൈലോപ്പിള്ളി. അദ്ദേഹത്തിന്റെ "കുടിയൊഴിക്കല്‍' എന്ന കവിതയില്‍ അതു കാണാം. നവോത്ഥാനാനന്തര കേരളത്തിൽ പുരോഗമനവാദിയായി പ്രത്യക്ഷപ്പെട്ട കേരളീയ മധ്യവർഗത്തിന്റെ ആഭ്യന്തര വൈരുധ്യമാണ് ആ കവിതയുടെ കാതൽ. പുറമേക്ക് വിപ്ലവകാരിയായിരിക്കുകയും അകമേ യാഥാസ്ഥിതികമായി തുടരുകയും ചെയ്യുന്ന നമ്മുടെ ജീവിതബോധത്തെക്കുറിച്ചുള്ള കവിതയാണ് കുടിയൊഴിക്കൽ. വൈലോപ്പിള്ളി കവിതകളിലെ വൈരുധ്യത്തിന്റെ ലോകം പ്രകടമാക്കുന്ന കവിതയാണ് സര്‍പ്പക്കാട്. വീടിന്റെ മൂലയ്ക്കുള്ള സർപ്പക്കാട് വെട്ടിയൊരുക്കി കൃഷിയിടമാക്കുന്ന കവിയെ അവിടെ കാണാം. "ഈ കാട് വെട്ടി ചുട്ട് പടരുന്ന പുകയുടെ ഗന്ധം മനുഷ്യസംസ്കാരത്തിന്റെ ദിവ്യഗന്ധമാണ്’ എന്നിങ്ങനെയാണ് കവിത അവസാനിക്കുന്നത്.


സർപ്പക്കാട് എഴുതി പത്തു കൊല്ലത്തിനുശേഷം ‘എണ്ണപ്പുഴുക്കൾ' എന്ന കവിത വരുന്നു. ദൈവത്തിന് കുളിക്കാൻ എണ്ണകൊണ്ടുപോകുന്ന പുഴുക്കളെക്കുറിച്ചാണ് കവിത. "അപ്പൂ, നീ ദ്രോഹിക്കരുത് അമ്മ ചൊല്ലിനാള്‍ ചിറ്റൂരപ്പനാടുവാന്‍ എണ്ണകൊണ്ടുപോം പുഴുവല്ലോ..' എന്നാണ് കവിതയിലെ ഒരുവരി. മകന്‍ വളരുമ്പോള്‍, ആ പുഴുക്കള്‍ ഏതോ ശലഭത്തിന്റേതാണെന്ന് തിരിച്ചറിയുന്നു. ഗാഢ വൈവിധ്യങ്ങളെ ഭാഷകൊണ്ട് അഭിസംബോധന ചെയ്‌ത കവിപ്രതിഭയാണ് വൈലോപ്പിള്ളിയെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.


കൊച്ചി

ദേശീയ കാവ്യോത്സവത്തിന് സാംസ്കാരികവകുപ്പ്‌ സാമ്പത്തികസഹായം ലഭ്യമാക്കുമെന്ന്‌ മന്ത്രി പി സി വിഷ്‌ണുനാഥ്‌. ആദ്യദിവസത്തെ സായാഹ്ന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഭാഷയുടെയും സംസ്കാരത്തിന്റെയും വീണ്ടെടുപ്പിന് ഇത്തരം കാവ്യോത്സവങ്ങൾ അനിവാര്യമാണ്‌. മണിനാദം, രമണൻ, മാമ്പഴം എന്നീ വിഖ്യാത കാവ്യങ്ങൾ നവതിക്കിപ്പുറവും മലയാളിയുടെ ഭാവുകത്വത്തെ നവീകരിച്ച്‌ തലമുറകളെ സ്വാധീനിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


കവിതയില്ലാതെ ജീവിതമില്ല: കുട്ടി രേവതി


കൊച്ചി

ഭാഷയോടും ശരീരത്തോടും മനുഷ്യന്റെ ആത്മാഭിമാനത്തോടും ചേർന്നുനിൽക്കുന്നതാണ്‌ കവിതയെന്ന്‌ തമിഴ്‌ കവയിത്രി കുട്ടി രേവതി പറഞ്ഞു. വെറുമൊരു സാഹിത്യമോ വിനോദമോ മാത്രമായി കവിതയെ കാണാനാകില്ല. രാഷ്‌ട്രീയ, സാമൂഹ്യ വിഷയങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ നിരവധി പ്രശ്‌നങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌.


ജലപ്രവാഹംപോലെ വ്യത്യസ്തമാണ്‌ കവിതയിലെ വിഷയങ്ങൾ. സമൂഹമാധ്യമങ്ങളും ഫോണും ഇന്റർനെറ്റുമുള്ള കാലത്തും കവിതയ്ക്ക്‌ വലിയ സ്ഥാനമുണ്ട്‌. കവിതയില്ലാതെ നമുക്ക് മനുഷ്യരായി ജീവിക്കാൻ കഴിയില്ല. വ്യത്യസ്തമായ ഭാഷകൾ സംസാരിക്കുന്നവർ നമ്മുടെ നാട്ടിലുണ്ട്‌. കവിത ഓരോ ഭാഷയുമായി ചേർന്നുനിൽക്കുന്നു. നമ്മുടെ ഭാഷയും ചിന്തകളും കവിതയിലൂടെ ശുദ്ധീകരിക്കപ്പെടുന്നു. സ്ത്രീ കവികളുടെ രചനകൾ വായിച്ചപ്പോഴാണ് കവിതയ്ക്ക് എത്രത്തോളം ശക്തിയുണ്ടെന്നും ഭാഷയെ എങ്ങനെ ആയുധമാക്കാമെന്നും മനസ്സിലാക്കിയതെന്ന്‌ കുട്ടി രേവതി പറഞ്ഞു.


സ്ത്രീ എഴുത്തുകാരിയായതിന്റെ പേരിൽ വിവിധ കാലഘട്ടങ്ങളിൽ കടുത്ത സാമൂഹിക ഒറ്റപ്പെടുത്തലും വധഭീഷണിയും അധിക്ഷേപവും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ബിനു കരുണാകരനുമായുള്ള മുഖാമുഖത്തില്‍ കുട്ടി രേവതി പറഞ്ഞു. പുരുഷ കവികൾ സ്ത്രീശരീരത്തെയും ലൈംഗികതയെയും കുറിച്ച് എഴുതുമ്പോൾ പ്രശംസിക്കുകയും, സ്ത്രീകൾ ഇതേ വിഷയം എഴുതുമ്പോൾ സമൂഹം ഇരട്ടത്താപ്പ് കാണിക്കുകയുമാണെന്നും അവർ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home