ad
Deshabhimani

തൂഫാനിലേത് ഊതിപ്പെരുപ്പിച്ച കണക്കുകൾ; പിടിയിലാകുന്നവർ സിംപിളായി ഊരിപ്പോകുന്നു

Operation Toofan
വെബ് ഡെസ്ക്

Published on Aug 31, 2026, 02:45 PM | 2 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുനടക്കുന്ന ഓപറേഷൻ തൂഫാൻ കാമ്പയിനിലേത് ഊതിപ്പെരുപ്പിച്ച കണക്കുകൾ. ലഹരിക്കേസുകളിൽ മൂന്ന് മാസത്തോളമായി പൊലീസ് പിടികൂടിയവരിൽ ബഹുഭൂരിപക്ഷം പേർക്കെതിരെയും കർശനനടപടി എടുത്തിട്ടില്ല. ചെറിയ അളവിലുള്ള ലഹരിക്കേസുകളാണ് രജിസ്റ്റർ ചെയ്തതിൽ കൂടുതലും. ഈ കേസുകളിൽ പിടിയിലാകുന്നവർ ജാമ്യം കിട്ടി പെട്ടെന്ന് തന്നെ പുറത്തിറങ്ങുന്നുണ്ട്.


ഓപറേഷൻ തൂഫാന്റെ ഭാ​ഗമായി പതിനായിരത്തിലേറെ പേരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇതിൽ വാണിജ്യ അളവിലുള്ളത് 165 ഓളം കേസുകൾ മാത്രമാണെന്നും ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യ പറഞ്ഞു. 395 എണ്ണം ഇടത്തരം വാണിജ്യ കേസുകളാണ്. 32 കേസുകളിൽ മാത്രമാണ് ലഹരിക്കടത്തിന്റെ ഉറവിടവും പണസ്രോതസ്സും കണ്ടെത്താനായത്. മറ്റുകേസുകളിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.


മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ ഉൾപ്പെടുന്ന യൂത്ത് കോൺ​ഗ്രസ് നേതാക്കളെ എംഡിഎംഎയുമായി പിടിയിലായ കേസിലും അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. ചോദ്യംചെയ്യാനും തെളിവെടുപ്പിനും വീണ്ടും കസ്‌റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം പൊലീസ്‌ ഉപേക്ഷിച്ചു. സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ ഹുസൈൻ മുഖ്യമന്ത്രിയുമായുള്ള ബന്ധം വ്യക്തമാക്കിയാൽ ആ മൊഴി കോടതിക്ക്‌ സമർപ്പിക്കേണ്ടിവരുമെന്ന്‌ ഭയന്നാണിത്‌. ശാസ്‌ത്രീയ തെളിവുശേഖരണമുൾപ്പെടെ തുടർനടപടികൾ നിർത്തിവയ്‌ക്കാൻ നേരത്തെ ഉന്നതലത്തിൽനിന്ന്‌ കാസർകോട്‌ പൊലീസിന്‌ നിർദേശമുണ്ട്‌. കുറ്റപത്രം വൈകിപ്പിച്ച്‌ ജാമ്യത്തിന്‌ അവസരമൊരുക്കാനും നീക്കമുണ്ട്‌. രാജ്യാന്തരബന്ധമുള്ള മയക്കുമരുന്ന്‌ കേസാണ്‌ ‍ഇതോടെ ആവിയായത്‌.


എൽഡിഎഫ് ഭരണകാലത്ത് ലഹരിമരുന്നുവേട്ട ഇതിലും ശക്തമായിരുന്നു. മയക്കുമരുന്ന് കടത്തുകാരെ പിടികൂടാൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ ഡി ഹണ്ടിൽ ഒരു വർഷം മാത്രം പിടിയിലായത് 38379 പേരാണ്. 35809 കേസ് രജിസ്റ്റർ ചെയ്തു. 38 കിലോ എംഡിഎംഎയും 4513 കിലോ കഞ്ചാവും 25065 കഞ്ചാവ് ബീ‍ഡികളും പിടികൂടി. 2025 ഫെബ്രുവരി 22നാണ്‌ ഓപ്പറേഷൻ ഡി ഹണ്ട്‌ ആരംഭിച്ചത്‌. പരിശോധന ശക്തമായതോടെ ലഹരിയുടെ ഒഴുക്ക് ഗണ്യമായി കുറയ്ക്കാനായി. നടപടി ശക്തമാക്കുന്നതിനായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻഡിപിഎസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും പ്രവർത്തിച്ചിരുന്നു. ഇതിനുപുറമെ മയക്കുമരുന്ന്‌ മാഫിയയുടെ കണ്ണിയറുക്കാൻ എക്‌-സൈസ്‌, പൊലീസ്, റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, വനം, മോട്ടോർ വാഹനം, ഭക്ഷസുരക്ഷാ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനയും നടത്തി. തദ്ദേശ വകുപ്പിന്റെ സഹായത്തോടെ ബോധവൽകരണവും ശക്തമാക്കി. ചെക്ക്പോസ്‌റ്റ്‌, അന്തർ സംസ്ഥാന ബസ്‌, റെയിൽവേ സ്‌റ്റേഷൻ, അതിഥിത്തൊഴിലാളി ക്യാമ്പ്‌ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും ശക്തമാക്കി. ലഹരിക്കച്ചവടക്കാരെ പിടികൂടാനും സ്ഥിരംകുറ്റവാളികളെ കണ്ടെത്തുന്നതിനും പൊലീസിന്റെയും എക്‌സൈസിന്റെയും ഡേറ്റ ബേസുകൾ പങ്കുവച്ചുള്ള ഓപ്പറേഷനുകളും നടത്തി. സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതും കാപ്പ ചുമത്തുന്നത്‌ ഉൾപ്പെടെയുള്ള നടപടികളും കർശനമാക്കി. ലഹരി വരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പൊലീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ നടത്തി പ്രതികളെ പിടികൂടിയിരുന്നു


യുഡിഎഫ് അധികാരത്തിലെത്തിയതോടെ ലഹരി മാഫിയ വീണ്ടും സജീവമായി. മദ്യവിൽപനയും വർധിച്ചു. ഇത്തവണ ഓണക്കാലത്ത് റെക്കോർഡ് വർധനവാണ് സംസ്ഥാനത്തെ മദ്യ വിൽപനയിൽ രേഖപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home