മിച്ചി മർപുവിന്റെ ആത്മഹത്യ; 'വിദ്യാഭ്യാസം കച്ചവടമല്ല', മാനേജ്മെന്റിനെതിരെ വിദ്യാർഥികൾ

വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നു
കോതമംഗലം: എറണാകുളം കോതമംഗലം എംഎ എൻജിനീയറിങ് കോളേജ് വിദ്യാർഥി മിച്ചി പർപ്പുവിന്റെ മരണത്തിൽ അതിശക്തമായ പ്രതിഷേധവുമായി വിദ്യാർഥികൾ. കഴിഞ്ഞ ദിവസമാണ് അരുണാചൽ പ്രദേശ് പാപുംപരെ ജില്ലയിലെ നഹർലഗൂൺ പോളോ കോളനിയിൽ മിച്ചി ഡ്യുമയുടെ മകൻ മിച്ചി മർപു (20) വിനെ കോതമംഗലത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എംഎ എൻജിനീയറിങ് കോളേജ് സിവിൽ വിഭാഗം നാലാം സെമസ്റ്റർ വിദ്യാർഥിയായ മിച്ചിയുടെ മരണത്തിൽ സർവകലാശാല തലത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായാണ് മാനേജ്മെന്റിനെതിരെ സഹപാഠികൾ പ്രതിഷേധം കടുപ്പിച്ചത്.
അരുണാചൽപ്രദേശിൽ നിന്ന് സ്കോളർഷിപ്പോടെ ഉന്നതബിരുദം നേടാൻ എത്തിയതായിരുന്നു മർപു. എന്നാൽ സ്വയംഭരണാവകാശമുള്ള കോതമംഗലം എംഎ എൻജിനീയറിങ് കോളേജ് പഠനമികവ് ഉയർത്തുന്നതിന് വേണ്ടി സ്വീകരിച്ച കർശന നടപടികൾ മിച്ചിയുടെ ജീവൻ എടുത്തുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ് നിങ്ങളുടെ കച്ചവടമല്ലെന്ന മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും ഉയർത്തി രാഷ്ട്രീയഭേദമന്യേ വിദ്യാർഥികൾ കോളേജിനെതിരെ രംഗത്ത് വരികയായിരുന്നു.
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മറ്റെല്ലാ കേളേജുകളിലും ക്രെഡിറ്റ് മാർക്ക് പരിധി 18 ആയിരിക്കെ എംഎ എൻജിനീയറിങ് കോളേജിൽ മാത്രം അത് 22 ആണ്. ഇത് നേടാൻ കഴിയാത്തവർ ഇയർബാക്ക് ആകും. പഠനം മുടങ്ങുകയും ഹോസ്റ്റലിൽ നിന്നും പുറത്താക്കുകയും ചെയ്യും. എന്നാൽ ഈ സംവിധാനങ്ങൾ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി താൽക്കാലികമായി മരവിപ്പിച്ചതാണെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ന്യായീകരണം. വിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞ ശേഷം മരവിപ്പിക്കുന്നതിൽ എന്ത് കാര്യമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇയർബാക്ക് രീതി പിൻവലിക്കുക, ക്രെഡിറ്റ് മാർക്കിൽ വിട്ടുവീഴ്ച വരുത്തുക, എല്ലാ വിദ്യാർത്ഥി സംഘടനകളുടെയും ക്ലാസ് പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ പ്രിൻസിപ്പാളുമായുള്ള ചിട്ടയായ പ്രതിമാസ കൗൺസിൽ യോഗം ഉറപ്പാക്കുക, സേ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് 6000 രൂപ അമിത ഫീസായി ഈടാക്കുന്നു, ഇതിൽ മാറ്റം വരുത്തണം, പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി കൈകൊള്ളരുത്, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക പരാതി പരിഹാര-കൗൺസിലിംഗ് സെൽ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്.
വിദ്യാർഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ച് എത്തിയതോടെ മാനേജ്മെന്റ് ആവശ്യങ്ങൾ അംഗീകരിച്ച് രംഗത്ത് വന്നു. ഇതോടെ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു. ആവശ്യങ്ങൾ നിറവേറും വരെ പോരാടുമെന്ന മുന്നറിയിപ്പ് നൽകി കൊണ്ടാണ് വിദ്യാർഥികൾ സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. വരും ദിവസങ്ങളിലും മാനേജ്മെന്റ് അലംഭാവം തുടർന്നാൽ അതിശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന മുന്നറിയിപ്പും വിദ്യാർഥികൾ നൽകി. ജീവനൊടുക്കിയ വിദ്യാർഥി മിച്ചിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങൾ ഇന്ന് വൈകുന്നേരത്തോടെ കോതമംഗലത്തെത്തും.









0 comments