ad
Deshabhimani

ഓണവിപണി

പഴം നുറുക്കിനും ഉപ്പേരിക്കും ചെലവേറും; നേന്ത്രപ്പഴത്തിന്റെ വിലയും കുതിക്കുന്നു

Onam Banana Sales
avatar
പി എസ് മഞ്ജരി

Published on Aug 16, 2026, 03:40 PM | 1 min read

തിരുവനന്തപുരം : മലയാളികൾക്ക് ഓണമെന്നാൽ രുചിയുടെ ആഘോഷം കൂടിയാണ്. ഇലത്തലയിൽ ഉപ്പേരികളില്ലാത്തൊരു ഓണസദ്യ ചിന്തിക്കാൻ പോലും കഴിയില്ല. ഓണസദ്യയിലെ പ്രധാനികളാണ് പഴം നുറുക്കും വറുത്ത ഉപ്പേരിയും ശർക്കരവരട്ടിയും. എന്നാൽ ഇവയുണ്ടാക്കാനുള്ള നേന്ത്രപ്പഴത്തിനും കായയ്ക്കും വിപണിയിൽ പൊള്ളുന്ന വിലയാണ്. പത്ത് ദിവസത്തിനിടെ 12 രൂപയാണ് നേന്ത്രക്കായക്ക് വർധിച്ചത്.


ഓണക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത നേന്ത്രക്കായയ്ക്ക് ആവശ്യക്കാർ ഏറിയെങ്കിലും മാർക്കറ്റിൽ നല്ലയിനം കായകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. മൊത്തവിപണിയിൽ ദിവസങ്ങൾക്ക് മുൻപ് 44 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 50 രൂപയ്ക്ക് മുകളിലാണ് വില. ചില്ലറ വിപണിയിലാകട്ടെ കിലോക്ക് 60 രൂപയ്ക്ക് മുകളിലാണ് നിലവിലെ നിരക്ക്. മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.


ഓണത്തിന് നേരത്തെ തന്നെ നേന്ത്രവാഴക്കുല വാങ്ങി പുകയിട്ട് പഴുപ്പിക്കുന്നത് മലയാളികളുടെ പതിവാണ്. നാടൻ നേന്ത്രപ്പഴത്തിനാണ് ഓണക്കാലത്ത് ആവശ്യക്കാരുള്ളത്. എന്നാൽ നാടൻ നേന്ത്രക്കുല ഇപ്പോൾ വിപണിയിൽ കിട്ടാനില്ല. നാടൻ നേന്ത്രക്കുലക്ക് കിലോക്ക് 60 മുതൽ 65 വരെയാണ് ഇന്നത്തെ വില. തമിഴ്നാട്ടിലെ സത്യമം​ഗലത്ത് നിന്നെത്തുന്ന കായകൾക്ക് വില അതിലും കൂടും. എന്നാൽ ഇവക്ക് ​​ഗുണമേന്മ കുറവായിരിക്കും. ഈ കായകൾ പുകയിട്ടു പഴുപ്പിക്കാൻ സാധിക്കില്ല. പഴുത്താലും ഉൾഭാ​ഗം കല്ലിച്ചു പോകുന്നതിനാൽ ഇവ പ്രധാനമായും ശർക്കരവരട്ടിയതും വറുത്ത ഉപ്പേരിയും ഉണ്ടാക്കാനാണ് കൊണ്ടുപോവുന്നത്. അതുകൊണ്ടാണ് പലരും നാടൻ നേന്ത്രക്കായ തേടിയെത്തുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.


ഇന്ന് സംസ്ഥാനത്താകെയുള്ള മാർക്കറ്റുകളിൽ നേന്ത്രപ്പഴത്തിന് മൊത്തവിപണിയിൽ 60-65 രൂപയാണ് വില. കോഴിക്കോട് ചില്ലറ വിപണിയിൽ നേന്ത്രപ്പഴത്തിന് 60-80 രൂപയും നേന്ത്രക്കുലക്ക് 65-68 രൂപയുമാണ്. തൃശൂരിൽ നേന്ത്രപ്പഴത്തിന് 70-75 രൂപവരെയും, കുലക്ക് 65 രൂപയുമാണ്. തിരുവനന്തപുരത്ത് നേന്ത്രപ്പഴത്തിന് 60-75 രൂപവരെയും നേന്ത്രക്കുലക്ക് 60-65 രൂപവരെയുമാണ് വില. ഓണസദ്യയുടെ പകിട്ട് കൂട്ടാൻ നേന്ത്രപ്പഴം ഒഴിച്ചുകൂടാനാവാത്തതാണ്. ഓണവിപണി സജീവമാകും മുൻപ് വില ഇത്രയധികം ഉയർന്നത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആശങ്ക നൽകുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home