'എന്ത് വിഷമം, ചങ്കിലുണ്ട് ചെങ്കൊടി'; മെറ്റ വീഡിയോ നീക്കം ചെയ്തതിൽ 'കുട്ടി സഖാവ്'

മുഹമ്മദ് സിയാനും കൂട്ടുകാരും
തിരുവനന്തപുരം: വൈറലായതിന് പിന്നാലെ മെറ്റ വീഡിയോ നീക്കം ചെയ്തതിൽ തങ്ങൾക്ക് വിഷമമില്ലെന്ന് മലപ്പുറം തിരൂരിലെ ബാലസംഘം പ്രവർത്തകരായ മുഹമ്മദ് സിയാനും കൂട്ടുകാരും. 'അക്കൗണ്ട് പോയപ്പോ ചെറുതായി വിഷമമുണ്ടായി, പക്ഷേ ഇനിയും വീഡിയോ ചെയ്യും. ഞങ്ങളെ ചങ്കിലാണ് ചെങ്കൊടി'- സിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
മെറ്റ നിർദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെയാണ് സിയാന്റെ അക്കൗണ്ട് പ്രവർത്തിക്കുന്നതെന്ന് രക്ഷിതാക്കൾ അറിയിച്ചു. വീഡിയോ നീക്കം ചെയ്തതിന്റെ കാരണം ചോദിച്ച് മെറ്റയ്ക്ക് ഇ- മെയിൽ അയച്ചിട്ടുണ്ട്. മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
വെട്ടം പച്ചാട്ടിരിയിലെ ബാലസംഘം ഹെൽത്ത് സെന്റർ യൂണിറ്റിലെ പ്രവർത്തകരാണ് സിയാനും കൂട്ടുകാരും. തന്റെ കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ സിയാന്റെ കുട്ടി സഖാവ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് കഴിഞ്ഞ ദിവസം അപ്‍ലോഡ് ചെയ്തത്. "സഖാക്കളേ എന്താ പാട്, സുഖമല്ലേ.." എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വീഡിയോ. പിന്നീട് ബാലസംഘം യൂണിറ്റിന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയും പരിചയപ്പെടുത്തുന്നുണ്ട്. സെയിനാണ് യൂണിറ്റിന്റെ ജോയിന്റ് സെക്രട്ടറി.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനും ഇൻസ്റ്റാഗ്രാമിൽ കമന്റ് ചെയ്തു. "ലാൽസലാം" എന്ന് കമന്റോടെ കുട്ടികളെ പിണറായി അഭിവാദ്യം ചെയ്തു. നിമിഷനേരം കൊണ്ട് രണ്ട് മില്യണിലേറെ കാഴ്ചക്കാരെ വീഡിയോക്ക് ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സിയാന്റെ പേജ് മെറ്റ നീക്കം ചെയ്തത്. മികച്ച റീച്ചും ലക്ഷക്കണക്കിന് ആരാധകരുമുള്ള പേജാണ് നഷ്ടമായത്.









0 comments