പാലക്കാട് മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു: പ്രതി റിമാൻഡിൽ

മരിച്ച രാജേന്ദ്രൻ, പ്രതി ശെൽവൻ
പാലക്കാട്: കല്ലേക്കാട് പാളയത്ത് മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. പരേതനായ കിട്ടുവിന്റെ മകൻ രാജേന്ദ്രനാണ് (42) കുത്തേറ്റ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ചയാണ് രാജേന്ദ്രൻ മരിച്ചത്. സംഭവത്തിൽ സഹോദരൻ ശെൽവനെ (53) പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായർ രാത്രി 12നായിരുന്നു സംഭവം. കല്ലേക്കാട് പാളയത്ത് ഒരേവളപ്പിലെ രണ്ട് വീടുകളിലായാണ് ഇരുവരുടെയും താമസം. കെട്ടിട നിർമാണത്തൊഴിലാളികളായ ഇരുവരും സ്ഥിരമായി മദ്യപിക്കുന്നവരാണെന്ന് നാട്ടുകാർ പറഞ്ഞു. സംഭവദിവസം രാത്രി മദ്യപിച്ചെത്തിയ ശെൽവൻ വീട്ടിൽ ഉച്ചത്തിൽ സംസാരിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് അനുജൻ രാജേന്ദ്രൻ ചോദ്യം ചെയ്തു.
തുടർന്നുണ്ടായ വാക്കുതർക്കത്തിൽ പ്രകോപിതനായ ശെൽവൻ വീട്ടിൽനിന്ന് കത്തിയെടുത്ത് മുൻവശത്തെ പടിക്കെട്ടിനുസമീപം നിൽക്കുന്ന രാജേന്ദ്രന്റെ വയറ്റിൽ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജേന്ദ്രനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അറസ്റ്റിലായ ശെൽവനെ കോടതിയി റിമാൻഡ് ചെയ്തു. പ്രിയയാണ് രാജേന്ദ്രന്റെ ഭാര്യ. മക്കൾ: ഋഷിത, ഋഷവിൻ.








0 comments