ഓർക്കാൻ നല്ല കാര്യങ്ങൾ

ഓർക്കാൻ നല്ല കാര്യങ്ങൾ
ആർ ഹേമലത
Published on Mar 31, 2026, 11:33 PM | 2 min read
എൽഡിഎഫ് സർക്കാരിന്റെ തുടർഭരണ സാധ്യതകൾ
■എൽഡിഎഫ് സർക്കാരിന് തീർച്ചയായും തുടർഭരണ സാധ്യതകൾ കാണുന്നുണ്ട്. വലിയ രീതിയിലേക്ക് പോകുമായിരുന്ന പ്രശ്‌നങ്ങൾ കൃത്യമായ ഇടപെടലിലൂടെ പരിഹരിക്കാനായി. പ്രളയവും കോവിഡും വന്നപ്പോൾ സർക്കാർ ഇടപെടലുകൾ എത്ര കൃത്യതയോടെയായിരുന്നു എന്നത് അതിന് ഉദാഹരണമാണ്. മറ്റൊരു സംവിധാനമായിരുന്നെങ്കിൽ ഇത്ര കൃത്യതയോടെ ആകുമോ എന്ന് സംശയമാണ്. വലിയ മോഹനവാഗ്‌ദാനങ്ങൾ നൽകി ആഗ്രഹം ജനിപ്പിച്ചതിനാൽ ഇടക്കാലത്ത് ജനം മാറി ചിന്തിക്കുമോ എന്നൊക്കെ തോന്നിയിരുന്നു. എന്നാൽ, പലരോട് സംസാരിച്ചതിൽനിന്ന് മനസ്സിലായത് ജനം കുറച്ചുകൂടി യാഥാർഥ്യ ബോധത്തോടെ ചിന്തിക്കാൻ തുടങ്ങി എന്നതാണ്. അതിന് കാരണം, മറ്റു പാർടികൾ തമ്മിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും അവർക്കുള്ളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ജനങ്ങൾ തിരിച്ചറിയുന്നതിനാലാണ്. പണ്ട് പാർടികൾക്കുള്ളിൽ സംഭവിക്കുന്ന കാര്യങ്ങൾ ഇത്രയധികം പുറത്തേക്ക് വരുമായിരുന്നില്ല. ഇപ്പോൾ എല്ലാം എല്ലാവരും അറിയുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു. എൽഡിഎഫ് ചെയ്‌ത നല്ല കാര്യങ്ങളെ ജനങ്ങൾ നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ട്. അതിനാൽ മൂന്നാമതും എൽഡിഎഫ് അധികാരത്തിൽ വരും.
എഴുത്തുകാരി എന്ന നിലയിൽ നാടിന്റെ രാഷ്‌ട്രീയം, വികസനം എന്നിവ ശ്രദ്ധിക്കാറുണ്ടോ
■എഴുത്തുകാരി എന്ന നിലയിലും പൗരയെന്ന നിലയിലും രാഷ്‌ട്രീയവും വികസനവും ശ്രദ്ധിക്കാറുള്ള വ്യക്തിയാണ്. എഴുത്തുകാരി എന്ന നിലയിൽ രാഷ്‌ട്രീയം കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതാണെന്ന അഭിപ്രായക്കാരിയാണ്. എഴുത്തുകാരി കുറെ അധികം ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന ആളാണ്. അതിനാൽത്തന്നെ ഒരു വിഭാഗത്തിന് ഒപ്പംമാത്രം നിൽക്കാൻ പാടില്ലാത്തതാണ്. കലാകാരന്മാരും സാഹിത്യകാരന്മാരും മാനവികതയുള്ളവരാണ്. മനുഷ്യത്വം, കാരുണ്യം, ദയ, അനുകന്പ ഇവയൊക്കെ നഷ്‌ടപ്പെട്ട ലോകത്തിലേക്ക് അവ എങ്ങനെ തിരിച്ചുകൊണ്ടുവരാം എന്നു ചിന്തിക്കുന്നവരാണ് അവർ. സാമൂഹ്യപ്രതിബദ്ധതയുള്ളവരായിരിക്കണം എഴുത്തുകാർ. ലോകത്ത് നടക്കുന്നതിനെക്കുറിച്ചും അവിടെ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അറിവുള്ളവരാണെങ്കിൽ മാത്രമേ എഴുതാൻ കഴിയുകയുള്ളൂ.
സ്‌ത്രീസൗഹൃദ കേരളം, സ്‌ത്രീകൾക്ക് തുല്യപങ്കാളിത്തം എന്ന ആശയത്തോട് എങ്ങനെ പ്രതികരിക്കുന്നു
■സ്‌ത്രീസൗഹൃദത്തിൽ ഇനിയും കേരളം ഒരുപാട് മുന്നോട്ടുപോകണം. ഇടതുപക്ഷ ഭരണം ഇക്കാര്യത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. എങ്കിലും ഇനിയും അർഹമായത് മുഴുവനും സ്‌ത്രീക്ക് പ്രാപ്യമായിട്ടില്ല. ഒരുശതമാനം സ്‌ത്രീകൾ ചെയ്യുന്ന മോശമായ കാര്യങ്ങൾ ഉയർത്തിപ്പിടിച്ച് സമൂഹം കളിയാക്കി സംസാരിക്കുന്ന അവസ്ഥയുണ്ട്. കുഞ്ഞിനെ അമ്മ കൊല്ലുകയോ കാമുകി കാമുകനെ കൊല്ലുകയോ ചെയ്‌താൽ അതിനെ പർവതീകരിച്ച് സമൂഹമാധ്യമത്തിൽ ചർച്ച ചെയ്‌ത് സാമാന്യവൽക്കരിക്കും. എന്നാൽ, എത്രയോ വർഷമായി പുരുഷന്മാർ ചെയ്‌തത് തമസ്‌കരിക്കും. സ്‌ത്രീക്കും പുരുഷനും തുല്യപങ്കാളിത്തം പല മേഖലകളിലും ഇനിയും ഉണ്ടാകണം. എൽഡിഎഫ് ഭരണത്തിൽ സ്‌ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും കൂടി. എല്ലാ മേഖലയിലും സ്‌ത്രീ പങ്കാളിത്തം ഉറപ്പിക്കാൻ നിർബന്ധിത നിയമം തന്നെ വേണം.
വർഗീയത രാജ്യമാകെ പടരുകയാണ്. ഇക്കാലത്ത് കേരളം വേറിട്ടുനിൽക്കുന്നത് എന്തുകൊണ്ട്
■സമൂഹമാധ്യമത്തിൽ അഭിപ്രായം പറയുന്പോൾ പ്രതിപക്ഷ ബഹുമാനംപോലും ഇല്ലാതെയാണ് കടന്നാക്രമണം. പുതിയ തലമുറ ഒരുപാട് മാറി. അവർ വളർന്ന സാഹചര്യം വ്യത്യസ്‌തമാണ്. ഭക്ഷണകാര്യത്തിൽപ്പോലും ചില അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടവർ നമുക്കിടയിലുണ്ട്. കാര്യങ്ങൾ അറിയാതെ വർഗീയതയുടെ പിടിയിൽ അകപ്പെടുന്നവർ നമുക്ക് ചുറ്റും ധാരാളമുണ്ട്. പല മനുഷ്യരും വെള്ളംപോലെയാണ്. കൂടുതലൊന്നും ചിന്തിക്കാതെ വലിയ പ്രശ്‌നങ്ങളിലേക്ക് പോകാതെ വെറുതെ അവർ ഒഴുകിപ്പോകുകയാണ്. ആരാണോ ബലവാനായിട്ടുള്ളത് അവർക്കൊപ്പം മാറുകയാണ്. എഴുത്തുകാർ എഴുതുന്നത് പ്രസിദ്ധീകരിക്കാൻപോലും പല മാധ്യമങ്ങൾക്കും മടിയാണ്. പണ്ട് കഥ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ചർച്ച വരുന്നതെങ്കിൽ, ഇപ്പോൾ അതിനു മുന്പുതന്നെ അത് ഇല്ലാതാകുന്നു. രാജ്യം നേരിടുന്നത് ഭീകരമായ വർഗീയതയാണ്. അതിൽ കേരളം വേറിട്ടുനിൽക്കുകയാണ്. വടക്കെ ഇന്ത്യയിൽ നടക്കുന്നത് നമ്മളും കാണുന്നതാണ്. സമൂഹത്തിനോ വ്യക്തിക്കോ ഒരു പ്രശ്‌നമുണ്ടായാൽ രാഷ്‌ട്രീയവും ജാതിയും മതവും മറന്ന് ഒരുമിച്ചുകൂടുന്നത് കേരളത്തിൽമാത്രമേ ഇന്ന് കാണാൻ കഴിയൂ. പക്ഷേ, ഇതിനിടയിലും ജാതിയും മതവും പറഞ്ഞ് വർഗീയത പടർത്താൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നത് ദുഃഖകരമായ സത്യമാണ്.















