18 May Tuesday

അംബേദ്‌കറും 
ഇന്ത്യൻ ജനാധിപത്യവും - ബാബു കെ പൻമന എഴുതുന്നു

ബാബു കെ പൻമനUpdated: Wednesday Apr 14, 2021

image credit commons.wikimedia.org

ഇന്ത്യൻ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും ഒരു മതാത്മകമായ ഭരണകൂടത്തിന് കീഴിൽ വെല്ലുവിളികൾ നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിലാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ ധിഷണാ ശാലിയായ ഭാരതരത്നം ഡോ. ബാബാസാഹിബ് അംബേദ്കറുടെ 130–--ാമത് ജയന്തി ആഘോഷിക്കപ്പെടുന്നത്. ആറര പതിറ്റാണ്ടു നീണ്ടുനിന്ന അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ സിംഹഭാഗവും സ്വാതന്ത്ര്യപൂർവ ഇന്ത്യയിലാണ് വിനിയോഗിച്ചത്. 1956 ഡിസംബർ ആറിന് അദ്ദേഹം മരിക്കുമ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച്‌ ഒമ്പതു വർഷവും ഭരണഘടന നിലവിൽവന്നിട്ട് അഞ്ചു വർഷവുമേ ആയിരുന്നുള്ളു. ദേശീയ പ്രസ്ഥാനത്തിലെ ബഹുമുഖ പ്രതിഭയായിരുന്ന ഡോ. അംബേദ്കറെ ഇകഴ്ത്തുന്നതിനും അദ്ദേഹത്തിന്റെ വിമോചന പോരാട്ടങ്ങളെ പക്ഷപാതപരമായി കാണുന്നതിനുമുള്ള ശ്രമങ്ങൾ ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്.

ലോകമാകെ അംബേദ്കറെ ഒരു മനുഷ്യാവകാശ പോരാളിയും ജനാധിപത്യവാദിയുമായി അംഗീകരിക്കുമ്പോഴും ഇന്ത്യയിൽ അദ്ദേഹത്തെ ദളിത് വിമോചകനും ഭരണഘടനാ ശില്പിയും ഗാന്ധിജിയുടെ എതിരാളിയും എന്ന് ചുരുക്കാനാണ് ശ്രമം. സംഘപരിവാർ ശക്തികൾ ആകട്ടെ ഒരു പടികൂടി കടന്ന് അദ്ദേഹത്തെ ഹിന്ദുമത നവീകരണത്തിന് നേതൃത്വം കൊടുത്ത മഹാനായും ബുദ്ധമതം പുണർന്ന യോഗിയുമായി പ്രചരിപ്പിക്കുകയാണ്. സ്വാതന്ത്ര്യസമര കാലത്തും സ്വാതന്ത്ര്യാനന്തരവും പത്ര മാധ്യമങ്ങൾ ഭൂരിപക്ഷവും അംബേദ്കറെ വേണ്ടവിധത്തിൽ മനസ്സിലാക്കുകയോ അദ്ദേഹത്തിന്റെ സംഭാവനകളെ പരിഗണിക്കുകയോ ചെയ്തില്ല. വിശേഷണങ്ങൾ പലതും അദ്ദേഹത്തിന് ഇണങ്ങുമെങ്കിലും എല്ലാ മേഖലകളിലും ഒളിഞ്ഞും തെളിഞ്ഞും കളം നിറഞ്ഞാടുന്ന ഇന്ത്യൻ ജാതി വ്യവസ്ഥയെയും അതിന്റെ അധികാര സ്വരൂപങ്ങളെയും അടിമുടി വിറപ്പിക്കുകയും വിവേചനങ്ങളെയും പീഡനങ്ങളെയും ചെറുക്കുകയും മർദിതരും ചൂഷിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ലക്ഷക്കണക്കിനു മനുഷ്യരെ വിമോചിപ്പിക്കുകയും ചെയ്ത മനുഷ്യാവകാശ പോരാളി എന്ന വിശേഷണമാണ് അദ്ദേഹത്തിന് യോജിക്കുന്നത്.


 

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയായിരുന്നു അംബേദ്കർ മുന്നോട്ടുവച്ച വിമോചന ദർശനത്തിന്റെ അടിത്തറ. ജാതി നിർമൂലനം ആയിരുന്നു അദ്ദേഹത്തിന്റെ ആത്യന്തികലക്ഷ്യം. ലോകത്ത് ഒരിടത്തും കാണാൻ കഴിയാത്ത ഇന്ത്യയിൽമാത്രം പ്രകടമായിരുന്ന ജാതിവ്യവസ്ഥയുടെ നിരർഥകത അദ്ദേഹം വെളിവാക്കി. ജാതിവ്യവസ്ഥയെ സംബന്ധിച്ച് ഗാന്ധിജിക്കും മറ്റുമുള്ള മറുപടികളുടെ പുസ്തക രൂപമാണ് 1936ൽ പ്രസിദ്ധീകൃതമായ ‘ജാതിനിർമൂലനം’ എന്ന കൃതി. ജാതിയുടെ ആശയാടിത്തറയെ വെല്ലുവിളിച്ച മറ്റൊരു കൃതിയാണ് ‘ആരാണ് ശൂദ്രർ’. അംബേദ്കറെ സംബന്ധിച്ചിടത്തോളം ജാതി എന്നത് തുല്യത നേടുന്നതോടെ ഇല്ലാതാകുന്നതല്ല. ചില കാര്യങ്ങളിൽ ഔപചാരികമായി തുല്യത കാണുന്നതുകൊണ്ട് കാര്യവുമില്ല. ജാതി ഒരു മാനസികാവസ്ഥയാണ്. ശ്രേണീകൃത അസമത്വമാണ് ജാതി.

തന്റെ ജീവിതകാലത്ത് അംബേദ്‌കർ ആശങ്കപ്പെട്ട ചില കാര്യങ്ങൾ ഇന്ന് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യാ വിഭജനത്തെ സംബന്ധിച്ച് 1945ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ അദ്ദേഹം എഴുതി ‘‘ഹിന്ദുരാഷ്ട്രം യാഥാർഥ്യമായാൽ ഒരു സംശയവും വേണ്ട അതൊരു മഹാവിപത്ത് തന്നെ ആയിരിക്കും. എന്തു വിലകൊടുത്തും നാം അതിനെ തടയേണ്ടതുണ്ട്’’. നിർഭാഗ്യവശാൽ അദ്ദേഹം നൽകിയ വിപത് സൂചനകളെ തള്ളി ഹിന്ദുത്വ രാഷ്ട്രവാദികൾ ഇന്ന് നമ്മുടെ രാജ്യഭരണം കൈയാളുകയാണ്. 1953 സെപ്തംബർ 2ന് അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധവും രാജ്യത്തെ സമകാലിക സംഭവങ്ങളുമായി ഏറെ ബന്ധമുള്ളതുമായിക്കാണാം. ‘ഭരണഘടന ദുരുപയോഗം’ ചെയ്തതായി ബോധ്യം വന്നാൽ ആ ഭരണഘടന അഗ്നിക്കിരയാക്കുന്ന ആദ്യത്തെയാൾ താനായിരിക്കുമെന്ന പ്രവാചക സമാനമായ പ്രസംഗത്തെ സാധൂകരിക്കുന്ന നിലയിൽ ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും അട്ടിമറിക്കുകയാണ്. പാർലമെന്റിന്റെ പരമാധികാരത്തെ ജനാധിപത്യത്തിലെ ഭൂരിപക്ഷ തത്വം ഉപയോഗിച്ചുകൊണ്ടുതന്നെ അട്ടിമറിക്കുന്ന കാഴ്ച പാർലമെന്റ്‌ സമ്മേളനങ്ങളിൽ രാജ്യം കണ്ടതാണ്. കാർഷിക പരിഷ്കരണ ബില്ലുകളും തൊഴിലവകാശങ്ങൾ അട്ടിമറിക്കുന്ന തൊഴിൽ നിയമ ഭേദഗതികളും പാർലമെന്ററി ജനാധിപത്യത്തെ കശാപ്പ് ചെയ്തുകൊണ്ടാണ് നിയമമാക്കി മാറ്റിയത്.


 

ഇന്ന് ഇന്ത്യയിൽ സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ചാതുർവർണ്യ വ്യവസ്ഥയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച അംബേദ്‌കറെ തെറ്റായി വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനും വർത്തമാനകാലത്ത് ബോധപൂർവമായ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. അതിലൊന്ന് അംബേദ്‌കർ കമ്യൂണിസ്റ്റ് വിരോധി ആയിരുന്നുവെന്നതാണ്. ജാതി വ്യവസ്ഥയ്ക്കെതിരായ ശക്തമായ നിലപാട് പ്രഖ്യാപിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാർ. ഇന്ത്യൻ സമൂഹത്തെക്കുറിച്ച് മൂലധനത്തിൽ മാർക്സ് വിശദീകരിക്കുന്നതിൽ ജാതി വ്യവസ്ഥയെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നുണ്ട്. ഇന്ത്യയുടെ വളർച്ചയ്ക്കും വികാസത്തിനും ജാതിഘടന തടസ്സമാണെന്നും ആപൽക്കരമാണെന്നും 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിലയിരുത്തുന്ന ഘട്ടത്തിലും മാർക്സ് വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ ജാതി വ്യവസ്ഥയ്ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്ന മാർക്സിസവും ജാതീയതയ്ക്കെതിരായ അംബേദ്‌കറുടെ നിലപാടുകളും പ്രവർത്തനങ്ങളും തമ്മിൽ പൊരുത്തക്കേട് കാണുന്നവരുടെ ഉദ്ദേശശുദ്ധി പരിശോധിക്കപ്പെടേണ്ടതാണ്.

ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട അധഃസ്ഥിത വർഗത്തിന് വേണ്ടി പോരാടുന്നതോടൊപ്പം തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം നിലകൊണ്ടതായും കാണാം. തൊഴിലാളികളുടെ അവകാശം കവരാൻകൊണ്ടുവന്ന ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ബില്ലിനെ ബോംബെ അസംബ്ലിയിൽ അദ്ദേഹം എതിർത്തു. പണിമുടക്കവകാശം തൊഴിലാളികളുടെ ജന്മാവകാശമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ കമ്യൂണിസ്റ്റ് നേതാക്കളുമായി ചേർന്ന് നടത്തിയ മാർച്ചും കമ്യൂണിസ്റ്റ് നേതാവായ രാംദാസ് മേത്തയോടൊപ്പം നടത്തിയ സമര പരിപാടികളും ചരിത്രത്തിന്റെ ഭാഗമാണ്. ഭരണഘടനാ ശില്പിയെന്ന വിശേഷണത്തോടൊപ്പം ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ സംരക്ഷകൻ എന്ന വിശേഷണവും കൂടി അംബേദ്‌കർക്ക് അനുയോജ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top