ഹെലികോപ്റ്ററിൽ വീണ്ടും മുഖ്യമന്ത്രിയുടെ സ്വകാര്യയാത്ര; കല്യാണം കൂടാൻ പറന്നത് കൂർഗിലേക്ക്

മുഖ്യമന്ത്രി വി ഡി സതീശൻ കൂർഗിലേക്ക് പോകാൻ ഉപയോഗിച്ച ഹെലികോപ്റ്റർ
തിരുവനന്തപുരം: സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശന്റെ സ്വകാര്യയാത്ര. കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് സതീശൻ ഹെലികോപ്ടർ ഇത്തവണ ഉപയോഗിച്ചത്. കൂർഗിലേക്കായിരുന്നു യാത്ര. ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ ആണ് ഇതിന് ഉപയോഗിച്ചത്
കൂർഗിലെ വെൽഡർനെസ് റിസോർട്ടില്‍ നടന്ന കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഹാരിസിന്റെ വിവാഹച്ചടങ്ങിൽ പോകാനാണ് ഞായർ ഉച്ചയോടെ കൊച്ചിയിൽ നിന്നും മുഖ്യമന്ത്രി യാത്ര തിരിച്ചത്. എന്നാല്‍ മോശം കാലാവസ്ഥ കാരണം കണ്ണൂരില്‍ ഇറങ്ങേണ്ടി വന്നു. അവിടെനിന്നും നെടുമ്പാശേരിയിലേക്ക് തിരിച്ചറങ്ങി. സതീശന്‍റെ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തതിന് പഴി പറഞ്ഞ സതീശൻ സ്വകാര്യയാത്രയ്ക്കായി നിരന്തരം ദുരുപയോഗിക്കുകയാണ്. മുൻപ് ഭാര്യാപിതാവിന്റെ സുഖവിവരമറിയാൻ ഹെലികോപ്‌റ്ററിൽ യാത്രതിരിച്ചെങ്കിലും കാലാവസ്ഥ മോശമായതിനാൽ കൊച്ചിയിലിറങ്ങാനാകാതെ തലസ്ഥാനത്ത് തിരികെയെത്തി. ആകാശം തെളിഞ്ഞപ്പോൾ വീണ്ടും ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തി ഭാര്യാപിതാവിനെ കണ്ട് തിരുവനന്തപുരത്തേക്ക് മടങ്ങി.
അന്ന് ഹെലികോപ്റ്ററിൽ പോയത് നിക്ഷേപകരെ കാണാനായിരുന്നെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. എന്നാൽ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും ഏത് നിക്ഷേപകരെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.
എൽഡിഎഫ് സർക്കാർ പത്തുവർഷ ഭരണത്തിൽ സ്വകാര്യ ആവശ്യത്തിന് ഒരു തവണ പോലും ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ല. നാട്ടിലെ ദുരന്തവേളയിലായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചത്. ഹൃദയം മാറ്റിവയ്‌ക്കൽ അടക്കമുള്ള അടിയന്തര ഘട്ടങ്ങളിലും ഈ ഹെലികോപ്റ്റർ തുണയായിട്ടുണ്ട്.









0 comments