Deshabhimani

സിപിഐ എം നൈറ്റ്‌ മാർച്ച്‌

മോദി ഭരണത്തിൽ 
തീവ്രവർഗീയത പടരുന്നു: 
എ വിജയരാഘവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2026, 10:54 PM | 1 min read

മലപ്പുറം

മോദി ഭരണത്തിൽ തീവ്രവർഗീയത പടരുകയാണെന്നും ഇത്‌ ചോദ്യംചെയ്യാൻ രാജ്യം ഒറ്റക്കെട്ടായി വഴിതെളിക്കുകയാണെന്നും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. ജന്തർ മന്തർ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ്‌ മാർച്ചിന്റെ സമാപനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 13 കോടിയോളം മനുഷ്യരുടെ വോട്ടവകാശമാണ്‌ എസ്‌ഐആർ പരിഷ്‌കരണത്തിലൂടെ ഇല്ലാതാക്കിയത്‌. വോട്ടവകാശത്തിനുവേണ്ടി രാജ്യത്ത്‌ സമരംചെയ്യേണ്ടിവന്നിട്ടില്ല. പ്രായപൂർത്തി വോട്ടവകാശം ഭരണഘടന ഉറപ്പുതരുന്നതാണ്‌. അത്‌ ഇല്ലാതാക്കാനാണ്‌ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറും പ്രധാനമന്ത്രിയും ശ്രമിക്കുന്നത്‌. ഇ‍ൗ നീക്കം ചെറുക്കാനാണ്‌ ഇപ്പോഴത്തെ സമരം. ഡൽഹി ഇന്ന്‌ ബാരിക്കേഡുകളുടെ നഗരമായി. സമരത്തെ നേരിടാൻ പൊലീസും അർധ സൈനികരും ഉൾപ്പെടെ അന്പതിനായിരത്തോളം പേരെയാണ്‌ വിന്യസിച്ചിട്ടുള്ളത്‌. ബിജെപി ഭരണത്തിൽ അവകാശങ്ങളില്ലാതാവുകയാണ്‌. ആർഎസ്‌എസ്‌ നിർദേശത്തിൽ ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന പ്രവർത്തനങ്ങൾക്കാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നേതൃത്വം നൽകുന്നത്‌. ന്യൂനപക്ഷങ്ങളെയാകെ അടിച്ചമർത്തുകയാണ്‌. സമരങ്ങളുടെയും പോരാട്ടങ്ങളുടെയും മുന്നിൽ ചെങ്കൊടിയുണ്ടെന്ന്‌ ലോകത്തോട്‌ വിളിച്ചുപറഞ്ഞ ദിവസങ്ങളാണ്‌ കടന്നുപോയത്‌. ഇത്തരം കാര്യങ്ങളൊന്നും കേരളം ഭരിക്കുന്നവർ തിരിച്ചറിയുന്നില്ല. ബിജെപിയുമായി സന്ധിചെയ്യുകയാണ്‌. ഒരുപാട്‌ ഗ്യാനേഷ്‌കുമാർമാരെ വി ഡി സതീശനും നിയമിക്കുകയാണ്‌. ഇതിനിടയിൽ വഖഫ്‌ ബോർഡ്‌ കിട്ടിയാൽ മതിയെന്നാണ്‌ ചിലർ ചിന്തിക്കുന്നത്‌. ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിച്ചവർ തളരുകയും തകരുകയും ചെയ്യുമെന്നും വിജയരാഘവൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home