16 July Thursday

അതിജീവിക്കും കൂടുതൽ കരുത്തോടെ - അഭിമുഖം : ടി പി രാമകൃഷ്‌ണൻ / മിൽജിത്‌ രവീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020

മഹാമാരി കേരളത്തിന്റെ സാമ്പത്തിക, തൊഴിൽ മേഖലകളിൽ സൃഷ്ടിച്ച ആഘാതം ചെറുതല്ല. സർക്കാരിന്റെയും ജനങ്ങളുടെയും തൊഴിലാളികളുടെയും വരുമാനം നിലച്ചു. ഈ സാഹചര്യത്തിൽ ജനങ്ങളുടെ കൈയിൽ വരുമാനമെത്തിച്ച്‌ അവരെ സജീവമാക്കാനാണ്‌ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്‌. കോവിഡാനന്തര കാലം, തൊഴിൽമേഖല വളരെ പ്രതികൂലമായ സാഹചര്യം നേരിടാൻ സാധ്യതയുള്ള സന്ദർഭമാണെങ്കിലും അതിനെ അതിജീവിക്കാനുള്ള നടപടികളാണ്‌ വ്യവസായവകുപ്പും മറ്റു വകുപ്പുകളുമായും ചേർന്ന്‌ തൊഴിൽ വകുപ്പ്‌ സ്വീകരിക്കുന്നതെന്ന്‌ ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽ മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു.

തൊഴിലന്തരീക്ഷം പതിയെ സജീവമാകുകയാണ്‌. കാർഷികമേഖലയിൽ സംസ്ഥാനത്തെ സ്വയംപര്യാപ്‌തമാക്കാനുള്ള തൊഴിലുകൾ ആരംഭിച്ചു. ചെറുകിട വ്യവസായ യൂണിറ്റുകളും അസംഘടിത മേഖലയും സജീവമാകുന്നതോടെ തൊഴിൽ മേഖലയിൽ പുതിയ അന്തരീക്ഷം ഉരുത്തിരിയും. നിർമാണമേഖല, അസംഘടിതമേഖല, ചെറുകിട യൂണിറ്റുകൾ എന്നിവിടങ്ങളിൽ തൊഴിൽ പുനഃസ്ഥാപിച്ചുവരികയാണ്‌. വൻകിട ഫാക്ടറികളിൽ തൊഴിൽ ഭാഗികമായി പുനരാരംഭിച്ചു. എന്നാൽ, മുഴുവൻ തൊഴിലാളികൾക്കും ജോലി ലഭിക്കത്തക്ക സ്ഥിതിയായിട്ടില്ല. ഈ സാഹചര്യം വിലയിരുത്തി നിർമാണസാമഗ്രികൾ വിതരണം ചെയ്യുന്ന എല്ലാ കേന്ദ്രവും പ്രവർത്തിപ്പിക്കാനും ഉൽപ്പാദനത്തിനു സഹായകമായ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നിലപാട്‌ സർക്കാർ സ്വീകരിക്കുകയാണ്‌.


തയ്യാറെടുപ്പ്‌ തുടക്കംമുതൽ
ലോക്ക്‌ഡൗണിന്റ ആദ്യഘട്ടത്തിൽത്തന്നെ എല്ലാ മേഖലയിലും തൊഴിൽ സ്‌തംഭനമുണ്ടായി. ഈ വേളയിൽത്തന്നെ തൊഴിൽ മേഖലയിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ സർക്കാർ വ്യക്തമായ ഉത്തരവ്‌ പുറപ്പെടുവിച്ചു. തൊഴിലും കൂലിയും സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ജോലി ചെയ്‌തിരുന്നവർക്കെല്ലാം നിയന്ത്രണം ഒഴിവാകുന്നതോടെ തൊഴിലുകളിൽ പുനഃപ്രവേശിക്കാൻ കഴിയണം. തൊഴിലാളികൾ എന്തു കൂലിയാണോ വാങ്ങിയിരുന്നത്‌ ആ കൂലി നൽകാൻ എല്ലാ ഉടമകളും തയ്യാറാകണമെന്നതാണ്‌ ഉത്തരവിന്റെ പ്രധാന ഭാഗം.

തൊഴിൽ മേഖലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ തൊഴിലാളികളും ഉടമകളും ഒന്നിച്ചുനിൽക്കണമെന്ന നിലപാട്‌ സർക്കാർ മുന്നോട്ടുവച്ചു. ഉടമകളെക്കൂടി സഹകരിപ്പിച്ച്‌ തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാനും തൊഴിൽ സ്ഥാപനങ്ങളെ നിലനിർത്താനും വളർത്താനും സഹായകമായ സമീപനമാണ്‌ സർക്കാർ സ്വീകരിച്ചത്‌.

 

തോട്ടം മേഖലയ്‌ക്ക്‌ പുതുജീവൻ
തോട്ടം മേഖലയിൽ 50 ശതമാനം പേരെ പ്രവേശിപ്പിച്ച്‌ തൊഴിൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇടുക്കിയിൽ കോവിഡ്‌ പടർന്ന സാഹചര്യത്തിൽ തുറന്ന തോട്ടങ്ങളും പൂട്ടേണ്ടിവന്നു. ഇപ്പോൾ സ്ഥിതി മാറി. എന്നാൽ, തോട്ടം സജീവമാകണമെങ്കിൽ മുഴുവൻ തൊഴിലാളികളും ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്‌. അതിനുള്ള ശ്രമം തുടരുകയാണ്‌.

നിലവിലെ സാഹചര്യംകൂടി കണക്കിലെടുത്ത്‌ തോട്ടം മേഖലയുടെ സംരക്ഷണത്തിനു പ്രത്യേക പരിഗണന നൽകും. തോട്ടങ്ങളിൽ നിലവിലുള്ള പ്ലാന്റേഷൻ നിലനിർത്തി ഇടവിള അനുവദിക്കുന്നത്‌ പരിഗണനയിലാണ്‌. നേരത്തെ പ്രഖ്യാപിച്ച പ്ലാന്റേഷൻ നയത്തിന്‌ അന്തിമരൂപം നൽകി ഉടൻ പ്രാവർത്തികമാക്കും. ലോകമാകെ ബാധിച്ച കോവിഡ്‌ പ്രവാസികൾക്ക്‌ വലിയതോതിൽ തൊഴിൽ നഷ്ടത്തിനിടയാക്കി. ഇവർ നാട്ടിലേക്കു തിരിച്ചുവരികയാണ്‌. വ്യത്യസ്‌ത മേഖലകളിൽ കഴിവു തെളിയിച്ചവരാണ്‌ പ്രവാസികൾ. ഇവരുടെ കഴിവുകൾ കേരളത്തിന്റെ പുനർനിർമാണത്തിന്‌ ഉപയോഗിക്കും. സംസ്ഥാനത്ത്‌ ഓരോ മേഖലയിലും ആവശ്യമായ തൊഴിലാളികളെ നിർണയിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്‌. ഇതിനായി ആരംഭിച്ച സ്‌കിൽ രജിസ്‌ട്രിക്ക്‌ നല്ല പ്രതികരണമാണുണ്ടായത്‌. പ്രവാസികളുടെ വരവോടെ ഇത്‌ കൂടുതൽ വിപുലമാകും. ഗാർഹികവും പ്രാദേശികവുമായ തൊഴിലുകൾക്ക്‌ അനുയോജ്യരായവരെ കണ്ടെത്തുന്നതിനായി സ്‌കിൽ രജിസ്‌ട്രി ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്‌. സേവനം ആവശ്യമുള്ളയാൾക്കും സേവനദാതാവിനും ഇതിൽ രജിസ്റ്റർ ചെയ്യാം.

വേണം 13,000 കോടിയുടെ പാക്കേജ്‌
കോവിഡ്‌ സംസ്ഥാനത്തിനുണ്ടാക്കിയ തൊഴിൽ നഷ്ടവും വരുമാന നഷ്ടവും വലിയ തോതിലാണ്‌. ഈ സാഹചര്യത്തിലാണ്‌ നിലവിലെ പ്രതിസന്ധി മറികടക്കാൻ 13,000 കോടിയുടെ സാമ്പത്തികസഹായം കേന്ദ്ര സർക്കാരിനോട്‌ അഭ്യർഥിച്ചത്‌.

സംസ്ഥാനത്ത്‌ ജോലി ചെയ്യുന്ന എല്ലാവർക്കും അംഗമാകാൻ കഴിയുന്ന ക്ഷേമനിധി ബോർഡുകൾ നിലവിലുണ്ട്‌. ഇത്‌ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്‌. 28 ക്ഷേമനിധി ബോർഡുകളിലായി 80 ലക്ഷത്തോളം തൊഴിലാളികൾ അംഗങ്ങളാണ്‌. കോവിഡിന്റെ സാഹചര്യത്തിൽ ഇവർക്കെല്ലാം കുറഞ്ഞത്‌ 1000 രൂപയുടെ ധനസഹായവും മറ്റാനുകൂല്യങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു.


 

 

അതിഥിത്തൊഴിലാളികൾ അവിഭാജ്യഘടകം
സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നവരാണ്‌ അതിഥിത്തൊഴിലാളികൾ. മികച്ച സംരക്ഷണ നടപടികളാണ്‌ അവർക്കായി സ്വീകരിച്ചിട്ടുള്ളത്‌. ഈ മഹാമാരിയുടെ കാലത്ത്‌ അവർ നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നുണ്ട്‌. മടങ്ങിപ്പോകുന്നവർ തിരികെ വരുമെന്നുതന്നെയാണ്‌ പ്രതീക്ഷ. കേരളത്തിന്റെ തുടർവികസനത്തിൽ അവരെ ഉപയോഗിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ സംസ്ഥാന സർക്കാരിനുള്ളത്‌.

സാധ്യതകൾ പ്രയോജനപ്പെടുത്തും
വിദേശ രാജ്യങ്ങളിലുള്ള പുതിയ തൊഴിൽ സാധ്യതകൾകൂടി പരിഗണിച്ച്‌ സംസ്ഥാനത്ത്‌ വിദഗ്‌ധ പരിശീലനം നൽകി മലയാളികളെ വിദേശത്തെ തൊഴിലുകൾക്ക്‌ പ്രാപ്‌തമാക്കും. ഐടിഐകളെ ഇതിനായി ഉപയോഗപ്പെടുത്തും. ഒഡെപെക്കുമായി സഹകരിച്ച്‌ പരിശീലനം നേടിയ നേഴ്‌സുമാരെ വിദേശ രാജ്യങ്ങളിലേക്ക്‌ നല്ല നിലയിൽ റിക്രൂട്ട്‌ ചെയ്യുന്നതിനിടെയാണ്‌ കോവിഡ്‌ വ്യാപനമുണ്ടായത്‌. പുതിയ സാഹചര്യം നേഴ്‌സിങ് രംഗത്ത്‌ ലോകമാകെ കൂടുതൽ അവസരം ഉണ്ടാകുമെന്നുതന്നെയാണ്‌ പ്രതീക്ഷ.

കോവിഡിന്റെ സാഹചര്യം ഉപയോഗിച്ച്‌ തൊഴിലാളി വിരുദ്ധ നിലപാടുകൾ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്‌. തൊഴിൽ സമയം എട്ടു മണിക്കൂറിൽനിന്ന്‌ 12 മണിക്കൂറാക്കുകയെന്ന നിർദേശമാണ്‌ ഇതിൽ പ്രധാനം. തൊഴിലാളികൾ ഇന്ന്‌ അനുഭവിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുകയും തൊഴിലുടമകൾക്ക്‌ അനുകൂലമായ ഭേദഗതികൾക്ക്‌ ശ്രമിക്കുകയുമാണ്‌.

കോവിഡ്‌ കാലയളവ്‌ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനും തൊഴിലാളിവിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നതിനും ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിലപാടാണ്‌ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്‌.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top