ഡൽഹിയിലും കനത്ത മഴ; നഗരപ്രദേശങ്ങളിൽ ഗതാഗതതടസവും വെള്ളക്കെട്ടും

ഇന്നത്തെ കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട്
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ. നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ടും ഗതാഗതതടസവും. തെക്കൻ ഡൽഹയിലും സമീപത്തും കനത്ത മഴ റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ നഗരപ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തെക്ക്-കിഴക്കൻ ഡൽഹി, കിഴക്കൻ ഡൽഹി, ഷഹാദ്ര, സെൻട്രൽ ഡൽഹി, വടക്ക്-കിഴക്കൻ ഡൽഹി, തെക്കൻ ഡൽഹി, ന്യൂഡൽഹി, തെക്ക്-പടിഞ്ഞാറൻ ഡൽഹി, പടിഞ്ഞാറൻ ഡൽഹി, വടക്ക്-പടിഞ്ഞാറൻ ഡൽഹി, വടക്കൻ ഡൽഹി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വിവിധ ജില്ലകളിൽ റെഡ് അലേർട്ട് ഉൾപ്പടെ പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയെത്തുടർന്ന് നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് നഗരത്തിലാകെ ഗതാഗതതടസം സൃഷ്ടിച്ചു. പലയിടത്തും മണിക്കൂറുകളോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ട അവസ്ഥയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്‌ത മഴയിൽ ഡൽഹിയിലെ വായുനിലവാരം മെച്ചപ്പെട്ടെങ്കിലും മഴകാരണം ജനജീവിതം ദുർഘടമായ സ്ഥിതിയാണുള്ളത്. അതേസമയം കനത്ത മഴയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 14 ഫ്ലൈറ്റുകൾ വഴിതിരിച്ച് വിട്ടു. മോശം കാലാവസ്ഥയും അന്തരീക്ഷം മേഘാവൃതമായ സാഹചര്യവും കണക്കിലെടുത്താണ് വഴിതിരിച്ചുവിട്ടത്.










0 comments