ഹിറ്റ് മറുപടി; രോഹിത് ശർമയ്ക്കും ഗില്ലിനും സെഞ്ചുറി

ഗുവാഹത്തി: വെസ്റ്റിൻഡീസ് ഉയർത്തിയ കുറ്റൻ സ്കോറിന് ഹിറ്റ് മറുപടിയുമായി രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലും. സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർമാർ നിറഞ്ഞാടി. രോഹിത് ശർമ 72 പന്തിലും ഗിൽ 62 പന്തിലുമാണ് സെഞ്ചുറി നേടിയത്.
ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് കുട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഉയർത്തിയത്. 26.1 ഓവറിൽ 255 റൺസാണ് നേട്ടം. സച്ചിൻ ടെൻണ്ടുൽക്കറിനും വിരാട് കോഹ്‍ലിക്കും ശേഷം ഏകദിനത്തിൽ 12000 റൺസ് നേടുന്ന ഇന്ത്യൻതാരമായി രോഹിത് മാറി.
ആദ്യ ഏകദിനത്തിലെ പരാജയത്തിന് പിന്നാലെ ഇന്ത്യയ്ക്ക് മുന്നിൽ കൂറ്റൻ സ്കോറാണ് വെസ്റ്റിൻഡീസ് ഉയർത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്തു. ഇന്ത്യയ്ക്കെതിരെ ഒരു ടീം നേടുന്ന എറ്റവും ഉയർന്ന സ്കോറാണ്. മൂന്ന് താരങ്ങൾ സെഞ്ചുറി നേടി. ഓപ്പണർ ജോൺ കാംബെൽ (101), ക്യാപ്റ്റൻ ഷായ് ഹോപ്പ് (104), ആമിർ ജംഗൂ (114) എന്നിവരാണ് സെഞ്ചുറി നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് തുടക്കത്തിൽ തന്നെ കിസി കാർട്ടിയെ (9) നഷ്ടമായി. പിന്നീട് കളത്തിലെത്തിയ ക്യാപ്റ്റൻ ഷായ് ഹോപ്പും ജോൺ കാംബെലും ചേർന്ന് ടീമിന് മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് നൂറ് റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയാണ് പിരിഞ്ഞത്. ജോൺ കാംബെൽ പുറത്തായതിന് പിന്നാലെയെത്തിയ ആമിർ ജംഗൂ വേഗത്തിൽ റൺസ് കണ്ടെത്തിയതോടെ ടീം സ്കോർ കുതിച്ചു. ഷായ് ഹോപ്പും ആമിർ ജംഗൂവും ചേർന്ന് 150 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ സ്കോർ 300 കടന്നു. പിന്നീട് എത്തിയവരെല്ലാം വേഗത്തിൽ പുറത്തായെങ്കിലും സ്കോർ ബോഡിൽ റൺസ് കയറി. ഒരുഘട്ടത്തിൽ 450 മുകളിൽ പോകേണ്ട റൺസ് വിക്കറ്റ് വീഴ്ചയോടെ 405ൽ അവസാനിക്കുകയായിരുന്നു.








0 comments