10 August Monday

പാഠം ഒന്ന്‌ ഓൺലൈൻ - അഭിമുഖം : സി രവീന്ദ്രനാഥ്‌ / വിജേഷ്‌ ചൂടൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

കിട്ടുന്ന ഇടവേളകളിലെല്ലാം കുഞ്ഞുതലമുറയുടെ സർഗസാന്നിധ്യത്തിന്‌ നടുവിലാണ്‌ കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി. അരലക്ഷം കുട്ടികളുടെ കഥയും കവിതയും പൂത്തുലഞ്ഞ അക്ഷരവൃക്ഷം ഈ കോവിഡ്‌ കാലത്ത്‌ ഗിന്നസ്‌ ബുക്കിലേക്ക്‌ ചേക്കേറാനൊരുങ്ങുന്നു. ‘രക്ഷിതാക്കൾക്ക്‌ ആശങ്കയുണ്ടാകുന്നത്‌ സ്വാഭാവികം; കുട്ടികളെ നോക്കൂ. അവർക്ക്‌ തികഞ്ഞ ശുഭപ്രതീക്ഷയാണ്‌, എനിക്കും. വിദ്യാഭ്യാസത്തിന്റെ സുവർണവർഷമാകുമിത്‌’–- പലവിധ വെല്ലുവിളികൾ ഉയർത്തുന്ന അധ്യയനവർഷം വാതിൽക്കലെത്തി നിൽക്കുമ്പോൾ കേരളത്തിന്റെ പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ ദേശാഭിമാനിക്ക്‌ നൽകിയ അഭിമുഖം.


ജൂൺ ഒന്നിന്‌ ക്ലാസുകൾ ഓൺലൈനായി  ആരംഭിക്കുകയാണ്‌. ഇത്‌ ഒരു നേട്ടം തന്നെയല്ലേ?
ജൂൺ ഒന്നിന്‌ രാവിലെ ഒമ്പതിന്‌ 45 ലക്ഷം കുട്ടികൾക്ക്‌ ഓൺലൈൻ പഠനം മുഖ്യമന്ത്രിയുടെ ആമുഖത്തോടെ ആരംഭിക്കുകയാണ്‌. തുടർന്ന്‌, ഓരോ ക്ലാസിനും പ്രത്യേകസമയം നിശ്‌ചയിച്ചിട്ടുണ്ട്‌. ഓരോ ക്ലാസും പുനഃസംപ്രേഷണം ചെയ്യുന്നുണ്ട്‌. ആവർത്തിച്ച്‌ പഠിക്കാനും വിലയിരുത്താനും ഇത്‌ അവസരമൊരുക്കും. ചരിത്രത്തിലാദ്യമാണിത്‌.

സ്‌കൂളിൽ പോകാൻ കുട്ടികൾ  എത്രനാൾ കാത്തിരിക്കേണ്ടി വരും?
കുട്ടികൾ സ്‌കൂളിലേക്ക്‌ വരാൻ കൊതിക്കുന്നതുതന്നെ നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയാണ്‌. ഏറെക്കാലമൊന്നും ലോക്ക്‌ഡൗൺ തുടരാനാകില്ലല്ലോ. അധികം വൈകാതെ അവർക്ക്‌ സ്‌കൂളിലെത്താനാകും.

പുതിയ അധ്യയനവർഷം ഏറെ വെല്ലുവിളി നിറഞ്ഞതല്ലേ?
അവധിക്കാലമായതിനാൽ അധ്യയനദിനങ്ങൾ ഒന്നും ഇതുവരെ നഷ്ടമായിട്ടില്ല. ജൂൺ ഒന്നിനുശേഷം നഷ്ടപ്പെടുന്ന ദിവസങ്ങൾ മാത്രമേ  പരിഗണിക്കേണ്ടതുള്ളൂ. ജൂലൈ ഒന്നിന്‌ സ്കൂൾ തുറക്കാനായാലും  പ്രശ്‌നവുമില്ല. നഷ്ടമാകുന്ന ദിനങ്ങൾ  പരിഹരിക്കാൻ കഴിയും. കലോത്സവം, ശാസ്‌ത്രോസ്തവം തുടങ്ങിയവയുടെ ദിവസങ്ങൾ കുറയ്‌ക്കും. അടുത്തവർഷം വിദ്യാഭ്യാസത്തിന്റെ സുവർണവർഷമാണെന്നാണ്‌ നിശ്‌ചയിച്ചിരുന്നത്‌. അത്‌ നടക്കും. പുസ്തകങ്ങൾ സ്‌കൂളുകളിലേക്ക്‌ എത്തിക്കുകയാണ്‌. എല്ലാ പുസ്തകങ്ങളും ഓൺലൈനിൽ ലഭ്യമാക്കി. യൂണിഫോമും ഉച്ചഭക്ഷണത്തിനുള്ള സാമഗ്രികളുമെല്ലാം തയ്യാറാണ്‌.

 

എല്ലാക്ലാസുകളിലും ഓൺലൈൻഅധ്യയനം തുടങ്ങുകയാണല്ലോ?
എല്ലാം ഓൺലൈനാക്കണമെന്ന അഭിപ്രായം സർക്കാരിനില്ല. പക്ഷേ, ഇത്തരം സാഹചര്യത്തിൽ അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ്‌. ഒരു അധ്യയനദിവസംപോലും നഷ്ടപ്പെടാതിരിക്കാനാണ്‌ ജൂൺ ഒന്നിനുതന്നെ ഓൺലൈൻ ക്ലാസ്‌ തുടങ്ങുന്നത്‌. രണ്ടുമുതൽ പത്തുവരെയും പ്ലസ്‌ ടുവിനും വിക്‌ടേഴ്‌സ്‌ ചാനൽവഴിയാണ്‌ ക്ലാസ്‌. അധ്യാപകർക്കും കുട്ടികൾക്കുമൊപ്പം രക്ഷാകർത്താക്കൾക്കും ഇതിലൊരു പങ്കുണ്ട്‌. അടിസ്ഥാന സൗകര്യം ഒരുക്കിയതുകൊണ്ടാണ്‌ ഇത്‌ സാധ്യമാകുന്നത്‌. 2.61 ലക്ഷം കുട്ടികൾക്ക്‌ വീട്ടിൽ ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലെന്നാണ്‌ വ്യക്തമായത്‌. ഈ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കും.

പുതിയ അധ്യയനവർഷത്തിൽ മറ്റൊരു  അന്തരീക്ഷമായിരിക്കില്ലേ?
സാമൂഹ്യ അകലം പാലിക്കുക സ്‌കൂളിൽ വലിയ പ്രയാസം തന്നെയാണ്‌. അത്തരം മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കും. മാസ്‌കുകളും സാനിറ്റൈസറുമെല്ലാം നിർമിച്ചിട്ടുണ്ട്‌. സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ല. അസംബ്ലി ഒഴിവാക്കും. മറ്റ്‌ കൂടിച്ചേരലുകളും പരിപാടികളും താൽക്കാലികമായി ഒഴിവാക്കേണ്ടിവരും. പ്രതിരോധത്തിന്റെ ഓരോഘട്ടവും എങ്ങനെ വേണമെന്ന്‌ ഒന്നുമുതൽ ഏഴുവരെയുള്ള പാഠപുസ്തകങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്‌. മാസ്‌ക്‌ എങ്ങനെ ധരിക്കണം എന്നകാര്യം അതിലുണ്ടാകില്ല. അത്‌ പെട്ടെന്ന്‌ ഉയർന്നുവന്ന  പ്രശ്‌നമാണല്ലോ.

അക്ഷരവൃക്ഷം പദ്ധതിയെക്കുറിച്ച്‌
പഠനവും അനുഭവവും കുട്ടി സ്വന്തം സർഗശേഷികൊണ്ട്‌ ബന്ധിപ്പിക്കുകയാണ്‌. കോവിഡ്‌ പ്രതിരോധം പരിസ്ഥിതിയും എന്ന ആശയത്തിൽ കുട്ടികൾ എഴുതിയ കഥകളും കവിതകളും ലേഖനങ്ങളും സമാഹരിച്ച്‌ വിദ്യാഭ്യാസവകുപ്പ്‌ അക്ഷരവൃക്ഷം എന്നപേരിൽ നാല്‌ വോള്യമായി പുസ്തകമിറക്കിയത്‌ വലിയ വിജയമായി. ലോകത്ത്‌ ഇത്തരമൊരു സംരംഭം ഇതാദ്യമാകും. 48000 കുട്ടികളാണ്‌ രണ്ടാഴ്‌ചകൊണ്ട്‌ അവരുടെ സർഗസൃഷ്ടികൾ അയച്ചത്‌. ഗിന്നസ്‌ ബുക്കിലേക്കുവരെ എത്താവുന്ന നേട്ടമാണ്‌.


 

കോവിഡിന്റെ പ്രതികൂല സാഹചര്യത്തെയും പോസിറ്റീവായി‌ കണ്ടുവോ
കോവിഡ്‌ വന്നശേഷമാണ്‌ ഇങ്ങനെയൊരു ഉദ്യമത്തെക്കുറിച്ച്‌ ആലോചിച്ചത്‌. അത്‌ വിചാരിച്ചതിലും വലിയ മുന്നേറ്റമായി. കുട്ടികൾ വലിയ രീതിയിൽ സഹകരിച്ചു. ജീവിതത്തെ തൊടാത്ത വിദ്യാഭ്യാസംകൊണ്ട്‌ എന്താണ്‌ പ്രയോജനം. ആ സങ്കൽപ്പം മാറ്റാനാണ്‌ കഴിഞ്ഞ വർഷങ്ങളിൽ ശ്രമിച്ചുകൊണ്ടിരുന്നത്‌.
ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തെയും അതിനായി ക്രിയാത്മകമായി പ്രയോജനപ്പെടുത്തി.-കേരളത്തിന്‌ അവധിക്കാലമായിരുന്നു. എന്നാൽ, മറ്റ്‌ പല സംസ്ഥാനങ്ങളിലും അധ്യയനദിനങ്ങൾ നഷ്ടമായിട്ടുണ്ട്‌.

കോവിഡ്‌  വിദ്യാഭ്യാസമേഖലയിൽ എങ്ങനെ പ്രതിഫലിക്കും? 
നിപായും പ്രളയവും കൊറോണയുമെല്ലാം പ്രകൃതിയുടെ പ്രതിഭാസങ്ങളാണ്‌. പ്രകൃതിയെ അലോസരപ്പെടുത്താത്ത ശീലങ്ങൾ വളർത്തിയെടുക്കുന്ന വ്യക്തിപരമായ സംസ്‌കാരവും വികസനക്കാഴ്‌ചപ്പാടും ഉയർന്നുവരണം.  ജൈവവൈവിധ്യ ഉദ്യാനം ആരംഭിച്ചത്‌ പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തണമെന്ന ആശയം പകരാനാണ്‌. കുട്ടികളിൽ മെച്ചപ്പെട്ട ഒരു സംസ്‌കാരം വളർത്തിയെടുക്കൻ ലക്ഷ്യമിട്ടുള്ളതാണ്‌.

പ്രതിരോധമെന്നത്‌ വ്യക്തിപരമായ സംസ്‌കാരമായി വളർത്തിയെടുക്കുന്നതിനൊപ്പം പ്രകൃതി പ്രതിഭാസങ്ങളെ ചെറുക്കുന്ന തരത്തിലുള്ള വികസനക്കാഴ്‌ചപ്പാടും വളർത്തിയെടുക്കണം. വൈവിധ്യമാണ്‌ പ്രകൃതിയുടെ സന്തുലനം. അത്‌ നിലനിർത്തിയേ മതിയാകൂ.


 

പരീക്ഷ എഴുതാൻ സാധിക്കാത്ത  കുട്ടികൾ ആശങ്കയിലാകില്ലേ?
അത്തരത്തിൽ ഒരു ആശങ്കയും വേണ്ട. ഒരു കുട്ടിക്കും പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമാകരുതെന്ന്‌ വിദ്യാഭ്യാസവകുപ്പിനും സർക്കാരിനും നിർബന്ധമുണ്ട്‌. കൃത്യമായ കാരണങ്ങളാൽ പരീക്ഷയെഴുതാൻ കഴിയാത്തവർക്ക്‌ ഉറപ്പായും അതിനുള്ള അവസരമുണ്ടാകുമെന്ന്‌ ഉറപ്പുനൽകുന്നു. ഹോട്ട്‌സ്‌പോട്ടുകളിൽ ഉള്ളവർക്കും മറ്റും ഇത്തരം ബുദ്ധിമുട്ടുകൾ വരും. ഹോസ്‌റ്റലുകളൊക്കെ എന്നെന്നേക്കുമായി അടച്ചിടില്ല. പരീക്ഷയെഴുതാനുള്ള സാഹചര്യം ഉണ്ടാക്കും.

പ്രവേശനവും അധ്യാപക പരിശീലനവും എങ്ങനെ
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേക്ക്‌ പ്രവേശനം ഓൺലൈൻ ആകുന്നത്‌ ചരിത്രത്തിൽ ആദ്യമായാണ്‌. കുട്ടികൾ പോകേണ്ടതില്ല. ഓൺലൈൻ രജിസ്‌റ്റർ ചെയ്‌ത്‌ രക്ഷിതാക്കൾ  ചെന്നാൽ മതിയാകും. അധ്യാപകപരിശീലനം ആദ്യമായി ഓൺലൈനിൽ പൂർത്തിയാക്കി. 61000 അധ്യാപകരാണ്‌ പങ്കെടുത്തത്‌. ആശങ്ക വേണ്ട ജാഗ്രത മതിയെന്നാണ്‌ നമ്മുടെ മുദ്രാവാക്യം. തികഞ്ഞ ശുഭാപ്‌തിവിശ്വാസത്തോടെ ഇരിക്കുക.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top